X

മദ്യം നിര്‍മിക്കുന്ന ഫാക്ടറിയില്‍ ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചു; സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കും ഭാര്യക്കുമെതിരെ കേസ്

മദ്യം നിര്‍മ്മിക്കുന്ന (ജവാന്‍ റം) ഫാക്ടറിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കും ഭാര്യക്കുമെതിരെ കേസ്. കാവാലം പഞ്ചായത്ത് വടക്കന്‍ വെളിയനാട് മീഡില്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വെളിയനാട് നോര്‍ത്ത് ഷജിത്ത് ഭവനില്‍ ഷജിത്ത് ഷാജിക്കും ഭാര്യ ശാന്തിനിക്കും എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍ ഫാക്ടറിയില്‍ ജോലി വാഗ്ദാനം ചെയ്താണ് യുവാക്കളെ വഞ്ചിച്ചത്. കാവാലം കുന്നുമ്മ സ്വദേശികളായ രണ്ട് പേരില്‍ നിന്നു 4.25 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. ഒരാളില്‍ നിന്ന് 2.5 ലക്ഷം രൂപയും മറ്റൊരാളില്‍ നിന്ന് 1.75 ലക്ഷം രൂപയുമാണ് തട്ടിയത്. ബാങ്ക് അക്കൗണ്ട് വഴിയാണ് ഇരുവരും പണം നല്‍കിയത്. പണം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നതോടെയാണ് പരാതിയുമായി യുവാക്കള്‍ രംഗത്ത് എത്തിയിത്.

ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലയിലെ ഒട്ടനവധി പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് സൂചന. പണം നഷ്ടപ്പെട്ട ചങ്ങനാശേരിയിലെ ഒരു കൂടുംബം കഴിഞ്ഞ ദിവസം ഷജിത്തിന്റെ വീട്ടില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ചങ്ങനാശേരി മാടപ്പള്ളി സ്വദേശിയുടെ 3 ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ഒട്ടുമിക്ക ആളുകളില്‍ പണം നേരിട്ടു കൈപ്പറ്റുകയായിരുന്നു. ചിലര്‍ പണം കൈമാറുന്ന വീഡിയോ അടക്കം എടുത്തു സൂക്ഷിച്ചിട്ടുണ്ട്.

വടക്കന്‍ വെളിയനാട് മിഡില്‍ ബ്രാഞ്ച് ഒരു വര്‍ഷമായി നിലവില്‍ ഇല്ലെന്നും ഷജിത്തിനെ 3 മാസം മുന്‍പ് പാര്‍ട്ടി അംഗത്വത്തില്‍ നിന്നു പുറത്താക്കിയതായും സിപിഎം നേതൃത്വം പറഞ്ഞു. വടക്കന്‍ വെളിയനാട്ടെ മൂന്ന് ബ്രാഞ്ചുകള്‍ ചേര്‍ത്തു രണ്ട് ബ്രാഞ്ചുകളാക്കിയപ്പോള്‍ വെളിയനാട് മിഡില്‍ ബ്രാഞ്ച് ഒഴിവാക്കുകയായിരുന്നു. സ്ഥഥിരമായി പാര്‍ട്ടി യോഗങ്ങളില്‍ എത്താതിരുന്ന ഷജിത്തിനെതിരെ പല ആരോപണങ്ങളും കേട്ടിരുന്നു.

ജോലി ചെയ്യുന്നതായി പറയുന്ന വിദേശ മദ്യ നിര്‍മാണ ശാലയില്‍ ഷജിത്ത് ജോലി ചെയ്തിട്ടില്ലെന്നും തിരിച്ചറിയല്‍ രേഖ അടക്കം വ്യാജമായി നിര്‍മിച്ചതാണെന്നും പാര്‍ട്ടി അന്വേഷണത്തില്‍ തെളിഞ്ഞ സാഹചര്യത്തിലുമാണു മൂന്ന് മാസം മുന്‍പ് പാര്‍ട്ടി അംഗത്വത്തില്‍ നിന്നു ഷജിത്തിനെ പുറത്താക്കിയതെന്നും സിപിഎം നേതൃത്വം വ്യക്തമാക്കിയ. അതേസമയം ഷിജിത്തിനെ കാണാനില്ലെന്ന് കാട്ടി ഭാര്യ ശാന്തിനി നെടുമുടി പൊലീസില്‍ പരാതി നല്‍കി. പരാതിയില്‍ കേസ് എടുത്തതായി നെടുമുടി പൊലീസ് പറഞ്ഞു.

webdesk13: