Connect with us

kerala

ഹജ്ജ് വിമാന നിരക്ക് ഏകീകരിക്കണം; ഹജ്ജ് കമ്മിറ്റി യോഗം കരിപ്പൂരില്‍ ചേര്‍ന്നു

Published

on

2025 ലെ ഹജ്ജ് യാത്രക്ക് സംസ്ഥാനത്തെ മൂന്ന് ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളിലും നേരത്തെ തന്നെ വിമാന നിരക്കുകള്‍ ഏകീകരിക്കണമെന്ന് ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് നിന്നും ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ ഇത്തവണയും അപേക്ഷിച്ചത് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ മറ്റ് രണ്ട് പുറപ്പെടല്‍ കേന്ദ്രങ്ങളിലുള്ളതിനേക്കാള്‍ വിമാന കൂലി ഇനത്തില്‍ അധികം തുക കോഴിക്കോട് നിന്നും ഈടാക്കിയത് പ്രശ്‌നം സൃഷ്ടിച്ചിരുന്നു. ടെന്‍ഡര്‍ മുഖേന ആദ്യം നിശ്ചയിച്ച തുകയില്‍ നിന്നും നിശ്ചിത ശതമാനം സംസ്ഥാന സര്‍ക്കാറിന്റെയും ഹജ്ജ് കമ്മിറ്റിയുടേയും നിരന്തര ഇടപെടലുകളിലൂടെ അധികൃതര്‍ ഭാഗികമായി കുറവ് വരുത്തിയിരുന്നു. എന്നിട്ടും കോഴിക്കോട് വലിയ വ്യത്യാസം ഉണ്ടായിരുന്നു.

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് യാത്രക്ക് ഉദ്ദേശിക്കുന്നവര്‍ക്ക് ഹജ്ജ് അപേക്ഷാ സമര്‍പ്പണം മുതല്‍ തെരഞ്ഞെടുക്കപ്പെടുന്നവരെ പണം അടക്കല്‍, പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകളുടെ സമര്‍പ്പണം, വിവിധ ഘട്ടങ്ങളിലായുള്ള ട്രൈനിങ്ങ് ക്ലാസ്സുകള്‍, കുത്തിവെയ്പ്പ്, യാത്രാ തിയ്യതി അറിയിക്കല്‍, ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യല്‍, സഊദിയിലേക്കുള്ള യാത്ര, മടങ്ങിവരവ് തുടങ്ങി എല്ലാ ഘട്ടങ്ങിളും ഹാജിമാര്‍ക്കാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കുന്നതിന് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ തന്നെ വിപുലമായ ഔദ്യോഗിക ട്രൈനിങ്ങ് സംവിധാനം നിലവിലുണ്ട്.

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ട്രൈനിങ്ങ് സംവിധാനത്തെ കേന്ദ്ര ഹജ്ജ് കമ്മിറ്റിയടക്കം പ്രശംസിച്ചിട്ടുള്ളതും ഇത് മാതൃകയാക്കി മറ്റു സംസ്ഥാനങ്ങളിലും നടപ്പിലാക്കുന്നതിന് നിര്‍ദ്ദേശിച്ചിട്ടുമുള്ളതാണ്. സംസ്ഥാനത്തെ തീര്‍ത്ഥാടകരുടെ ഔദ്യോഗിക ആവശ്യ നിര്‍വ്വഹണങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ തന്നെ കുറ്റമറ്റ സംവിധാനം ഉണ്ടെന്നിരിക്കെ ഇതിനു സമാന്തരമായി പുതിയ സംവിധാനം രൂപപ്പെടുത്തുന്നത് ദുരൂഹമാണെന്ന് യോഗം നിരീക്ഷിച്ചു. വിശുദ്ധ തീര്‍ത്ഥാടനത്തിനായി പുറപ്പെടുന്നവര്‍ക്ക് നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ ഇത് പ്രയാസവും ആശയകുഴപ്പവും സൃഷ്ടിക്കും.

ഹാജിമാര്‍ക്കുള്ള സേവനത്തിലും സഹായത്തിലും ആവശ്യാനുസരണം പങ്കുചേരുന്നതിന് ഔദ്യോഗിക സംവിധാനങ്ങളിലൂടെ തന്നെ അവസരം ഉണ്ടെന്നിരിക്കെ ഇത്തരം സമാന്തര നീക്കത്തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറണമെന്ന് യാഗം ആവശ്യപ്പെട്ടു. ഹജ്ജിന് അവസരം ലഭിക്കുന്നവര്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നിന്നുള്ള ഔദ്യോഗിക അറിയിപ്പുകളും നിര്‍ദ്ദേശങ്ങളും കൃത്യമായി ശദ്ധിക്കണമെന്നും മറ്റു കേന്ദ്രങ്ങളെ അവലംബിക്കരുതെന്നും ഹാജിമാര്‍ ജാഗ്രത പാലിക്കണമെന്നും യോഗം അറിയിച്ചു.
സമാന്തര സംവിധാനത്തെ കുറിച്ച് അന്വേഷണം നടത്തുന്നതിന് ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസറും ജില്ലാ കലക്ടറുമായ വി.ആര്‍ വിനോദ് ഐ.എ.എസിനെ യോഗം ചുമലപ്പെടുത്തി.

2021 ഒക്‌ടോബര്‍ 11 ന് നിലവില്‍ വന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ അവസാന യോഗമാണ് ഇന്ന് കരിപ്പൂര്‍ ചേര്‍ന്നത്. സംസ്ഥാനത്ത് നിന്നും ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ ആശ്രയിക്കുന്ന കരിപ്പൂരില്‍ വനിതാ തീര്‍ത്ഥാടകര്‍ക്കായി വിശാലമായ പ്രത്യേക കെട്ടിടം സജ്ജമായത് ഈ കമ്മിറ്റിയുടെ കാലയളവിലാണ്.
സംസ്ഥാന ചരിത്രത്തിലാധ്യമായി കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരെ സുഗമമായി യാത്രയാക്കാനവസരം ലഭിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തോടെയാണ് നിലവിലെ കമ്മിറ്റി കാലാവധി പൂര്‍ത്തിയാക്കുന്നത്. ഈ മാസം 12 നാണ് കമ്മിറ്റിയുടെ കാലാവധി അവസാനിക്കുക.

ഹജ്ജ് കമ്മിറ്റിയുടെ തീരുമാനങ്ങളും പദ്ധതികളും തികഞ്ഞ ഉത്സാഹത്തോടെ ഏറ്റെടുത്ത് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൊണ്ട് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് നേതൃത്വം നല്‍കിയ ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് ഐ.എ.എസി നെയും കമ്മിറ്റി അംഗങ്ങളേയും ട്രൈനര്‍മാരേയും യോഗം പ്രത്യേകം അഭിനന്ദിച്ചു. വിശുദ്ധ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സേവനങ്ങളില്‍ പങ്കുചേരാന്‍ അവസരം ലഭിച്ചതില്‍ കലക്ടര്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മുന്‍ ചെയര്‍മാനും മത, സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന ടി. കെ പരീകുട്ടി ഹാജിയുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.

kerala

യൂട്യൂബർ ‘മണവാള’നെതിരെ ലുക്ക് ഔട്ട് സർക്കുലർ

വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ്

Published

on

തൃശൂർ: മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനൽ ഉടമ മുഹമ്മദ് ഷഹീൻ ഷായ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ്. ഏപ്രിൽ 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

കേരളവർമ്മ കോളേജ് റോഡിൽ വച്ച് മോട്ടോര്‍ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളേജ് വിദ്യാർത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താൻ മുഹമ്മദ് ഷഹീൻ ഷാ ശ്രമിക്കുകയായിരുന്നു. ഈ സംഭവത്തിലാണ് പൊലീസ് ഇപ്പോൾ തുടർ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. തൃശ്ശൂർ വെസ്റ്റ് പൊലീസാണ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. ഷഹീൻ ഷായെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

Continue Reading

kerala

സാദിഖലി തങ്ങളെ സന്ദർശിച്ച് ക്രിസ്ത്യൻ സഭാ നേതാക്കൾ; ക്രിസ്മസ് സൗഹാർദം പങ്കുവെക്കാനായി സ്നേഹസമ്മാനം കൈമാറി

മുനമ്പം വിഷയത്തിൽ സൗഹാർദ്ദം നിലനിർത്താനായി സാദിഖലി തങ്ങൾ നിലപാടെടുത്തെന്ന് മലപ്പുറം സെന്റ് തോമസ് പള്ളി വികാരി സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ പറഞ്ഞു

Published

on

പാണക്കാട്: ക്രിസ്മസ് സൗഹാർദം പങ്കുവെക്കാനായി പാണക്കാട് സാദിഖലി തങ്ങളെ സന്ദർശിച്ച് ക്രിസ്ത്യൻ സഭാ മതനേതാക്കൾ. തങ്ങളുടെ വീട്ടിലെത്തിയായിരുന്നു സന്ദർശനം. മലപ്പുറം ഫാത്തിമമാതാ ചർച്ചിലെ വികാരി സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിലിൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് പാണക്കാടെത്തി സ്നേഹ സമ്മാനം കൈമാറിയത്.

