Connect with us

News

ഹയ ഖത്തര്‍:സര്‍വ്വം ഹയ

അതെ, ഖത്തര്‍ ആകെ മാറിയിരിക്കുന്നു. അതിവേഗം അവര്‍ സഞ്ചരിക്കുന്നു. വിശാല വീക്ഷണവും ഉയര്‍ന്ന സാംസ്‌കാരികതയും സമ്പന്നമായ സാഹചര്യങ്ങളുമാണ് രാജ്യത്തിന്റെ അതിവേഗ ഗമനത്തിന് കാരണം.

Published

on

ഖത്തറില്‍ നിന്ന് കമാല്‍ വരദൂര്‍

ഹയ എന്ന അറബി വാക്കിനര്‍ത്ഥം ജീവിതം, വിശ്വാസം, സൗഹൃദം, സ്‌നേഹം എന്നിങ്ങനെ. ഹയാത്ത് അഥവാ ജിവിതം എന്ന പദം ലോപിച്ചാണ് ഹയ ആയിരിക്കുന്നത്. പദത്തിന്റെ അര്‍ത്ഥം സാഹചര്യം പോലെ വിവക്ഷിക്കാം. ഈ രണ്ടക്ഷര അറേബ്യന്‍ പദമറിയാത്തവരായി ഇന്ന് ലോകത്താരുമില്ല. ഖത്തറിലെത്തണമെങ്കില്‍ ഹയ വേണം. ഇവിടെ സഞ്ചരിക്കണമെങ്കില്‍ ഹയ വേണം. വിമാനത്താവളത്തിനകത്തും പുറത്തുമെല്ലാം ഹയ തന്നെ. ഹയ കാര്‍ഡുള്ളവര്‍ക്ക് ലോകത്തെ എല്ലാ വിമാനത്താവളങ്ങളിലും ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരായ ഖത്തര്‍ എയര്‍വേയ്‌സിന്റെ പ്രത്യേക കൗണ്ടര്‍.

അവിടെ കാര്യമായ ക്യൂ വേണ്ട. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ എമിഗ്രേഷനായി അതിവിശാല ക്യു ഇല്ല. പാസ്‌പോര്‍ട്ട് സ്‌കാന്‍ ചെയ്യുന്നു. അതില്‍ ഹയ തെളിയുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് പുറത്ത് കടക്കാം. വിമാനത്താവളത്തില്‍ ഹയക്കൊപ്പം സൗജന്യ സിം കാര്‍ഡ്മൂന്ന് ദിവസം സമ്പൂര്‍ണ സൗജന്യമായി ആരെയും വിളിക്കാം. ഇന്റര്‍നെറ്റ് സംവിധാനങ്ങളെ പ്രയോജനപ്പെടുത്താം. വിമാനത്താവളത്തിന് പുറത്തിറങ്ങിയാലും കേള്‍ക്കാനാവുന്നത് ഇത് തന്നെ. ഇത്തരമൊരു പൊതു തിരിച്ചറിയല്‍ സംവിധാനം ഇതാദ്യമായാണ് ലോകകപ്പ് സംഘാടക രാജ്യത്ത് കാണുന്നത്. ഇതിന് പിറകില്‍ മുഖ്യ സംഘാടകരായ സുപ്രീം കമ്മിറ്റി കാണുന്നത് ഒന്ന് മാത്രം ഏകീകരണം. കൃത്യമായ സാങ്കേതിക സംവിധാനത്തിലാണ് എല്ലാം സജ്ജീകരിച്ചിരിക്കുന്നത്. പതിവ് പോലെ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍. വിശാലമായ വോളണ്ടിയര്‍ സംവിധാനം. ലോകത്തെ ഏറ്റവും മനോഹരമായ രാജ്യാന്തര വിമാനത്താവളമാണ് ഹമദ്. ആദ്യ കാഴ്ച്ചയില്‍ ഒരു സ്വപ്‌നഭൂമി.

പക്ഷേ തടസങ്ങളില്ലാതെ ലക്ഷ്യത്തിലെത്താനുള്ള മാനുഷിക സംവിധാനങ്ങള്‍. ഫോട്ടോ സ്‌പോട്ടായി ലോകകപ്പ് ഭാഗ്യ ചിഹ്നനങ്ങളുടെ കൂറ്റന്‍ റപ്ലിക്കകള്‍. അടിമുടി മാറിയിരിക്കുന്നു ലോകകപ്പിനായി ഖത്തറും ദോഹയും. മുമ്പ് ഇവിടം സന്ദര്‍ശിച്ചവര്‍ക്ക് കാലിക മാറ്റങ്ങള്‍ പെട്ടെന്ന് ഉള്‍ക്കൊള്ളാനാവില്ല. സുന്ദരമായ പാതകള്‍, ഇരുവശവും ലോകത്തെ സ്വാഗതം ചെയ്തുള്ള ഇലക്‌ട്രോണിക് ബോര്‍ഡുകള്‍.
ഹമദില്‍ നിന്നും ദോഹ നഗരത്തിലേക്ക് വരുമ്പോള്‍ തലയെടുപ്പോടെ സ്‌റ്റേഡിയം 974. കോര്‍ണിഷ് എന്ന ദോഹയുടെ സുന്ദരമുഖത്ത് ഫല്‍ഗ് പ്ലാസയും ഫാന്‍ ബേസുമെല്ലാം.. പ്രഭാത, പ്രദോഷ സവാരിക്കായി എല്ലാവരും ആശ്രയിച്ച ശാന്ത സുന്ദര കടല്‍ തീരത്തേക്ക് പക്ഷേ വാഹന സൗകര്യം താല്‍കാലികമായി ഇല്ല. പൂര്‍ണമായും കാല്‍നട യാത്ര. എട്ട് വേദികളില്‍ അല്‍കോര്‍ സ്‌റ്റേഡിയത്തിലേക്ക് മാത്രം മെട്രോ സംവിധാനമില്ല. ബാക്കിയെല്ലായിടത്തുമെത്താന്‍ വേണ്ടത് ഹയ കാര്‍ഡ് മാത്രം. ഹയ മെട്രോ സ്‌റ്റേഷന്‍ കവാടത്തില്‍ സ്‌കാന്‍ ചെയ്താല്‍ അതിവേഗ നഗര വാഹനത്തില്‍ ഓടിക്കയറാം. ഫൈനല്‍ മല്‍സര വേദിയായ ലുസൈല്‍ ഉള്‍പ്പെടെ പ്രധാന കളി വേദികളിലെത്താം.

16 വര്‍ഷം മുമ്പ് ദോഹ ഏഷ്യന്‍ ഗെയിംസിനായി (2006) വന്നപ്പോഴുള്ള ദോഹയാണ് പെട്ടെന്ന് മനസില്‍ വന്നത്. അന്ന് ഏഷ്യന്‍ ഗെയിംസ് അതിഥികള്‍ക്കായി പ്രത്യേക ടെര്‍മിനലായിരുന്നു. കൊച്ചു നഗരം മുഴുവന്‍ ഗെയിംസ് ഭാഗ്യ ചിഹ്നന്മായ ഒറിയായിരുന്നു. ഒറി എന്ന കൊച്ചു മൃഗമായിരുന്നു രാജ്യം മുഴുവന്‍. ഖലീഫ സ്‌റ്റേഡിയത്തിലായിരുന്നു അന്ന് ഉദ്ഘാടനം. ചന്നം പിന്നം പെയ്ത മഴയിലും ആ ഉദ്ഘാടനം വിസ്മയ ചടങ്ങ് ഇപ്പോഴും ലോകം ഓര്‍ത്തിരിക്കുന്നു. രാജകുമാരന്‍ കുതിരപ്പുറത്ത് ഓടിക്കയറിയ രംഗം. ശ്വാസമടക്കിപ്പിടിച്ച് അമീര്‍ ഹമദ് ബിന്‍ കലീഫ അല്‍ത്താനിയും ലോകവും. കുത്തനെ ഗ്യാലറിയിലേക്ക് ഓടിക്കയറവെ കുതിരയൊന്ന് നിന്നപ്പോള്‍ ലോകം നിശ്ചലമായി. നിശബ്ദമായ ആ മുഹൂര്‍ത്തത്തെ ധൈര്യത്തോടെയാണ് ഇന്നും ഖത്തര്‍ കാണുന്നത്. അതാണ് കൊച്ചു രാജ്യത്തിന്റെ കായിക പാരമ്പര്യം. സ്വന്തം മകനെ അശ്വാരൂഢനാക്കിയ പിതാവ്. ഹമദ് ബിന്‍ ഖലീഫാ അല്‍ത്താനിയുടെ മകനായ ഷെയ്ക്ക് തമീമാണ് ഇന്നത്തെ ഭരണാധികാരി. 2006 ല്‍ നിന്നും അതിവേഗം രാജ്യത്തെ ലോകത്തെ വിസ്മയ ഖനിയാക്കിയ യുവ ഭരണാധികാരി. ഖലീഫ സ്‌റ്റേഡിയത്തിന് പുറമെ ഇന്ന് ഏഴ് പുതുപുത്തന്‍ കളി വേദികള്‍. എല്ലാം വിസ്മയ പര്‍വങ്ങള്‍. അല്‍ കോറിലെ അറേബ്യന്‍ പായ്ക്കപ്പല്‍ സ്‌റ്റേഡിയം ഖത്തറിന്റെ സാംസ്‌കാരികതക്കുള്ള തെളിവാണ്. 2006 ല്‍ കണ്ട ഒറിക്ക് പകരം ഇന്ന് കാണുന്നത് ലോകകപ്പിന്റെ ഭാഗ്യ ചിഹ്നമായ ലായിബിനെ. അത്യപൂര്‍വ ഗുണഗണങ്ങളുള്ള കളിക്കാരന്‍ എന്നതാണ് ലായിബ്.

