Connect with us

kerala

കേരളത്തിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴ തുടരും

വടക്കന്‍ കേരള തീരത്തെ ന്യൂനമർദപാത്തി ദുര്‍ബലമായി.

Published

on

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.വടക്കന്‍ കേരള തീരത്തെ ന്യൂനമർദപാത്തി ദുര്‍ബലമായി. വ്യാഴാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദത്തിന് സാധ്യതയുണ്ട്. എന്നാല്‍ ഇന്ന് മീന്‍പിടിത്തത്തിന് തടസ്സമില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ

  • ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
  • ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
  • അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
  • ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
  • മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
  • കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
  • ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
  • ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.
  • പട്ടം പറത്തുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.
  • വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.
  • അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല, കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.
  • ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.
  • മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.

kerala

നഴ്സിങ് വിദ്യാർഥിനിയുടെ മരണം: മൂന്ന് സഹപാഠികൾ കസ്റ്റഡിയിൽ

ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കുമെന്നും എഫ്ഐആറിലും മാറ്റം വരുത്തുമെന്നും പൊലീസ് അറിയിച്ചു.

Published

on

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണത്തിൽ മൂന്ന് വിദ്യാർത്ഥിനികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മുവിന്‍റെ സഹപാഠികളായ മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കുമെന്നും എഫ്ഐആറിലും മാറ്റം വരുത്തുമെന്നും പൊലീസ് അറിയിച്ചു. കസ്റ്റിഡിയിലെടുത്ത രണ്ട് പേർ കോട്ടയം സ്വദേശികളും ഒരാൾ പത്തനാപുരം സ്വദേശിയുമാണ്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചുട്ടിപ്പാറ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവ് താഴെവെട്ടിപ്രത്തെ ഹോസ്റ്റൽ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിക്കുന്നത്. മൂന്ന് സഹപാഠികളിൽ നിന്നും അമ്മുവിന് നിരന്തരം മാനസിക പീഡനം നേരിട്ടിരുന്നുവെന്നാണ് കുടുംബം ആരോപിച്ചിരുന്നത്. മരണത്തിൽ അടിമുടി ദുരൂഹതയുണ്ടെന്നും കുടുംബം ആവർത്തിക്കുന്നു.

സഹപാഠികളായ മൂന്ന് വിദ്യാർത്ഥിനികൾ അമ്മു സജീവിനെ മാനസികമായി പീഡിപ്പിച്ചു. രേഖാമൂലം പരാതി നൽകിയിട്ടും പ്രശ്നങ്ങൾ പരിഹരിക്കാൻ കോളേജ് അധികൃതർ ഇടപെട്ടില്ല. ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ അമ്മുവിനെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കുന്നതിലും ചികിത്സ നൽകുന്നതിലും വീഴ്ചയുണ്ടായി എന്നെല്ലാമാണ് കുടുംബം ആവർത്തിക്കുന്നത്.

അമ്മുവിന്‍റെ സഹോദരൻ അഖിലിന്‍റെ വിശദമായ മൊഴി രേഖപ്പെടുത്തിയ പത്തനംതിട്ട പൊലീസ് മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ആരോപണവിധേയരായ പെൺകുട്ടികളുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

അമ്മുവിന്‍റെ മരണം ആത്മഹത്യയെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്. ക്ലാസിൽ സഹപാഠികൾ തമ്മിലുണ്ടായ ഭിന്നത കാരണമായി. അതിനിടെ, പൊലീസ് കുറ്റക്കാരെ സംരക്ഷിക്കുന്നുവെന്നാരോപിച്ച് ചുട്ടിപ്പാറ എസ്എംഇ കോളേജിലേക്ക് കെഎസ്‍യു നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.

Continue Reading

kerala

മദ്യത്തിൽ ബാറ്ററി വെള്ളം ചേർത്ത് കുടിച്ചു; യുവാവ് മരിച്ചു, സുഹൃത്ത് ​ഗുരുതരാവസ്ഥയിൽ

ആംബുലൻസിന്‍റെ ബാറ്ററിയിൽ കലർത്താൻ വെച്ച വെള്ളം മദ്യത്തിൽ ഒഴിച്ചാണ് യുവാവ് മദ്യം കഴിച്ചത്.

