Connect with us

india

ബെംഗളൂരുവിലെ മുസ്‌ലിം പ്രദേശത്തെ പാകിസ്താനെന്ന് വിളിച്ചു ഹൈക്കോടതി ജഡ്ജി; വിവാദം

പടിഞ്ഞാറൻ ബെംഗളൂരുവിലെ ഗോരി പാല്യ എന്ന പ്രദേശത്തെക്കുറിച്ചാണ് ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദ വിദ്വേഷ പരാമര്‍ശം നടത്തിയത്.

Published

on

ബെംഗളൂരുവില്‍ മുസ്‍ലിംകള്‍ കൂടുതലായി താമസിക്കുന്ന പ്രദേശത്തെ ‘പാകിസ്താന്‍’ എന്ന് വിശേഷിപ്പിച്ച കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശം വിവാദത്തില്‍. പടിഞ്ഞാറൻ ബെംഗളൂരുവിലെ ഗോരി പാല്യ എന്ന പ്രദേശത്തെക്കുറിച്ചാണ് ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദ വിദ്വേഷ പരാമര്‍ശം നടത്തിയത്.

“മൈസൂരു റോഡ് മേൽപ്പാലത്തിലേക്ക് പോയാല്‍, ഓരോ ഓട്ടോറിക്ഷയിലും 10 പേരെ കാണാം. അവിടെ നിന്നും വലതു വശത്തേക്ക് തിരിഞ്ഞാല്‍ നമ്മളെത്തുന്നത് ഇന്ത്യയിലല്ല, പാകിസ്താനിലാണ്. ഇവിടെ നിയമം ബാധകമല്ല. ഇതാണ് യാഥാര്‍ഥ്യം. എത്ര കര്‍ശനമായി നിയമം നടപ്പില്ലാക്കുന്ന പൊലീസുകാരനാണെങ്കിലും അവിടെയുള്ളവര്‍ അദ്ദേഹത്തെ തല്ലിച്ചതയ്ക്കും” എന്നായിരുന്നു ജഡ്ജിയുടെ പ്രസ്താവന.

ജസ്റ്റിസിന്‍റെ വാക്കുകള്‍ വ്യാപക വിമര്‍ശത്തിന് വഴിവച്ചിട്ടുണ്ട്. ”സമൂഹത്തില്‍ ഉന്നത സ്ഥാനത്തിനിരിക്കുന്ന ഒരു ജഡ്ജിയില്‍ നിന്നുണ്ടായ സംസാരം തികച്ചും അസ്വീകാര്യമാണ്. ഇയാള്‍ ആ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹനല്ല. അദ്ദേഹം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. ഇയാളെ തല്‍സ്ഥാനത്ത് നിന്നും പുറത്താക്കണം” ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റ് ബൃന്ദ അഡിഗെ പ്രസ്താവനയെ അപലപിച്ചു.

”ഒരു ജഡ്ജി വ്യത്യസ്ത വിശ്വാസം പുലര്‍ത്തുന്ന സ്വന്തം രാജ്യത്തെ പൗരന്‍മാരെ പാകിസ്താനി എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് അത്ഭുതപ്പെടുത്തുന്നു” അഡ്വ. സഞ്ജയ് ഘോഷ് പറഞ്ഞു. ജസ്റ്റിസ് വേദവ്യാസാചാറിന്‍റെ വിവാദ പരാമര്‍ശത്തിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. വേദവ്യാസാചാർ എപ്പോഴാണ് ഈ പരാമർശം നടത്തിയതെന്നോ ഏത് സന്ദർഭത്തിലാണെന്നോ വ്യക്തമല്ല.

