Connect with us

kerala

ഹജ്ജ് 2024- ഒരുക്കങ്ങൾ പൂർണ്ണം; തീർത്ഥാടകർ തിങ്കളാഴ്ച മുതൽ കരിപ്പൂർ ക്യാമ്പിൽ എത്തിത്തുടങ്ങും

ഓരോ വിമാനത്തിലും യാത്രയാവേണ്ട തീർത്ഥാടകർ റിപ്പോർട്ട് ചെയ്യേണ്ട സമയ ക്രമം ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Published

on

തീർത്ഥാടകരെ ഹൃദ്യമായി സ്വീകരിക്കുന്നതിനും യാത്രായാക്കുന്നതിനും ആവശ്യമായ സജ്ജീകരണങ്ങളും ഒരുക്കങ്ങളും ഹജ്ജ് ക്യാമ്പിൽ പൂർത്തിയായി. ഹാജിമാരെ സ്വീകരിക്കുന്നതിന് ഹജ്ജ് ഹൗസിന്റെ പ്രധാന കെട്ടിടവും  വനിതാ ബ്ലോക്കും പ്രവര്‍ത്തന സജ്ജമായി.

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 17883 പേരാണ് വിവിധ എംബാർക്കേഷൻ പോയിന്റുകൾ വഴി ഈ വർഷം യാത്രയാവുക. ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് നിന്നും ഇത്രയും കൂടുതൽ പേർക്ക് അവസരം ലഭിക്കുന്നത്. ആകെ തീർത്ഥാടകരിൽ 7279 പേർ പുരുഷന്മാരും 10604 പേർ സ്ത്രീകളുമാണ്. കൂടാതെ രണ്ട് വയസിനു താഴെയുള്ള  എട്ട് കുഞ്ഞുങ്ങളും ഇതിൽ ഉൾപ്പെടും. കോഴിക്കോട് (കരിപ്പൂർ) എംബാർക്കേഷൻ വഴി 10430 പേരും കൊച്ചി വഴി 4273,  കണ്ണൂർ വഴി 3135 പേരുമാണ് യാത്രയാവുക.
സംസ്ഥാനത്ത് നിന്നുളള 37 പേർ ബാംഗ്ലൂർ, അഞ്ച് പേർ ചെന്നൈ, മൂന്ന് പേർ മുംബൈ എംബാർക്കേഷൻ പോയിന്റുകൾ വഴിയാണ് പുറപ്പെടുക. മൊത്തം തീർത്ഥാടകരിൽ 1250 പേർ 70 വയസ് കഴിഞ്ഞ റിസർവ്ഡ് കാറ്റഗറിയിൽ പെട്ടവരും 3582 പേർ ലേഡീസ് വിത്തൗട്ട് മെഹ്റം വിഭാഗത്തിൽ നിന്നുളളവരും ശേഷിക്കുന്നവർ ജനറൽ വിഭാഗത്തിൽ പെട്ടവരുമാണ്.
അവസാന വർഷം (2023) ൽ  11252 പേരാണ് സംസ്ഥാനത്ത് നിന്നും പുറപ്പെട്ടിരുന്നത്. (ഈ വർഷം 6516 എണ്ണം തീർത്ഥാടകരുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.)   കോഴിക്കോട് നിന്നും മെയ് 21 ന് പുലർച്ചെ 12.05 ന് നാണ് ആദ്യ വിമാനം. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 3011 നമ്പർ വിമാനത്തിൽ 166 പേർ പുറപ്പെടും. അതേ ദിവസം രാവിലെ 8 നും വൈകീട്ട് 3 നും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ യാത്ര തിരിക്കും.
ആദ്യ വിമാനം പുലര്‍ച്ചെ 3.50 ന് ജിദ്ദയിലെത്തും. ആദ്യ വിമാനത്തിൽ പുറപ്പെടുന്ന തീർത്ഥാടകർ 20.5.2024 തിങ്കളാഴ്ച രാവിലെ 10 മണിക്കും രണ്ടാമത്തെ സംഘം ഉച്ചക്ക് 12 മണിക്കും മൂന്നാം സംഘം ഉച്ചക്ക് രണ്ട് മണിക്കും ഹജ്ജ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്യണം. എയർപോർട്ടിലെ പില്ലർ നമ്പർ പതിമൂന്നിലാണ് തീർത്ഥാടകർ ആദ്യം എത്തേണ്ടത്. ഇവിടെ ലഗേജുകൾ കൈമാറിയ ശേഷം ഹജ്ജ് കമ്മിറ്റി പ്രത്യേകം ഒരുക്കിയ ബസിൽ തീർത്ഥാടകരെ ഹജ്ജ് ക്യാമ്പിലേക്ക് എത്തിക്കും. എയർപോർട്ടിൽ തീർത്ഥാടകരുടെ ലഗേജുകൾ കൈമാറുന്നതിനും മറ്റു സഹായങ്ങൾക്കുമായി പ്രത്യേക വോളണ്ടിയർമാരുടെ സേവനം ലഭ്യമാകും.
