Connect with us

News

ശ്രീനാരായണഗുരുവും കേരള ജ്ഞാനോദയവും

Published

on

മുസ്തഫ വാക്കാലൂര്‍

കേരളത്തില്‍ നിലനിന്നിരുന്ന സവര്‍ണ മേല്‍ക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകള്‍ക്കെതിരെ പോരാടിയ ശ്രീനാരായണ ഗുരു സവര്‍ണ്ണനെയും അവര്‍ണ്ണനെയും ഒരുപോലെ നവോത്ഥാനത്തിലേക്ക് നയിച്ചു. ജാതി വ്യവസ്ഥയെ സവിശേഷാല്‍ ചോദ്യം ചെയ്യുകയും മറ്റാരേക്കാളും മാറ്റത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിക്കുകയും ചെയ്ത ദാര്‍ശനിക ഗുരുവും മറ്റാരുമല്ല. താഴ്ന്ന ജാതിയില്‍പെട്ടവര്‍ക്ക് ദൈവാരാധാന നടത്താനായി കേരളത്തിലും തമിഴ്‌നാട്ടിലുമായി നാല്‍പ്പത്തഞ്ചോളം ക്ഷേത്രങ്ങള്‍ ഗുരു സ്ഥാപിച്ചു. തന്റെ സാമൂഹിക പരിഷ്‌കാരങ്ങള്‍ക്ക് സ്ഥായിയായ നിലനില്‍പ്പുണ്ടാവേണ്ടതിന് ഡോ. പല്‍പുവിന്റെ പ്രേരണയാല്‍ 1903ല്‍ ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം സ്ഥാപിച്ചു. അതാണ് എസ്. എന്‍.ഡി.പി. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നാണ് അദ്ദേഹത്തിന്റെ ആപ്തവാക്യം. ഗുരു ചെയ്തതുപോലൊരു നവോത്ഥാനം ആധുനിക കേരളത്തില്‍ മറ്റാരും നിര്‍വഹിച്ചിട്ടില്ല.