”കർണാടക ഹൈക്കോടതിയിലെ ജഡ്ജി വേദവ്യാസാചാർ ശ്രീശാനന്ദ ബംഗളൂരുവിലെ മുസ്‍ലിം ഭൂരിപക്ഷ പ്രദേശത്തെ പാകിസ്താന്‍ എന്നാണ് വിശേഷിപ്പിച്ചത്. ഒരു ജഡ്ജി തൻ്റെ രാജ്യത്തെ പൗരന്മാരെ പാകിസ്താനി എന്ന് വിളിക്കുന്നു, ഇതിലും നാണംകെട്ട മറ്റെന്തെങ്കിലും ഉണ്ടോ? സുപ്രിം കോടതി സ്വമേധയാ കേസെടുക്കുമോ?”ഒരു ഉപയോക്താവ് ചോദിച്ചു. 2020 മേയ് മുതൽ കർണാടക ഹൈക്കോടതിയില്‍ അഡീഷണൽ ജഡ്ജിയായി സേവനമനുഷ്ഠിച്ച ജസ്റ്റിസ് ശ്രീശാനന്ദ 2021 സെപ്റ്റംബറിലാണ് സ്ഥിരം ജഡ്ജിയാകുന്നത്.

ഈയിടെ കന്നഡ വാര്‍‌ത്താ ചാനലായ ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് തത്സമയ സംപ്രേക്ഷണത്തിനിടെ ഹിന്ദുക്കളുടെ കണക്ക് പറയാൻ ഇന്ത്യൻ പതാകയുടെ ചിത്രവും മുസ്‌ലിംകളുടെ കണക്ക് പറയാൻ പാകിസ്താൻ പതാകയുടെ ചിത്രവും ഉപയോഗിച്ചത് വിവാദമായിരുന്നു. അജിത് ഹനമാക്കനവർ അവതാരകനായ സുവർണ ന്യൂസ് അവറിലെ ‘ഹിന്ദു ജനസംഖ്യ കുറഞ്ഞു, മുസ്‌ലിം ജനസംഖ്യ വൻതോതിൽ വർധിച്ചു’ എന്ന പരിപാടിയാണ് ചര്‍ച്ചയായത്. രാജ്യത്ത് മുസ്‌ലിം ജനസംഖ്യയിൽ വൻ വർധനയും ഹിന്ദുക്കളുടേത് കുത്തനെ ഇടിഞ്ഞെന്നും അവകാശപ്പെട്ട് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി (ഇഎസി- പിഎം) പുറത്തുവിട്ട റിപ്പോർട്ടിന്മേലായിരുന്നു ചർച്ച. തുടര്‍ന്ന് അവതാരകനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

india

കൊല്‍ക്കത്തയില്‍ യുവ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: വിചാരണ കോടതി വിധി ഇന്ന്

. 2024 ഓഗസ്റ്റിലാണ് ആര്‍ജികര്‍ മെഡിക്കല്‍ കോളജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ കൊല്ലപ്പെട്ടത്.

Published

on

കൊല്‍ക്കത്തയില്‍ യുവ ഡോക്ടര്‍ ക്രൂരമായി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ കോടതി വിധി ഇന്ന്. കൊല്‍ക്കത്തയിലെ വിചാരണ കോടതിയാണ് വിധി പറയുക. 2024 ഓഗസ്റ്റിലാണ് ആര്‍ജികര്‍ മെഡിക്കല്‍ കോളജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ കൊല്ലപ്പെട്ടത്.

ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായ സഞ്ജയ് റോയിയാണ് കേസിലെ പ്രതി. സിബിഐയാണ് കേസന്വേഷിച്ചിരുന്നത്. അതേസമയം പ്രതിക്ക് തൂക്കുകയര്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു.

സുപ്രിംകോടതിയുടെയും ഹൈക്കോടതിയുടെയും നിര്‍ണായക ഇടപെടലിനുശേഷം സംഭവം നടന്ന് 5 മാസത്തിന് ശേഷമാണ് വിധി പറയുന്നത്.

 

 

Continue Reading

india

ബി.ജെ.പിയും എ.എ.പിയും വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു: വിനേഷ് ഫോഗട്ട്‌

ബി.ജെ.പി മൂന്ന് കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നപ്പോള്‍ അരവിന്ദ് കെജ്‌രിവാളാണ് അതിന് ആദ്യം അനുമതി നല്‍കിയത്. അവര്‍ കര്‍ഷകര്‍ക്കും ജാട്ടുകള്‍ക്കും ദളിതര്‍ക്കും എതിരാണ്.