യാത്രയാക്കാനെത്തുന്നവർക്ക് ഹജ്ജ് ഹൗസിൽ വിശാലമായ പന്തൽ സൗകര്യവും ഉണ്ട്. തീർത്ഥാടരുടെ സുരക്ഷക്കും പരിസരത്തെ ഗതാഗത നിയന്ത്രണങ്ങൾക്കുമായി എയർപോർട്ടിലും ഹജ്ജ് ക്യാമ്പിലും പോലീസ് സേനയെയും പ്രത്യേകമായി വിന്യസിക്കും.ക്യാമ്പിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും താമസം, ഭക്ഷണം, പ്രാഥമികാവശ്യം, പ്രാർത്ഥന എന്നിവക്കായി ഇരു കെട്ടിടങ്ങളിലും പ്രത്യേകമായ ഹാളുകൾ സൗകര്യപ്പെടുത്തിയിട്ടുണ്ട്. തീർത്ഥാടകർക്ക് യാത്രാരേഖകളും യാത്രാ നിർദ്ദേശങ്ങളും ക്യാമ്പിൽ വെച്ച് നൽകും. വിമാനം പുറപ്പെടുന്നതിന്റെ നാല് മണിക്കൂർ മുമ്പ് തീർത്ഥാടകരെ പ്രത്യേക ബസിൽ എയർപോർട്ടിൽ എത്തിക്കും. എമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ കുടുതൽ കൗണ്ടറുകളും സജ്ജീകരിക്കുന്നുണ്ട്.
ഓരോ വിമാനത്തിലും യാത്രയാവേണ്ട തീർത്ഥാടകർ റിപ്പോർട്ട് ചെയ്യേണ്ട സമയ ക്രമം ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തീർത്ഥാടകരെ ബന്ധപ്പെട്ട ഖാദിമുൽ ഹുജ്ജാജുമാർ ഫോൺ മുഖേന വിളിച്ചും വിവരം അറിയിക്കും. തീർത്ഥാടകരുടെ സേവനത്തിനായി അനുഗമിക്കുന്ന വോളണ്ടിയർമാർ ഒരുക്കങ്ങൾക്കായി യാത്രയുടെ രണ്ട് ദിവസം മുന്നേ തന്നെ ക്യാമ്പിൽ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 89 പേരാണ് ഇത്തവണ തീർത്ഥാടകരുടെ സേവനത്തിനായി യാത്രയിൽ അനുഗമിക്കുക.
സംസ്ഥാന സർക്കാർ നടത്തിയ നിരന്ത ഇടപെടലുകളുടെ ഫലമായാണ് സേവനത്തിനായി കൂടുതൽ പേർക്ക് അവസരം ലഭിച്ചത്. 200 തീർത്ഥാടകർക്ക് ഒരാൾ എന്ന അനുപാതത്തിലാണ് ഇത്തവണ വോളണ്ടിയർമാരെ തെരഞ്ഞെടുത്തത്. വോളണ്ടിയർമാർക്കുള്ള പ്രത്യേക ട്രൈനിങ്ങ് കഴിഞ്ഞ ആഴ്ച ഹജ്ജ് ഹൗസിൽ നടത്തിയിരുന്നു. ആവശ്യാനുസരണം ഹജ്ജ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ഓൺലൈൻ സംവിധാനത്തിലൂടെ പ്രത്യേക മീറ്റിങ്ങുകളും ചേരുന്നുണ്ട്.
എയർ ഇന്ത്യാ എക്സ്പ്രസിന്റെ 166 പേർക്ക് സഞ്ചരിക്കാവുന്ന അമ്പത്തിയൊമ്പത് വിമാനങ്ങളാണ് കരിപ്പൂരിൽ നിന്നും ഇതുവരെ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. കാത്തിരിപ്പ് പട്ടികയിൽ നിന്നും ഇതിനം അവസരം ലഭിച്ചവർക്കുള്ള അധിക വിമാനവും ജൂൺ 9 ന് മുമ്പുള്ള ഷെഡ്യൂളിൽ ഉൾപ്പെടുത്തും. ദിനേന മൂന്ന് വിമാനങ്ങളാണ് കോഴിക്കോട് നിന്നും സർവ്വീസ് നടത്തുക. ജൂൺ എട്ടിന് നാല് വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ജുലൈ ഒന്ന് മുതൽ 22 വരെയുള്ള കാലയളവിൽ മദീന വഴിയാണ് കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ മടക്ക യാത്ര ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ പരിമിതമായ രൂപത്തിൽ ഹജ്ജ് ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം തിങ്കളാഴ്ച  വൈകുന്നേരം നാല് മണിക്ക് ഹജ്ജ് ഹൗസിൽ നടക്കും. ഹജ്ജ് ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച സംഘാടക സമിതിക്ക് കീഴിൽ വിവിധ സബ്കമ്മിറ്റികൾ മുഖേനയുള്ള ഒരുക്കങ്ങളും പൂർത്തിയായി. റിസപ്ഷൻ, രജിസ്ട്രേഷൻ, പ്രോഗ്രാം, അക്കമഡേഷൻ, ട്രാൻസ്പോർട്ട്, വോളണ്ടിയർ, ഹെൽത്ത്, സാനിറ്റേഷൻ, തസ്കിയത്ത് തുടങ്ങി പത്തോളം സബ് കമ്മിറ്റികൾക്ക് കീഴിലാണ് ക്യാമ്പിലെ ദൈനംദിന പ്രവർത്തനങ്ങൾ നടക്കുന്നത്. ഹജ്ജ് കമ്മിറ്റി അംഗങ്ങൾ ചെയർമാന്മാരായ സമിതികളിൽ വിവിധ തുറകളിൽ നിന്നുള്ളവരാണ് മറ്റു ഭാരവാഹികൾ. തീർത്ഥാടകർ ക്യാമ്പിൽ റിപ്പോർട്ട് ചെയ്യുന്നത് മുതൽ വിമാനം കയറുന്നത് വരെ വോളണ്ടിയർമാരുടെ മുഴു സമയ സേവനം ഉണ്ടാവും.
തീർത്ഥാടരുടെ അടിയന്തിര മെഡിക്കൽ ആവശ്യത്തിനായി വിവിധ മെഡിക്കൽ വിഭാഗങ്ങളുടെ ഇരുപത്തിനാല് മണിക്കൂർ സേവനവും ക്യാമ്പിലുണ്ടാവും. അത്യാവശ്യ മരുന്നുകളും മറ്റും സംവിധാനങ്ങളും മെഡിക്കൽ ഉദ്യോഗസ്ഥരുടെ നേതൃത്തിൽ ക്യാമ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ നേരിടാനായി ഫയർ ആൻഡ് റെസ്ക്യൂ, ആംബുലൻസ് സേവനവും സജ്ജീകരിക്കും. പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാണ് ഹജ്ജ് ക്യാമ്പ് പ്രവർത്തിക്കുക. ക്യാമ്പും പരിസരവും ശുചീകരിക്കുന്നതിനും ദൈനംദിന വേയ്സ്റ്റ് മാനേജ്മെന്റിനും പ്രത്യേക സംവിധാനം ചെയ്തിട്ടുണ്ട്. കൊണ്ടോട്ടി മുൻസിപ്പാലിറ്റിക്ക് കീഴിലെ ഹരിത കർമ്മ സേനയുടെ പ്രത്യേക സേവനവും ക്യാമ്പിലുണ്ടാവും.
തീർത്ഥാടകരുടെ പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ശരിപ്പെടുത്തൽ, കവർ നമ്പർ അടിസ്ഥാനമാക്കി തരം തിരിച്ച് വെക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ഇതിനായി പ്രത്യേകം നിയോഗിച്ച സർക്കാറിന്റെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ദിവസങ്ങൾക്ക് മുന്നേ ക്യാമ്പിൽ ജോയിൻ ചെയ്തിരുന്നു. കോഴിക്കോട് ക്രൈം ബ്രാഞ്ച് പൊലീസ് സുപ്രണ്ട് കെ.കെ മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിൽ 41 ഉദ്യോഗസ്ഥരാണ് കരിപ്പൂരിൽ സേവനത്തിലുള്ളത്. മറ്റു എംബാർക്കേഷൻ പോയിന്റുകളിലേക്കുള്ള ഉദ്യോഗസ്ഥർ അടുത്ത ദിവസം അതത് കേന്ദ്രങ്ങളിൽ ചുമതലയേൽക്കും.
 ഹജ്ജ് സെൽ സ്പെഷ്യൽ ഓഫീസറായി നേരത്തെ ചുമതലയേറ്റ നൽകിയ യു. അബ്ദുൽ കരീം ആണ് സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിലും ഹജ്ജ് സെൽ പ്രവർത്തനങ്ങൽ ഏകോപിപ്പിക്കുന്നത്.  മെയ് 26 നാണ് കൊച്ചിയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. ജൂണ്‍ ഒന്നിന് കണ്ണൂരില്‍ നിന്നും യാത്ര തുടങ്ങും. സൗദി അറേബ്യൻ എയർലൈൻസാണ് ഈ രണ്ട് കേന്ദ്രങ്ങളിൽ നിന്നും സർവ്വീസ് നടത്തുക. കൊച്ചിയിൽ നിന്നും ജൂൺ ഒമ്പത് വരെ 17 സർവ്വീസുകളും കണ്ണൂരിൽ നിന്നും ഒമ്പത് വിമാനങ്ങളുമാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.

kerala

വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ തറപറ്റിച്ച വിജയം; രമേശ് ചെന്നിത്തല

പാലക്കാട്ടെ പ്രബുദ്ധരായ വോട്ടര്‍മാര്‍ ഈ കെണി തിരിച്ചറിഞ്ഞതുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടിത്തിലിന് ഇത്രയും വലിയ ഭൂരിപക്ഷം ലഭിച്ചതെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

Published

on

കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന വയനാട് ലോക്‌സഭാ നിയോജക മണ്ഡലത്തിലും പാലക്കാട് നിയമസഭാ നിയോജകമണ്ഡലത്തിലും യുഡിഎഫിന് ചരിത്ര വിജയം നല്‍കിയ വോട്ടര്‍മാര്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല നന്ദി രേഖപ്പെടുത്തി. വയനാട്ടില്‍ ചരിത്ര വിജയം നേടി പ്രിയങ്ക ഗാന്ധി കേരളത്തിന്റെ പ്രിയങ്കരിയാണെന്നു തെളിയിച്ചു. പ്രിയങ്ക ഗാന്ധിക്കും വയനാട്ടിലെ ജനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍.

പാലക്കാട്ട് വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ കൂട്ടുപിടിച്ച്, കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തകര്‍ക്കാനുള്ള സിപിഎം തന്ത്രത്തിനേറ്റ കനത്ത തിരിടച്ചടിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റെക്കോഡ് ഭൂരിപക്ഷം.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ ചെയ്തതു പോലെ ബിജെപിക്ക് വിജയിക്കാനുള്ള എല്ലാ സാഹചര്യങ്ങളും സിപിഎം പാലക്കാട്ട് ഒരുക്കിക്കൊടുത്തു. എന്നാല്‍ പാലക്കാട്ടെ പ്രബുദ്ധരായ വോട്ടര്‍മാര്‍ ഈ കെണി തിരിച്ചറിഞ്ഞതുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടിത്തിലിന് ഇത്രയും വലിയ ഭൂരിപക്ഷം ലഭിച്ചതെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

പിണറായി വിജയന്റെ ദുര്‍ഭരണത്തെ ജനങ്ങള്‍ എത്രമാത്രം വെറുക്കുന്നു എന്നതിന്റെ കൂടി തെളിവാണ് കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം. ചേലക്കരയില്‍ ഭരണ സ്വാധീനവും പാര്‍ട്ടി സംവിധാനവും പണക്കൊഴുപ്പും ദുരുപയോഗപ്പെടുത്തി വിജയിക്കാനായെങ്കിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി തന്നെയാണ് ഉപതെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്കു പൊതുവിലും സിപിഎമ്മിനു പ്രത്യേകിച്ചും സംഭവിച്ചത്.

എല്‍ഡിഎഫിന്റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തെ നാലിലൊന്നായി കുറച്ച ചേലക്കരയിലെ മതേതര വിശ്വാസികള്‍ക്കും യു. എഡി എഫ് പ്രവര്‍ത്തകര്‍ക്കും ചെന്നിത്തല അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. പാലക്കാട്ട് തുടര്‍ച്ചയായി മൂന്നാം സ്ഥാനത്തേക്കു പാര്‍ട്ടി പിന്തള്ളപ്പെട്ടതിന്റെ കാരണവും ഇതാണ്.

രാഹൂല്‍ മാങ്കൂട്ടത്തിലിന്റെ ഉജ്ജ്വല വിജയം പിണറായി വിജയന്റെ ദുര്‍ഭരണത്തിനെതിരെയും ബി ജെ പി – സി പി എം അവിശുദ്ധ സഖ്യത്തിനെതിരെയും ഉള്ള ജനാധിപത്യ മതേതര ചേരിയുടെ വിജയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Continue Reading

kerala

വര്‍ഗീയതയുടെ ക്യാപ്സൂള്‍ വിറ്റ് ബിജെപിയുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത സിപിഎമ്മിനെതിരായ ജനവിധി; കെ.സി.വേണുഗോപാല്‍

കേരളത്തെ ഹൈജാക്ക് ചെയ്യാനുള്ള ക്വട്ടേഷനുമായി വരുന്നവര്‍ക്ക് കേരളത്തില്‍ രക്ഷയില്ലെന്ന സന്ദേശം നല്‍കുന്നതാണ് പാലക്കാട്ടെ ജനവിധി.

Published

on

പ്രിയങ്കാ ഗാന്ധിയെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച വയനാട് ജനതയോട് നന്ദി പറയുന്നുയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. പ്രിയങ്കാ ഗാന്ധിയെ വയനാട് ജനത ഹൃദയം കൊണ്ട് സ്വീകരിച്ചു. കേരളത്തെ ഹൈജാക്ക് ചെയ്യാനുള്ള ക്വട്ടേഷനുമായി വരുന്നവര്‍ക്ക് കേരളത്തില്‍ രക്ഷയില്ലെന്ന സന്ദേശം നല്‍കുന്നതാണ് പാലക്കാട്ടെ ജനവിധി.

നേമത്തിന് ശേഷം ബിജെപി വിജയപ്രതീക്ഷ പുലര്‍ത്തിയ മണ്ഡലമാണ് പാലക്കാട്. അവിടെയാണ് യുഡിഎഫിനെ വലിയ ഭൂരിപക്ഷത്തില്‍ ജനം വിജയിപ്പിച്ചത്. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും വിള്ളലുണ്ടാക്കിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വിജയിച്ചത്. അതുതന്നെയാണ് ആ വിജയത്തിന്റെ തിളക്കവുമെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു.

പാലക്കാട്ടെ വിജയം വര്‍ഗീയതയുടെ വിജയമായി ചിത്രീകരിക്കുന്ന എല്‍ഡിഎഫിന്റെ വാദം വലിയ തമാശയാണ്. യുഡിഎഫ് പാലക്കാട് വിജയിച്ചതിലും ബിജെപി അവിടെ തോറ്റത്തിലും സിപിഎമ്മും പാര്‍ട്ടി സെക്രട്ടി എം.വി ഗോവിന്ദനും വലിയ നിരാശയിലാണ്. അത് അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്. ബിജെപിയെ പരജായപ്പെടുത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ അഭിനന്ദിക്കാന്‍ പാര്‍ട്ടി സെക്രട്ടറി തയ്യാറാകാത്തത് അതിനാലാണ്.

തോറ്റെങ്കിലും ചേലക്കരയില്‍ യുഡിഎഫ് മികച്ച പ്രകടനമാണ് നടത്തിയത്. കഴിഞ്ഞ തവണത്തേക്കാള്‍ യുഡിഎഫിന് പതിനായിരം വോട്ടുകള്‍ വര്‍ധിപ്പിക്കാനായി.അതോടൊപ്പം എല്‍ഡിഎഫിന്റെ വോട്ടുകള്‍ വലിയതോതില്‍ കുറയ്ക്കാനും സാധിച്ചു.

