മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹലാൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവരുൾപ്പെടെ നാല് ഭാരവാഹികളെ ഉത്തർപ്രദേശ് എസ്.ടി.എഫ് (സ്പെഷ്യൽ ടാസ്ക് ഫോഴ്സ്) അറസ്റ്റ് ചെയ്തു. മൗലാന മുദ്ദസിർ, ഹബീബ് യൂസഫ് പട്ടേൽ, അൻവർ ഖാൻ, മുഹമ്മദ് താഹിർ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് യു.പി എസ്.ടി.എഫ് വൃത്തങ്ങൾ അറിയിച്ചു.
ഹലാൽ സർട്ടിഫിക്കേഷന്റെ പേരിൽ പണം തട്ടി എന്നാരോപിച്ചാണ് ഇവരെ ഇന്നലെ പിടികൂടിയത്. കഴിഞ്ഞ നവംബറിലാണ് യോഗി സർക്കാർ ഹലാൽ മുദ്രയുള്ള ഉൽപന്നങ്ങൾ നിരോധിച്ചത്. തൊട്ടുപിന്നാലെ സംസ്ഥാന വ്യാപകമായി മാളുകളിലും മറ്റും റെയ്ഡ് നടത്തി പൊലീസ് ഹലാൽ ഉൽപന്നങ്ങൾ പിടിച്ചെടുത്തു തുടങ്ങി.
ഇതിനുപിന്നാലെ ഹലാൽ സർട്ടിഫിക്കേഷന് പണം വാങ്ങുന്നതിന് ചില സംഘടനകൾ, കമ്പനികൾ, അവയുടെ ഉടമകൾ, മാനേജർമാർ തുടങ്ങിയവർക്കെതിരെ ലഖ്‌നോയിൽ കേസ് രജിസ്റ്റർ ചെയ്തതായി എസ്.ടി.എഫ് വൃത്തങ്ങൾ അറിയിച്ചു. മതത്തിന്റെ പേരിൽ ശത്രുത വളർത്തുന്നുവെന്നും ദേശവിരുദ്ധ വിഘടനവാദ ഭീകര സംഘടനകൾക്ക് ഫണ്ടു നൽകുന്നുവന്നെും ആരോപിച്ചാണ് കേസ്.
അതിനിടെ, ഹലാൽ നിരോധിച്ചതിനെതിരെയും കേസെടുത്തതിനെതിരെയും ഹലാൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ജംഇയത്തുൽ ഉലമായെ ഹിന്ദ് മഹാരാഷ്ട്ര ഹലാൽ ട്രസ്റ്റും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. നിരോധന വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ രണ്ട് ഹർജികളിൽ ജനുവരിയിൽ സുപ്രീം കോടതി ഉത്തർപ്രദേശ് സർക്കാരിന് നോട്ടീസ് അയച്ചിരുന്നു.
യു.പി സർക്കാർ നടപടി ഏകപക്ഷീയമാണെന്നും സ്വേച്ഛാധിപത്യവും യുക്തിരഹിതവുമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. ‘ഭക്ഷ്യവിതരണത്തിൽ ഹലാൽ സർട്ടിഫിക്കേഷനെ മാത്രമാത്രമാണ് സർക്കാർ നിരോധിച്ചത്. മറ്റ് സർട്ടിഫിക്കേഷനുകളായ ജെയിൻ, സാത്വിക്, കോഷർ എന്നിവ പ്രസ്തുത വിജ്ഞാപനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇത് മതത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സർട്ടിഫിക്കേഷനെ ഏകപക്ഷീയമായി വേർതിരിച്ചിരിക്കുകയാണ്’ -ഹരജിയിൽ പറഞ്ഞു.
ജംഇയ്യത് ഉലമായെ ഹിന്ദ് ഹലാൽ ട്രസ്റ്റ് നൽകിയ ഹരജിയിൽ നിരോധന ഉത്തരവ് മറയാക്കി അധികൃതരുടെ മുന്നിലേക്ക് വിളിപ്പിക്കുന്നതുപോലുള്ള സമ്മർദ നടപടികളൊന്നും ജംഇയ്യത് നേതാവ് മഹ്ബൂബ് മദനി അടക്കമുള്ള സംഘടന ഭാരവാഹികൾക്കെതിരെ ഉണ്ടാകരുതെന്ന് സുപ്രീംകോടതി നിർദേശിച്ചു.
പൊലീസ് നടപടിയും മൗലികാവകാശ ലംഘനമാണെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. തുടർന്ന് കേസ് ഫയലിൽ സ്വീകരിച്ചെങ്കിലും യു.പി സർക്കാറിന്റെ ഉത്തരവ് കോടതി സ്റ്റേ ചെയ്തിരുന്നില്ല. ഹലാൽ ഉൽപന്ന നിരോധനത്തിനു പിന്നാലെ ജംഇയ്യത് അധ്യക്ഷനെ കാരണം കാണിക്കാതെ സംസ്ഥാന സർക്കാർ വിളിപ്പിച്ചിരിക്കുന്ന സ്ഥിതിവരെ ഉണ്ടായിരിക്കുകയാണെന്ന് ഹരജി പരിഗണിച്ചപ്പോൾ അഭിഭാഷകൻ എം.ആർ ഷംഷാദ് പറഞ്ഞു.
അദ്ദേഹം നേരിട്ടു ഹാജരാകണമെന്നാണ് സർക്കാറിന്റെ നിർദേശം.സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് അവരെ അറിയിക്കാൻ ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സന്ദീപ് മേത്ത എന്നിവർ നിർദേശിച്ചു. ഇക്കാര്യം പറഞ്ഞിട്ടും അധികൃതർ അയഞ്ഞിട്ടില്ലെന്ന് അഭിഭാഷകൻ പറഞ്ഞു.
‘പ്രസിഡന്റ് തന്നെ ഹാജരാകാനാണ് നിർദേശം. മുൻ എം.പിയാണ് അദ്ദേഹം. താടിവെച്ച മനുഷ്യനാണ്. വിളിക്കുന്നതിന്റെ ലക്ഷ്യം മറ്റൊന്നാണ്. ടി.വി ചാനലുകളുടെ കാമറ ഉണ്ടാവും. ഇതൊക്കെ അതിരുകടന്ന നീക്കമാണ്. അദ്ദേഹത്തിന് കോടതി സംരക്ഷണം വേണം’ – അഭിഭാഷകൻ പറഞ്ഞു. ഇതിനെതുടർന്നാണ് നിർബന്ധിത നടപടിയൊന്നും സ്വീകരിക്കരുതെന്ന് സർക്കാറിനോട് കോടതി നിർദേശിച്ചത്.