രണ്ടായിരത്തോളം വര്‍ഷങ്ങള്‍ക്ക് മുമ്പേ തുടങ്ങിയ ജാതി വ്യവസ്ഥ എട്ടാം നൂറ്റാണ്ടു മുതലിങ്ങോട്ട് കേരളത്തില്‍ ശക്തിപ്പെട്ട് വരികയായിരുന്നു. ജാതീയമായ ഉച്ചനീചത്വങ്ങളും അതിനോടുബന്ധപ്പെട്ട തീണ്ടല്‍, തൊടീല്‍ മുതലായ അനാചാരങ്ങളും അസഹ്യമായിരുന്നു; മനുഷ്യത്വരഹിതമായ ഹീനമായിരുന്നു. ജാതിയുടെ അടിസ്ഥാനത്തില്‍ ബ്രാഹ്മണര്‍ ക്ഷത്രിയരടക്കമുള്ള നായര്‍, അമ്പലവാസി, ശൂദ്രനായര്‍, വെള്ളാളര്‍ തുടങ്ങിയവര്‍ സവര്‍ണ്ണരെന്നും ഈഴവര്‍ മുതല്‍ നായാടി വരെയുള്ളവര്‍ അവര്‍ണ്ണരെന്നും തരംതിരിക്കപ്പെട്ടിരുന്നു. ക്ഷേത്ര പ്രവേശം, ക്ഷേത്രാരാധന, വിദ്യാഭ്യാസം, ഉദ്യോഗം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അവര്‍ണ്ണര്‍ക്ക് നിഷിദ്ധമായിരുന്നു. ഇതര പ്രദേശങ്ങളില്‍ പോയി ഉന്നത വിദ്യാഭ്യാസം സിദ്ധിച്ചുവന്നാല്‍ പോലും അവര്‍ണ്ണര്‍ക്ക് ജോലിയില്‍ പ്രവേശനമില്ലായിരുന്നു. തിരുവിതാംകൂര്‍ സര്‍ക്കാര്‍ നടത്തിയ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഈഴവനായ ഡോ. പി. പല്‍പ്പു നാലാമനായിരുന്നെങ്കിലും ജാതി വ്യവസ്ഥയുടെ ഫലമായി ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജില്‍ അഡ്മിഷന്‍ നിഷേധിക്കപ്പെട്ടു. മദ്രാസിലാണ് മെഡിസിന് പഠിച്ചത്. പിന്നീട് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഉപരിപഠനം പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തിയെങ്കിലും തിരുവിതാംകൂര്‍ മഹാരാജ്യത്ത് പ്രാക്ടീസ് ചെയ്യാന്‍ അനുവദിച്ചില്ല. ഇന്ത്യന്‍ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരി എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ച കേരളത്തിലെ സാമൂഹിക നവോത്ഥാന നേതാക്കളിലൊരാളായിരുന്ന ഡോ. പല്‍പ്പുവാണ് ഗുരുവിനെ കണ്ടെത്തുന്നത്.
ക്ഷേത്രാരാധന, വിദ്യാഭ്യാസം, ഉദ്യോഗം എന്നീ വിവേചനകള്‍ക്ക്പുറമെ, സാമൂഹിക ഉച്ചനീചത്വം, മര്‍ദ്ദനങ്ങള്‍, അവര്‍ണ്ണരെ അടിമകളാക്കികൊണ്ടുള്ള ജന്മികുടിയാന്‍ വ്യവസ്ഥകള്‍, സാമ്പത്തിക ചൂഷണങ്ങള്‍ മുതലായവയെല്ലാംകൊണ്ട് പൊറുതിമുട്ടിയ കാലം. 1891ലെ ബാരിസ്റ്റര്‍ ജി.പി പിള്ളയുടെ നേതൃത്വത്തില്‍ നടന്ന, ഉദ്യോഗങ്ങളില്‍ തമിഴ് ബ്രാഹ്മണരുടെ അപ്രമാദിത്വത്തിനെതിരായുള്ള മലയാളി മെമ്മോറിയല്‍ നിവേദനം ശ്രീമൂലം തിരുനാള്‍ മഹാരാജാവിന് സമര്‍പ്പിച്ചപ്പോള്‍ അതില്‍ ഡോ. പല്‍പ്പുവായിരുന്നു മൂന്നാമനായി ഒപ്പുവെച്ചത്. 1892ല്‍ ശങ്കരസുബ്ബയ്യ ദിവാനായി വന്നതോടുകൂടി തമിഴ് ബ്രാഹ്മണര്‍ കയ്യടക്കിവെച്ചിരുന്ന ഉദ്യോഗങ്ങളില്‍ നായര്‍ സമുദായത്തിന് പ്രാതിനിധ്യം കിട്ടിത്തുടങ്ങി. എന്നാല്‍ ഈഴവര്‍, ക്രിസ്ത്യാനികള്‍, മുസ്‌ലിംകള്‍ എന്നിവര്‍ പുറംതള്ളപ്പെട്ടു. 1895ല്‍ സ്വന്തം നിലക്ക് ദിവാന്‍ ശങ്കരസുബ്ബയ്യക്ക് മറ്റൊരു നിവേദനം ഡോ. പല്‍പ്പു സമര്‍പ്പിച്ചു. അതിനും ഫലമില്ലെന്ന് കണ്ടാണ് 1896 സെപ്തംബര്‍ മൂന്നിന് 13,176 പേരൊപ്പിട്ട ചരിത്രപ്രസിദ്ധമായ ഈഴവ മെമ്മോറിയല്‍ രാജാവിന് സമര്‍പ്പിക്കുന്നത്. ഒന്നും വേണ്ടത്ര ഫലവത്തായില്ല. എങ്കിലും മലയാളി, ഈഴവ മെമ്മോറിയലുകള്‍ നവോത്ഥാനത്തിന്റെ പെരുമ്പറ ധ്വനികളായി പരിണമിച്ചു.

ഈ സന്നിഗ്ധ ഘട്ടത്തിലാണ് സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനം. ഡോ. പല്‍പ്പുവില്‍നിന്ന് കേരളത്തില്‍ സാമൂഹിക ഉച്ചനീചത്വം കൊടികുത്തിവാഴുന്ന കാര്യം അദ്ദേഹം മനസ്സിലാക്കി. ആ മഹാനായ പരിഷ്‌കര്‍ത്താവ് പോംവഴിയായി നിര്‍ദ്ദേശിച്ചത് രാഷ്ട്രീയ പരിഹാരമല്ല, സമൂഹം അംഗീകരിക്കുന്ന യഥാര്‍ത്ഥ സന്യാസിയെ കണ്ടെത്തി മുന്നില്‍നിര്‍ത്തി നവോത്ഥാനം സൃഷ്ടിക്കാനാണ്. സമൂഹം അതിനകത്തുനിന്നാണ് ഊര്‍ജ്ജമാവാഹിക്കേണ്ടതും ശക്തിപ്പെടേണ്ടതും. അത്തരമൊരു സമൂല പരിവര്‍ത്തനത്തിന് ഉള്ളിലിറങ്ങിയുള്ള ചികിത്സകൊണ്ടേ പരിഹാരം കാണാന്‍ കഴിയൂ. വിവേകമതിയായ സന്യാസിക്കേ ആ ദൗത്യം പൂര്‍ത്തീകരിക്കാന്‍ കഴിയൂ. ഈ ഉപദേശം ഫലിച്ചു. സ്വയം നവോത്ഥാനത്തിന് നേതൃത്വം കൊടുക്കുന്നത് നിഷ്ഫലമാണെന്ന് മനസ്സിലാക്കിയ പല്‍പ്പു, മുള്ളിനെ മുള്ളുകൊണ്ട്തന്നെ എടുക്കുന്നതാണ് ഉചിതമെന്ന തിരിച്ചറിവില്‍നിന്നാണ് ഗുരുവിലേക്കെത്തുന്നത്. അങ്ങനെ കേരളീയ നവോത്ഥാനത്തിന്റെ ചാലകശക്തിയായി ഡോ. പല്‍പ്പു മാറി; ശ്രീനാരായണ ഗുരുവിലൂടെ നവകേരളം രൂപപ്പെട്ടു. ചെറുപ്പം മുതലേ അയിത്താചാരങ്ങളോട് വിപ്രതിപത്തിയായിരുന്നു ഗുരുവിന്. എന്നാല്‍ രാമായണവും മഹാഭാരതവും വേദാന്തവും പഠിച്ച് അദ്വൈത നിഷ്ഠയുടെ ഭാഗമായി. സംഘകാലത്തെ തമിഴ് കൃതികളായ തൊല്‍കാപ്പിയം, മണിമേഖല, തിരുക്കുറള്‍, കുണ്ഡലകേശി, തേമ്പാമണി, ചിലപ്പതികാരം, അകനാനൂറ്, തേവാരം തിരുവാചകം എന്നിവയിലൊക്കെ അവഗാഹം നേടി. സംഘകൃതികളിലൊന്നും ജാതിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്ല. വേദങ്ങളിലും ജാതിയില്ല. ഇതെല്ലാം ഗുരുവിനെ സ്വാധീനിച്ചു. പുറനാനൂറില്‍ പരാമര്‍ശിക്കപ്പെടുന്ന പാണനും പറയനുമെല്ലാം ഉയര്‍ന്ന സാമൂഹികസ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്നവരുമാണ്. ഗുരുവിനെ കേരളീയ ജ്ഞാനോദയത്തിന്റെ വക്താവായി കണക്കാക്കാം. യൂറോപ്പില്‍ വന്‍ ചിന്താപരിവര്‍ത്തനം സൃഷ്ടിച്ച ജ്ഞാനോദയത്തിന്റെ കാലഘട്ടം അവസാനിച്ച വേളയിലാണ് അതിന്റെ പൊരിയുമായി ഇംഗ്ലണ്ടില്‍നിന്നും വന്ന ഡോ. പല്‍പ്പുവും യൂറോപ്പില്‍ വിദ്യയഭ്യസിച്ച സ്വാമി വിവേകാനന്ദനും കേരളീയ സാഹചര്യം വിലയിരുത്തുന്നതും അതിനനുരൂപമായ ഒരു വ്യക്തിത്വം നേതൃത്വത്തിലേക്ക് കടന്നുവരുന്നതും. ഗുരു തീര്‍ത്തും പ്രാദേശികനായിരുന്നു. ദ്രാവിഡ പാരമ്പര്യത്തില്‍ ജനിക്കുകയും അതിന്റെ പ്രതാപത്തെ മനസ്സിലാക്കുകയും പുതിയ കാലത്തെ ജീര്‍ണ്ണാവസ്ഥയെ അനുഭവിക്കുകയും ചെയ്തതിനാല്‍ രോഗവും പ്രതിവിധിയും മനസ്സിലാക്കിയ ഭിഷഗ്വരനായി അവതരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ദ്രാവിഡ പാരമ്പര്യം പേറുന്ന ഭൂമികയില്‍ മാത്രമാണ് ഗുരു സന്ദര്‍ശിച്ചത്. കേരളം, തമിഴ് നാട്, കര്‍ണ്ണാടക എന്നിവക്കുപുറമെ ശ്രീലങ്കയില്‍ മാത്രമാണ് ഗുരുവിന്റെ തൃപ്പാദങ്ങള്‍ പതിഞ്ഞത്. ഇവ നാലും ചേര്‍ന്നതായിരുന്നല്ലോ ദ്രാവിഡലോകം. ബറൂക്ക് സ്പിനോസ, ജോണ്‍ ലോക്ക്, പിയേര്‍ ബേല്‍, വോള്‍ട്ടെയര്‍, ഐസക് ന്യൂട്ടണ്‍ മുതലായവര്‍ യൂറോപ്പില്‍ ജ്ഞാനോദയത്തിന് നേതൃത്വമേകിയപോലെ ഗുരുവിന്റെ കേരളീയ നവോത്ഥാനത്തിന് പല്‍പു, കുമാരനാശാന്‍, സത്യവ്രത സ്വാമികള്‍, ടി.കെ മാധവന്‍, സി. കൃഷ്ണന്‍, മൂര്‍ക്കോത്തു കുമാരന്‍, സി. കേശവന്‍, ആര്‍. ശങ്കര്‍ തുടങ്ങിയവര്‍ ഒപ്പംനിന്ന് സഹകരിച്ചു. മതത്തെ ഗുരു നിരാകരിച്ചില്ല. ആരാധനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്നാല്‍ ‘മതമെന്നാല്‍ അഭിപ്രായമാണ്, അതേതായാലും മനുഷ്യന് ഒരുമിച്ചുകഴിഞ്ഞുകൂടാ’മെന്ന് ശ്രീബുദ്ധനെപ്പോലെ ഗുരുവും പഠിപ്പിച്ചു. അധഃകൃതവര്‍ഗക്കാര്‍ എന്നൊരു പ്രത്യേക വര്‍ഗമില്ല. ശുദ്ധിയുള്ളവര്‍, ശുദ്ധിയില്ലാത്തവര്‍, വിദ്യയുള്ളവര്‍, വിദ്യയില്ലാത്തവര്‍, പണമുള്ളവര്‍, പണമില്ലാത്തവര്‍ എന്നീ വകവ്യത്യാസങ്ങളേയുള്ളൂ. മനുഷ്യരുടെ മതം ഭാഷ, വേഷം എന്നിവയെല്ലാം എന്തുതന്നെയായാലും അവരുടെ ജാതി ഒന്നായതുകൊണ്ട്, അഥവാ മനുഷ്യനായത്‌കൊണ്ട് എല്ലാവരും അവകാശങ്ങളില്‍ തുല്യരാണെന്ന് വ്യക്തമാക്കുകയായിരുന്നു, ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിതെന്ന്’ എഴുതിവെക്കുക വഴി. അങ്ങനെ, നെയ്യാറിലെ ശങ്കരന്‍കുഴിയില്‍ മുങ്ങിയുയര്‍ന്ന് കയ്യില്‍ കൈവന്ന ഒരു ശിലാഖണ്ഡത്തെ അരുവിപ്പുറത്ത് സജ്ജമാക്കിയ പീഠത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ട് ‘ഇത് ഈഴവന്റെ ശിവന്‍’ എന്ന ചരിത്ര പ്രസിദ്ധമായ ഗുരുവിന്റെ പ്രഖ്യാപനം വഴി ആധുനിക കേരളത്തിന്റെ മുഖപ്പില്‍നിന്ന് ജാതിയുടെ ചാപ്പ മായ്ചുകളയാന്‍, അതിന്റെ ശൗര്യം കെടുത്താന്‍ ഗുരുദേവനായി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

പ്രവാസി ഭാരതീയ അവര്‍ഡ് പ്രഖ്യാപിച്ചു; യുഎഇയില്‍നിന്ന് രാമകൃഷ്ണ ശിവസ്വാമി

കൊല്ലം സ്വദേശിയായ രാമകൃഷ്ണന്‍ ശിവ സ്വാമി അയ്യര്‍ ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാനാണ്

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: ഇന്ത്യാ ഗവണ്മന്റ് പ്രവാസി ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. ഇന്ത്യയിലും വിദേശത്തും ചെയ്ത മികച്ച നേട്ടങ്ങളെ വിലയിരുത്തിയാണ് ജേതാക്കളെ തെരഞ്ഞെടുത്തതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. മൊത്തം 27 പേരെയാണ് അവാര്‍ഡ് നല്‍കി ആദരിക്കുന്നത്.

യുഎഇയില്‍നിന്നും സൗദിയില്‍നിന്നുമായി മിഡില്‍ ഈസ്റ്റില്‍നിന്ന് രണ്ടുപേര്‍ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. യുഎഇയില്‍നിന്ന് രാമകൃഷ്ണന്‍ ശിവസ്വാമി അയ്യര്‍ എന്ന മലയാളി ബിസ്‌നസ്‌കാരനാണ് ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡിനായത്. കൊല്ലം സ്വദേശിയായ രാമകൃഷ്ണന്‍ ശിവ സ്വാമി അയ്യര്‍ ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാനാണ്. വാണിജ്യരംഗത്തെ സേവനം വിലയിരുത്തിയാണ് ഇദ്ദേഹത്തെ ആദരവിന് തെരഞ്ഞെടുത്തത്. സൗദി അറേബ്യയില്‍നിന്ന് ആതുരസേവനരംഗത്തെ മികവിന് ഡോ. സയിദ് അന്‍വര്‍ ഖുര്‍ഷിദ് തെരഞ്ഞെടുക്കപ്പെട്ടു. പതിനെട്ടാമത് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്റെ ഈ മാസം 8മുതല്‍ 10വരെ ഒഡീഷയിലെ ഭു വനേശ്വറിലാണ് നടക്കുന്നത്. കണ്‍വെന്‍ഷനില്‍ വെച്ച് ഇന്ത്യന്‍ രാഷ്ട്രപതി പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

ഉപരാഷ്ട്രപതി ചെയര്‍മാനും വിദേശകാര്യ മന്ത്രി വൈസ് ചെയര്‍മാനുമായുള്ള അവാര്‍ഡ് കമ്മിറ്റി യാണ് പ്രവാസി ഭാരതീയ സമ്മാന്‍ ജേതാക്കളെ തെരഞ്ഞെടുത്തത്. 25 രാജ്യങ്ങളില്‍നിന്നായി 27 പേരെയാ ണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. അമേരിക്കയില്‍ നിന്നുള്ള മൂന്നുപേര്‍ക്ക് അവാര്‍ഡുണ്ടെങ്കിലും മറ്റു 24 രാജ്യങ്ങളില്‍നിന്ന് ഒരാള്‍ വീതമാണ് തെരഞ്ഞെടുത്തത്. സാമൂഹ്യ സേവനത്തിന് ആസ്‌ട്രേലിയ, ഫിജി, ഗ്യുയാന, മൗറീഷ്യസ്, റഷ്യ, സ്‌പെയിന്‍, ഉഗാണ്ട, യുഎസ്എ എന്നീ എട്ടുരാജ്യങ്ങളില്‍നിന്നുള്ളവ രാണ് അര്‍ഹരായത്. വിദ്യാഭ്യാസ മേഖലയിലെ മികച്ച സേവനത്തിന് ആസ്ട്ര്യ, റഷ്യ, സിങ്കപ്പൂര്‍, മ്യാന്‍മര്‍ എന്നീ നാലുരാജ്യങ്ങളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടു.

