ഹമാസ് തലവന്‍ യഹ്‌യ സിന്‍വാര്‍ അവസാനമായി ഭക്ഷണം കഴിച്ചത് വധിക്കപ്പെടുന്നതിന് 3 ദിവസം മുമ്പാണെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തിന് 72 മണിക്കൂര്‍ മുന്‍പ് വരെ അദ്ദേഹം യാതൊരു ഭക്ഷണവും കഴിച്ചിരുന്നില്ലെന്ന് ഇസ്‌റാഈലി ഫോറന്‍സിക് ഡോക്ടര്‍മാര്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതായി ഇസ്രാഈല്‍ ഹയോം റിപ്പോര്‍ട്ട് ചെയ്യുന്നു. ഗസ്സ നേരിടുന്ന പട്ടിണിയുടെ ആഴം വ്യക്തമാക്കുക കൂടിയാണ് ഈ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്.
ഡി.എന്‍.എ പരിശോധനക്കായി സിന്‍വാറിന്റെ വിരലുകളിലൊന്ന് മുറിച്ചെടുത്തിരുന്നുവെന്നും ഇസ്രാഈല്‍ നാഷണല്‍ ഫോറന്‍സിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ചെന്‍ കുഗേല്‍ പറഞ്ഞു. വെടിയേറ്റ് മണിക്കൂറുകളോളം സിന്‍വാര്‍ അതിജീവിച്ചിരുന്നു. പിന്നീട് വെടിയേറ്റത് മൂലമുണ്ടായ ഗുരുതരമായ മസ്തിഷ്‌ക ക്ഷതം മൂലം അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നും കുഗല്‍ പറയുന്നു.
ഗസ്സയിലെ ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലുകയാണ് ഇസ്‌റാഈല്‍ ചെയ്യുന്നതെന്ന് വ്യാപക വിമര്‍ശനങ്ങളുണ്ടായിരുന്നു. ഇത് ശരിയാണെന്ന് ഉറപ്പു വരുത്തുന്നതാണ് യഹ്‌യ സിന്‍വാറിന്റെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. വിമര്‍ശനങ്ങള്‍ ശക്തമായിട്ടും ഗസ്സയിലേക്ക് മാനുഷിക സഹായം അനുവദിക്കാന്‍ പോലും ഇസ്രാഈല്‍ തയാറായിട്ടില്ല.
2024 ഒക്ടോബര്‍ 16ന് നടത്തിയ ആക്രമണത്തിലാണ് ഇസ്രാഈല്‍
യഹ്‌യ സിന്‍വാറിനെ വധിക്കുന്നത്. വിരോചിതമായിരുന്നു അദ്ദേഹത്തിന്റെ മരണം. അവസാന ശ്വാസം വരെയെന്നോണം പോരാടിയാണ് അദ്ദേഹം രക്തസാക്ഷിത്വം വഹിക്കുന്നത്. 2023 ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തിന്റെ സൂത്രധാരന്‍ യഹ്‌യ സിന്‍വാറാണെന്നാണ് ഇസ്രാഈല്‍ പറയുന്നത്. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ മരണത്തെ തുടര്‍ന്നാണ് സിന്‍വാര്‍ ചുമതലയേറ്റെടുത്തത്.