Connect with us

More

ഹബീബ് മുഹമ്മദ് അബിയായ കഥ

Published

on

 

അഷ്‌റഫ് തൈവളപ്പ്
കൊച്ചി

മിമിക്രിയുമായി നാടുനീളെയുള്ള വേദികള്‍ മുഴുവന്‍ കയറി ഇറങ്ങുന്ന കാലത്താണ് ഹബീബ് മുഹമ്മദ് എന്ന അബിയുടെ യഥാര്‍ഥ പേരിന് മാറ്റം വന്നത്. കാവുങ്കര തടത്തിക്കുടിയില്‍ ഹബീബ് മുഹമ്മദ് എങ്ങനെ അബിയായി എന്ന കഥ അദ്ദേഹം തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. പള്ളിപെരുന്നാളുകളും ഉത്സവങ്ങളുമായിരുന്നു അക്കാലത്തെ പ്രധാന മിമിക്രി വേദികള്‍. പ്രസിദ്ധനല്ലാത്ത കാലത്ത് തന്റെ ഹബീബ് മുഹമ്മദ് എന്ന പേര് ഓര്‍ത്തെടുക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ലത്രേ. ഇതിനിടെ ഒരു ഉത്സവ പറമ്പില്‍ മിമിക്രി അവതരിപ്പിക്കാനെത്തിയപ്പോള്‍ സംഘാടകരിലൊരാള്‍ തന്റെ പേര് അബിയെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തു. അനൗണ്‍സ് ചെയ്തയാള്‍ക്ക് തെറ്റിയതാണോ, അതോ ആരെങ്കിലും തെറ്റിധരിപ്പിച്ചതാണോ എന്നു വ്യക്തമല്ലെങ്കിലും പിന്നീട് ഹബീബ് മുഹമ്മദ് അബിയായി. മിമിക്രി വേദികളിലും സിനിമയിലും അബിയെന്ന പേരില്‍ തന്നെയാണ് അറിയപ്പെട്ടത്. അതോടെ ഹബീബ് മുഹമ്മദ് എന്ന പേര് ആരും ഓര്‍ക്കാതെയായി. ബന്ധുക്കളില്‍ ചിലര്‍ യഥാര്‍ഥ പേര് ഓര്‍ക്കാറുണ്ടെങ്കിലും അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും യഥാര്‍ഥ പേര് അറിയില്ലായിരുന്നു. അബിയെന്ന പേരിനെ താനും പിന്നീട് ഇഷ്ടപ്പെടുകയായിരുന്നുവെന്ന് അബി പിന്നീട് വെളിപ്പെടുത്തി.
മൂവാറ്റുപുഴയിലെ അമിതാഭ് ബച്ചനായിരുന്നു അബിയെന്ന മിമിക്രി കലാകാരന്‍. ചെറുപ്പത്തില്‍ അനുകരണത്തോട് ഇഷ്ടം തോന്നിയ കാലം മുതല്‍ അമിതാഭ് ബച്ചനെയും മമ്മൂട്ടിയെയുമായിരുന്നു അബിക്ക് ഇഷ്ടം. പിന്നെ സ്വന്തം മാസ്റ്റര്‍പീസായ ആമിനത്താത്തയും. മുംബൈയില്‍ സാനിറ്ററി ഇന്‍സ്‌പെക്ടര്‍ കോഴ്‌സിന് ചേരാന്‍ പോയപ്പോഴാണ് അബി മിമിക്രിയിലെ സാധ്യതകളും ജനകീയതയും മനസിലാക്കിയത്. ഇവിടെ നിന്നായിരുന്നു ബച്ചനെ അനുകരിച്ച് തുടക്കം. കനത്തിലുള്ള ശബ്ദം മാത്രമല്ല, ഉയരവും അമിതാഭ് ബച്ചനെ അവതരിപ്പിക്കാന്‍ അബിക്ക് കൂട്ടായി. അബിയുടെ ബച്ചന്‍ അവതരണം കാണാനായി മാത്രം ആളുകള്‍ തടിച്ചു കൂടി. കലാഭവനില്‍ എത്തുന്നതിനു മുമ്പേ അബിയുടെ ബച്ചന്‍ നാട്ടില്‍ ഹിറ്റായി. കലാഭവനില്‍ എത്തിയതോടെ ബച്ചന് കുറച്ചു പ്രൊഫഷണല്‍ സ്‌റ്റൈല്‍ കൈവന്നു. മമ്മൂട്ടിയുടെ ശബ്ദാനുകരവും ആമിനത്താത്തയും മിനുക്കിയെടുത്തു. മോഹന്‍ലാലും അബിയുടെ അനുകരണ കലയില്‍ ഇഷ്ട താരങ്ങളിലൊരാളായി. തിളങ്ങുന്ന കുപ്പായവും വായില്‍ ചുവന്നു കറുത്ത മുറുക്കാനുമായി അബിയുടെ ആമിനത്താത്ത വേദികളെ കീഴടക്കി. തന്റെ വല്യുമ്മയെ അനുകരിച്ചായിരുന്നു അബി ആമിനത്താതയെ രംഗത്തെത്തിച്ചത്. ശുദ്ധമായ നര്‍മ്മം പറയുന്നു നിഷ്‌ക്കളങ്കയായ കഥാപാത്രമായിരുന്നു അത്. പ്രേക്ഷകരെ നിമിഷ നേരം കൊണ്ട് കൈയിലെടുക്കാനാവുമെന്നത് തന്നെയായിരുന്നു അബിയുടെ കഴിവ്. ശബ്ദാനുകരണത്തില്‍ ഒതുങ്ങുന്നതല്ലായിരുന്നു അബിയുടെ അവതരണം. ബച്ചനും മമ്മൂട്ടിയുമെല്ലാം അബിയുടെ അവതരണത്തില്‍ പുതു ജീവന്‍ വച്ചു. വ്യത്യസ്തമായ അവതരണ ശൈലി അബിയെ വ്യത്യസ്തനാക്കി. ബച്ചനെ മുന്നില്‍ നിര്‍ത്തി ബച്ചന്റെ ശബ്ദം അനുകരിക്കാന്‍ അബിക്കായി. ബച്ചന്റെ ഹിന്ദി പരസ്യങ്ങള്‍ക്ക് മലയാളത്തില്‍ ശബ്ദം നല്‍കാനുള്ള അവസരവും അബിയെ തേടിയെത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More

ലെബനനിലെ സ്ഥിതിഗതികള്‍ അതിരൂക്ഷമെന്ന് യു എന്‍ മുന്നറിയിപ്പ്

ആരോഗ്യ മേഖല നിരന്തരമായ ആക്രമണങ്ങള്‍ നേരിടുന്നുണ്ടെന്ന് ഒരു പ്രസ്താവനയില്‍ യുഎന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു

Published

on

ന്യൂയോര്‍ക്ക് : ലെബനനിലെ സ്ഥിതിഗതികള്‍ ഇപ്പോള്‍ 2006 ലെ യുദ്ധത്തിന്റെ തീവ്രതയേക്കാള്‍ കവിഞ്ഞ നിലയിലെത്തിയെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കി. ആരോഗ്യ മേഖല നിരന്തരമായ ആക്രമണങ്ങള്‍ നേരിടുന്നുണ്ടെന്ന് ഒരു പ്രസ്താവനയില്‍ യുഎന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു. മെഡിക്കല്‍ സൗകര്യങ്ങളും ജീവനക്കാരും വിഭവങ്ങളും കൂടുതലായി ക്രോസ്ഫയറില്‍ കുടുങ്ങി. ഇതിനകം തന്നെ ദുര്‍ബലമായ ലെബനന്റെ ആരോഗ്യ ഇന്‍ഫ്രാസ്ട്രക്ചറിനെ കൂടുതല്‍ ബാധിച്ചു.

നബാത്തിയയിലെ ബിന്‍ത് ജബെയില്‍ ജില്ലയിലെ ടിബ്‌നിന്‍ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം അടുത്തിടെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആശുപത്രിക്ക് വ്യാപകമായ നാശനഷ്ടമുണ്ടാക്കുകയും ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ദുജാറിക് ചൂണ്ടിക്കാട്ടി. ലെബനനില്‍ ഡ്യൂട്ടിക്കിടെ 110 ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടനയുടെ സമീപകാല റിപ്പോര്‍ട്ടും അദ്ദേഹം ഉദ്ധരിച്ചു.

കഴിഞ്ഞ 13 മാസത്തിനിടെ 60 ആക്രമണങ്ങളെങ്കിലും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ക്ക് നേരെ ഉണ്ടായിട്ടുണ്ട്. തെക്കന്‍ ലെബനനിലെ നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍, രാജ്യത്തുടനീളമുള്ള ഇസ്രാഈലി വ്യോമാക്രമണങ്ങള്‍, ഇസ്രാഈലിന് നേരെ ഹിസ്ബുള്ളയുടെ ഡ്രോണ്‍, റോക്കറ്റ് ആക്രമണങ്ങള്‍ എന്നിവയ്ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ജീവഹാനിയെയും വക്താവ് അപലപിച്ചു. എല്ലാവരും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുകയും സാധാരണക്കാരെയും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

എഡിഎമ്മിന്‍റെ മരണം; പി.പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച

ദിവ്യയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു

Published

on

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി പി ദിവ്യ സമര്‍പ്പിച്ച ജാമ്യേപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വിധി വെള്ളിയാഴ്ച പുറപ്പെടുവിക്കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജിയില്‍ വാദം കേട്ടത്. ദിവ്യയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ദിവ്യയ്ക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

ജാമ്യാപേക്ഷയെ എതിർത്ത് നവീൻ ബാബുവിന്‍റെ കുടുംബവും കോടതിയിൽ കക്ഷി ചേർന്നിരുന്നു. എഡിഎമ്മിനെതിരായ ദിവ്യയുടെ പരാമര്‍ശങ്ങൾ ശരിവെക്കുന്നതാണ് കലക്ടർ പൊലീസിൽ നൽകിയ മൊഴിയെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. പുതിയ അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തില്ലെന്നും കോടതിയെ അറിയിച്ചു.

എഡിഎം നവീന്‍ബാബു കൈക്കൂലി വാങ്ങിയെന്ന വാദത്തിലൂന്നിയാണ് ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞുവെന്ന ജില്ലാ കലക്ടറുടെ മൊഴിയും ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. കൈക്കൂലി വാങ്ങിയതിന് സാഹചര്യ തെളിവുണ്ട്. തെറ്റുപറ്റിയെന്ന് പറയുന്നത് കൈക്കൂലി അല്ലാതെ മറ്റെന്താണ്. വെറുതെ പറ്റിപ്പോയി എന്ന് ആരെങ്കിലും പറയുമോ. നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് പരാതിക്കാരനായ ടി വി പ്രശാന്ത് മൊഴി നല്‍കിയിട്ടുണ്ട്. പ്രശാന്തന്റെ സസ്‌പെന്‍ഷന്‍ ഉത്തരവും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

Continue Reading

kerala

സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്താക്കി

രണ്ട് തവണ വിശദീകരണം ചോദിച്ചെങ്കിലും സാന്ദ്ര നൽകിയ മറുപടി തൃപ്തികരമല്ലെന്നാണ് പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍റെ നിലപാട്

Published

on

കൊച്ചി: നിർമാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്താക്കി. സംഘടനയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ചാണ് അച്ചടക്ക നടപടി. തീരുമാനത്തെ നിയമപരമായി നേരിടുമെന്ന് സാന്ദ്ര പറഞ്ഞു.

രണ്ട് തവണ വിശദീകരണം ചോദിച്ചെങ്കിലും സാന്ദ്ര നൽകിയ മറുപടി തൃപ്തികരമല്ലെന്നാണ് പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍റെ നിലപാട്. ഇതിനെത്തുടർന്നാണ് പുറത്താക്കൽ നടപടി. അപമാനിക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി സാന്ദ്ര തോമസ് നൽകിയ പരാതിയിൽ ആൻ്റോ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരടക്കം 9 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്.

ഗതികേട് കൊണ്ടാണ് പരാതി നൽകിയതെന്ന് സാന്ദ്ര പറഞ്ഞു. താൻ ലൈംഗിക അധിക്ഷേപം നേരിട്ടതിന് തെളിവുണ്ട്. നിർമാതാക്കളുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് അന്വേഷിക്കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടു. സിനിമയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി സമീപിച്ചിട്ടും ഒരു തരത്തിലുള്ള പിന്തുണയും ലഭിച്ചില്ലെന്നും അവര്‍ നിരവധി തവണ കുറ്റപ്പെടുത്തിയിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികള്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെ സാന്ദ്രക്ക് പിന്തുണയുമായി ഡബ്ള്യൂസിസി മുന്നോട്ടുവന്നിരുന്നു.

Continue Reading

Trending