ഗ്യാന്‍വാപി സര്‍വേക്ക് കൂടുതല്‍ സമയം ആവശ്യപ്പെട്ട് പുരാവസ്തു വകുപ്പ്. എട്ട് ആഴ്ച കൂടി സമയം വേണമെന്നാണ് പുരാവസ്തു വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച വാരാണസി കോടതി കേസ് പരിഗണിക്കും. മസ്ജിദില്‍ സര്‍വേ പൂര്‍ത്തിയാക്കാന്‍ നാലാഴ്ചത്തെ സമയമാണ് കോടതി അനുവദിച്ചിരുന്നു. ഇത് ഇന്ന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് കൂടുതല്‍ സമയം ആവശ്യപ്പെടാന്‍ പുരാവസ്തു വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
അതിനിടെ ഗ്യാന്‍വാപി പള്ളിയിലെ വുദുഖാനയില്‍ സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോടതിയില്‍ വിശ്വവേദന സനാതന്‍ സംഘ് സെക്രട്ടറി സൂരജ് സിങ് ഹരജി നല്‍കിയിരുന്നു. ഹരജി കോടതി സെപ്റ്റംബര്‍ എട്ടിന് പരിഗണിക്കുമെന്ന് സൂരജ് സിങ് പറഞ്ഞു. വുദുഖാന നിലവില്‍ സര്‍വേയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വുദുഖാന സീല്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയ സുപ്രിംകോടതി ഇടക്കാല ഉത്തരവില്‍ മേഖലയുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് വാരാണസി ജില്ലാ മജിസ്ട്രേറ്റിന് നിര്‍ദേശം നല്‍കിയിരുന്നു. വുദുഖാനയിലെ ജലധാര ശിവലിംഗമാണെന്നാണ് ഹിന്ദു വിഭാഗത്തിന്റെ വാദം.