കരിപ്പൂർ വിമാനത്താവളത്തിലൂടെയുള്ള ഹജ്ജ് യാത്രികരിൽനിന്ന് അമിതനിരക്ക് ഈടാക്കാനുള്ള വിമാനക്കമ്പനികളുടെ തീരുമാനത്തിനെതിരെ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ ആവശ്യപ്പെട്ടു.
ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഏറ്റവുമധികം ഹാജിമാർ ഹജ്ജിനായി പോകുന്ന ഒരു വിമാനത്താവളത്തിലെ എംബാർക്കേഷൻ വിഷയം വളരെ ഗൗരവമായെടുക്കും.
പാർലമെന്റിലും നിയമസഭയിലും വിഷയം ഉയർത്തും. നിവേദനങ്ങൾ നൽകുന്നതടക്കം ശക്തമായ നടപടി സ്വീകരിക്കും. വലിയ വിമാനങ്ങൾ വരുന്നില്ല എന്നു കരുതി ഹാജിമാരെ ശിക്ഷിക്കാൻ പാടില്ലല്ലോ. ഇപ്പോൾ നിരക്ക് കുറച്ചുനൽകുകയാണ് വേണ്ടത്. ബാക്കി കാര്യങ്ങൾ പിന്നെയാണ്. പോവാൻ തയാറായി നിൽക്കുന്നവരുടെ ഹജ്ജ് മുടക്കാൻ പാടില്ല. ഇത്രയും ഭാരിച്ച ചെലവ് പലർക്കും താങ്ങാൻ കഴിയില്ല -അദ്ദേഹം പറഞ്ഞു.
ഇന്ത്യ മുന്നണിയിൽനിന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പിന്മാറ്റം സംബന്ധിച്ച ചോദ്യത്തിന്, അദ്ദേഹം എപ്പോഴും എയറിൽ നിൽക്കുന്നയാളല്ലേ എന്നായിരുന്നു മറുപടി.
വേലിപ്പുറത്ത് സ്ഥിരമായി ഇരിക്കുന്ന അദ്ദേഹം എപ്പോഴാണ് എങ്ങോട്ടാണ് ചാടുക എന്ന് പറയാൻ കഴിയില്ല. അദ്ദേഹത്തിന്റെ ചാട്ടം സംബന്ധിച്ച് കുറച്ചുദിവസമായി കേൾക്കുന്നുണ്ടായിരുന്നു. സ്ഥിരമായി വേലിചാടുന്നവരെ ഇത്തവണ ജനം ശിക്ഷിക്കും. ബിഹാറിൽ അദ്ദേഹത്തിന് പിന്തുണ കുറഞ്ഞുവരുകയാണ്. അതാണ് അദ്ദേഹത്തിന് ആത്മവിശ്വാസക്കുറവ്. ആത്മവിശ്വാസം നഷ്ടപ്പെട്ട നിതീഷ് കുമാറാണ് ഇപ്പോഴുള്ളതെന്നും അതുകൊണ്ട് ഇന്ത്യ മുന്നണിക്ക് ഒരു കോട്ടവും തട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഗവൺമെന്റും ഗവർണറും മോശം എന്നതാണ് സ്ഥിതി. ഭരണം നൽകേണ്ടവരുടെ നിലവാരം താഴ്ന്ന പ്രകടനം ജനങ്ങളെ മടുപ്പിക്കുന്നെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.