Connect with us

india

ആന്ധ്ര എഞ്ചിനീയറിങ് കോളേജിലെ വനിത ഹോസ്റ്റലിൽ ഒളിക്യാമറ; 300 വീഡിയോകൾ വിദ്യാർത്ഥിയുടെ ലാപ്പ്ടോപ്പിൽ

സംഭവത്തില്‍ ഇന്നലെ രാത്രി എഴ് മണിക്ക് ക്യാമ്പസില്‍ തുടങ്ങിയ പ്രതിഷേധം ഇന്ന് രാവിലെ വരെ തുടര്‍ന്നു

Published

on

ആന്ധ്രാപ്രദേശിലെ എഞ്ചിനീയറിംഗ് കോളജിലെ വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ നിന്നും ഒളിക്യാമറ കണ്ടെത്തി. സംഭവത്തിൽ ബിടെക് അവസാന വർഷ വിദ്യാർത്ഥിയായ വിജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണൻ ജില്ലയിലെ ഗുഡ്‌ലവല്ലേരു എഞ്ചിനീയറിംഗ് കോളജിലാണ് സംഭവം. വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ നിന്ന് 300ലധികം ഫോട്ടോകളും ദൃശ്യങ്ങളും റെക്കോർഡ് ചെയ്തെന്നാണ് റിപ്പോർട്ട്. പണം നൽകി പല വിദ്യാർത്ഥികളും വിജയിൽ നിന്ന് ഈ വിഡിയോകൾ വാങ്ങിയെന്നും ആരോപണം.

സംഭവത്തില്‍ ഇന്നലെ രാത്രി എഴ് മണിക്ക് ക്യാമ്പസില്‍ തുടങ്ങിയ പ്രതിഷേധം ഇന്ന് രാവിലെ വരെ തുടര്‍ന്നു. ശുചിമുറി ഉപയോഗിക്കുന്നതിലുള്ള ആശങ്കയും ഭയവും പ്രകടിപ്പിച്ചായിരുന്നു പ്രതിഷേധം. ശുചിമുറിയില്‍ നിന്നുമുള്ള ഏകദേശം 300 ഫോട്ടോകളും വീഡിയോകളും പ്രചരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഈ വീഡിയോകള്‍ വിജയിയില്‍ നിന്ന് ചില വിദ്യാര്‍ത്ഥികള്‍ വാങ്ങിയിട്ടുമുണ്ട്. ക്യാമറ സ്ഥാപിച്ചതിന് പിന്നിലും വീഡിയോകള്‍ വിതരണം ചെയ്യുന്നതിന് പിന്നിലും കൂടുതല്‍ പേരുണ്ടോയെന്നുള്ള അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

ശുചി മുറിയിൽ ഒളിക്യാമറ ഉപയോഗിച്ച് വിദ്യാർത്ഥിനികളുടെ ദൃശ്യം രഹസ്യമായി റെക്കോർഡ് ചെയ്യുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് ശുചിമുറിയിലെ ഒളിക്യാമറ വിദ്യാർത്ഥിനികളുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് പ്രതിയെ കണ്ടെത്തണമെന്ന ആവശ്യവുമായി വൈകുന്നേരം 7 മണിക്ക് ആരംഭിച്ച വിദ്യാർത്ഥിനികളുടെ പ്രതിഷേധം ഇന്ന് രാവിലെ വരെ നീണ്ടു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി അന്വേഷണം തുടരുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

തെലങ്കാനയിലെ ടണല്‍ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

കാണാതായ മറ്റ് ആറ് തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്

Published

on

തെലങ്കാനയിലെ തുരങ്കത്തിനുള്ളില്‍ അകപ്പെട്ട തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മിനി എക്സ്‌കവേറ്റര്‍ ഉപയോഗിച്ച് കുഴിക്കുന്നതിനിടെ കണ്‍വെയര്‍ ബെല്‍റ്റില്‍ നിന്ന് ഏകദേശം 50 മീറ്റര്‍ അകലെ മൃതദേഹം കുടുങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായാണ് വിവരം.

