Connect with us

kerala

മലപ്പുറം നഗരസഭാ ഓഫീസില്‍ മുസ്‌ലിംലീഗ് അല്ലാഹു അക്ബര്‍ എന്ന വചനം തൂക്കിയാല്‍ എങ്ങനെയുണ്ടാകും? ജയ് ശ്രീറാം പോസ്റ്ററില്‍ ഹരീഷ് വാസുദേവന്‍

തെരഞ്ഞെടുപ്പ് ജയിച്ചശേഷം ലീഗ് പ്രവര്‍ത്തകര്‍ മലപ്പുറം നഗരസഭ ഓഫീസ് കെട്ടിടത്തിന് മുകളില്‍ കയറി പച്ച നിറമുള്ള വലിയ ബാനറില്‍ ‘അള്ളാഹു അക്ബര്‍’ എന്നെഴുതി തൂക്കി മുദ്രാവാക്യം വിളിച്ചിരുന്നെങ്കില്‍ ആ വിഷ്വല്‍ കേരളത്തിലുണ്ടാക്കാന്‍ പോകുന്ന പുകില്‍ എന്തായിരിക്കും??

Published

on

തിരുവനന്തപുരം: പാലക്കാട് നഗരസഭയിലെ ബിജെപി ജയത്തിന് പിന്നാലെ സര്‍ക്കാര്‍ ഓഫീസില്‍ ജയ് ശ്രീറാം ബാനര്‍ തൂക്കിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. മലയാളിയുടെ സോഫ്റ്റ് ഹിന്ദുത്വത്വയുടെ ഉദാഹരണമാണ് സംഭവമെന്ന് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

മലപ്പുറം നഗരസഭ മുസ്ലിം ലീഗിന് ഭൂരിപക്ഷമുള്ള യുഡിഎഫ് ഭരിക്കാന്‍ തുടങ്ങിയിട്ട് എത്രയോ കാലമായി. പേരില്‍ മുസ്ലിം ഉണ്ടെങ്കിലും ലീഗിന് വര്‍ഗ്ഗീയതയുണ്ടെന്ന് എതിരാളികള്‍ പോലും പറയുമെന്നു തോന്നുന്നില്ല. അവര്‍ ഒരുകാലത്തും മതരാഷ്ട്രവാദം എവിടെയും ഉയര്‍ത്തിയിട്ടില്ല.

ഈ തെരഞ്ഞെടുപ്പ് ജയിച്ചശേഷം ലീഗ് പ്രവര്‍ത്തകര്‍ മലപ്പുറം നഗരസഭ ഓഫീസ് കെട്ടിടത്തിന് മുകളില്‍ കയറി പച്ച നിറമുള്ള വലിയ ബാനറില്‍ ‘അള്ളാഹു അക്ബര്‍’ എന്നെഴുതി തൂക്കി മുദ്രാവാക്യം വിളിച്ചിരുന്നെങ്കില്‍ ആ വിഷ്വല്‍ കേരളത്തിലുണ്ടാക്കാന്‍ പോകുന്ന പുകില്‍ എന്തായിരിക്കും?? ഒന്നോര്‍ത്തു നോക്കൂ- അദ്ദേഹം കുറിച്ചു.

പാലക്കാട് സംഭവത്തെ ബിജെപി തള്ളിപ്പറയുന്നത് വരെ ബിജെപിയോട് ചര്‍ച്ചകളില്‍ സഹകരിക്കില്ലെന്ന് പറയാനുള്ള നിലപാട് എല്‍ഡിഎഫും യുഡിഎഫും എടുക്കണം. മതേതര കേരളം അത് ആവശ്യപ്പെടുന്നുണ്ട് എന്നും ഹരീഷ് എഴുതി.

കുറിപ്പിന്റെ പൂര്‍ണരൂപം

പാലക്കാട്ടെ ജയ് ശ്രീറാമും മലയാളിയുടെ സോഫ്റ്റ് ഹിന്ദുത്വയും.
മതേതരത്വം പറയുന്നവർ ഹിന്ദുവിരുദ്ധരാണ് എന്ന വിഷമാണ് കുറേക്കാലമായി BJP-RSS ടീം പ്രചരിപ്പിക്കുന്നത്. എന്നാൽ സത്യമെന്താണ്? മതേതര കേരളത്തിൽ പോലും ഒരു മുസ്‌ലീം വിരുദ്ധത / സോഫ്റ്റ് ഹിന്ദുത്വ ഉണ്ടാക്കാൻ സംഘപരിവാറിന് കഴിഞ്ഞിട്ടില്ലേ?
മലപ്പുറം നഗരസഭ മുസ്‌ലീം ലീഗിന് ഭൂരിപക്ഷമുള്ള UDF ഭരിക്കാൻ തുടങ്ങിയിട്ട് എത്രയോ കാലമായി. പേരിൽ മുസ്‌ലീം ഉണ്ടെങ്കിലും ലീഗിന് വർഗ്ഗീയതയുണ്ടെന്ന് എതിരാളികൾ പോലും പറയുമെന്നു തോന്നുന്നില്ല. അവർ ഒരുകാലത്തും മതരാഷ്ട്രവാദം എവിടെയും ഉയർത്തിയിട്ടില്ല.
ഈ തെരഞ്ഞെടുപ്പ് ജയിച്ചശേഷം ലീഗ് പ്രവർത്തകർ മലപ്പുറം നഗരസഭ ഓഫീസ് കെട്ടിടത്തിന് മുകളിൽ കയറി പച്ച നിറമുള്ള വലിയ ബാനറിൽ
“അള്ളാഹു അക്ബർ” (God is great)
എന്നെഴുതി തൂക്കി മുദ്രാവാക്യം വിളിച്ചിരുന്നെങ്കിൽ ആ വിഷ്വൽ കേരളത്തിലുണ്ടാക്കാൻ പോകുന്ന പുകിൽ എന്തായിരിക്കും?? ഒന്നോർത്തു നോക്കൂ.
കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞാലിക്കുട്ടിയെ വരവേൽക്കാൻ പോയ ലീഗ് പ്രവർത്തകർ ടെർമിനലിന്റെ മുകളിൽ അവരുടെ കൊടി കെട്ടിയതിനു ഇവിടെയുണ്ടായ പുകിൽ ചെറുതാണോ?? തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു അരനൂറ്റാണ്ടായി കൊണ്ടുനടക്കുന്ന കൊടി പോലും പാക്കിസ്ഥാൻ കൊടിയെന്ന മട്ടിൽ, രാജ്യദ്രോഹക്കുറ്റം നടന്നെന്ന മട്ടിലാണ് അന്ന് സംഘപരിവാർ സംഘടനകൾ അഴിഞ്ഞാടിയത്. അപ്പോൾ ഒരു മുനിസിപ്പാലിറ്റിയിൽ ‘അള്ളാഹു അക്ബർ’ എന്ന ദൈവവചനം തൂക്കിയാലോ !!
എത്ര വലിയ മത ധ്രുവീകരണമാകും അതുണ്ടാക്കുക? ഇത് വായിക്കുന്ന എന്റെ അമുസ്‌ലിം സഹോദരന്മാരിൽ എത്രയോ പേർ അതൊരു വർഗീയ, രാജ്യവിരുദ്ധ നീക്കമായി കണ്ട് പൊട്ടിത്തെറിക്കും? പോലീസ് ചിലപ്പോ കേസെടുക്കും. RSS നിരീക്ഷകരെ വെച്ചു ചാനലുകൾ ചർച്ചയുണ്ടാകും. ഇല്ലേ?
വിശ്വാസികളുടെ പാർട്ടി ജയിച്ചപ്പോൾ അവരുടെ ദൈവത്തിനു അവർ സ്തുതിപറഞ്ഞുവെന്നേ ഉള്ളൂ എന്നും അതിനെ കാണാവുന്നതാണ്. അല്ലാതെന്താണ്?
എന്നാൽ നമ്മൾ അങ്ങനെ കാണുമോ? ഇല്ല. മതേതരത്വം തകർന്നതായി നാം പ്രഖ്യാപിക്കും.
ഇസ്ലാമിക ഭീകരവാദമായി നാമത് കൊട്ടിഘോഷിക്കില്ലേ? പത്രങ്ങൾ എഡിറ്റോറിയൽ എഴുതില്ലേ?
പാലക്കാട് നഗരസഭ BJP ജയിച്ചപ്പോൾ “ജയ് ശ്രീറാം” എന്നുള്ള ബാനർ തൂക്കി. ശിവജിയുടെ ഫോട്ടോയും. ഇവിടെ എന്തെങ്കിലും വലിയ പുകിലുണ്ടായോ? പോലീസ് കേസെടുത്തോ?
വാസ്തവത്തിൽ അത് ഹിന്ദുക്കളുടെ മതവിശ്വാസവുമായി ബന്ധപ്പെട്ട പൊതുവാക്യം പോലുമല്ല, സംഘപരിവാറിന്റെ മുദ്രാവാക്യമാണ്. എന്നിട്ടും….
“ഓ അതിലിപ്പോ എന്താ” ന്ന് നിങ്ങൾക്ക് തോന്നിയോ?? എങ്കിൽ നിങ്ങളിൽ ഒരു സോഫ്റ്റ് ഹിന്ദുത്വ മതഭീകരവാദി വളരുന്നുണ്ട്. മതേതരത്വത്തിനു എതിരായ ഒരാൾ.
ഹിന്ദുത്വവർഗ്ഗീയത എന്നത് എത്ര ലൈറ്റായി നമ്മൾ ഓരോരുത്തരും കാണുന്നു, ഹിന്ദുത്വവർഗ്ഗീയതയോടുള്ള നമ്മുടെ വിവേചനം നമുക്ക് തന്നെ ബോധ്യപ്പെടാവുന്ന ഒരു സന്ദർഭമാണ്.
പറഞ്ഞെന്നേയുള്ളൂ.
സ്റ്റേറ്റ് അതിന്റെ അധികാര സ്ഥാപനങ്ങൾ വഴി ഒരു മതചിഹ്നവും പ്രകടിപ്പിക്കാൻ പാടില്ലാത്ത, മതരഹിതന്റെകൂടി സർക്കാറുള്ള ഒരു മതേതര രാഷ്ട്രമാണ് നമ്മുടേത്. അതിനെ തകർക്കുന്ന നാം ഒന്നും അനുവദിക്കരുത്. മതേതരത്വത്തെ വെല്ലുവിളിക്കുന്ന ഈ നീക്കം പരസ്യമായി തള്ളിപ്പറയാത്ത BJP യെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ത്യൻ ജനാധിപത്യത്തിൽ വെച്ചുകൊണ്ടിരിക്കരുത് എന്നു ഒരു പൗരനെന്ന നിലയിൽ ഞാൻ ആവശ്യപ്പെടുന്നു.
ഞാൻ ഹിന്ദുവാണ്, വിശ്വാസിയാണ്.
പക്ഷെ മതേതര സർക്കാരിനെ മതവൽക്കരിക്കാനുള്ള ശ്രമങ്ങളെ ഞാൻ സമ്മതിക്കില്ല. അതുകൊണ്ട് എനിക്ക് LDF ഉം UDF ഉം പോലെയല്ല BJP. അവർ എന്റെ വിശ്വാസങ്ങളെ രാഷ്ട്രീയത്തിന് ഉപയോഗിച്ച് അപമാനിക്കുകയാണ്. പാലക്കാട് സംഭവത്തെ തള്ളിപ്പറയാത്ത ഒരു BJP നേതാവിനെ കേരളത്തിലെ ചാനലുകൾ എങ്ങനെയാണ് ജനാധിപത്യ ചർച്ചകളിൽ പങ്കെടുപ്പിക്കുന്നത്?
പാലക്കാട് സംഭവത്തെ BJP തള്ളിപ്പറയുന്നത് വരെ BJP യോട് ചർച്ചകളിൽ സഹകരിക്കില്ലെന്ന് പറയാനുള്ള നിലപാട് LDF ഉം UDF ഉം എടുക്കണം. മതേതര കേരളം അത് ആവശ്യപ്പെടുന്നുണ്ട്.
അഡ്വ.ഹരീഷ് വാസുദേവൻ.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോട്ടയത്ത് വിദ്യാര്‍ഥിയെ കാണാതായതായി പരാതി

ഇന്നലെ വൈകീട്ട് മുതലാണ് വിദ്യാര്‍ഥിയെ കാണാതായത്.

Published

on

കോട്ടയം: വിദ്യാര്‍ഥിയെ കാണാതായതായി പരാതി. ഏറ്റുമാനൂര്‍ സ്വദേശി സുഹൈല്‍ നൗഷാദിനെ (19) യാണ് കാണാതായത്. സ്വകാര്യ കോളേജിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ്. കുടുംബത്തിന്റെ പരാതിയില്‍ ഏറ്റുമാനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ഇന്നലെ വൈകീട്ട് മുതലാണ് വിദ്യാര്‍ഥിയെ കാണാതായത്. വിദ്യാര്‍ഥിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 773 656 2986, 952 632 474, 0481 253 5517 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

 

Continue Reading

kerala

മിനിലോറി ഇടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു

ജംങ്ഷനിലേക്ക് അമിതവേഗത്തില്‍ എത്തിയ മിനിലോറി ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

Published

on

കൊല്ലം കരുനാഗപ്പള്ളിയില്‍ മിനിലോറി ഇടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു. ജംങ്ഷനിലേക്ക് അമിതവേഗത്തില്‍ എത്തിയ മിനിലോറി ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ജുമുഅ നമസ്‌കാരത്തിനായി പോയ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. കരുനാഗപ്പള്ളി ഐ.എച്ച്.ആര്‍.ഡി പോളിടെക്‌നിക് കോളജ് ഒന്നാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥി തേവലക്കര പാലക്കല്‍ കാട്ടയ്യത്ത് ഷിഹാബുദ്ദീന്‍-സജിത ദമ്പതികളുടെ മകന്‍ അല്‍ത്താഫ് (20) ആണ് മരിച്ചത്. സഹയാത്രികനായ സുഹൃത്തിനെ ഗുരുതര പരിക്കോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുലശേഖരപുരം സ്വദേശിയും സഹപാഠിയുമായ റിഹാന്‍ ആണ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലുള്ളത്.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ശനിയാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു. ഖബറടക്കം ശനിയാഴ്ച 12 മണിയോടെ തേവലക്കര ചാലിയത്ത് മുസ്ലിം ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.

അപകടമുണ്ടാക്കിയ മിനിലോറി ഡ്രൈവര്‍ അറസ്റ്റിലാണ്.

 

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ; നാല് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്ന് ശക്തമായ മഴക്കുള്ള മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വിഭാഗം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് മുന്നറിയിപ്പില്‍ പറഞ്ഞു.

കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കര്‍ണാടക തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

 

Continue Reading

Trending