കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സിദ്ധാന്തങ്ങള്‍ സ്വീകരിക്കുകയോ അവയെ പിന്താങ്ങാനും പ്രചരിപ്പിക്കാനും ഏതെങ്കിലും വിധത്തില്‍ പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന കത്തോലിക്കന്‍, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അംഗത്വമുള്ളവനായാലും അല്ലെങ്കിലും ശരി കത്തോലിക്കാ വിശ്വാസം പരിത്യജിച്ചവനായി പരിഗണിക്കപ്പെടും. മഹറോന്‍ ശിക്ഷയില്‍ ഉള്‍പ്പെടുകയും ചെയ്യും
തിരുസിംഹാസനം സര്‍ക്കുലര്‍, 1949 ജൂണ്‍ 1.
ലൗ ജിഹാദ്; സി.പി.എം സ്ഥാപക നേതാവ് വി.എസ് അച്യുതാനന്ദന്‍ ഇന്ത്യന്‍ വിദ്വേഷ രാഷട്രീയത്തിന് നല്‍കിയ ഇരുതല മൂര്‍ച്ചയുള്ള ആയുധം. കോടഞ്ചേരിയില്‍ ഡി.വൈ.എഫ്.ഐ ബ്ലോക്ക് നേതാവ് ഷെജിനും ജോയ്‌സ്‌നയും തമ്മിലുള്ള വിവാഹത്തെ ലൗജിഹാദിന്റെ ഗണത്തിലേക്ക് തള്ളി മുന്‍ എം.എല്‍.എയും സി.പി. എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ജോര്‍ജ് എം തോമസ് രംഗത്തുവന്നതോടെയാണ് വീണ്ടും ‘ലൗ’ ഒരു ഭീകരപദമായി അലോസരമുണ്ടാക്കിയത്.
യോഗി യു.പി തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ച് ഫലം കൊയ്തതിനെതുടര്‍ന്ന് സി.പി.എം ഉത്പന്നം രാജ്യവ്യാപകമാക്കാന്‍ സംഘ്പരിവാര്‍ തീരുമാനിക്കുന്നു. ‘ലൗ ജിഹാദ്’ വഴി ദക്ഷിണ കര്‍ണാടകയിലെ 3000 ഹിന്ദു പെണ്‍കുട്ടികളും കര്‍ണാടകയിലുടനീളമായി 30,000 പെണ്‍കുട്ടികളും തിരോധാനം ചെയ്യപ്പെട്ടുവെന്ന് ഹിന്ദു ജനജാഗ്രതി സമിതി ആരോപിച്ചിരുന്നു. ഇതേതുടര്‍ന്ന് ദക്ഷിണ കര്‍ണാടക പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ 2009 സെപ്തംബര്‍ അവസാനം വരെ 404 പെണ്‍കുട്ടികളെ മാത്രമാണ് കാണാതായതായതെന്നും ഇതില്‍ 332 പേരെ കണ്ടെത്തിയതായും വിശദീകരിക്കപ്പെട്ടു. അവശേഷിക്കുന്ന 57 പേരില്‍ വിവിധ മതക്കാര്‍ ഉള്‍പ്പെടുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ലൗ ജിഹാദ് പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് അന്വേഷിക്കുന്നതിന് കേരള ഹൈക്കോടതി സംസ്ഥാന ഡി.ജി.പിയോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേരള ഡി.ജി. പി ജേക്കബ് പുന്നൂസും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍, സംസ്ഥാനത്തോ രാജ്യത്ത് മറ്റെവിടെയെങ്കിലുമോ ലൗ ജിഹാദ് പ്രവര്‍ത്തിക്കുന്നില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
പാര്‍ലമെന്റില്‍ മോദി സര്‍ക്കാറും ഇതു ശരിവെച്ചു. ലൗ ജിഹാദ് നിര്‍വചിക്കപ്പെടുകയോ ഏതെങ്കിലും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇതുവരെ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് ബെന്നി ബെഹനാന്‍ എം.പിയുടെ ചോദ്യത്തിനു മോദി സര്‍ക്കാറിലെ കേന്ദ്ര മന്ത്രി കിഷന്‍ റെഡ്ഡി 2020 ഫെബ്രുവരി നാലിന് പാര്‍ലമെന്റില്‍ നല്‍കിയ മറുപടി. സുപ്രീംകോടതി പോലും തള്ളിക്കളഞ്ഞ ലൗ ജിഹാദ് സി.പി.എമ്മിന്റെ പ്രധാന ക്യാപ്‌സൂളാവുന്നതില്‍ അല്‍ഭുതമില്ല. കമ്യൂണിസ്റ്റ് ബുദ്ധിയില്‍ ഉദിച്ച സംഘ്പരിവാര്‍ പാലൂട്ടിയ ലൗ ജിഹാദ് കേരളത്തില്‍ സി.പി.എം രേഖ ഉദ്ധരിച്ചാണ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്നാണ് വിഷയത്തിന്റെ മര്‍മം.
