ഭൂമി കയ്യേറ്റ കേസില്‍ വിജിലന്‍സ് എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച നാല് ഹര്‍ജികള്‍ പിന്‍വലിച്ച നടപടിയില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്ക് പിഴ. കോടതിയുടെ വിലപ്പെട്ട സമയം കളഞ്ഞതിന് ഹരജി പിന്‍വലിച്ച തോമസ് ചാണ്ടി അടക്കം നാലുപേര്‍ക്ക് 25,000 രൂപ വീതം പിഴയാണ് കോടതി വിധിച്ചത്.
വിധി എതിരാകാന്‍ സാധ്യതയുണ്ട് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഹരജികള്‍ പിന്‍വലിക്കാന്‍ തോമസ് ചാണ്ടി അടക്കമുള്ളവര്‍ അപേക്ഷ നല്‍കിയത്. കേസില്‍ വാദം കേട്ട ജസ്റ്റിസ് സുധീന്ദ്ര കുമാര്‍ വിധി പറയാനിരിക്കെയായിരുന്നു ഹരജികള്‍ പിന്‍വലിക്കുന്നതായി ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ അറിയിച്ചത്. ഇതോടെയാണ് കോടതിയുടെ നടപടിയുണ്ടായത്.
‘നിങ്ങള്‍ക്ക് ഹരജികള്‍ പിന്‍വലിക്കാന്‍ അവകാശമുണ്ട്. അതുപോലെ തന്നെ കോടതിയുടെ സമയവും വിലപ്പെട്ടതാണ്. കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് 25000 രൂപ പിഴയൊടുക്കണം”- കോടതി നിരീക്ഷിച്ചു.
തിങ്കളാഴ്ച കേസില്‍ വിധി പറയാന്‍ ഒരുങ്ങുകയായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജിക്കാരുടെ നടപടി നല്ല കീഴ് വഴക്കമല്ലെന്നും ചൂണ്ടിക്കാട്ടി. പത്ത് ദിവസത്തിനകം പിഴത്തുക ലീഗല്‍ സര്‍വീസ് സൊസൈറ്റിയില്‍ അടയ്ക്കണമെന്നാണ് കോടതി ഉത്തരവ്. അതേസമയം അഞ്ചാമത്തെ ഹരജിക്കാരനായ ജിജി മോനെ കോടതി ശിക്ഷയില്‍ നിന്ന് ഒഴിവാക്കി. ഈ ഹരജിയില്‍ വാദം കേള്‍ക്കാത്തതിനാലാണ് ഇദ്ദേഹത്തെ പിഴയില്‍ നിന്നും ഒഴിവാക്കിയത്. ഭൂമി കയ്യേറ്റ കേസുമായി ബന്ധപ്പെട്ടുള്ള ഹരജി പിന്‍വലിക്കണമെന്ന് ചൂണ്ടിക്കാട്ടി തോമസ് ചാണ്ടിയുള്‍പ്പെടെ അഞ്ച് പേരായിരുന്നു കഴിഞ്ഞ ദിവസം കോടതിയില്‍ അപേക്ഷ നല്‍കിയത്.