X

താന്‍ ആരുടെയും തന്തയ്ക്ക് വിളിച്ചതല്ല; മലക്കം മറിഞ്ഞ് സുരേഷ് ഗോപി

ഒറ്റ തന്ത പരാമര്‍ശത്തില്‍ വിശദീകരണവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. താന്‍ ആരുടെയും അപ്പന് വിളിച്ചിട്ടില്ലെന്നും വിളിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നുമായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം.

നേരത്തെ നടത്തിയ ഒറ്റ തന്ത പരാമര്‍ശം സിനിമ ഡയലോഗ് ആയിരുന്നുവെന്നും സിനിമ ഡയലോഗായി കണ്ടാല്‍ മതിയെന്ന് പരാമര്‍ശം നടത്തുമ്പോള്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

തന്റെ ഹൃദയത്തില്‍ നിന്നുവന്ന വാക്കുകളെ ഒരാളെ വ്യക്തിപരമാക്കുന്ന വിധത്തിലാണ് മാധ്യമങ്ങള്‍ നല്‍കിയതെന്നും സുരേഷ് ഗോപി പറഞ്ഞു.

തൃശൂര്‍ പൂരത്തെ സംബന്ധിച്ച കേസ് സി.ബി.ഐക്ക് വിടട്ടെയെന്നും കരുവന്നൂരില്‍ നടന്ന തട്ടിപ്പിനെ മറക്കാനാണ് ബി.ജെ.പിയുടെ വിജയത്തെ തൃശൂര്‍ പൂരവുമായ ബന്ധപ്പെടുത്തി പറയുന്നതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

കരുവന്നൂരിലുണ്ടായ വിഷയത്തെ തുടര്‍ന്നാണ് തൃശൂരിലെ ജനങ്ങള്‍ തനിക്ക് വോട്ട് ചെയ്തതെന്നും അത് മറക്കാനാണ് തൃശൂര്‍ പൂരത്തെ കരുവാക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

ഇന്നലെ ചേലക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷനില്‍ സംസാരിക്കുമ്പോഴാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഒറ്റതന്ത പരാമര്‍ശം നടത്തിയത്. തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട ആരോപണങ്ങളോടായിരുന്നു സുരേഷ് ഗോപി പ്രതികരിച്ചത്.
തൃശ്ശൂര്‍ പൂരവുമായി സംബന്ധിച്ച് യാഥാര്‍ഥ്യം അന്വേഷിക്കുന്നതിന്, ഒറ്റതന്തയുള്ള ആരെങ്കിലുമുണ്ടെങ്കില്‍ കേസ് സി.ബി.ഐ അന്വേഷണത്തിന് വിടണമെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

webdesk13: