ഡോ. ഷഫീഖ് മാട്ടുമ്മല്‍
ഹെഡ്-കാര്‍ഡിയാക് സയന്‍സസ്
ആസ്റ്റര്‍ മിംസ് കോഴിക്കോട്
കായിക ലോകവും ആരോഗ്യലോകവും സമീപ കാലത്ത് അവിശ്വസനീയതയോടെ നോക്കിക്കണ്ട വാര്‍ത്തയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബി സി സി ഐ അദ്ധ്യക്ഷനുമായ സൗരവ് ഗാംഗുലിക്ക് രണ്ട് തവണ ഹൃദയാഘാതം സംഭവിച്ച വാര്‍ത്ത. ഗാംഗുലിയെ പോലെ നിരവധി കായിക താരങ്ങളാണ് സമീപ കാലത്ത് കളിക്കളത്തിലോ വ്യായാമ വേളയിലോ ഹൃദയാഘാതം സംഭവിച്ച് മരണപ്പെടുകയോ മരണത്തെ അതിജീവിക്കുകയോ ചെയ്തിരിക്കുന്നത്. ടര്‍ഫ് ഫുട്‌ബോള്‍ ഉള്‍പ്പെടെ വ്യാപകമായിരിക്കുന്ന സമീപ കാലത്ത് ഇത്തരം വാര്‍ത്തകള്‍ വ്യാപകമായി കേട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. നിരവധിയായ ആശങ്കകളും സംശയങ്ങളും ഈ വിഷയത്തെ അധികരിച്ച് ജനങ്ങളില്‍ വ്യാപകമായിട്ടുണ്ട്.
ആരോഗ്യവാന്മാരായ കായികതാരങ്ങള്‍ക്ക് ഹൃദയാഘാതം സംഭവിക്കാനുള്ള കാരണം എന്താണ്?
രണ്ട് കാര്യങ്ങളാണ് ഇതില്‍ പ്രധാനമായും ചിന്തിക്കേണ്ടതായിട്ടുള്ളത്. ഒന്നാമതായി പൂര്‍ണ്ണ ആരോഗ്യവാനാണ് എന്ന് കരുതുന്ന ഒരു വ്യക്തിക്ക് എങ്ങിനെ ഹാര്‍ട്ട് അറ്റാക്ക സംഭവിച്ചു, രണ്ട് അത്തരമൊരു സാഹചര്യം ഉണ്ടയിരുന്നിട്ടും എങ്ങിനെ അദ്ദേഹം അത് തിരിച്ചറിയാതെ പോയി?. ഇതില്‍ പ്രധാനമായും മനസ്സിലാക്കേണ്ട കാര്യം ആരോഗ്യപരമായി ഫിറ്റാണ് എന്നത് ഹാര്‍ട്ട് അറ്റാക്ക് വരാതിരിക്കാനുള്ള കാരണമല്ല എന്നതാണ്. ഉദാഹരണമായി ജനിതകപരമായി ഹൃദായാഘാത സാധ്യതയുള്ള വ്യക്തി ശരീരം ഫിറ്റായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ് എന്നാല്‍ അതുകൊണ്ട് മാത്രം അദ്ദേഹത്തിന്റെ ഹൃദയാഘാത സാധ്യത പൂര്‍ണ്ണമായും മാറി നില്‍ക്കുന്നു എന്നര്‍ത്ഥമില്ല. ഗാംഗുലിയുടെ പിതാവിന് മുന്‍പ് ഹാര്‍ട്ട് അറ്റാക്കുണ്ടായി ആന്‍ജിയോ പ്ലാസ്റ്റി ചെയ്ത വ്യക്തിയാണ്. അതുകൊണ്ട് തന്നെ ആ പാരമ്പര്യത്തിന്റെ സ്വാധീനം ഗാംഗുലിക്കും ഉണ്ടായിരിക്കും. അദ്ദേഹം ശാരീരികമായി ഫിറ്റ് ആണ് എന്നതുകൊണ്ട് മാത്രം ആ സാധ്യത ഇല്ലാതാകുന്നില്ല. ലളിതമായ ട്രെഡ് മില്‍ ടെസ്റ്റ് മുതല്‍ സി ടി ആന്‍ജിയോഗ്രാം വരെ ചെയ്താല്‍ തിരിച്ചറിയാവുന്നതേ ഉള്ളൂ ഈ വിഷയം. എന്നാല്‍ ഇത്തരം പരിശോധനകള്‍ അദ്ദേഹം നടത്തിയിട്ടില്ല എന്ന് വേണം മനസ്സിലാക്കുവാന്‍.
കായിക താരങ്ങള്‍ കരിയര്‍ ആരംഭിക്കുമ്പോള്‍ തന്നെ ഈ പരിശോധനകള്‍ നിര്‍വ്വഹിക്കേണ്ടതുണ്ടോ?
വളരെ ചെറുപ്പത്തിലേ തന്നെയാണ് പലരും കരിയര്‍ ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ ഹൃദയാഘാത സാധ്യത കുറവാണ്. എന്നാല്‍ ശാരീരിക അദ്ധ്വാനം ആവശ്യമായ കായിക മേഖല തെരഞ്ഞെടുക്കുമ്പോള്‍ ഇത്തരം റിസ്‌ക് ഫാക്ടറുകള്‍ എല്ലാം തന്നെ പരിശോധനാ വിധേയമാക്കണം. വിദേശങ്ങല്‍ലെ പ്രമുഖ ക്ലബ്ബുകളെല്ലാം തന്നെ ടീമംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ ഇത്തരം ടെസ്റ്റുകളും ഒരു മാനദണ്ഡമായി സ്വീകരിക്കുന്നുണ്ട്. അവര്‍ക്ക് ഇതിനായി സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ തന്നെയുണ്ട്. സമയത്ത് തന്നെ ആരോഗ്യപരമായ സങ്കീര്‍ണ്ണതകള്‍ തിരിച്ചറിയുന്നതും, അതിന്റെ സങ്കീര്‍ണ്ണതകള്‍ക്കുള്ള സാധ്യതകള്‍ മനസ്സിലാക്കുന്നതും ചികിത്സിച്ച് ഭേദമാക്കുന്നതും സ്‌പോര്‍ട്‌സ് കരിയര്‍ ആരംഭിക്കുന്നവര്‍ക്ക് നല്ലതാണ്. ഹൃദയാഘാതം സംഭവിച്ചവര്‍ അടുത്ത ബന്ധത്തിലുള്ളവര്‍ നിര്‍ബന്ധമായും കരിയര്‍ ആരംഭിക്കുന്നതിന് മുന്‍പും കരിയറിനിടയില്‍ കൃത്യമായ ഇടവേളകളിലും ഹൃദയത്തിന്റെ ആരോഗ്യം സുരക്ഷിതമാണെന്നുറപ്പ് വരുത്താനുള്ള പരിശോധനകള്‍ നിര്‍വ്വഹിക്കണം.
പുതിയതായി ആരോഗ്യ സംരക്ഷണത്തിന് ജിമ്മിനേയും ടര്‍ഫിനേയുമൊക്കെ ആശ്രയിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
പ്രധാനമായും മുപ്പത്തിയഞ്ച് വയസ്സൊക്കെ കഴിഞ്ഞ ശേഷം ഇനി ആരോഗ്യം ഫിറ്റാക്കിക്കളയാം എന്ന് കരുതി ഇത്തരം കായിക വിനോദങ്ങളിലേക്ക് കടന്ന് വരുന്നവര്‍ ധാരാളമുണ്ട്. ഇവരും ഹൃദ്രോഗ പാരമ്പര്യമോ, കൊളസ്‌ട്രോള്‍, ഷുഗര്‍ മുതലായവോ ഉള്ളവരാണെങ്കില്‍ നിര്‍ബന്ധമായും കാര്‍ഡിയാക് ഹെല്‍ത്ത് ചെക്കപ്പ് നിര്‍വ്വഹിക്കണം. ഇത്തരം അവസ്ഥകളില്ലാത്തവരും കളി ആരംഭിക്കുന്നതിന് മുന്‍പ് കാര്‍ഡിയാക് ഹെല്‍ത്ത് ചെക്കപ്പ് നടത്തുന്നത് നല്ലതാണ്. കളിച്ചുകൊണ്ടിരിക്കെ അസാധാരണമായ ലക്ഷണങ്ങള്‍ (ഉദാഹരണമായി കിതപ്പ്, നെഞ്ച് വേദന മുതലായവ)കാണപ്പെടുകയാണെങ്കിലും പെട്ടെന്ന് തന്നെ ചെക്കപ്പിന് വിധേയരാകണം.
കുറേ കളിച്ച് പിന്നീട് കളി നിര്‍ത്തിയവരും ശ്രദ്ധിക്കണം. കളിക്കുന്ന സമയത്ത് ഇവരുടെ ശരീരം കളിയുമായി പൊരുത്തപ്പെട്ടിരിക്കും. എന്നാല്‍ കുറേ കാലം കളിയൊക്കെ നിര്‍ത്തിയാല്‍ ശരീരം ആ പൊരുത്തപ്പെടലിനെ ഉപേക്ഷിച്ചിരിക്കും. മനസ്സുകൊണ്ട് നമ്മള്‍ ഒ കെ ആയിരിക്കും. എന്നാല്‍ ശരീരം അത്രത്തോളം പൊരുത്തപ്പെട്ടില്ല എന്ന് വരും. ഇതും പ്രധാനപ്പെട്ട ഒരു റിസ്‌ക് ഫാക്ടര്‍ ആണ്.
കളിക്കിടെ പെട്ടെന്ന് ഹൃദയാഘാതം സംഭവിച്ചാല്‍
എന്ത് ചെയ്യണം?
വളരെ പ്രധാനപ്പെട്ട വിഷയമാണിത്. കളി ആരംഭിക്കുന്നതിന് മുന്‍പ് കാര്‍ഡിയാക് ചെക്കപ്പ് ചെയ്യണം എന്ന് പറയുന്നത് പോലെ തന്നെ കളിക്കാന്‍ തീരുമാനിച്ചിറങ്ങുന്ന ഓരോ വ്യക്തിയും നിര്‍ബന്ധമായും ബേസ്‌ക് ലൈഫ് സപ്പോര്‍ട്ട് (BLS) ല്‍ പരിശീലനം നേടിയിരിക്കണം. പെട്ടെന്നൊരാള്‍ കുഴഞ്ഞ് വീണ് കഴിഞ്ഞാല്‍ പരിഭ്രമിച്ച് മാറി നില്‍ക്കുകയോ ആംബുലന്‍സ് വരുന്നത് വരെ കാത്തുനില്‍ക്കുകയോ ചെയ്യാനിടവരരുത്. ശ്വാസഗതിയും പള്‍സും പരിശോധിച്ച ശേഷം പ്രഥമ ശുശ്രൂഷ നല്‍കാനുള്ള പരിശീലനം ഓരോ കായികതാരത്തിനും അതത് ക്ലബ്ബുകളും മറ്റും ചേര്‍ന്ന് നല്‍കേണ്ടത് നിര്‍ബന്ധമാണ്. ഇതിനായി പ്രത്യേക മൊഡ്യുളുകള്‍ പോലും തയ്യാറാക്കപ്പെട്ടിട്ടുണ്ട്. ആദ്യ മിനിട്ടുകളില്‍ നല്‍കേണ്ട പ്രധാനപ്പെട്ട ചികിത്സയായ സി പി ആര്‍ ലഭിച്ചാല്‍ തന്നെ അസുഖബാധിതനായ വ്യക്തിയുടെ ജീവന്‍ സംരക്ഷിക്കുവാന്‍ ഏറെക്കുറെ നമുക്ക് സാധിക്കും.