പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാറിന്റെ ആത്മകഥ ‘ബിയോണ്ട് ദി ലൈന്‍സ്’ സ്വതന്ത്ര ഇന്ത്യയുടെ ആദ്യകാല രാഷ്ട്രീയത്തിലേക്ക് വെളിച്ചം വീശുന്ന ചരിത്രരേഖയാണ്. ഇന്ത്യയുടെ രണ്ടാം പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രി താഷ്‌കന്റില്‍ വെച്ച് മരണപ്പെട്ടതുമായി ബന്ധപ്പെട്ടുണ്ടായ വിവാദം അദ്ദേഹമതില്‍ വിവരിക്കുന്നുണ്ട്. ഇന്ത്യാ പാക് സമാധാന ചര്‍ച്ചകള്‍ക്കായി സോവിയറ്റ് യൂണിയനില്‍ എത്തിയതായിരുന്നു ശാസ്ത്രി. കുല്‍ദീപ് നയ്യാറും ഇന്ത്യന്‍ പ്രധാനമന്ത്രിയെ അനുഗമിച്ച സംഘത്തിലുണ്ടായിരുന്നു. ഹൃദയാഘാതം മൂലമുണ്ടായ സ്വാഭാവികമരണമെന്നാണ് ഔദ്യോഗിക വിശദീകരണം. സ്വാഭാവിക മരണമെന്ന ഡോക്ടര്‍മാരുടെ അഭിപ്രായമായിരുന്നിരിക്കാം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതിരിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ പത്‌നി ലളിതാശാസ്ത്രിയടക്കം സംശയിച്ചത് ജാന്‍ മുഹമ്മദ് എന്ന പാചകക്കാരനെയായിരുന്നു. രാംനാഥ് എന്ന ശാസ്ത്രിയുടെ സഹായിക്ക് പകരം ജാന്‍മുഹമ്മദാണ് ഭക്ഷണം പാകം ചെയ്തത് എന്നതായിരുന്നു അദ്ദേഹത്തിന് നേരേ സംശയത്തിന്റെ കണ്ണുകള്‍ നീളാനുണ്ടായ പ്രധാന പ്രത്യക്ഷ കാരണം. എന്നാല്‍ 1965ല്‍ അഥവാ ഒരു വര്‍ഷം മുന്‍പ് താഷ്‌കന്റില്‍ ശാസ്ത്രി സന്ദര്‍ശനം നടത്തിയപ്പോഴും ഇതേ ജാന്‍ മുഹമ്മദായിരുന്നു ഭക്ഷണം പാകംചെയ്തതെന്ന കാര്യം ഗൂഢാലോചനാ സിദ്ധാന്തക്കാര്‍ സൗകര്യപൂര്‍വം മറച്ചുപിടിക്കുകയും ചെയ്തു. രാംനാഥെന്ന ശാസ്ത്രിയുടെ പരിചാരകനാണ് അദ്ദേഹത്തിന് അവസാനമായി പാല് നല്‍കിയത് എന്നതൊന്നും വലതുപക്ഷ കോണ്‍സ്പിറസിക്കാരെ രാംനാഥിനെതിരെ തിരിച്ചില്ല. പക്ഷേ അവര്‍ യഥാര്‍ഥ ചാരപ്രവൃത്തിക്കുള്ള സാധ്യത കണ്ടത് ജാന്‍ മുഹമ്മദിലായിരുന്നു. കാരണം ദൗര്‍ഭാഗ്യവശാല്‍ ജാന്‍ മുഹമ്മദിന്റെ സ്വത്വം വിഭജാനന്തര ഭാരതത്തില്‍ അതിന് പാകമായ ഒന്നായിരുന്നു എന്നതാണ്.
ഒറ്റുകാരനായി ചിത്രീകരിക്കപ്പെടാന്‍ രാജ്യത്തെ മുസ്‌ലിമിന് സാഹചര്യ തെളിവുകളോ സപ്പോര്‍ട്ടിംഗ് മെറ്റിരീയലുകളോ ഒന്നും വേണ്ടി വരില്ല. അവന്റെ ജന്മനായുള്ള സ്വത്വം തന്നെ അതിന് ധാരാളമാണ്. ജാന്‍ മുഹമ്മദ് അതിന്റെ ആദ്യകാല ഇരകളിലൊന്നായിരുന്നു. എന്നാല്‍ അന്നത്തെ ഭരണകൂടമോ ഇന്ദിരാഗാന്ധിയെ പോലുള്ള ഭരണ നേതൃത്വമോ അത്തരമൊരു അപരവല്‍കരണത്തിന് കൂട്ടുനിന്നിരുന്നില്ല. ഒരുപക്ഷേ നെഹ്‌റുവിയന്‍ സെക്കുലറിസത്തിന്റെ പ്രഭാവലയമുള്ളതിനാലാവാം അന്നതിന് വലിയ പിന്തുണ ലഭിച്ചിരുന്നില്ല. എന്നാല്‍ ഇന്നതല്ല സ്ഥിതി. ഇന്ത്യയുടെ യശസ് ഐക്യരാഷ്ട്രസഭ പോലുള്ള ലോകവേദികളില്‍ ഉയര്‍ത്തിക്കാട്ടുകയും അധ്യാപകനായും വൈസ്ചാന്‍സലറായും ഒടുവില്‍ ഉപരാഷ്ട്രപതിയായും രാജ്യസഭാചെയര്‍മാനായുമൊക്കെ ഒരായുഷ്‌കാലം രാജ്യത്തിന്‌വേണ്ടി ചിലവിട്ട എണ്‍പത്തഞ്ച് വയസ്സുള്ള ഹാമിദ് അന്‍സാരിക്കെതിരെ രാജ്യം ഭരിക്കുന്ന കക്ഷിയുടെ ഔദ്യോഗിക വക്താവ് അദ്ദേഹം ശത്രുരാജ്യത്തിന് രഹസ്യങ്ങള്‍ ചോര്‍ത്താന്‍ കൂട്ടുനിന്നു എന്ന വൃത്തികെട്ട ആരോപണമുയര്‍ത്തിയിരിക്കുന്നു.
‘കള്ളങ്ങളുടെ നീണ്ട പട്ടിക’
ബി.ജെ.പി വക്താവിന്റെ ആരോപണങ്ങളോട് വെറും കള്ളങ്ങളാണെന്നാണ് ഹാമിദ് അന്‍സാരി പ്രതികരിച്ചത്. സംഘ്പരിവാര്‍ ഉയര്‍ത്തിയിരിക്കുന്ന പുതിയ ആരോപണങ്ങളിലേക്ക് വരുന്നതിന് മുന്‍പായി ഇതാദ്യമായല്ല അദ്ദേഹത്തിനെതിരെ സംഘ്പരിവാര്‍ നുണഫാക്ടറികള്‍ കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് മനസ്സിലാക്കണം. ഹാമിദ് അന്‍സാരിയെ പോലെയല്ല എ.പി.ജെ അബ്ദുല്‍കലാമിനെ പോലെയാവണം ഇന്ത്യന്‍ മുസ്‌ലിംകള്‍ എന്നാണ് സംഘ്പ രിവാര്‍ പ്രൊഫൈലുകള്‍ സോഷ്യല്‍ മീഡിയയില്‍ നിരന്തരമായി ആക്രോശിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്ത് സംഘ്പരിവാര്‍ ഫാഷിസം അതിന്റെ വിഷവിത്തുകള്‍ വിതച്ച് വിളവെടുക്കാനാരംഭിച്ചപ്പോള്‍ അതിന്റെ അപകടങ്ങളെ തിരിച്ചറിയുകയും ഭരണഘടനാപദവിയിലിരിക്കെ തന്നെ തന്റെതായ രീതിയില്‍ അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തയാളാണ് ഹാമിദ് അന്‍സാരി. അദ്ദേഹത്തിന്റെ ആത്മകഥയായ ‘ബൈ മെനി, എ ഹാപ്പി ആക്‌സിഡന്റ്’ എന്ന പുസ്തകത്തില്‍ രാജ്യസഭാ ചെയര്‍മാനായിരിക്കുന്ന ഘട്ടത്തില്‍ പെട്ടെന്ന് നിയമനിര്‍മാണം നടക്കാത്തതിലുള്ള അനിഷ്ടം പ്രധാനമന്ത്രി മോദി പ്രകടിപ്പിച്ചതായി പരാമര്‍ശമുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഒബാമ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ അതിഥിയായി വന്ന വര്‍ഷം പതാക ഉയര്‍ത്തുന്ന വേളയില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയുമൊക്കെ സല്യൂട്ട് ചെയ്യുന്ന ഘട്ടത്തില്‍ സല്യൂട്ട് ചെയ്യാതെ നില്‍ക്കുന്ന ഹാമിദ് അന്‍സാരിയുടെ പ്രവൃത്തി ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യന്‍ #ാഗ് കോഡ് സെക്ഷന്‍ ആറ് പ്രകാരം പതാകയെ ബഹുമാനിക്കുക മാത്രമേ താന്‍ ചെയ്തിട്ടുള്ളുവെന്ന് അദ്ദേഹം വിശദീകരിച്ചു. അദ്ദേഹമായിരുന്നു ശരി. പട്ടാള മേധാവികളും സുരക്ഷാ ഉദ്യോഗസ്ഥരടക്കമുള്ളവരോ ആണ് ദേശീയ പതാകയെ സല്യൂട്ട് ചെയ്യേണ്ടതെന്നും മറ്റുള്ളവര്‍ പതാകയെ അഭിമുഖീകരിച്ച് നില്‍ക്കുകയാണ് വേണ്ടതെന്നും #ാഗ് കോഡിലെ സല്യൂട്ടിനെ പരാമര്‍ശിക്കുന്ന ഭാഗം കൃത്യമായി വ്യക്തമാക്കിയിരുന്നു. അന്‍സാരിക്ക് പകരം മറ്റൊരു വ്യക്തിയായിരുന്നു നിയമത്തെയും ചട്ടത്തേയും മാനിച്ച് അചഞ്ചലനായി അങ്ങനെ നിന്നിരുന്നതെങ്കില്‍ മാധ്യമങ്ങളും ജനങ്ങളും അദ്ദേഹത്തിന്റെ നിയമപരിജ്ഞാനത്തെയും നിശ്ചയദാര്‍ഢ്യത്തെയും പുകഴ്ത്തിയേനെ.
പാകിസ്താനി പത്രപ്രവര്‍ത്തകനും ബി.ജെ.പിയും
നുസ്രത്ത് മിര്‍സയെന്ന പാകിസ്താനി പത്രപ്രവര്‍ത്തകന്റെ അന്‍പത് മിനുറ്റ് ദൈര്‍ഘ്യമുള്ള യൂട്യൂബ് അഭിമുഖമുയര്‍ത്തിപ്പിടിച്ചാണ് ബി.ജെ.ി ഹാമിദ് അന്‍സാരിക്കെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്. 2005-2011 കാലയളവില്‍ അഞ്ച് തവണ താന്‍ ഇന്ത്യ സന്ദര്‍ശിച്ചെന്നും യാത്രകളില്‍ പതിനഞ്ച് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പോയി ഇന്ത്യയെ പറ്റി സ്വരൂപിച്ച വിവരങ്ങള്‍ പാകിസ്താന്‍ ചാരസംഘടനക്ക് അന്നത്തെ പാക് വിദേശകാര്യമന്ത്രി വഴി കൈമാറിയെന്നുമായിരുന്നു നുസ്രത് മിര്‍സയുടെ അവകാശവാദം. 