അതെ, ഖത്തര്‍ ആകെ മാറിയിരിക്കുന്നു. അതിവേഗം അവര്‍ സഞ്ചരിക്കുന്നു. വിശാല വീക്ഷണവും ഉയര്‍ന്ന സാംസ്‌കാരികതയും സമ്പന്നമായ സാഹചര്യങ്ങളുമാണ് രാജ്യത്തിന്റെ അതിവേഗ ഗമനത്തിന് കാരണമെന്ന് ഹമദില്‍ സ്വീകരിക്കാനെത്തിയ ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനിലെ അബ്ദുള്‍ അസീസ് എടച്ചേരിയും ചന്ദ്രിക ദോഹ ബ്യൂറോ ചീഫ് അഷ്‌റഫ് തുണേരിയും കെ.എം. സി.സി നേതാക്കളായ നിഅമത്തുല്ല കോട്ടക്കലും കോയ കൊണ്ടോട്ടിയും സഹദ് പുറമേരിയും ഫോട്ടോഗ്രാഫര്‍ റുബിനാസ് കോട്ടേടത്തും സാക്ഷ്യപ്പെടുത്തുമ്പോള്‍ ഒന്നുറപ്പാണ് ഈ ലോകകപ്പ് ലോക കായിക ഭൂപടത്തില്‍ ഖത്തറിനെ അടയാളപ്പെടുത്തലാവും.

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം: എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്

Published

on

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി. എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്.

നാളെ ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ ശക്തമായ മഴയുണ്ടാകും. നാളെ കോഴിക്കോട്, വയനാട് ,കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

മഴയ്‌ക്കൊപ്പം രാത്രി നേരങ്ങളില്‍ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. ദുരന്തനിവാരണ വകുപ്പ് നല്‍കുന്ന ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കാം:

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

  • ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
  • അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.
  • ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.
  • മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
  • കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.
  • ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
  • ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാന്‍ പാടില്ല. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികള്‍ നിര്‍ത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിര്‍ത്തി വയ്ക്കണം.
  • പട്ടം പറത്തുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
  • വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങള്‍ക്ക് ഇടിമിന്നലേല്‍ക്കാന്‍ കാരണമായേക്കാം.
  • അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാന്‍ സാധിക്കാത്ത വിധത്തില്‍ തുറസായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല, കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
  • ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കാം.
  • മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാല്‍ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്. മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്‍ഡ് ജീവന്‍ രക്ഷിക്കാനുള്ള സുവര്‍ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യ സഹായം എത്തിക്കുക.
Continue Reading

