നൊബേല്‍ സമ്മാനത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ലോകത്തെ പരമോന്നത പുരസ്‌കാരമായാണ് നൊബേല്‍ സമ്മാനത്തെ കണക്കാക്കുന്നത്. സ്വീഡിഷ് ശാസ്ത്രജ്ഞനായ ആല്‍ഫ്രഡ് നൊബേലാണ് പുരസ്‌കാരത്തിനു പിന്നിലെ ചാലകശക്തി. സാഹിത്യം, സമാധാനം, ഭൗതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, സാമ്പത്തിക ശാസ്ത്രം എന്നീ മേഖലകളിലെ മഹത്തായ സംഭാവനകള്‍ക്കാണ്
നൊബേല്‍ നല്‍കി വരുന്നത്. നൊബേലിനെ സംബന്ധിച്ച ചില വിശേഷങ്ങള്‍ നോക്കാം..
ആല്‍ഫ്രഡ് നൊബേല്‍
ഒക്ടോബറിലാണ് ലോകത്തെ ഏറ്റവും ഉയര്‍ന്ന പുരസ്‌ക്കാരമായ നൊബേല്‍ പ്രഖ്യാപിക്കുക. ആറ് ദിവസങ്ങള്‍, ആറ് പുരസ്‌കാരങ്ങള്‍. ആല്‍ഫ്രഡ് നൊബേലാണ് നൊബേല്‍ പുരസ്‌കാരത്തിന്റെ ഉപജ്ഞാവെന്ന് പറഞ്ഞുവല്ലോ. ആല്‍ഫ്രഡിന്റെ ഡൈനാമൈറ്റ് കണ്ടുപിടിത്തത്തിന് പേറ്റന്റ് ലഭിച്ചതോടെ അദ്ദേഹത്തിന് ഏറെ ധനം നേടികൊടുത്തു. തന്റെ സമ്പത്തിന്റെ ഒരു ഭാഗം പാവപ്പെട്ട ജനങ്ങള്‍ക്ക് എഴുതിവെച്ച ശേഷം ബാക്കി വന്ന ധനം രസതന്ത്രം, ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം, സാഹിത്യം, സമാധാനം എന്നീ മേഖലകളിലെ മികച്ച സംഭാവനകള്‍ നല്‍കുന്ന വ്യക്തികളെ ആദരിക്കുന്നതിനായി അദ്ദേഹം മാറ്റിവെച്ചു. നടത്തിപ്പുകാരായി തന്റെ ഗവേഷണശാലയിലെ വിശ്വസ്തരായ റഗ്നാര്‍ സോള്‍മാനെയും റുഡോള്‍ഫ് ലില്‍ജെഖ്വിസ്റ്റിനെയും ചുമതലപ്പെടുത്തി. അവിവാഹിതനായ നൊബേലിന്റെ സ്വത്തുക്കള്‍ ഇത്തരത്തില്‍ പുരസ്‌കാരത്തിനായി ചെലവഴിക്കുന്നതിനോട് കുടുബം ശക്തമായി എതിര്‍ത്തിരുന്നു. ഇതേത്തുടര്‍ന്ന് നൊബേല്‍ പുരസ്‌കാരം യാഥാര്‍ത്ഥ്യമാകുന്നതിന് കാലതാമസം നേരിട്ടു. നൊബേല്‍ മരിച്ച് അഞ്ചു വര്‍ഷത്തിനു ശേഷം 1901ലാണ് ആദ്യമായി പുരസ്‌കാര വിതരണം നടക്കുന്നത്. നടത്തിപ്പുകാരായി നൊബേല്‍ ചുമതലപ്പെടുത്തിയവര്‍ അവരുടെ കര്‍ത്തവ്യം ഭംഗിയായി നിര്‍വഹിച്ചു. അതിന് അവര്‍ ആദ്യം തന്നെ ചെയ്തത് രാജ്യത്തിനു പുറത്തുള്ള നൊബേലിന്റെ പുരസ്‌കാരങ്ങളെ സ്വീഡനിലേക്ക് മാറ്റുകയെന്ന ദൗത്യമായിരുന്നു. 1900 ജൂണ്‍ 29ന് പ്രത്യേക ട്രസ്റ്റും പുരസ്‌കാരത്തിനായി രൂപീകരിച്ചു.
അഞ്ച് കമ്മിറ്റികള്‍
പുരസ്‌കാരം അര്‍ഹതപ്പെട്ട കൈകളില്‍ തന്നെ എത്തണമെന്ന നിര്‍ബന്ധമുള്ളതിനാല്‍ റഗ്നാര്‍ സോള്‍മാനും റുഡോള്‍ഫ് ലില്‍ജെഖ്വിസ്റ്റിനും ഓരോ വിഭാഗത്തിനും പ്രത്യേക കമ്മിറ്റികള്‍ തന്നെ രൂപീകരിച്ചു. ഭൗതികശാസ്ത്രത്തിനും രസതന്ത്രത്തിനുമായി റോയല്‍ സ്വീഡിഷ് അക്കാദമി ഓപ് സയന്‍സിനെയും വൈദ്യശാസ്ത്രത്തിന് സ്റ്റോക്‌ഹോമിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ നൊബേല്‍ അസംബ്ലിയെയും സാഹിത്യത്തിന് സ്വീഡിഷ് അക്കാദമിയെയും സമാധാനത്തിന് നോര്‍വീജിയന്‍ പാര്‍ലമെന്റില്‍ നിന്നും തിരഞ്ഞെടുക്കുന്ന അഞ്ചംഗകമ്മിറ്റിയെയും ചുമതലപ്പെടുത്തി. നൊബേലിന്റെ വില്‍പത്രത്തില്‍ പക്ഷെ, സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തോടുള്ള ആദരസൂചകമായി സ്വീഡിഷ് സെന്‍ട്രല്‍ ബാങ്കായ സ്‌വെറീജസ് റിക്‌സ്ബാങ്കാണ് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഈ വിഭാഗത്തിലെ പുരസ്‌ക്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നതുള്‍പ്പെടെ കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് സ്വീഡിഷ് അക്കാദമിയാണ്.
നാമനിര്‍ദേശം
നൊബേല്‍ പുരസ്‌കാരത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ക്ക് നാമനിര്‍ദേശം ചെയ്യാന്‍ സാധിക്കും. നാമനിര്‍ദേശങ്ങള്‍ പൊതുവില്‍ രഹസ്യമായി സൂക്ഷിക്കുന്നുണ്ടെങ്കിലും നാമനിര്‍ദേശം ചെയ്യുന്ന പലരും അവര്‍ നിര്‍ദേശിച്ചവരുടെ പേരുകള്‍ പരസ്യമായി പ്രഖ്യാപിക്കാറുണ്ട്. അതുപോലെ തന്നെയാണ് വിജയിയെ നേരത്തെ അറിയുന്നതു സംബന്ധിച്ചും.
വാതുവെപ്പുകള്‍ തടയാനായാണ് വിജയികളെ അതീവ രഹസ്യമായി സൂക്ഷിക്കുന്നത്. എന്നാല്‍ ഇത്തവണത്തെ രസതന്ത്ര നൊബേല്‍ ജേതാക്കളുടെ പേരുവിവരങ്ങള്‍ ചോര്‍ന്നത് വിവാദമായിട്ടുണ്ട്. നൊബേല്‍ പുരസ്‌കാരത്തിനുവേണ്ടി സ്വയം നാമനിര്‍ദേശം ചെയ്യുന്നത് അനുവദനീയമല്ല. മരിച്ചവരെ പുരസ്‌കാരത്തിന് പരിഗണിക്കാറുമില്ല. എന്നാല്‍ 2011ല്‍ വൈദ്യശാസ്ത്ര വിഭാഗത്തില്‍ സമ്മാനം ലഭിച്ച മൂന്നു പേരില്‍ റാല്‍ഫ് സൈറ്റന്‍മാന് പുരസ്‌കാരം ലഭിച്ചത് അദ്ദേഹത്തിന്റെ മരണശേഷമായിരുന്നു. പ്രഖ്യാപനത്തിനു മൂന്നു ദിവസം മുമ്പായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. അത് കമ്മിറ്റി അറിയാത്തതിനാല്‍ കൂടിയാലോചിച്ച് പുരസ്‌കാരം മറ്റ് രണ്ട് ജേതാക്കള്‍ക്കൊപ്പം അദ്ദേഹത്തിനും നല്‍കി.