Continue Reading

Art

നൃത്തകലകളില്‍ തിളങ്ങി കലോത്സവത്തിന്റെ ഒന്നാം ദിനം

ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, സംഘനൃത്തം, ഒപ്പന തുടങ്ങി വൈവിധ്യമാര്‍ന്ന കലാരൂപങ്ങളാണ് വിവിധ വേദികളിലായി അരങ്ങേറിയത്.

Published

on

63 -ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഒന്നാം ദിനത്തില്‍ കാണികളെ ആവേശഭരിതരാക്കി വിവിധ നൃത്തമത്സരങ്ങള്‍. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, സംഘനൃത്തം, ഒപ്പന തുടങ്ങി വൈവിധ്യമാര്‍ന്ന കലാരൂപങ്ങളാണ് വിവിധ വേദികളിലായി അരങ്ങേറിയത്.

ആദ്യമത്സരമായ മോഹിനിയാട്ടം പ്രധാന വേദിയായ എം ടി നിളയില്‍ (സെന്‍ട്രല്‍ സ്റ്റേഡിയം) രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ചു. 14 ജില്ലകളില്‍ നിന്നും അപ്പീല്‍ ഉള്‍പ്പടെ 23 മത്സരാര്‍ത്ഥികളാണ് പങ്കെടുത്തത്. നിറഞ്ഞ സദസിനു മുന്നിലാണ് മോഹിനികള്‍ ആടിത്തിമിര്‍ത്തത്.

വഴുതക്കാട് ഗവ. വിമണ്‍സ് കോളേജിലെ പെരിയാര്‍ വേദിയിലെ എച്ച് എസ് എസ് വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യ മത്സരത്തില്‍ 5 ക്ലസ്റ്ററിലായി 11 അപ്പീലുകള്‍ ഉള്‍പ്പടെ 25 വിദ്യാര്‍ത്ഥിനികളാണ് അരങ്ങിലെത്തിയത്. അഭിനേത്രിയും നര്‍ത്തകിയുമായ ശ്രുതി ജയന്‍, നര്‍ത്തകിമാരായ സാബവി ജഗദീഷ് , രേഷ്മ ജി എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. നിറഞ്ഞ സദസ്സിലെ വാശിയേറിയ മത്സരത്തില്‍ ഓരോ മത്സരാര്‍ത്ഥികളും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്.

കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ കല്ലടയാര്‍ വേദിയില്‍ ഹയര്‍ സെക്കന്ററി വിഭാഗം കഥകളി (ഗ്രൂപ്പ്) മത്സരം അരങ്ങേറി.10 ഗ്രൂപ്പുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. നിറഞ്ഞ സദസിന് മുന്നില്‍ ഓരോ ഗ്രൂപ്പുകളും വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ചു. കഥകളി വേഷങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ നിറഞ്ഞാടിയപ്പോള്‍ പ്രേക്ഷകരുടെ പ്രോത്സാഹനം മത്സരാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്നു. പച്ച,മിനുക്ക് എന്നീ കഥകളി വേഷങ്ങളില്‍ പ്രതിഭ തെളിയിച്ച കോട്ടക്കല്‍ സി.എം.ഉണ്ണികൃഷ്ണന്‍, കലാമണ്ഡലം ചിനോഷ് ബാലന്‍, കലാമണ്ഡലം വൈശാഖ് എന്നിവരായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍.