kerala

‘വേടന്‍ എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര്‍ മധു

Published

on

കോഴിക്കോട്: വേടൻ എന്ന പേര് തന്നെ വ്യാജമാണെന്നും അവൻ്റെ പിന്നിൽ ജിഹാദികളാണെന്നും ആർഎസ്എസ് മുഖമാസികയായ കേസരിയുടെ മുഖ്യപത്രാധിപർ എന്‍.ആര്‍ മധു. അദ്ദേഹത്തിന്റെ പാട്ടുകള്‍ തന്നെയാണ് ഇതിനൊക്കെ തെളിവെന്നും വേടന്റെ പാട്ടുകൾ പരിശോധിച്ചാൽ അയാളൊരിക്കലും ഇവിടുത്തെ ദളിത്-പിന്നോക്കക്കാരന്റെ വക്താവ് അല്ലെന്നും എന്‍.ആര്‍ മധു ആരോപിക്കുന്നു. ജനം ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

”കേരളത്തിൽ ഹിന്ദുവായി ജീവിക്കുന്നത് എത്രത്തോളം അപകടമാണെന്ന് തെളിയിക്കുന്നതാണ് വേടനെതിരായ പരാമർശത്തിലെ തനിക്കെതിരായ കേസ്. വേടനെന്ന പേര് തന്നെ വ്യാജമാണ്. വേടൻ സമുദായം മഹത്തായ പാരമ്പര്യമുള്ളവരാണ്. അയാൾ വേടൻ സമുദായത്തിൽപെട്ടയാളല്ല. വേടനെന്ന പേര് ഇവിടെ ദുരുപയോഗം ചെയ്യുകയാണ്. മയക്കുമുരുന്ന് ഉപയോഗിക്കുന്ന അച്ചടക്കമില്ലാത്ത വ്യക്തി വേടൻ എന്ന ഗോത്രസമൂഹത്തെ അപമാനിക്കുകയാണ്. ഇത്തരം ആളുകളെ ഭരണകൂടം തന്നെയാണ് പ്രോത്സാഹിപ്പിക്കുന്നത്.

വേടനെന്ന കലാകാരന് ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ ഈ ആവിഷ്‌കാര സ്വാതന്ത്ര്യം ഈ നാടിന്റെ സംസ്‌കാരത്തിനും ദേശീയ സുരക്ഷിതത്വത്തിനും അനുഗുണമാകണം. വേടന്റെ പാട്ടുകൾ പരിശോധിച്ചാൽ അയാളൊരിക്കലും ഇവിടുത്തെ ദളിത്-പിന്നോക്കക്കാരന്റെ വക്താവ് അല്ല.

ലോകത്തുള്ള അടിച്ചമർത്തപ്പെട്ടവരുടെ പാട്ടുകളൊക്കെ വേടൻ പാടുന്നുണ്ട്. ‘സിറിയ നിൻ മാറിലെ മുറിവ്, കൊറിയ നിൻ മീതെ കഴുകന്മാർ, ലങ്കയിൽ ദാഹം മാറാത്ത പുലികൾ അലയുന്നു’- ഇങ്ങനെയൊക്കെയാണ് വരികൾ. വേടന്റെ ഒർജിൻ ശ്രീലങ്കൻ വനിതയാണ്. വേടന്‍ പാടുന്ന ഈ പുലികൾ എൽടിടിഇക്കാരാണ്. അവരെ മഹത്വവ്തകരിക്കുകയാണ്. അവരുടെ ദാഹം മാറിയിട്ടില്ല എന്ന് പറഞ്ഞാൽ പരോക്ഷമായി ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കലാണ്. ആളു കൂടുന്നു എന്നത് കൊണ്ട് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല.