Published

on

ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവും ഹരിയാന എം.എല്‍.എയുമായ വിനേഷ് ഫോഗട്ട്.

രാജ്യത്തെ ഏറ്റവും പഴയ രാഷ്ട്രീയ പാര്‍ട്ടി മാത്രമാണ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതെന്നും ജാട്ട് ഒ.ബി.സി സംവരണം തലസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയത് മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ആണെന്നും വിനേഷ് ഫോഗട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഒപ്പം നിന്നു. ബി.ജെ.പി മൂന്ന് കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നപ്പോള്‍ അരവിന്ദ് കെജ്‌രിവാളാണ് അതിന് ആദ്യം അനുമതി നല്‍കിയത്. അവര്‍ കര്‍ഷകര്‍ക്കും ജാട്ടുകള്‍ക്കും ദളിതര്‍ക്കും എതിരാണ്. അവര്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ മാത്രം മുഴുകുന്നു,’ വിനേഷ് ഫോഗട്ട് പറഞ്ഞു.

ഹരിയാനയില്‍ ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടി സ്ത്രീകള്‍ക്ക് പ്രതിമാസം 2,100 രൂപ നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നിട്ട് മൂന്ന് മാസമായി പക്ഷെ വാഗ്ദാനം ഇതുവരെയും നാടന്നിട്ടില്ല .

ആം ആദ്മി പാര്‍ട്ടി എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 1000 രൂപ നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും വിനേഷ് ഫോഗട്ട് പറഞ്ഞു. എന്നാല്‍ പഞ്ചാബില്‍ പാര്‍ട്ടി അധികാരത്തില്‍ വന്ന് മൂന്ന് വര്‍ഷമായിട്ടും വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസാകട്ടെ, എല്ലാ സംസ്ഥാനങ്ങളിലും നല്‍കിയ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റിയിട്ടുണ്ട്, ദല്‍ഹിക്കാര്‍ക്ക് വികസനം വേണമെങ്കില്‍, അവരുടെ വാഗ്ദാനങ്ങള്‍ പാലിക്കുന്ന പാര്‍ട്ടിയില്‍ അവര്‍ വീണ്ടും വിശ്വാസം അര്‍പ്പിക്കണമെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.

Continue Reading

india

ആദിവാസികള്‍ക്ക് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്; ഘര്‍വാപസി പരാമര്‍ശത്തില്‍ മോഹന്‍ ഭഗവതിനെതിരെ സിആര്‍ഐ

ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന അവകാശങ്ങളെയും മൂല്യങ്ങളെയും വിലമതിക്കുന്നവര്‍ക്ക് ഉള്‍ക്കൊള്ളാനാവാത്ത പ്രസ്താവനയാണിതെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

Published

on

ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതിന്റെ ഘര്‍വാപസി സംബന്ധിച്ച പ്രസ്താവനക്കെതിരെ കോണ്‍ഫറന്‍സ് ഓഫ് റിലീജിയസ് ഇന്ത്യ. രാജ്യം നേരിടുന്ന യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള നീക്കമാണിത്. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന അവകാശങ്ങളെയും മൂല്യങ്ങളെയും വിലമതിക്കുന്നവര്‍ക്ക് ഉള്‍ക്കൊള്ളാനാവാത്ത പ്രസ്താവനയാണിതെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

സംഘ്പരിവാറിന്റെ ‘ഘര്‍ വാപസി’ പദ്ധതിയെ മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജി പ്രകീര്‍ത്തിച്ചിരുന്നുവെന്നാണ് മോഹന്‍ ഭഗവത് പറഞ്ഞത്. ഹിന്ദുമതത്തിലേക്ക് ആളുകളെ തിരിച്ചുകൊണ്ടുവരാനുള്ള ഇത്തരം പരിപാടിയുണ്ടായിരുന്നില്ലെങ്കില്‍ ആദിവാസികളില്‍ ഒരു വിഭാഗം ദേശദ്രോഹികളായി മാറുമായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് അഭിപ്രായപ്പെട്ടതായും ഭഗവത് പറഞ്ഞു.