‘Educated women in the professional colleges and institutions are being attaracted these thing-s…. Love jihad or what so ever…’ എന്നു പറയുമ്പോള്‍ ജോര്‍ജ്ജിനെ ഒറ്റതിരിഞ്ഞ് ഡി. വൈ.എഫ്.ഐ തള്ളിപ്പറഞ്ഞിട്ടെന്ത് കാര്യം. ഈ വിവാഹം മതസൗഹാര്‍ദ്ദത്തിന് ഏല്‍പ്പിക്കുന്ന പരിക്ക് വലുതാണ്. ആ കുട്ടി പതിനഞ്ച് ദിവസം മുമ്പ് വരെ ഗള്‍ഫിലായിരുന്നു. ഈ ദിവസങ്ങള്‍ക്കുള്ളില്‍ ഇത്രയും ഡീപ്പായ പ്രണയമുണ്ടാകുമോ. എനിക്കറിയില്ലട്ടോ. എന്ന് പറയുന്ന സി. പി.എം നേതാവിന്റെ രാഷ്ട്രീയ നിലവാരവും ഇതോടൊപ്പം കൂട്ടിവായിക്കണം.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ലൗ ജിഹാദ് നടത്തിയെന്ന് പറഞ്ഞ് ഒരു കൂട്ടം ‘വിശ്വാസികള്‍’ രാത്രിയില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയതും അതിനെ മുന്‍ എം.എല്‍.എ എരിതീയില്‍ എണ്ണയൊഴിച്ച് വര്‍ഗീയ വിഷം തുപ്പുന്നതും സി.പി.എം രഹസ്യമായി നടത്തുന്ന പ്രചാര വേലകളുടെ ബഹിസ്ഫുരണമാണ്. കഴിഞ്ഞ നിയമസഭാതിരഞ്ഞടുപ്പില്‍ പോലും കോടഞ്ചേരി ഉള്‍ക്കൊള്ളുന്ന തിരുവമ്പാടി അടക്കമുള്ള മണ്ഡലങ്ങളില്‍ സി. പി.എം നടത്തിയ വര്‍ഗീയ പ്രചാരണത്തിന്റെ സ്വാഭാവിക പരിണതിയാണ് മുസ്‌ലിം വിദ്വേഷം തലക്കുകയറി തെരുവിലിറങ്ങി പ്ലക്കാര്‍ഡേന്തിയവര്‍. കോഴിക്കോട് പോളിയിലെത്തി എസ്.എഫ്.ഐയിലൂടെ മതമില്ലാത്ത മനുഷ്യനായ, കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലേക്ക് സി.പി.എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബ്ലോക്ക് ഡിഫി നേതാവിനെ ഇരുട്ടി വെളുക്കുമ്പോഴേക്കും മത തീവ്രവാദിയയ ലൗ ജിഹാദി ആക്കുന്നത് ആ പാര്‍ട്ടി എത്തിയ ജീര്‍ണതയുടെ ആഴം വ്യക്തമാക്കുന്നുണ്ട്.