Published

on

ഇടുക്കി വണ്ടിപ്പെരിയാറിൽ സുഹൃത്തിന്‍റെ മൃതദേഹവുമായി തമിഴ്നാട്ടിൽ നിന്നും ആംബുലൻസിൽ വരുന്ന വഴി ബാറ്ററി വെള്ളം ചേർത്ത് മദ്യം കഴിച്ച യുവാവ് മരിച്ചു. ആംബുലൻസിന്‍റെ ബാറ്ററിയിൽ കലർത്താൻ വെച്ച വെള്ളം മദ്യത്തിൽ ഒഴിച്ചാണ് യുവാവ് മദ്യം കഴിച്ചത്. ഒപ്പം മദ്യപിച്ച സുഹൃത്ത് പ്രഭു കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്.

വണ്ടിപ്പെരിയാർ ചുരക്കുളം അപ്പർ ഡിവിഷൻ കല്ലുവേലി പറമ്പിൽ ജോബിനാണ് (40) മരിച്ചത്. കഴിഞ്ഞദിവസം തമിഴ്നാട് തിരുപ്പൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് വണ്ടിപ്പെരിയാർ ചുരുക്കളം അപ്പർ ഡിവിഷനിൽ താമസിക്കുന്ന പ്രതാപ് (39) മരിച്ചിരുന്നു. പ്രതാപിന്റെ മൃതദേഹവുമായി സുഹൃത്തുക്കളായ ജോബിനും പ്രഭുവും അടക്കം അഞ്ച് പേരാണ് ആംബുലൻസിൽ നാട്ടിലേക്ക് വന്നത്.

വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെ ഇവർ കുമളിയിൽ എത്തിയപ്പോൾ ചായ കുടിക്കാനായി ആംബുലൻസ് നിർത്തി. ആ സമയത്ത് ജോബിനും പ്രഭുവും ചേർന്ന് തമിഴ്നാട്ടിൽ വച്ച് കഴിച്ചതിന്‍റെ ബാക്കി ഉണ്ടായിരുന്ന മദ്യം ആംബുലൻസിന്‍റെ ബാറ്ററിയിൽ ഒഴിക്കാൻ വച്ചിരുന്ന വെള്ളം ഒഴിച്ച് കഴിക്കുകയായിരുന്നു.

തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച് ജോബിൻ മരിച്ചു. പ്രഭുവിനെ പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Continue Reading

crime

കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്നു; ഭർത്താവ് ഒളിവിൽ

ഇന്ന് വൈകീട്ടാണ് സംഭവം.

Published

on

കരിവെള്ളൂരിൽ പൊലീസുകാരിയെ ഭർത്താവ് വെട്ടിക്കൊന്നു. കാസർകോട് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീ ആണു കൊല്ലപ്പെട്ടത്. ഭർത്താവ് രാജേഷിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ഇന്ന് വൈകീട്ടാണ് സംഭവം. ദിവ്യശ്രീയുടെ വീട്ടിലെത്തിയാണ് രാജേഷ് കൊടുവാൾ ഉപയോഗിച്ചു വെട്ടിയത്. മുഖത്തും കഴുത്തിനും ഗുരുതരമായി പരിക്കേറ്റു. തടയാൻ ശ്രമിച്ച പിതാവിനും വെട്ടേറ്റിട്ടുണ്ട്. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ രാജേഷ് ഓടിരക്ഷപ്പെടുകയായിരുന്നു. ദിവ്യശ്രീയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദിവ്യശ്രീയും രാജേഷും തമ്മിൽ ദാമ്പത്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതേ തുടർന്നു കഴിഞ്ഞ കുറേനാളായി ഇരുവരും അകന്നുകഴിയുകയായിരുന്നുവെന്നാണു വിവരം.

Continue Reading

Trending