ക്രിസ്ത്യൻ സമൂഹവുമായുള്ള പാണക്കാട് കുടുംബത്തിൻ്റെ ബന്ധം എടുത്തു പറഞ്ഞാണ് സംഘത്തെ സാദിഖലി തങ്ങൾ സ്വീകരിച്ചത്. സൗഹാർദ സന്ദേശങ്ങൾക്ക് വർത്തമാന കാലത്ത് വലിയ പ്രാധാന്യമുണ്ടെന്നും സാദിഖലി തങ്ങൾ ചൂണ്ടിക്കാട്ടി. നാളെ കോഴിക്കോട് ബിഷപ് വർഗീസ് ചക്കാലക്കലിനെ സന്ദർശിക്കുമെന്നും സാദിഖലി തങ്ങൾ അറിയിച്ചു.

മുനമ്പം വിഷയത്തിൽ സൗഹാർദ്ദം നിലനിർത്താനായി സാദിഖലി തങ്ങൾ നിലപാടെടുത്തെന്ന് മലപ്പുറം സെന്റ് തോമസ് പള്ളി വികാരി സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ പറഞ്ഞു. മത സൗഹാർദത്തിൽ പാണക്കാട് കുടുംബം വഹിക്കുന്ന പങ്കും നേതാക്കൾ പറഞ്ഞു.

Continue Reading

crime

510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍; സിനിമാ നടിമാര്‍ക്ക് നല്‍കാന്‍ കൊണ്ടുവന്നതെന്ന് പ്രതിയുടെ മൊഴി

ഒമാനില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് ഷബീബ് രണ്ടുമാസം മുന്‍പാണ് നാട്ടിലെത്തിയത്

Published

on

മലപ്പുറം: മലപ്പുറം അഴിഞ്ഞിലത്ത് 510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. കാളികാവ് സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് കൈമാറാനായി കാത്തിരിക്കുമ്പോഴാണ് പിടിയിലാകുന്നത്. രണ്ടു നടിമാര്‍ക്ക് നല്‍കാനാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇന്നലെ വൈകിട്ട് ജില്ലയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് അരക്കിലോയില്‍ അധികം സിന്തറ്റിക്ക് ലഹരിമരുന്ന് പിടികൂടിയത്.

വീര്യം കൂടിയ എംഡി എം എ . കാളികാവ് സ്വദേശി മുഹമ്മദ് ഷബീബിനെ ഡാന്‍സാഫും വാഴക്കാട് പോലീസും ചേര്‍ന്ന് പിടികൂടി. ലഹരി എത്തിച്ച കാറും കസ്റ്റഡിയിലെടുത്തു. ഒമാനില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് ഷബീബ് രണ്ടുമാസം മുന്‍പാണ് നാട്ടിലെത്തിയത്. ചെമ്മാട് സ്വദേശി അബു താഹിര്‍ ആണ് ഷബീബിന്റെ നിര്‍ദ്ദേശപ്രകാരം എം.ഡി.എം.എ വിദേശത്തുനിന്ന് എത്തിച്ചത്.

ഒമാനില്‍ നിന്നു വന്നയാളാണ് മയക്കുമരുന്ന് നടിമാരെ ഏല്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയത്. നടിമാര്‍ ആരാണെന്ന് അറിയില്ലെന്നും, കൂടുതലൊന്നും തന്നോട് വെളിപ്പെടുത്തിയില്ലെന്നുമാണ് ഷെഫീഖ് പൊലീസിനോട് പറഞ്ഞത്. ഷെഫീഖിന്റെ മൊഴിയില്‍ എത്രമാത്രം വസ്തുതയുണ്ടെന്നും, നടിമാര്‍ ആരാണെന്നും അന്വേഷിച്ചു വരുന്നതായി പൊലീസ് സൂചിപ്പിച്ചു.

Continue Reading

Trending