പുതുവർഷം ആഘോഷിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ തെരഞ്ഞെടുക്കുന്ന നഗരങ്ങളിലൊന്നാണ് ദുബൈ. എന്നാൽ ലോകം കോവിഡ് ഭീതിയിൽ നിൽക്കുമ്പോൾ ഇത്തവണ ദുബൈയിൽ പുതുവർഷാഘോഷങ്ങൾക്ക് പതിവ് പകിട്ടുണ്ടാവില്ല. പാർട്ടി നടത്തുന്നതിന് വിലക്കില്ലെങ്കിലും കർശനമായ വ്യവസ്ഥകളാണ് അധികൃതർ മുന്നോട്ടുവെക്കുന്നത്. വ്യവസ്ഥകൾ ലംഘിച്ചാൽ സംഘാടകർക്ക് ഒടുക്കേണ്ടി വരുന്ന പിഴ ഭീമവുമാണ്.
ന്യൂഇയർ പാർട്ടികളിൽ 30-ലധികം പേർ പങ്കെടുക്കരുത് എന്നാണ് ദുബൈ സുപ്രീം കമ്മിറ്റി പുറത്തിറക്കിയ നിബന്ധനകളിൽ ഏറ്റവും പ്രധാനം. കുടുംബാംഗങ്ങൾ മാത്രം ഉൾപ്പെടുന്ന പാർട്ടിയായാലും ഇതിൽ ഇളവൊന്നുമില്ല. ഇതിലധികം ആളുകളെ പാർട്ടിയിൽ പങ്കെടുപ്പിച്ചാൽ സംഘാടകർ 50,000 ദിർഹംസ് (പത്ത് ലക്ഷം രൂപ) ആണ് പിഴ നൽകേണ്ടി വരിക. ഇതിനു പുറമെ പാർട്ടിയിൽ പങ്കെടുക്കുന്നവരും 15,000 ദിർഹം (മൂന്ന് ലക്ഷം രൂപ) പിഴ നൽകേണ്ടി വരും.
ഇതിനുപുറമെ പാർട്ടിയിൽ പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും നാല് ചതുരശ്രമീറ്റർ എങ്കിലും ഉണ്ടായിരിക്കണം. പ്രായമായവരെയും ആരോഗ്യപ്രശ്‌നങ്ങളുള്ളവരെയും ഒരു കാരണവശാലും പങ്കെടുപ്പിക്കരുത്. പനി, ചുമ തുടങ്ങിയവ ഉള്ളവരും പാർട്ടികളിൽ നിന്ന് വിട്ടുനിൽക്കണം. നിയമം പാലിക്കുന്നു എന്നുറപ്പാക്കാൻ അധികൃതർ പരിശോധന നടത്തുമെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി.