X

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

അടുത്ത 5 ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ ഞായറാഴ്ച ശക്തമായ മഴയുണ്ടായേക്കും. കൂടുതലും തെക്കന്‍ ജില്ലകളിലാണ് ഇടത്തരം മഴയ്ക്കാണ് സാധ്യത. സെപ്റ്റംബര്‍ 29 ഓടെ വടക്കന്‍ ആന്‍ഡമാന്‍ കടലിനും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.

ബുധനാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, വ്യാഴാഴ്ച കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ്. മഴ ശക്തി പ്രാപിയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലും പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പുണ്ട്. ബുധന്‍, വ്യാഴം ദിനങ്ങളില്‍ ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ തീയതികളില്‍ ലക്ഷദ്വീപ് മേഖലയില്‍ മത്സ്യബന്ധനത്തിന് പോകുന്നത് വിലക്കിയിട്ടുണ്ട്.

കൂടാതെ കേരളം, തെക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കടലാക്രമണ മുന്നറിയിപ്പുണ്ട്. ഈ മേഖലകളില്‍ ഞായറാഴ്ച രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

webdesk13: