പ്രൊഫ. പി.കെ.കെ തങ്ങള്‍
നരവംശത്തിന്റെ വളര്‍ച്ചയുടെയും ഉന്നമനത്തിന്റെയും അടിത്തറയായ സമൂഹമെന്ന വ്യവസ്ഥിതി തേഞ്ഞ് മാഞ്ഞ് ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. മുന്നേറ്റത്തിന്റെ അതിപ്രസരത്തില്‍ അതിശീഘ്രം തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്നത് ചരിത്രകാലം തൊട്ടിതുവരെ നിലനിന്നിരുന്ന കുടുംബസാമൂഹ്യ ഘടനയാണ്. വിപുലമായ സാമൂഹ്യതലം എന്നത് പോയിട്ട് കുടുംബഗൃഹപശ്ചാത്തലം പോലുള്ള തലത്തില്‍ വ്യക്തിയിലേക്കും, അതുതന്നെ ഉള്ളം കൈയിലോ വിരല്‍ തുമ്പിലോ മാത്രമായി ഞെങ്ങി ഒതുങ്ങി കഴിഞ്ഞിരിക്കുന്നു നവയുഗ പൗരന്‍. സൈബര്‍ കാലഘട്ടമെന്നത് മനുഷ്യ നാഗരിക മുന്നേറ്റത്തിന്റെ നേട്ടമാണെങ്കിലും അത് യഥാര്‍ഥ ചിന്തയില്‍ മനുഷ്യമൂല്യങ്ങളെ തിരിഞ്ഞ്കുത്തുന്ന ഒന്നായി മാറി കഴിഞ്ഞു. അതോടൊപ്പം മുന്നേറ്റം ഏതു വരെ എത്തിക്കഴിഞ്ഞു, ഇനി ഏതുവരെ പോയിക്കൂടാ എന്നെല്ലാമുള്ളതിന്റെ ദൃഷ്ടാന്തമാണ് ഇന്ന് അരങ്ങ് വാഴാനൊരുങ്ങിനില്‍ക്കുന്ന കൃത്രിമ ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) എന്ന സവിശേഷ സിദ്ധി. അതുംകൂടി പൂര്‍ണമായി പ്രയോഗത്തില്‍ വന്നുകഴിഞ്ഞാല്‍ പിന്നെ മനുഷ്യന്‍ വെറും പഴമയുടെ അവശിഷ്ട കോലങ്ങള്‍ മാത്രമായിരിക്കും. ഇത്തരം യാഥാര്‍ഥ്യം മുന്നില്‍ വന്നുനില്‍ക്കുമ്പോള്‍ അല്‍പ ബുദ്ധിയും ചിന്തയുമെങ്കിലും അവശേഷിക്കുന്ന മനുഷ്യന്‍ ചെയ്യേണ്ടത് അതിനൊരു പ്രതിവിധി കണ്ടെത്തുകയെന്നതാണ്. അതിന് മനുഷ്യന്‍ പുതിയ മാനങ്ങള്‍ തേടി പോവേണ്ട യാതൊരു അവസ്ഥയുമില്ല. കാരണം മനുഷ്യ നാഗരികതയുടെ തുടര്‍ച്ച ഇപ്പോഴും നിലനില്‍ക്കുന്നതിനെ കൂടുതല്‍ പ്രോത്സാഹിപ്പിച്ചും പ്രയോഗവത്കരിച്ചുമുള്ള ഉറച്ചു നില്‍പ്പും മുന്നേറ്റവുമാണ് ആവശ്യം. ആ മുന്നേറ്റത്തിലൂടെയാണ് സമൂഹം ഭദ്രവും വ്യാപ്തവുമാവുക. സമൂഹഭദ്രതക്ക് കുറവ് സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്ന് ആകുലപ്പെടുമ്പോള്‍ അതിന്റെ വ്യക്തമായ കാരണങ്ങളും തുറന്ന് കിടപ്പുണ്ട്. എന്തിനുമേതിനും ശാസ്ത്രീയ തെളിവുകളും അടിത്തറകളും ചികയുന്ന രീതിയാണല്ലോ നവയുഗരീതി. എന്നാല്‍ അതിനൊന്നും ഒരിക്കലും എതിരല്ലാത്ത, തീര്‍ത്തും മൂല്യാധിഷ്ഠിതങ്ങളായിട്ടുള്ള പ്രതിവിധികള്‍ നമ്മുടെ കൂടെത്തന്നെയുണ്ട്. മനുഷ്യരാശി ഇക്കാലമത്രയും പുലര്‍ത്തിപ്പോന്ന ആദര്‍ശ സംഹിതകളില്‍ ഇവയെല്ലാം അടങ്ങിയൊതുങ്ങി ഏതാണ്ടൊരു അരമയക്കത്തിലാണിപ്പോള്‍. ആദര്‍ശങ്ങളെയോ തത്വപാഠങ്ങളെയോ പിന്‍പറ്റുന്നത് കാലഘട്ടത്തിന് ചേരുമോ എന്ന ആശങ്കയില്‍ സ്തംഭിച്ചു നില്‍ക്കുന്ന പുതുയുഗ വാദികളുടെ മുന്നില്‍, നിലനില്‍ക്കുന്ന മൂല്യങ്ങളെ പ്രയോഗവത്കരിച്ച് കാണിക്കുകയെന്നതാണ് മുതിര്‍ന്നവരുടെ കര്‍ത്തവ്യം.
അത്തരം ലളിത മാര്‍ഗങ്ങളില്‍ ഏറ്റവും സുതാര്യവും പ്രായോഗികമായ രീതിയാണ് രണ്ടാളുകള്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ പ്രാര്‍ഥനാപൂര്‍വമായ അഭിവാദ്യം ‘നിങ്ങള്‍ക്ക് പരിചയമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും, മുഖാമുഖം വരുമ്പേള്‍ നിങ്ങള്‍ സലാം’ കൊണ്ട് സമാധാനാഭിവാദ്യം അര്‍പ്പിക്കുകയെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചിട്ടുള്ളത്. സൗഹൃദവും സമാധാനവും ഒന്നിച്ചു നിറവേറുന്ന ഏറ്റവും ലളിതമായ ഒറ്റമൂലി. അഭിവാദ്യത്തിന് പ്രത്യഭിവാദ്യം നല്‍കപ്പെടുന്നതോടെ അവിടെ സംഭവിക്കുന്നത് ലോക സമാധാനത്തി ന്റെ ഉടമ്പടി പൂര്‍ത്തീകരണമാണ്. അപ്രകാരംതന്നെ സൗഹൃദ സംസ്ഥാപനത്തിന്റെ അടിത്തറ കേവലം ഒരു പുഞ്ചിരിയാണ് ‘നിങ്ങള്‍ നിങ്ങളുടെ സഹോദരന് ഒരു പുഞ്ചിരിയെങ്കിലും സമ്മാനിക്കുക’യെന്നതും മൂല്യവത്തായ അധ്യാപനമാണ്. മനുഷ്യനില്‍ അനുകൂല മാനസികാവസ്ഥ (പോസിറ്റീവ് മെന്റല്‍ ആറ്റിറ്റിയൂഡ്) സംജാതമാക്കുന്ന വളരെ ലളിതമായ പല കാര്യങ്ങളുമുണ്ട്. സഹഭോജനം അതില്‍ പ്രധാനമാണ്; അതും മധുരമൂറുന്ന വിഭവങ്ങളുള്‍ക്കൊള്ളുന്നവ. അതൊന്നും നല്‍കപ്പെടുന്നതും സ്വീകരിക്കപ്പെടുന്നതും യഥാര്‍ഥ മൂല്യം ഉള്‍ക്കൊണ്ടുകൊണ്ടാണോ എന്നതിലാണ് സംശയം. അവിടെയൊന്നും നല്‍കപ്പെടുന്നതും സ്വീകരിക്കപ്പെടുന്നതും വെറും പഞ്ചസാര മധുരമാവരുത്, മറിച്ച് സ്‌നേഹവും സൗഹൃദവുമായാണ് വിലയിരുത്തപ്പെടേണ്ടത്. ആധുനിക രീതിയലുള്ള പല കൂടിച്ചേരലുകളിലും, കമ്പനി യോഗങ്ങളിലും, രാഷ്ട്രരാഷ്ട്രീയ രാഷ്ട്രാന്തരീയ ഒത്തുചേരലുകളുടെയുമെല്ലാം തുടക്കം തന്നെ മഞ്ഞുരുക്കല്‍ എന്ന പരിപാടിയോടെയാണ്. അതായത് ആ നിമിഷം വരെ പരസ്പരം യാതൊരറിവുമില്ലാത്തവര്‍ തമ്മില്‍ അകല്‍ച്ചകള്‍ അനുഭവപ്പെടാത്തവിധം മനസ്സ് കുളിര്‍ത്തും മധുരിച്ചും, ആനന്ദ നിമിഷങ്ങളിലൂടെ കടന്ന്‌പോയി സൗഹൃദപൂര്‍വം ഒത്തു ചേരാനുള്ള സുവര്‍ണാവസരം. ഇവിടെയെല്ലാം പരമ പ്രധാനമായി വിഷയീഭവിക്കുന്നത് മനുഷ്യന്റെ മുഖവും മനസ്സുമാണ്. മുഖത്ത് വിടരുന്ന സന്തോഷകണങ്ങള്‍, അകത്ത് മനസ്സില്‍ നിറയുന്ന നിര്‍വൃതി, മുഖവും മനസ്സും തെളിഞ്ഞാല്‍ അതാണ് മനുഷ്യന്‍ ‘ഇന്‍സാന്‍’ (മുഖാമുഖം ദര്‍ശിക്കുമ്പോള്‍ ആനന്ദം അനുഭവപ്പെടുന്നവന്‍ എന്നാണ് ഇന്‍സാന്‍ എന്ന പദത്തിനര്‍ഥം). സ്വയം തലതാഴ്ത്തി, മറ്റുള്ളവരുടെ മുഖത്ത് നേര്‍ക്കുനേര്‍ നോക്കാതെ എപ്പോഴും തലതാഴ്ത്തി, സ്വന്തം കാല്‍ വിരലുകളില്‍ മാത്രം കണ്ണു പതിപ്പിച്ച് എല്ലാവരെയും അസ്വസ്ഥരാക്കുന്ന രീതി പുലര്‍ത്തുന്നവരെ അധോമുഖര്‍ (ഇന്‍ട്രോവര്‍ട്ട്) എന്നാണ് വിളിച്ചുവരുന്നത്. അങ്ങേയറ്റം നിരാശകരമായൊരവസ്ഥയാണിത്.
ഇനിയുമുണ്ട് വേര്‍തിരിവുകള്‍. അത് യഥാര്‍ഥത്തില്‍ വ്യക്തിപരമായ വേര്‍തിരിവുകളല്ല. പൗരാണികമായും പാരമ്പര്യമായും ആചാരമായും പുലര്‍ത്തിപ്പോരുന്ന വര്‍ണ, വര്‍ഗ, ജാതി, ഉപജാതി, സവര്‍ണ, അവര്‍ണ വിവേചനങ്ങള്‍. അത് സമൂഹത്തില്‍ വളരെയധികം അപകടകരമാണ്. രാജ്യത്ത്, ഒരു കാലഘട്ടം വരെ കൊടികുത്തി വാണിരുന്ന വര്‍ണ വര്‍ഗ വിവേചനം ലോകത്ത് തന്നെ അറിയപ്പെട്ടിരുന്നു. കേരളത്തെ ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിക്കാനുണ്ടായ കാരണം ഈ വിവേചനമായിരുന്നു. ശ്രീ നാരായണ ഗുരു വിശദീകരിച്ചതും ഇവിടുത്തെ ജാതി വിഭാഗീയതയുടെ ഗുരുതരാവസ്ഥ മൂലമാണ്. വര്‍ണ വിവേചനവും ഉച്ചനീചത്വങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലും നിലനിന്നു പോന്നിട്ടുണ്ട്, കുറെയൊക്കെ ഇന്നും നിലനില്‍ക്കുന്നുമുണ്ട്. ആഫ്രിക്കന്‍ മേഖലകളില്‍ കറുത്തവന് ജീവിക്കാനുള്ള അര്‍ഹതപോലും ഉണ്ടായിരുന്നില്ല. ‘വെള്ളക്കാരന്‍’ എന്ന വിളിപ്പേരു തന്നെ നിലനിന്നത് തൊലിനിറത്തിന്റെ മാത്രം പേരിലല്ലേ! മാനവികതയുടെ പേരില്‍ മനുഷ്യരെ വര്‍ണ വര്‍ഗ വിവേചനങ്ങള്‍ക്കതീതമായി സര്‍വാത്മനാ സ്വാഗതം ചെയ്തും പൂര്‍ണ വ്യക്തിത്വത്തോടെ പൊതു സമൂഹത്തില്‍ കൈപിടിച്ചു കയറ്റിയിരുത്തിയതും പ്രവാചകന്‍ മുഹമ്മദ് നബിയാണ്. കറുത്തവരില്‍ കറുത്തവനായ നീഗ്രോ അടിമയായ ബിലാനിനെ മോചിപ്പിച്ച് തന്റെ ഔദ്യോഗിക ‘ബാങ്കുവിളിക്കാരനായി’ പ്രവാചകന്‍ നിയമിച്ചത് ചരിത്രത്തിന്റെ ഭാഗമാണ്.