ജാബിര്‍ കാരയാപ്പ്
പൈതൃകം തേടി…പൗരാണികതയുടെ ഉള്‍ക്കാഴ്ചകളിലേക്ക് ഒരു യാത്ര…കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലെ ഹംപി യാത്രയെ ഇങ്ങനെ വിശേഷിപ്പിക്കാം. ചരിത്രവും പഴങ്കഥകളും കൂടിക്കലര്‍ന്ന ഭൂതകാലത്തിന്റെ കഥ പറയുന്ന ഹംപിയിലേക്കുള്ള യാത്ര അല്‍പം ചരിത്ര ബോധത്തോടെയാണെങ്കില്‍ യാത്രികന് അതൊരുപാട് അനുഭവങ്ങള്‍ നല്‍കും. അല്ലെങ്കില്‍ അവയെല്ലാം വെറും പാറക്കൂട്ടങ്ങള്‍ മാത്രമായി തോന്നിയേക്കാം. കാലാവസ്ഥയും വലിയൊരു ഘടകമായ ഹംപി യാത്രക്ക് നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് അനുയോജ്യം. നവംബറില്‍ പോലും ചൂടിനു കുറവില്ല.
പതിനഞ്ചാം നൂറ്റാണ്ടില്‍ തെക്കേ ഇന്ത്യ ഭരിച്ച വിജയ നഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹംപി ഒരുകാലത്ത് ബീജിംഗ് കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും മികച്ച വാണിജ്യ നഗരമായിരുന്നു. 1565ല്‍ നടന്ന തളിക്കോട്ട യുദ്ധത്തിലുടെയാണ് ഹംപി തകര്‍ക്കപ്പെടുന്നത്.
ശില്‍പചാരുത നിറഞ്ഞ കൊട്ടാരങ്ങളും മണ്ഡപങ്ങളുമെല്ലാം കാണാനാവുന്ന, ഏത് ഭാഗത്തും കോട്ട കെട്ടി ഭദ്രമാക്കിയ ഹംപി നഗരം 1336ലാണ് സ്ഥാപിതമാവുന്നത്. മുസ്ലിം കച്ചവടക്കാരും യുറോപ്യന്‍ കച്ചവട പ്രതിനിധികളുമെല്ലാമെത്തിയിരുന്ന ഹംപിയുടെ പ്രതാപം ഡെക്കാന്‍ സുല്‍ത്താന്മാര്‍ വിജയനഗരത്തെ പരാജയപ്പെടുത്തിയതോടെ അസ്തമിക്കുന്നു.
മനോഹരമായ പാറക്കെട്ടുകളാണ് എവിടെയും. ശില്‍പചാരുതക്കൊപ്പം തുംഗഭദ്രാ നദി ഒഴുകുന്നുണ്ട് അരികിലൂടെ. സഞ്ചാരിയുടെ കണ്ണിന് കുളിരേകുന്ന കാഴ്ചകളാണ് ഹംപിയിലുടനീളം. ജൈനക്ഷേത്രങ്ങള്‍, ശിവക്ഷേത്രം, ലോട്ടസ് മഹല്‍, ആനപ്പന്തി തുടങ്ങി നിരവധി ചരിത്ര ശേഷിപ്പുകള്‍ ഹംപിയിലെത്തുന്ന സഞ്ചാരിയുടെ മനസിനും കണ്ണിനും മറക്കാനാവാത്ത കുളിര് നല്‍കുന്നു.
ഇന്തോ-ഇസ്ലാമിക് നിര്‍മാണരീതിയാണ് മിക്ക കെട്ടിടങ്ങള്‍ക്കും. പുഷ്‌കര്‍ണി എന്ന് പേരിലറിയപ്പെടുന്ന കുളവും കരിങ്കല്‍ രഥവും സഞ്ചാരികളെ ഹംപിയിലേക്ക് വിളിക്കുന്ന പ്രധാന ആകര്‍ഷണമായി മുന്നിലുണ്ട്. ഹംപിയുടെ കാഴ്ചകള്‍ വിശാലമായ ചരിത്രത്തിലേക്ക് കൊണ്ടുപോകുമെന്നതിനാല്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ചരിത്രാന്വേഷകരെയും പഠിതാക്കളെയും ധാരാളം കാണാം ഇവിടെ. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പഠനവും നടക്കുന്നു.
കണ്ണൂരില്‍ നിന്ന് വയനാട് വഴിയായതിനാല്‍ പതിനഞ്ച് മണിക്കൂറോളം നീണ്ടു ബസ് യാത്ര. വൈകീട്ട് പുറപ്പെട്ട് അടുത്ത ദിവസം പുലര്‍ച്ചയോടെയാണ് ഹംപിക്കടുത്തുള്ള ഹോസ്പെട്ടിലെത്തിയത്. ഒരുപാട് ഹമ്പുകള്‍ കടന്നുള്ള ഹംപിയിലേക്കുള്ള നീണ്ട യാത്ര മനസിനെ ഒന്നുകൂടി വിശാലമാക്കുകയായിരുന്നു.
അല്‍പം വിശ്രമിച്ച് പ്രഭാത ഭക്ഷണം കഴിച്ച് സമയം ഒട്ടും പാഴാക്കാതെ ഹംപിയിലേക്ക് പുറപ്പെട്ടു. ടൂറിസ്റ്റ് ബസ് കണ്ടതോടെ ഗൈഡുമാരും മറ്റും മെല്ലെ മെല്ലെ ഒപ്പം കൂടുന്നുണ്ട്. ഒടുവില്‍ ഒരു ഗൈഡിനൊപ്പം രാവിലെ തന്നെ ഹംപിയുടെ ചരിത്രം തേടി ഞങ്ങള്‍ പുറപ്പെട്ടു. ആദ്യം പോയത് വിത്താല ക്ഷേത്രത്തിലേക്കായിരുന്നു. ഹംപിയിലെത്തിയാല്‍ നിര്‍ബന്ധമായും കണ്ടിരിക്കണം വിജയ് വിത്താല ക്ഷേത്രം. ഗൈഡ് മഞ്ജുനാഥ് ഇംഗ്ലീഷും ഹിന്ദിയും കലര്‍ത്തി ഹംപിയുടെ ചരിത്രവും പൗരാണികതയുമെല്ലാം പറഞ്ഞ് ഞങ്ങളെ ചരിത്രത്തിന്റെ ഉള്ളറകളിലേക്ക് നയിക്കുകയാണ്.
ചരിത്രം കൃത്യമായി തിരിച്ചറിയാന്‍ ഹംപിയെ ശരിയായി മനസിലാക്കിയ ഒരാള്‍ കൂടെയുണ്ടാവുന്നത് നന്നാവും. അതിനാല്‍ തന്നെ മിക്ക സഞ്ചാരികള്‍ക്കൊപ്പവുംകാണാം ഗൈഡിനെ. ഇനി കാഴ്ചകള്‍ കാണാന്‍ മാത്രമാണെങ്കില്‍ അങ്ങനെയുമാവാം. രണ്ട് ദിവസമെങ്കിലും വേണം ഹംപിയുടെ കാഴ്ചകള്‍ കാണാന്‍. എങ്കിലും ഒരു ദിവസം കൊണ്ട് പ്രധാന സ്മാരകങ്ങളിലൂടെയും സ്ഥലങ്ങളിലൂടെയും ഒന്നു കറക്കിത്തരും ഗൈഡുമാര്‍. കനത്ത ചൂടില്‍ കൂറ്റന്‍ പാറകള്‍ തരുന്ന കുളിര് മാത്രമാണ് ആശ്വാസം. യാത്ര തടസപ്പെടാത്ത വിധം ലഭിച്ച ചെറിയ മഴയും ഞങ്ങള്‍ക്ക് ആശ്വാസമായി.
ഒരുപാട് ഐതിഹ്യം പറയാനുണ്ട് ഹംപിക്ക്. പമ്പ എന്ന പേരില്‍ നിന്നാണ് ഹംപി എന്ന പേര് വന്നത്. ഏത് ഭാഗത്തും കോട്ട കെട്ടി ഭദ്രമാക്കിയ ഹംപിയെ കീഴടക്കാന്‍ ശത്രുക്കള്‍ക്ക് അത്ര എളുപ്പമായിരുന്നില്ല. എതിരാളികള്‍ പലപ്പോഴായി നടത്തിയ അക്രമത്തിന്റെ ശേഷിപ്പുകള്‍ കാണാം കോട്ടകളില്‍. രാജാവിനും രാജകുടുംബത്തിനുമുള്ള എല്ലാ സൗകര്യങ്ങളും മികച്ച ചാരുതയോടെയാണ് നഗരത്തില്‍ പണി തീര്‍ത്തിരിക്കുന്നത്. അതെല്ലാം അറിഞ്ഞുതന്നെ കാണണം. അല്ലെങ്കില്‍ അതെല്ലാം വെറും ശിലകളായി മാത്രം തോന്നിയേക്കാം.
നിര്‍മ്മാണ വൈദഗ്ധ്യത്തിന്റെ നേര്‍തെളിവുകളായി പുഷ്‌കര്‍ണി കുളവും മറ്റും കണ്‍മുന്നില്‍ കാഴ്ചകളായി എത്തുന്നു.
കൊത്തുപണികളാല്‍ സമൃദ്ധമായ ഹംപിയില്‍ കാണാനേറെയുണ്ട്. ക്ഷേത്രസമുച്ചയത്തിലെ സംഗീതമണ്ഡപവും കല്‍രഥവും ഏറെ പ്രശസ്തമാണ്. കൃത്യമായ അളവില്‍ മുറിച്ചെടുത്ത അടിത്തറയും അതിനു മുകളില്‍ ആനയും കുതിരയും ഉള്‍പ്പെടുന്ന രീതിയിലുള്ള യുദ്ധരംഗങ്ങളും കൊത്തിവെച്ചിരിക്കുന്നത് കാണാം പതിനഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ക്ഷേത്രത്തില്‍. തൂണുകളില്‍ ഒന്ന് താളബോധത്തോടെ സപര്‍ശിച്ചാല്‍ മെല്ലെ ആസ്വദിക്കാം സംഗീതം. മഞ്ജുനാഥ് കല്ലുകളില്‍ തട്ടി സരിഗമ കേള്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ അത് ആസ്വദിക്കാന്‍ നമുക്ക് ആയിരുന്നോ ആവോ…വിശപ്പ് മെല്ലെ മെല്ലെ വരവറിയിക്കുന്നുണ്ട്.
മറ്റൊരു ആകര്‍ഷണമാണ് ആനപ്പന്തി. യുദ്ധങ്ങള്‍ക്കും മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിച്ചിരുന്ന വിജയനഗര സാമ്രാജ്യത്തിലെ ആനകളെ സംരക്ഷിക്കാനായി നിര്‍മിച്ച ചതുരാകൃതിയിലുള്ളൊരു കെട്ടിടമാണ് എലിഫന്റ് സ്റ്റേപ്പിള്‍. 999 ആനകളില്‍ പ്രധാനപ്പെട്ട ആനകള്‍ക്ക് താമസിക്കാനുള്ള പ്രത്യേകയിടം. 11 കൂറ്റന്‍ ഗോപുരങ്ങള്‍ ഇന്തോ-ഇസ്ലാമിക് രീതിയിലാണ് പണിതിട്ടുള്ളത്.
ഇനി ക്വീന്‍സ് ബാത്ത് ഏരിയയിലേക്കാണ്. അന്നത്തെ കാലത്ത് രാജ്ഞിയുടെയും കൊട്ടാരത്തിലെ മറ്റു സ്ത്രീകളുടെയും കുളിപ്പുരയാണ് ക്വീന്‍സ് ബാത്ത്. 30 മീറ്റര്‍ സ്‌ക്വയറിലായി പരന്ന് കിടക്കുന്ന സമചതുരാകൃതിയിലുള്ള ഈ വിസ്മയം ഒരുപാട് ചെറുതൂണുകളും കിളിവാതിലുകളും നിറഞ്ഞതാണ്. വളരെ മികച്ച രീതിയില്‍ ജലവിതരണ സമ്പ്രദായത്തിനുള്ള സംവിധാനങ്ങളും കെട്ടിടത്തിന് പിറകില്‍ കാണാം.
