സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസ് വധക്കേസ് പ്രതി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നിജില്‍ ദാസിനെ രേഷ്മ ഒളിപ്പിച്ചത് കൊലക്കേസ് പ്രതിയെന്ന് അറിഞ്ഞുകൊണ്ട് തന്നെയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. രേഷ്മയുടെ പങ്കില്‍ വിശദമായ അന്വേഷണം വേണമെന്നും പൊലീസ് ആവശ്യപ്പെടുന്നു.
അതേസമയം സി.പി.എം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ആര്‍.എസ്.എസ് നേതാവ് നിജില്‍ദാസിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരുടെ പാര്‍ട്ടി ബന്ധത്തിനു മുന്നില്‍ ഉത്തരംമുട്ടി സി.പി.എം. മുഖ്യമന്ത്രിയുടെ വീടിന്റെ 300 മീറ്റര്‍ മാത്രം അകലെ പ്രതി ഒളിവില്‍ കഴിഞ്ഞിട്ടും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നത് ഭരണ തലത്തിലും സര്‍ക്കാറിനെ ഉത്തരം മുട്ടിച്ചിരിക്കുകയാണ്.
നിജില്‍ ദാസിന് താമസിക്കാന്‍ വീടു നല്‍കിയ രേഷ്മയും കുടുംബവും ആര്‍.എസ്.എസുകാരാണെന്നായിരുന്നു സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ വാദം. എന്നാല്‍ ഇത് തള്ളി രേഷ്മയുടെ കുടുംബം രംഗത്തെത്തിയതോടെയാണ് സി.പി.എം പ്രതിരോധത്തില്‍ ആയത്. രേഷ്മയും ഭര്‍ത്താവ് പ്രശാന്തും സിപിഎം അനുഭാവികളാണെന്ന് രേഷ്മയുടെ പിതാവും ബന്ധുക്കളും വ്യക്തമാക്കി.
കുടുംബത്തിന് ആര്‍.എസ്.എസുമായി ബന്ധമില്ല. ഞങ്ങള്‍ പരമ്പരാഗതമായി സി.പി.എം കുടുംബമാണ്. ഇപ്പോള്‍ എന്തു കൊണ്ടാണ് പാര്‍ട്ടി തള്ളിപ്പറയുന്നതെന്ന് അറിയില്ലെന്നും പിതാവ് പറഞ്ഞു. അതേസമയം നിജില്‍ ദാസ് കൊലക്കേസ് പ്രതിയാണെന്ന് രേഷ്മക്ക് അറിയില്ലായിരുന്നുവെന്ന പിതാവിന്റെ വാദം പൊലീസ് തള്ളുന്നു. പ്രതിയാണെന്ന് അറിഞ്ഞു തന്നെയാണ് രേഷ്മ ഒളിവില്‍ കഴിയാന്‍ സഹായിച്ചതെന്നാണ് പൊലീസ് വാദം. ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായ രേഷ്മയേയും പൊലീസ് അറസ്റ്റു ചെയ്തിരുന്നെങ്കിലും ഇന്നലെ ജാമ്യം അനുവദിച്ചു. ഇവരുടെ ഭര്‍ത്താവ് വിദേശത്താണ്. ഒളിവില്‍ കഴിയുന്നതിനിടെ പ്രതിക്ക് ഭക്ഷണം എത്തിച്ചു നല്‍കിയിരുന്നത് രേഷ്മയാണെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും നിരന്തരം വാട്‌സ് ആപ് വഴി ബന്ധപ്പെടാറുണ്ടായിരുന്നതും ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായതെന്നും പൊലീസ് പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ പാണ്ഡ്യാലമുക്കിലെ വീടിന്റെ വിളിപ്പാടകലെയാണ് സി.പി.എം പ്രവര്‍ത്തകന്റെ ഘാതകനെ ഒളിപ്പിച്ചത് എന്നതും സര്‍ക്കാറിന് തലവേദനയുണ്ടാക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ വസതിക്ക് അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മുഴുവന്‍ സമയവും പൊലീസ് സാന്നിധ്യവും ഉണ്ടിവിടെ. എന്നിട്ടും മൂക്കിനു താഴെ കൊലക്കേസ് പ്രതി ഒളിവില്‍ കഴിഞ്ഞത് അറിഞ്ഞില്ലെന്നതാണ് നാണക്കേടുണ്ടാക്കുന്നത്.
രേഷ്മയുടെ സുഹൃത്ത് വഴിയാണ് പ്രതി വീട് വാടകക്കെടുത്തതെന്നാണ് ഇവരുടെ പിതാവിന്റെ വാദം. കൂടെ ജോലി ചെയ്യുന്ന സ്ത്രീയുടെ ഭര്‍ത്താവ് എന്ന നിലയിലാണ് വാടകക്ക് നല്‍കിയത്. കൊലക്കേസ് പ്രതിയാണെന്ന് രേഷ്മ അറിഞ്ഞിരുന്നില്ലെന്നും പിതാവ് രാജന്‍ പറഞ്ഞു. വീട് സി.പി.എം അനുഭാവിയുടേതാണെന്ന് പ്രദേശിക നേതൃത്വവും സമ്മതിക്കുന്നുണ്ട്. വീട് വിട്ടു നല്‍കിയത് പ്രവാസിയായ പ്രശാന്ത് അറിയില്ലെന്നും അമൃത വിദ്യാലയത്തിലെ അധ്യാപികയായ ഭാര്യ പി.എം രേഷ്മയാണെന്നും നേതാക്കള്‍ പറയുന്നു. അധ്യാപികയും നിജില്‍ ദാസുമായുള്ള വ്യക്തി ബന്ധത്തിന്റെ പേരിലാണ് വീട് വിട്ടു നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്.
പ്രതി ഒളിവില്‍ കഴിഞ്ഞ വീടിന് നേരെ ബോംബേറ്
പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നിജില്‍ ദാസ് ഒളിവില്‍ താമസിച്ച വീടിനു നേരെ ബോംബേറ്. പിണറായി പാണ്ട്യാലയിലെ വീടിനു നേരെ കഴിഞ്ഞ ദിവസം രാത്രിയിലാണ് ബോംബേറ് ഉണ്ടായത്. രണ്ട് ബോംബുകളാണ് എറിഞ്ഞത്. ടെറസിനും ചുമരിലുമാണ് ബോംബ് വീണത്. വീടിന്റെ ജനല്‍ ഗ്ലാസുകളും മറ്റും തകര്‍ന്നിട്ടുണ്ട്.
പ്രതിക്ക് വീട് വാടകക്ക് നല്‍കിയ രേഷ്മയും ഭര്‍ത്താവും സി.പി.എം അനുഭാവികളാണ്. കോളജില്‍ പഠിക്കുമ്പോള്‍ രേഷ്മ സജീവ എസ്.എഫ.്‌ഐ പ്രവര്‍ത്തകയായിരുന്നു. എന്നാല്‍, ഇവര്‍ക്ക് ആര്‍.എസ്.എസ് ബന്ധമുണ്ടെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആരോപിക്കുമ്പോള്‍ പാര്‍ട്ടി അനുഭാവികളാണെന്ന് പിണറായി ലോക്കല്‍ സെക്രട്ടറി കക്കോത്ത് രാജന്‍ പറഞ്ഞു. ബോംബേറില്‍ പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വീടിനു സമീപത്താണ് കൊലക്കേസ് പ്രതി ഒളിച്ചു താമസിച്ചത്. ഇത് ആഭ്യന്തര വകുപ്പിന്റെ സുരക്ഷാ വീഴ്ചയാണ് വെളിപ്പെടുത്തുന്നത്. വീടിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പൊലീസിനെ തുണച്ചത് വാട്‌സ്ആപ്പ്
ഒളിവില്‍ താമസിക്കുമ്പോള്‍ കൊലക്കേസ് പ്രതിയെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത് വാട്‌സ് ആപ്പ് കോളുകള്‍. ഒളിവില്‍ താമസിക്കുന്നതിനിടെ ഭാര്യയെയും അധ്യാപികയെയും വാട്‌സ് ആപ്പ് കോള്‍ ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിക്ക് ഭക്ഷണം എത്തിച്ചു നല്‍കിയത് രേഷ്മയാണെന്നും ഇരുവരും തമ്മില്‍ വാട്‌സ്ആപ്പില്‍ നിരന്തരം ബന്ധപ്പെട്ടതായും കണ്ടെത്തി. മൂന്നു ദിവസമായി ഈ വീട് പൊലീസ് നിരീക്ഷണത്തിലായിരുന്നു. ന്യൂ മാഹി എസ്ഐമാരായ വിപിന്‍, അനില്‍കുമാര്‍, സിപിഒമാരായ റിജീഷ്, അനുഷ എന്നിവരും പാര്‍ട്ടിയും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ നിജില്‍ദാസിനെ റിമാന്റ് ചെയ്തു. എന്നാല്‍ സംരക്ഷണം നല്‍കിയ വീട്ടുടമ രേഷ്മക്ക് തലശ്ശേരി കോടതി ജാമ്യം അനുവദിച്ചു.