മറ്റൊന്ന് സോമാലിയൻ ബാല്യങ്ങൾ കുടിനീര് തേടി അലയുന്ന് എന്നാണ്. എന്തിന് സോമാലിയ വരെ പോകണം. ദളിതന്റെയും പിന്നോക്കക്കാരന്റെയും ദുര്യോഗം അറിയണമെങ്കിൽ വയനാട്ടിലേക്ക് പോയാൽ മതി. അവർക്ക് കുടനീരില്ല. അതൊന്നും പാടുന്നില്ല.വേടന്റെ പട്ടിക്കിട്ടിരിക്കുന്ന പേര് ബുദ്ധൻ എന്നാണ്. നമ്മുടെ നാട്ടിലെ ചിലർക്ക് പട്ടി ഹറാമാണ്. ആ പട്ടിക്ക് ബുദ്ധന്റെ പേര് ഇടുന്നതിലൂടെ ഈ ഹറാം വാദികളുടെ പ്രീതി പിടിച്ചുപറ്റാനാണ് വേടൻ ശ്രമിക്കുന്നത്

ദളിത് പശ്ചാത്തലം ഉപയോഗിച്ചുകൊണ്ട് വേടൻ നടത്തുന്ന പരിശ്രമങ്ങൾ ഹിന്ദു സമൂഹത്തിലുണ്ടാകുന്ന ജാതി അതീതമായ ഐക്യത്തെ അട്ടിമറിക്കാനാണ്. ഇവിടെ ബോധപൂർവമായ മുസ്‌ലിം-ദളിത് ഐക്യവാദം ഉയർത്തുന്നുണ്ട്. ഇത് രാജ്യത്തെ ശിഥിലീകരിക്കാൻ വേണ്ടി രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പിന്നോക്ക വിഭാഗങ്ങളെ മുസ്‌ലിം വിഭാഗങ്ങളിലേക്ക് ചേർക്കാനാണ്. അതിന്റെ വക്താവാണ് വേടൻ എന്ന് സംശയിക്കുന്നു.

വേടൻ എന്ന കലാകാരൻ ഉയർത്തുന്ന സാഹിത്യവും അയാളുടെ ശരീരഭാഷ മുഴുവനും ഇവിടുത്തെ ദളിതർക്ക് വേണ്ടിയല്ല. ആരുടേയൊ കയ്യിലെ ചട്ടുകമാണ്. അത് ജിഹാദികളാണ്”- ഇങ്ങനെ പോകുന്നു എന്‍.ആര്‍ മധുവിന്റെ ആരോപണങ്ങള്‍.

 

Continue Reading

kerala

കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്‌നിശമന സേനയും സ്ഥലത്തെത്തി

Published

on

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ്‍സ്റ്റാൻഡിൽ (മൊഫ്യൂസൽ ബസ്‍സ്റ്റാൻഡ്) വൈകീട്ട് തുടങ്ങിയ വൻ തീപിടിത്തം ഇപ്പോഴും തുടരുന്നു. വൈകീട്ട് അഞ്ച് മണിയോടെയാണ് തീപടർന്നത്. രണ്ടു മണിക്കൂർ പിന്നിട്ടിട്ടും തീ നിയന്ത്രണ വിധേയമായിട്ടില്ല. ജില്ലയിലെ വിവിധ ഫയർസ്റ്റേഷനുകളിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും നിരവധി യൂണിറ്റ് ഫയർഫോഴ്സ് സംഘങ്ങൾ നിലവിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.

പുതിയ ബസ്‍സ്റ്റാൻഡ് കെട്ടിടത്തിലെ ബുക്സ്റ്റാളിനോട് ചേർന്ന ഭാഗത്തുനിന്നാണ് ആദ്യം തീ ഉയർന്നത്. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന തുണിക്കടയിലേക്കും അടുത്തുള്ള മറ്റു കടകളിലും തീ വ്യാപിച്ചു. കൂടുതൽ കടകളിലേക്ക് തീ ആളിപ്പടരാതിരിക്കാൻ അഗ്നിരക്ഷാ സേന കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലപ്രദമായില്ല.

സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസുകൾ മുഴുവൻ മാറ്റി. ആളുകളെ ഒഴിപ്പിച്ചു. ബസ്‍സ്റ്റാൻഡ് ബിൽഡിങ്ങിൽ പ്രവൃത്തിച്ചിരുന്ന കടകൾ പൂട്ടിച്ചു. ആർക്കും ആളപായമില്ലെന്നാണ് സൂചന. രക്ഷാപ്രവർത്തനത്തിനായി റോഡുകൾ അടച്ചതോടെ നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ എല്ലാ കടകളിലും വൈദ്യതി ബന്ധം വിച്ഛേദിച്ചു.

 

Continue Reading

Trending