ക്വീന്‍സ് ബാത്ത് ഏരിയ ഓടിക്കറങ്ങി കണ്ടു ഞങ്ങള്‍. ശില്‍പചാരുതക്കൊപ്പം ആസൂത്രണവൈദഗ്ധ്യത്തിന്റെയും മികവ് കാണാം ഹംപിയിലുടനീളം. വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിനും മറ്റുമുള്ള സംവിധാനത്തിലടക്കം കാണാം ഈ വൈദഗ്ധ്യം. അതിനിടയില്‍ നിരവധി ചെറുഅമ്പലങ്ങളിലും വിരിഞ്ഞ താമരയുടെ ആകൃതിയിലുള്ള ലോട്ടസ് മഹലിലുമെല്ലാം ഓട്ടപ്രദക്ഷിണം നടത്താം.
1000 കണക്കിന് അമ്പലങ്ങളുണ്ട് ഹംപിയില്‍. എല്ലാം കാണല്‍ പ്രായോഗികമല്ല. പക്ഷെ വിരുപാക്ഷ, ഹസാര അടക്കമുള്ള പ്രധാന അമ്പലങ്ങള്‍ തീര്‍ച്ചയായും കാണണം. ഹംപിയില്‍ പോയിട്ട് വിരുപാക്ഷ ക്ഷേത്രം കാണാതെ മടങ്ങുന്നത് ശരിയല്ല. യുദ്ധത്തില്‍ ഹംപിയിലെ മിക്ക അമ്പലങ്ങളും നശിച്ചെങ്കിലും വിരുപാക്ഷ അമ്പലം തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. ഹംപി തീര്‍ത്ഥാടനത്തിലെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് വിരുപാക്ഷ ക്ഷേത്രം.
വിജയനഗര കാലഘട്ടത്തിലെ ഏറ്റവും പ്രധാനിയായ ആരാധനാമൂര്‍ത്തി വിരുപാക്ഷദേവന്റെ ആരാധനക്കായാണ് പണി കഴിപ്പിച്ചത്. കൂറ്റന്‍ പ്രവേശന കവാടങ്ങള്‍, വിശാലമായ ക്ഷേത്രമുറ്റം, വിസ്മയകരമായ രീതിയില്‍ കൊത്തുപണി നിറഞ്ഞ കല്‍ത്തൂണുകളുമെല്ലാം ഹംപിയുടെ ഗതകാലത്തെ ഓര്‍മ്മപ്പെടുത്തുന്നു. ഇനിയും കാണാനേറെയുണ്ട് ഈ പൈതൃക നഗരിയില്‍.
കുന്നിന്‍ മുകളിലെ കാഴ്ചകള്‍ നയനാനന്ദകരമാണ്. ഏറ്റവും പ്രശസ്തമായ ആകര്‍ഷണങ്ങളിലൊന്നായ മങ്കി ക്ഷേത്രം പുണ്യസ്ഥലമായി കണക്കാക്കപ്പെടുന്നു. 570 ലധികം പടികള്‍ കയറണം ഇവിടെയെത്താന്‍. മലകയറ്റം കുത്തനെയുള്ളതാണെങ്കിലും മനോഹരമായ കാഴ്ചകള്‍ നടത്തം എളുപ്പമാക്കുന്നു. പ്രദേശവാസികള്‍ കസേരയിലിരുത്തി ചുമടായി പടികള്‍ കയറ്റുന്ന ഫ്രഞ്ച് സ്വദേശിയുടെ മുഖത്തെ ആകാംഷ പറയുന്നുണ്ട് ഇവിടെത്തെ ആശ്ചര്യമെന്തെന്ന്. കൊടുംചൂടിനൊടുവില്‍ ഉയരങ്ങളില്‍ നിന്ന് മെല്ലെ വീശിയടിക്കുന്ന നല്ല കാറ്റ്, ചുറ്റും പരന്നു കിടക്കുന്ന ഹംപി നഗരത്തിന്റെ കാഴ്ച, എല്ലാം കൂടി ഒത്തുവരുമ്പോള്‍ 575 പടികളൊന്നും ഒരുപടിയല്ലെന്ന് തോന്നും. അത്രക്ക് മനോഹരമാണ് ഈ വാനരരാജ്യം.
കിഷ്‌കിന്ധ അഥവാ വാനരരാജ്യമായും അറിയപ്പെടുന്ന ഇവിടെ അധികാരമറിയിച്ച് കുരങ്ങന്മാര്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കളിക്കുന്നുണ്ട്.