മൃതദേഹം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം കാണാതായ മറ്റ് ആറ് തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മാര്‍ച്ച് ഒമ്പതിന് ടി.ബി.എം ഓപ്പറേറ്ററായ ഗുര്‍പ്രീത് സിങ്ങിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് തുരങ്കം തകര്‍ന്ന് എട്ട് തൊഴിലാളികള്‍ അകത്ത് കുടുങ്ങിയത്. അമരാബാദിലാണ് തുരങ്കത്തിന്റെ നിര്‍മാണം നടക്കുന്നത്. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച തുരങ്കമാണ് തകര്‍ന്നത്.

ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, ഇന്ത്യന്‍ സൈന്യം, ഖനന തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെ ഒന്നിലധികം ഏജന്‍സികള്‍ ഉള്‍പ്പെട്ട രക്ഷാപ്രവര്‍ത്തനമാണ് ആരംഭിച്ചത്. എന്നാല്‍, തുടര്‍ച്ചയായ ശ്രമങ്ങള്‍ നടന്നിട്ടും തുരങ്കത്തിനുള്ളിലെ അവശിഷ്ടങ്ങള്‍, വെള്ളം അടിഞ്ഞുകൂടല്‍, മോശം വായുസഞ്ചാരം എന്നിവ കാരണം രക്ഷാപ്രവര്‍ത്തനം കാര്യമായ വെല്ലുവിളികള്‍ നേരിട്ടു.

Continue Reading

india

ആക്ഷേപ ഹാസ്യത്തിന് പരിധിയുണ്ട്; കുനാല്‍ കമ്രയുടെ പരാമര്‍ശത്തില്‍ മൗനം വെടിഞ്ഞ് ഏകനാഥ് ഷിന്‍ഡെ

 കുനാൽ കമ്രയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് ശിവസേന പ്രവർത്തകർ ഹോട്ടൽ കെട്ടിടം അടിച്ചുതകർത്തതിനെയും ഷിൻഡെ ന്യായീകരിച്ചു.

Published

on

ഹിന്ദി സ്റ്റാന്റപ്പ് കൊമേഡിയൻ കുനാൽ കമ്രയുടെ പരാമർശത്തിൽ പ്രതികരിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. ‘തമാശ പറഞ്ഞാൽ ഞങ്ങൾക്ക് മനസിലാകും, എന്നാൽ തമാശക്കും ഒരു പരിധിയുണ്ട്’-എന്നായിരുന്നു ഷിൻഡെയുടെ പ്രതികരണം. കുനാൽ കമ്രയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് ശിവസേന പ്രവർത്തകർ ഹോട്ടൽ കെട്ടിടം അടിച്ചുതകർത്തതിനെയും ഷിൻഡെ ന്യായീകരിച്ചു. ഒരു പ്രവർത്തനത്തിന് പ്രതികരണമുണ്ടാകുമെന്ന് മനസിലാക്കണം എന്നാണ് ഇക്കാര്യത്തിൽ ഷിൻഡെ പറഞ്ഞത്.

‘ഒരു വ്യക്തിക്ക് സ്വയം നിയന്ത്രിക്കാനുള്ള കഴിവുണ്ടാകണം. അല്ലാത്തപക്ഷം ഒരു പ്രവർത്തനത്തിന് പ്രതികരണമുണ്ടാകും. ആവിഷ്‍കാര സ്വാതന്ത്ര്യം നിലനിൽക്കുന്നുണ്ട്. ഞങ്ങൾക്ക് തമാശ കേട്ടാൽ മനസിലാകും. എന്നാൽ അതിനും ഒരു പരിധിയുണ്ട്. മറ്റൊരാൾക്കെതിരെ സംസാരിക്കാൻ കരാറെടുത്തത് പോലെയാണ് തോന്നിയത്”-ഷിൻഡെ പറഞ്ഞു.

വിദ്വേഷ പ്രസംഗം വഴി 39കാരനായ സ്റ്റാന്റപ്പ് കൊമേഡിയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള നേതാക്കളെയാണ് ലക്ഷ്യം വെക്കുന്നതെന്നും ഷിൻഡെ കുറ്റപ്പെടുത്തി. ഈ വ്യക്തി തന്നെയാണ് സുപ്രീംകോടതിക്കെതിരെയും പ്രധാനമന്ത്രിക്കെതിരെയും പറഞ്ഞത്. ഇത് ആവിഷ്‍കാര സ്വാതന്ത്ര്യമല്ല, മറ്റാർക്കോ വേണ്ടി പണിയെടുക്കുകയാണ്-ഷിൻഡെ വിമർശിച്ചു.

ഞായറാഴ്ച നടന്ന ഷോയിൽ കുനാൽ ഷിൻഡെയെ രാജ്യദ്രോഹി എന്ന് വിളിച്ചെന്നാണ് ആരോപണം. 2022ൽ ഷിൻഡെ ശിവസേന പിളർത്തി കലാപമുണ്ടാക്കിയ നടപടി സൂചിപ്പിച്ച് ‘ദിൽ തോ പാഗൽ ഹേ’ എന്ന ബോളിവുഡ് സിനിമയിലെ പാട്ടിന്റെ വരികൾ മാറ്റിപ്പാടിയതാണു കുനാലിനെതിരെ പ്രതിഷേധമുയരാൻ കാരണം. അതിനു പിന്നാലെ പരിപാടി നടന്ന ഹോട്ടൽ ശിവസേന പ്രവർത്തകർ അടിച്ചുതകർത്തിരുന്നു.

എന്നാൽ പരാമർശത്തിൽ മാപ്പു പറയില്ലെന്നാണ് കുനാലിന്റെ നിലപാട്. ആവിഷ്‍കാര സ്വാതന്ത്ര്യമാണ് താൻ വിനിയോഗിച്ചതെന്നും അതിന് മാപ്പു പറയേണ്ട ആവശ്യമില്ലെന്നും പൊലീസിനോടും കോടതിയോടും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഹോട്ടൽ അടിച്ചു തകർത്ത ശിവസേന പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്നും കുനാൽ കമ്ര ആവശ്യപ്പെട്ടു. ആവിഷ്‍കാര സ്വാതന്ത്ര്യം അടിച്ചമർത്താനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്നാരോപിച്ച് കുനാൽ കമ്രക്ക് പിന്തുണയുമായി പ്രതിപക്ഷമടക്കം രംഗത്തു വന്നിരുന്നു.

Continue Reading

india

നാഗ്പൂര്‍ സംഘര്‍ഷത്തില്‍ അറസ്റ്റിലായ ഫഹീംഖാന്റെ വീട് ഇടിച്ചുതകര്‍ത്ത സംഭവം; സ്റ്റേ ചെയ്ത് ഹൈക്കോടതി

നാഗ്പൂര്‍ അക്രമവുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഫാഹിം ഖാന്റെ വീട് അനധികൃത കയ്യേറ്റം ആരോപിച്ച് മുനിസിപ്പാലിറ്റി പൊളിച്ചുമാറ്റുകയായിരുന്നു.

Published

on

നാഗ്പൂര്‍ സംഘര്‍ഷത്തില്‍ അറസ്റ്റിലായവരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത നഗരസഭയുടെ നടപടി തടഞ്ഞ് ബോംബൈ ഹൈക്കോടതി. കേസിലെ പ്രധാന പ്രതിയായ ഫാഹിം ഖാന്റെ വീട് നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (എന്‍.എം.സി) പൊളിച്ചുമാറ്റിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് വീടുകള്‍ പൊളിക്കുന്നത് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് സ്റ്റേ ചെയ്തത്.

നാഗ്പൂര്‍ അക്രമവുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഫാഹിം ഖാന്റെ വീട് അനധികൃത കയ്യേറ്റം ആരോപിച്ച് മുനിസിപ്പാലിറ്റി പൊളിച്ചുമാറ്റുകയായിരുന്നു. അന്ന് തന്നെ കേസിലെ മറ്റൊരു പ്രതിയായ യൂസഫ് ഷെയ്ക്കിന്റെ വീട്ടില്‍ അനധികൃതമായി നിര്‍മിച്ച ഒരു മുറിയും രണ്ട് ബാല്‍ക്കണികളും പൊളിച്ചുമാറ്റിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.

അതേസമയം അനധികൃത പൊളിക്കലില്‍ നിന്ന് സ്വത്തുക്കള്‍ സംരക്ഷിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ അശ്വിന്‍ ഇംഗോള്‍ മഹാരാഷ്ട്ര പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും മുനിസിപ്പല്‍ കമ്മീഷണര്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണോ വീട് ബുള്‍ഡോസ് ചെയ്തതെന്ന് ഉദ്യോഗസ്ഥരുടെ പ്രതികരണങ്ങള്‍ കേട്ടശേഷം ഏപ്രില്‍ 15 ന് കോടതി തീരുമാനിക്കും.

ഔറംഗസേബിന്റെ ശവകുടീരവുമായി ബന്ധപ്പെട്ട് നാഗ്പൂരിലുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായ പ്രതിയായ ഫാഹിം ഖാന്റെ വീടിന്റെ പ്ലാനിന് നഗരസഭയുടെ അനുമതിയില്ലെന്ന് കാണിച്ചാണ് അധികൃതര്‍ പൊളിച്ചുമാറ്റിയത്.  വിശുദ്ധ ഗ്രന്ഥം അവഹേളിക്കപ്പെട്ടുവെന്ന അഭ്യൂഹത്തെ തുടര്‍ന്ന് മാര്‍ച്ച് 17 ന് നാഗ്പൂരില്‍ പൊട്ടിപ്പുറപ്പെട്ട അക്രമവുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി) നഗര നേതാവായ ഫാഹിം ഖാനെ മാര്‍ച്ച് 19 ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കലാപത്തിന് ശേഷം, മാര്‍ച്ച് 20ന് നഗരസഭാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഫാഹീം ഖാന്റെ വീട് മഹാരാഷ്ട്ര റീജിയണല്‍ ആന്‍ഡ് ടൗണ്‍ പ്ലാന്‍ ആക്ട് ലംഘിച്ച് നിര്‍മിച്ചതാണെന്ന് അധികൃതര്‍ കണ്ടെത്തി. ഇതോടെ ഫാഹിം ഖാന്റെ അമ്മയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത 86.48 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള വീടിന്റെ ഒരു ഭാഗം അധികൃതര്‍ പൊളിച്ചു നീക്കി.

കൈയേറ്റം ആരോപിച്ചാണ് വീടിന്റെ ഒരു ഭാഗം ഇടിച്ച് നിരത്തിയത്. പൊളിക്കല്‍ നടപടിക്ക് മുന്നോടിയായി വലിയ പൊലീസ് സന്നാഹമാണ് സ്ഥലത്ത് സജ്ജമാക്കിയിരുന്നത്. ഫഹീം ഖാന്‍ നിലവില്‍ ജയിലില്‍ കഴിയുകയാണ്. കലാപത്തിന്റെ മുഖ്യസൂത്രധാരന്‍ എന്ന് ആരോപിച്ചാണ് ഫാഹിം ഖാനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആവശ്യമെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീട് തകര്‍ക്കാമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.

ഇതിനുപുറമെ നാഗ്പൂരിലെ സംഘര്‍ഷത്തിലുണ്ടായ നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം കലാപകാരികളില്‍ നിന്ന് തന്നെ ഈടാക്കുമെന്നും ഫഡ്‌നാവിസ് പറഞ്ഞു. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും അവ വില്‍ക്കുമെന്നും ഫഡ്‌നാവിസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Continue Reading

Trending