എന്നാല്‍, മുന്‍ ഇന്ത്യന്‍ പ്രസിഡന്റിനെ ഉദ്ധരിച്ചുകൊണ്ടുള്ള ഈ പ്രസ്താവനയില്‍ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളില്‍നിന്നും വലിയ പ്രതിഷേധമുണ്ടെന്ന് കോണ്‍ഫറന്‍സ് ഓഫ് റിലീജിയസ് ഇന്ത്യ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഈ എതിര്‍പ്പിന് നിരവധി വ്യക്തമായ കാരണങ്ങളുണ്ട്. 2012 മുതല്‍ 2017 വരെ പ്രണബ് മുഖര്‍ജി ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു.

ഈ ഘട്ടത്തില്‍ ഒരിക്കല്‍ പോലും അദ്ദേഹം പൊതുപ്രസംഗങ്ങളില്‍ ഘര്‍വാപസിയെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. രാജ്യത്തിന്റെ ഭരണഘടനാ തലവന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് അങ്ങനെ ചെയ്യാനുള്ള അവകാശമുണ്ട്. ഇനി മോഹന്‍ ഭഗവതുമായുള്ള സ്വകാര്യ കൂടിക്കാഴ്ചയിലാണ് അത് പറഞ്ഞതെങ്കില്‍ ഇപ്പോള്‍ എങ്ങനെയാണ് അത് പരസ്യമാകുന്നത്. 2020ലാണ് മുഖര്‍ജി മരിക്കുന്നത്.

ആദിവാസികള്‍ക്കും ഗോത്രവിഭാഗങ്ങള്‍ക്കുമെല്ലാം അവരുടേതായ വിശ്വാസങ്ങളും ആചാരങ്ങളുമുണ്ട്. അവരില്‍ അധികപേരും പ്രകൃതിയെ ആരാധിക്കുന്നവരാണ്. അവരെ ‘ഘര്‍വാപസി’ നടത്തി ഹിന്ദു മതത്തിലേക്ക് കൊണ്ടുവരുന്നത് അവരുടെ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും നേരെയുള്ള അപമാനവും അവഹേളനവുമാണ്.

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം ഇന്ത്യയിലെ ഓരോ പൗരനും തന്റെ വിശ്വാസം സ്വതന്ത്രമായി പ്രഖ്യാപിക്കാനും അനുവര്‍ത്തിക്കാനും പ്രചരിപ്പിക്കാനും ഇഷ്ടമുള്ള മതം സ്വീകരിക്കാനുമുള്ള ഉറപ്പ് നല്‍കുന്നുണ്ട്. മനുഷ്യാവകാശങ്ങളുടെ സാര്‍വത്രിക പ്രഖ്യാപനത്തിന്റെ ആര്‍ട്ടിക്കിള്‍ 25ഉം ഇത് തന്നെയാണ് ഊന്നിപ്പറയുന്നത്. ആദിവാസികള്‍ക്കും ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനും സ്വീകരിക്കാനും അവകാശമുണ്ട്. ദേശവിരുദ്ധരെ ക്രിസ്ത്യാനികളുമായി തുലനം ചെയ്യുന്നത് തീര്‍ത്തും നിര്‍വികാരമാണെന്ന് മാത്രമല്ല, രാജ്യത്തിന്റെ മതനിരപേക്ഷ, ജനാധിപത്യ ധാര്‍മികതയുടെ കടുത്ത ലംഘനവുമാണ്.

ആരാണ് രാജ്യത്തിന്റെ യഥാര്‍ഥ ‘ദേശ വിരുദ്ധര്‍’ എന്നതില്‍ ഭഗവതും കൂട്ടരും ഗൗരവതരമായ അന്വേഷണം നടത്തണം. ക്രിസ്ത്യാനികള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കും എതിരായ ഈ വിദ്വേഷവും അക്രമാസക്തമായ പ്രസ്താവനകളും ഭഗവതും കൂട്ടരും ഉടന്‍ അവസാനിപ്പിക്കണമെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

Continue Reading

Trending