കാഴ്ചകള്‍ കണ്ണിന് കുളിര് നല്‍കുന്നതിനിടയിലും വിശപ്പ് പിടിമുറുക്കുകയാണ്. നേരത്തെ ഏര്‍പ്പാട് ചെയ്തതിനാല്‍ അല്‍പമെങ്കിലും മലയാളി ടച്ചുള്ള ഭക്ഷണം കിട്ടിയിരുന്നു. വിശ്രമിക്കാന്‍ സമയമില്ല. ഭക്ഷണം കഴിച്ച് യാത്ര തുടര്‍ന്നു. വിനോദ സഞ്ചാരകേന്ദ്രങ്ങളെല്ലാം അടുത്തടുത്തായതിനാല്‍ ഹംപിയിലെത്തിയാല്‍ കാഴ്ചകള്‍ കാണാന്‍ ഏറെ സമയമുണ്ടാവും. യാത്രക്ക് കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരുന്നില്ലെന്നത് ഹംപി യാത്രയെ എപ്പോഴും സജീവമാക്കുന്നു.
വൈകീട്ടോടെ തുംഗഭദ്ര ഡാം ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. തുംഗഭദ്രയില്‍ രാത്രിയോടെ എത്തുന്ന രീതിയില്‍ യാത്രാപദ്ധതി ഒരുക്കിയാല്‍ നല്ലത്. ഡാമിന്റെ രാത്രികാല കാഴ്ചയും പൂന്തോട്ടത്തില്‍ ഒരുക്കിയ ജലനൃത്തവും അത്രത്തോളം നയനനാന്ദകരമാണ്. ഈ കാഴ്ചയും കണ്ട് അന്നത്തെ അനുഭവങ്ങള്‍ക്ക് വിരാമമിട്ട് നേരത്തെ തയ്യാറാക്കിയ റൂമൂകളിലേക്ക് മടങ്ങി. സൂര്യോദയവും സൂര്യാസ്തമയവും കാണാനും സഞ്ചാരികള്‍ ഹംപിയിലെത്തുന്നുണ്ട്.
അടുത്ത ദിവസം രാവിലെ പുറപ്പെട്ടത് ചിത്രദുര്‍ഗ കോട്ടയിലേക്കായിരുന്നു. ഹംപിയില്‍ നിന്ന് 130 ഓളം കിലോമീറ്ററോളം ദൂരമുണ്ട് ചിത്രദുര്‍ഗയിലേക്ക്. ഹംപിയിലെത്തിയാല്‍ ചിത്രദുര്‍ഗ കൂടി പോവുന്നത് നന്നാവും. ഹംപിയെക്കാള്‍ പച്ചപ്പുള്ള പ്രദേശമാണിത്. ഒടുവില്‍ ഉച്ചയോടെ ചിത്രദുര്‍ഗയിലെത്തി. ആകാശത്തോളം കെട്ടിപ്പൊക്കിയ കവാടകള്‍ പഴമയുടെ പ്രൗഢി വിളിച്ചോതുന്നു. ഉള്ളറകളിലേക്ക് കയറും തോറും മറ്റൊരു ലോകത്തേക്ക് പോവുകയാണ് കാഴ്ചകള്‍. കാലടികള്‍ ചലിപ്പിക്കും തോറും കോട്ടയുടെ ഗാംഭീര്യം അടുത്തറിയുകയാണ്.
ഇനിയൊമൊരുപാടുണ്ട് യുനെസ്‌കോയുടെ പൈതൃക ലിസ്റ്റിലുള്‍പ്പെട്ട ഹംപിയിലും പരിസരം പ്രദേശങ്ങളിലും. യാത്രപദ്ധതിയില്‍ മറ്റു സ്ഥലങ്ങളുമുള്ളതിനാല്‍ ഒരുവട്ടം കൂടി വരാമെന്ന വാക്കോടെ… മനസില്ലാ മനസുമായി അടുത്ത കേന്ദ്രം ലക്ഷ്യമാക്കി കാലടികള്‍ മെല്ലെമെല്ലെ പിന്നോട്ട് വെച്ചു… യാത്രയും ജീവിതവുമങ്ങനെയാണ്. ഇനിയുമെത്ര ചെയ്തുതീര്‍ക്കാന്‍ എന്നതാണ് അതിന് ജീവവായു നല്‍കുന്നതും.