ഭരണവിരുദ്ധവികാരമില്ലെന്ന് പറഞ്ഞ് സിപിഎം നേതാക്കള്‍ തടിതപ്പാന്‍ ശ്രമിക്കുന്നത് അവരെ വീണ്ടും അപകടത്തിലാക്കും.എല്‍ഡിഎഫിനും സര്‍ക്കാരിനും എതിരായ വോട്ടും ചേലക്കരയിലുണ്ടായിട്ടുണ്ട്. വിവാദങ്ങളിലല്ലാ ജനത്തിന് തല്‍പ്പര്യമെന്ന് ഉപതിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ വ്യക്തമാകും. വര്‍ഗീയതയുടെ ക്യാപ്സൂള്‍ വിറ്റ് ബിജെപിയുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത സിപിഎമ്മിനെതിരായ ജനവിധിയാണ് വയനാടും പാലക്കാടും ചേലക്കരയിലും പ്രതിഫലിച്ചത്. സിപിഎമ്മിന്റെ അവസരവാദ രാഷ്ട്രീയത്തിന് എതിരായ ജനവിധി കൂടിയാണിതെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ ഇന്ത്യാ സഖ്യത്തിന്റെ പരാജയം അവിശ്വസനീയമാണ്. അനുകൂല ട്രെന്റായിരുന്നു. പരാജയകാരണം പരിശോധിക്കും. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി വലിയ തോതില്‍ പണം ഒഴുക്കി. അതിന് തെളിവാണ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയെ കള്ളപ്പണവുമായി പിടികൂടിയത്. ജാര്‍ഖണ്ഡില്‍ മികിച്ച പ്രകടനമാണ് കോണ്‍ഗ്രസും ഇന്ത്യാ സഖ്യവും നടത്തിയതെന്നും വേണുഗോപാല്‍ പറഞ്ഞു.

Continue Reading

kerala

രണ്ട് ദിവസത്തിനുള്ളിൽ വയനാട്ടിലെത്തും: പ്രിയങ്ക ഗാന്ധി

വയനാട്ടിലെ ജനങ്ങളുടെ സ്വപ്നങ്ങളും പോരാട്ടവും പാര്‍ലമെന്റില്‍ എത്തിക്കും. അവരുടെ വാക്കായി പാര്‍ലമെന്റില്‍ പ്രവര്‍ത്തിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Published

on

രണ്ട് ദിവസത്തിനുള്ളില്‍ വയനാട്ടിലെത്തുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി. ജനങ്ങളുടെ വിജയമാണ് ഉണ്ടായത്. വലിയ അംഗീകാരമാണ് ലഭിച്ചതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. വയനാട്ടിലെ ജനങ്ങളുടെ സ്വപ്നങ്ങളും പോരാട്ടവും പാര്‍ലമെന്റില്‍ എത്തിക്കും. അവരുടെ വാക്കായി പാര്‍ലമെന്റില്‍ പ്രവര്‍ത്തിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

കേരളത്തിലെ യു.ഡി.എഫ് നേതാക്കളോടും പ്രവര്‍ത്തകരോടും നന്ദി പറയുകയാണ്. 12 മണിക്കൂര്‍ വരെയുള്ള വിശ്രമമില്ലാത്ത കാമ്പയിനുകളില്‍ എനിക്കൊപ്പം നിന്ന പ്രവര്‍ത്തകരോടും നന്ദി പറയുകയാണ്. തനിക്കൊപ്പം നിന്ന അമ്മക്കും റോബര്‍ട്ടിനും റൈഹാനും മിരായക്കും നന്ദി അറിയിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

പ്രിയങ്ക ഗാന്ധി നാല് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വയനാട്ടില്‍ നിന്നും ജയിച്ച് കയറിയത്. എല്‍.ഡി.എഫിന്റെ സത്യന്‍ മൊകേരി 2,09,906 വോട്ടുകളാണ് നേടിയത്. ബി.ജെ.പിയുടെ നവ്യ ഹരിദാസ് 1,09,202 വോട്ടുകളാണ് നേടിയത്. രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞതിനെ തുടര്‍ന്നാണ് വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് വന്നത്.

നേരത്തെ 3.6 ലക്ഷം വോട്ടുകള്‍ക്കാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധി വിജയിച്ചത്. രാഹുലിന്റെ നേട്ടത്തെ മറികടക്കുന്ന വിജയമാണ് പ്രിയങ്ക ഗാന്ധിക്ക് വയനാട്ടിലുണ്ടായത്.

Continue Reading

Trending