ടാഗോര്‍ തിയേറ്ററിലെ പമ്പയാര്‍ വേദിയില്‍ നടന്ന ഹൈ സ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കുച്ചിപ്പുടി മത്സരം കാണികള്‍ക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. വിവിധ ക്ലസ്റ്ററുകളിലായി 23 വിദ്യാര്‍ത്ഥിനികളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഓരോ മത്സരാര്‍ത്ഥികളും ഗംഭീരമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്. പ്രശസ്ത കുച്ചിപ്പുടി കലാകാരി മധുരിമ നാര്‍ള, രേഖ സതീഷ്, രേഷ്മ യു രാജു എന്നിവരായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍.

വ്യത്യസ്തവും വാശിയേറിയതുമായ സംഘനൃത്ത വിഭാഗം കാണികള്‍ക്ക് കൗതുകമേകി. എം.ടി നിള സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സംഘ നൃത്തത്തില്‍ 4 ക്ലസ്റ്ററുകളിലായി 24 ടീമുകള്‍ പങ്കെടുത്തു. ചടുലവും വ്യത്യസ്തവുമായ അവതരണത്തിലൂടെ എല്ലാ ടീമുകളും ശ്രദ്ധ പിടിച്ചുപറ്റി. ഓരോ ടീമുകളും വിവിധ കഥകളെയയും സമകാലിക പ്രസക്തിയുള്ള വിഷയങ്ങളേയുമാണ് നൃത്തത്തിലൂടെ അവതരിപ്പിച്ചത്. വൈശാലി കല്ലിങ്ങല്‍, കലാമണ്ഡലം ഗിരിജ രാമദാസ്, കലാമണ്ഡലം ബിന്ദു മോഹനന്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

ടാഗോര്‍ തീയേറ്ററിലെ പമ്പയാര്‍ വേദിയില്‍ നടന്ന ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ മാര്‍ഗംകളി മത്സരം മത്സരാര്‍ത്ഥികളിലും കാണികളിലും ആവേശമുണര്‍ത്തി. 15 ടീമുകളെ നാല് ക്ലസ്റ്ററുകളായി തിരിച്ച് നടത്തിയ മത്സരത്തില്‍ പ്രശസ്ത കലാകാരന്‍മായ ഫ്രാന്‍സിസ് വടക്കന്‍, സ്റ്റീന രാജ്, പ്രൊഫസര്‍ വി. ലിസി മാത്യു എന്നിവര്‍ വിധികര്‍ത്താക്കളായി.

രണ്ടാം വേദിയായ ‘പെരിയാറില്‍ ‘ ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ ഒപ്പന മത്സരത്തില്‍ 4 ക്ലസ്റ്ററുകളിലായി 22 ഗ്രൂപ്പുകള്‍ മത്സരത്തില്‍ പങ്കെടുത്തു. റഹ്‌മാന്‍ വാഴക്കാട് , ഒ.എം. കരുവാരകുണ്ട്, മുനീറ എന്നിവരായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍.

Continue Reading

Art

അവതരണത്തിൽ തനിമ നിലനിര്‍ത്തി മല്‍സരാര്‍ഥികള്‍; അറബിക് കലോത്സവത്തിന് തുടക്കമായി

അറബിക് കലോത്സവത്തിന്റെ പൊലിമയില്‍ 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യ ദിനം

Published

on

തിരുവനന്തപുരം തൈക്കാട് മോഡല്‍ സ്‌കൂളിലെ കടലുണ്ടിപ്പുഴ വേദിയില്‍ ഖുറാന്‍ പാരായണം, മുഷര എന്നീ ഇനങ്ങളാണ് അരങ്ങേറിയത്. 14 ജില്ലകളില്‍ നിന്ന് 14 കുട്ടികളാണ് ഖുറാന്‍ പാരായണ മത്സരത്തില്‍ പങ്കെടുത്തത്. വിദ്യാര്‍ത്ഥികളെ 4 ക്ലസ്റ്ററുകളായി തിരിച്ചാണ് മത്സരം. ഖുറാന്‍ പാരായണ വിദഗ്ദ്ധരായ അല്‍ ഹാഫിസ് മുഹമ്മദ് ഉനൈസ് അബ്രറി, ഡോ. മുഹമ്മദ് ഇസ്മായില്‍, ഷിബഹുദ്ദീന്‍ മൗലവി എന്നിവരാണ് മത്സരത്തിന്റെ വിധികര്‍ത്താക്കളായത്. മത്സരാര്‍ത്ഥികള്‍ക്ക് മികച്ച പ്രോല്‍സാഹനമാണ് പ്രേക്ഷകര്‍ നല്‍കിയത്.

വേദി പതിനാറായ ചാലിയാറില്‍ ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും അറബിക് ഗാനമത്സരം അരങ്ങേറി. അറബിക് ശീലുകളുമായി മല്‍സരാര്‍ഥികള്‍ ഏറ്റുമുട്ടിയപ്പോള്‍ കാണികളുടെ പ്രോത്സാഹനവും പിന്തുണയും അവര്‍ക്ക് പ്രചോദനമേകി. ശിശുക്ഷേമ സമിതി ഹാളില്‍ ഉച്ചയ്ക്ക് 1:45 ന് തുടങ്ങിയ അറബിക്ക് ഗാനമത്സരം മൂന്ന് ക്ലസ്റ്ററുകള്‍ പിന്നിട്ട് 4 മണിയോടെയാണ് സമാപിച്ചത്. വിധിനിര്‍ണയത്തിന്ന് എത്തിയത് പ്രൊഫസര്‍ ഡോ. അബ്ദു പദിയില്‍ ,റഹ്‌മാന്‍ വാഴക്കാട്,അബ്ദുല്ലാഹ് കരുവാരക്കുണ്ട് എന്നിവരാണ് .

തൈക്കാട് മോഡല്‍ എച്ച് എസ് എസിലെ കടലുണ്ടിപുഴ വേദിയില്‍ മുഷര മത്സരം നടന്നു.13 കുട്ടികളാണ് മത്സരിച്ചത്. ഖുറാനിലെ അക്ഷരശ്ലോകങ്ങളെല്ലാം മത്സരാര്‍ത്ഥികള്‍ വളരെ അക്ഷരസ്ഫുടതയോടെ ചൊല്ലി അവതരിപ്പിച്ചു. ഖുറാന്‍ വിദഗ്ദ്ധരായ അല്‍ ഹഫീസ് മുഹമ്മദ് ഉനൈസ് അബ്രറി, പി എ അഷറഫ് മണ്ണാന്‍ചേരി, ഡോ കെ ഷേഖ് മുഹമ്മദ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

വേദി പതിനാറായ ചാലിയാറില്‍ കാണികളെ വിസ്മയിപ്പിച്ച അറബിക് മോണോ ആക്ട് പ്രകടനങ്ങള്‍ അരങ്ങേറി. 14 ജില്ലകളെയും പ്രതിനിധീകരിച്ച് വന്ന കലാകാരന്മാര്‍ അവരുടെ കലാമികവ് വേദിയില്‍ പ്രകടിപ്പിച്ചപ്പോള്‍ കാണികളില്‍ നിന്നും മികച്ച പ്രോത്സാഹനമാണ് ലഭിച്ചത്. നാല് ക്ലസ്റ്ററുകളിലായി നടത്തപ്പെട്ട അറബിക്ക് മോണോ ആക്ട് മത്സരം വൈകുന്നേരം 4 മണിക്ക് ആരംഭിക്കുകയും ആറുമണിയോടുകൂടി സമാപിക്കുകയും ചെയ്തു. ഡോക്ടര്‍ ജെ ബദറുദ്ദീന്‍ ആശാന്റെയ്യത്ത്, ഫൈസല്‍ കെ, ഡോക്ടര്‍ അബ്ദുല്‍ മജീദ് അടങ്ങിയ മൂന്ന അംഗ വിധി നിര്‍ണയ പാനലാണ് വിജയികളെ പ്രഖ്യാപിച്ചത്. സമകാലിക വിഷയങ്ങള്‍ പ്രമേയമാക്കിയാണ് കലാകാരന്മാര്‍ മോണോ ആക്ടുകള്‍ ചിട്ടപ്പെടുത്തിയത്.

Continue Reading

Trending