മതവിശ്വാസവും മതാചാരങ്ങളുമെല്ലാം പിന്തിരിപ്പനാണെന്ന് പ്രചരിപ്പിച്ച് മുസ്‌ലിം യുവതയിലേക്ക് ലിബറല്‍ ചിന്താഗതികള്‍ കുത്തിനിറക്കാന്‍ കമ്യൂണിസ്റ്റ് വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങള്‍ മത്സരിക്കുമ്പോള്‍ തന്നെ മറ്റു മതങ്ങളിലുള്ളവര്‍ക്ക് അതൊരു നിര്‍ബന്ധിത ഘടകമല്ലെന്നും പറയാതെ പറയുന്നു. മൃദു മുസ്‌ലിം വിരുദ്ധതയാണ് കേരളത്തിലെ സി.പി.എമ്മിന്റെ രാഷ്ട്രീയ മൂലധനം. കുഞ്ഞൂഞ്ഞ്, കുഞ്ഞുമാണി, കുഞ്ഞാലിക്കുട്ടി എന്നു പറഞ്ഞു തുടങ്ങിയ സി.പി.എം കുഞ്ഞാലിക്കുട്ടി, ഹസ്സന്‍, അമീര്‍ എന്നു തിരഞ്ഞെടുപ്പ് സ്ട്രാറ്റജി ഉണ്ടാക്കിയിട്ടും ഒരു വിഭാഗം മുസ്‌ലിംകളെ കൂടെനിര്‍ത്താന്‍ അവര്‍ക്കായി. ആ ബലത്തിലാണ് കൂടുതല്‍ അക്രമോത്സുകമായി അവര്‍ മുസ്്‌ലിം അപര വല്‍കരണത്തിന് തുടക്കമിട്ടത്. മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രചാരകരനായ എ. വിജയരാഘവനെ പി.ബി അംഗമാക്കി ഉയര്‍ത്തി സി.പി.എം പ്രഖ്യാപിച്ചതും മറ്റൊന്നല്ല.
ന്യൂനപക്ഷ സംവരണ അട്ടിമറി മുതല്‍ വഖഫ് ബോര്‍ഡ് അധികാരം കവരല്‍ വരെ അതു നീളുന്നു. മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാക്കുന്നതു മുതല്‍ സി.എ. എ സമര പോരാളികള്‍ക്കെതിരായ കേസുകള്‍ തുടരുന്നത് വരെ അതു പ്രകടമാണ്. ഷൂ നക്കരുത് എന്നെഴുതി വെച്ചതിന് കേസെടുത്ത് സംഘ്പരിവാറിനെ സുഖിപ്പിക്കുന്നതും നാര്‍കോട്ടിക് ജിഹാദ് ആരോപിക്കുന്ന ബിഷപ്പിനെ അരമനയില്‍ പോയി ആദരിക്കുന്നതും പിണറായി സര്‍ക്കാറിന്റെ സി.പി.എം മുഖമാണ്. പലപ്പോഴും അതു സംഘ്പരിവാറില്‍ ചാര്‍ത്തി രക്ഷപ്പെടുകയാണ് ചെയ്യുന്നത്. കേരളത്തില്‍ നിന്ന് രാജ്യത്തെ കേന്ദ്ര യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ പോകുന്ന കുട്ടികളെ തീവ്രവാദ പ്രവര്‍ത്തനത്തിന് അയക്കുന്നു എന്ന് കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം.പിക്ക് പറയേണ്ടിവരുന്നതും സി.പി.എം ആണ്ടു പോകുന്ന ഇസ്‌ലാമോഫോബിയയുടെ കയത്തില്‍ ഒരു കച്ചിത്തുരുമ്പിന് വേണ്ടിയാണ്.
സ്വതന്ത്ര ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന, മതത്തിനും ജാതിക്കും ലിംഗത്തിനും പോലും അതീതമായ പ്രണയത്തെ ഉയര്‍ത്തിക്കാട്ടുന്ന എസ്.എഫ്.ഐ കാമ്പസുകളെ വരിഞ്ഞുമുറുക്കുന്ന കാലമാണിത്. കുടുംബത്തിന്റെയോ അവരുടെ സമുദായത്തിന്റെയോ വൈകാരികതയോ കരുതലോ പരിഗണിക്കാതെ മിശ്ര വിവാഹ ആഘോഷങ്ങള്‍ നടത്തുന്ന സി.പി.എമ്മിനെ മടിയിലിരുത്തി മനുഷ്യനാവണമെന്ന് മുരുകന്‍ കട്ടാക്കട നായര്‍ പാടുന്നുണ്ട്. തിരുവമ്പാടി എം.എല്‍.എ ലിന്റോ ജോസഫ് മാസങ്ങള്‍ക്ക്മുമ്പ് ഹിന്ദു യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതിനെ ആഘോഷമാക്കിയ സി.പി.എമ്മിനെ, ഷെജിന്‍-ജോയ്‌സ്‌ന വിവാഹം ഉറക്കം കെടുത്തുന്നുവെങ്കില്‍ അതു കാലത്തിന്റെ കാവ്യ നീതി. ചുവപ്പില്‍ പൊതിഞ്ഞ അവസരവാദ വര്‍ഗീയതയെ ജനം ചവറ്റുകൊട്ടയിലെറിയും.