പുരസ്‌കാര നിറവിലെ
ഇന്ത്യക്കാര്‍
വിവിധ വിഭാഗങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കും നൊബേല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1913ല്‍ സാഹിത്യത്തിന് രബീന്ദ്രനാഥ ടാഗോറിന് ലഭിച്ച പുരസ്‌കാരമാണ് ആദ്യ നേട്ടം. പിന്നീട് 1930ല്‍ ഊര്‍ജതന്ത്രത്തിന് സി.വി രാമന് പുരസ്‌കാരം ലഭിച്ചു.
1968ല്‍ വൈദ്യശാസ്ത്രത്തിന് ഹര്‍ഗോവിന്ദ് ഖുറാന, 1979-ല്‍ സമാധാനത്തിന് മദര്‍ തെരേസ, 1983-ല്‍ ഊര്‍ജതന്ത്രത്തിന് സുബ്രഹ്മണ്യം ചന്ദ്രശേഖര്‍, 1998-ല്‍ സാമ്പത്തിക ശാസ്ത്രത്തിന് അമര്‍ത്യ സെന്‍, 2009-ല്‍ രസതന്ത്രത്തിന് വെങ്കടരാമന്‍ രാമകൃഷ്ണന്‍, 2014-ല്‍ സമാധാനത്തിന് കൈലാഷ് സത്യാര്‍ത്ഥി, 2019-ല്‍ സാമ്പത്തിക ശാസ്ത്രത്തിന് അഭിജിത് ബാനര്‍ജി എന്നിവര്‍ക്കും പുരസ്‌കാരം ലഭിച്ചു.
സ്ത്രീ സാന്നിധ്യം
നൊബേല്‍ പുരസ്‌കാരം ജേതാക്കളുടെ പട്ടികയില്‍ ഒട്ടേറെ സ്ത്രീകളും ഇടം നേടിയിട്ടുണ്ട്. മേരി ക്യൂറിയും മദര്‍ തെരേസയും മലാല യൂസുഫ്‌സായിയുമുള്‍പ്പടെ 46 വനിതകള്‍ വിവിധ വിഭാഗങ്ങളിലായി പരമോന്നത പുരസ്‌കാരം നേടിയിട്ടുണ്ട്.
മേരി ക്യൂറിക്ക് രണ്ടുതവണ നൊബേല്‍ ലഭിച്ചിട്ടുണ്ട്. 1903ല്‍ ഭൗതിക ശാസ്ത്രത്തിനും 1911ല്‍ രസതന്ത്രത്തിനുമാണ് മേരി ക്യൂറിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.
ഗാന്ധിജിയും നൊബേലും
അഹിംസ പാതയിലൂടെ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി തന്ന രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അഞ്ചു തവണ നൊബേല്‍ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിനായി 1937,1938,1939,1947,1948 (അദ്ദേഹം വധിക്കപ്പെടുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ്) വര്‍ഷങ്ങളിലായിരുന്നു ഇത്. ജീവിതത്തിലുടനീളം സമാധാനം ആഗ്രഹിച്ച ഗാന്ധിജിക്ക് നൊബേല്‍ തിരസ്‌ക്കരിക്കപ്പെട്ടത് ഇന്നും ചര്‍ച്ചാവിഷയമാണ്.