2009ല്‍ ഡല്‍ഹിയില്‍ നടന്ന സെമിനാറില്‍ അന്ന് ഉപരാഷ്ട്രപതിയായിരുന്ന ഹാമിദ് അന്‍സാരിയുടെ കൂടെ താന്‍ പങ്കെടുത്തെന്നും മിര്‍സ അവകാശപ്പെട്ടു. പാകിസ്താനിലെ ഇന്ത്യ വിദഗ്ധനായി തന്നെ പരിഗണിക്കാത്തത്തിലുള്ള അരിശം വെളിപ്പെടുത്തിയായിരുന്നു മിര്‍സയുടെ വാക്കുകള്‍. താന്‍ ഉന്നയിച്ച കാര്യങ്ങളൊക്കെ ഇന്ത്യാ വിദഗ്ധനായി തന്നെ പരിഗണിക്കാന്‍ വേണ്ടിയുള്ള മിര്‍സയുടെ അടവുകളുമായിരുന്നു. നുസ്രത്ത് മിര്‍സയെന്ന വ്യക്തി പാകിസ്താനികള്‍ക്കിടയില്‍പോലും യാതൊരു പ്രാധാന്യവുമില്ലാത്ത ആളാണെന്നാണ് വളരെ പ്രശസ്തരായ നയതന്ത്രജ്ഞരൊക്കെ അഭിപ്രായപ്പെട്ടത്. വിവേക് കട്ജു എന്ന റിട്ടയേര്‍ഡ് നയതന്ത്രജ്ഞന്‍ എഴുതിയത് നുസ്രത് മിര്‍സയെപോലുള്ള കോണ്‍സ്പിറസി തിയറിസ്റ്റുകളെയാണ് പാകിസ്താന്‍ ചാരസംഘടന ആശ്രയിക്കുന്നതെങ്കില്‍ അദ്ദേഹത്തിന് സ്ഥിരവിസ നല്‍കുന്നത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നാണ്. മണ്ടത്തരം മാത്രം വിളിച്ചുപറഞ്ഞു ശീലമുള്ള നുസ്രത് മിര്‍സയെന്ന പാകിസ്താനിയെയാണ് ബി.ജെ.പിക്കാര്‍ക്ക് പതിറ്റാണ്ടുകളായി ഇന്ത്യക്ക് വേണ്ടി സേവനമനുഷ്ഠിച്ച രാജ്യത്തിന്റെ ഉപരാഷ്ട്രപതിയായിരുന്ന ഹാമിദ് അന്‍സാരിയെക്കാള്‍ വിശ്വാസം എന്നത് അവരുടെ ദേശസ്‌നേഹത്തിലെ കാപട്യം തുറന്നുകാട്ടുന്നുണ്ട്. മുന്‍രാഷ്ട്രപതിയെ വിശ്വസിക്കാന്‍കൊള്ളാത്ത ഒരു പാകിസ്താനി പത്രപ്രവര്‍ത്തകനോട് ചേര്‍ത്തി പറയുകവഴി ബി.ജെ.പി തങ്ങള്‍ക്ക് ലഭിച്ച ജനകീയ മാന്‍ഡേറ്റിനെ സ്വയം അപമാനിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ഇതുകണ്ട് പാകിസ്താന്‍ സന്തോഷിക്കുന്നുണ്ടായിരിക്കുമെന്നാണ് ആരോപണങ്ങളോട് പ്രതികരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം മുഖപ്രസംഗമെഴുതിയത്.
മേല്‍ പരാമര്‍ശിച്ച പരിപാടിയിലേക്ക് അതിഥികളെ തീരുമാനിക്കുന്നതില്‍ അദ്ദേഹത്തിന്റെ ഓഫീസിന് യാതൊരു പങ്കുമില്ലെന്നത് വ്യക്തമാണ്. അങ്ങനെയെല്ലങ്കില്‍ മിര്‍സയെ ക്ഷണിക്കാന്‍ ഹാമിദ് അന്‍സാരി നേരിട്ട് ഇടപെട്ടതിന്റെ തെളിവ് പുറത്ത്‌വിടാന്‍ ബി.ജെ.പി തയ്യാറാവേണ്ടിയിരുന്നു. ന്യൂനപക്ഷ മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ള മുന്‍ ഉപരാഷ്ട്രപതിയെ ഒറ്റുകാരാനാക്കി ചിത്രീകരിക്കുന്നതിന് പിന്നില്‍ ഹാമിദ് അന്‍സാരിയെ മാത്രമല്ല സംഘ്പരിവാര്‍ ലക്ഷ്യമിടുന്നത്. അതിന് പിന്നിലെ അജണ്ട ഒരു സമൂഹത്തെ ഒറ്റുകാരാക്കി പൊതുമനസ്സില്‍ പ്രതിഷ്ഠിക്കുക എന്നതാണ്. ഇത്തരം നീക്കങ്ങളെ ശക്തിയുക്തം മതേതര ഇന്ത്യ ചെറുത്ത് തോല്‍പ്പിക്കേണ്ടതായുണ്ട്.