അഹമ്മദാബാദ്: കോണ്‍ഗ്രസ് കാഴ്ചവെച്ച മികച്ച മുന്നേറ്റത്തിനിടയിലും ഗുജറാത്തില്‍ തുടര്‍ച്ചയായ ആറാം തവണ ബി.ജെ.പി അധികാരത്തില്‍. 182 അംഗ സഭയില്‍ 99 സീറ്റ് നേടിയാണ് ബി.ജെ.പിയുടെ വിജയം. നോട്ടു നിരോധനത്തിനും ജി.എസ്.ടിക്കും ശേഷം മോദിയുടെ പ്രഭാവത്തിന് കാര്യമായ മങ്ങലേറ്റുവെന്ന് തെളിയിക്കാന്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസിന് കഴിഞ്ഞു. കേന്ദ്ര, സംസ്ഥാന ഭരണത്തിന്റെ എല്ലാ സാധ്യതകളും പ്രധാനമന്ത്രി പദവും ഉപയോഗപ്പെടുത്തി വിപുലമായി പ്രചാരണം നടത്തിയിട്ടും 2012ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബി.ജെ.പിക്ക് 16 സീറ്റ് കുറഞ്ഞു. 150നു മുകളില്‍ സീറ്റ് നേടുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ച സ്ഥാനത്ത്, നൂറ് സീറ്റു പോലും തികയ്ക്കാന്‍ കഴിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്.
താഴെതട്ടിലെ സംഘടനാ സംവിധാനങ്ങളുടെ ബലഹീനതയാണ് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായത്. പലയിടങ്ങളിലും ബൂത്ത് കമ്മിറ്റികള്‍ പോലും രൂപീകരിക്കാന്‍ കഴിയാതെയാണ് ജനവിധിയെ നേരിടേണ്ടി വന്നത്. എങ്കിലും രാഹുല്‍ ഗാന്ധിയെ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസ് നടത്തിയ പടനീക്കത്തിന് വലിയ സ്വീകാര്യത ഗുജറാത്തില്‍ ലഭിച്ചുവെന്ന് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നു. ദളിത്, പട്ടേല്‍, ഒ.ബി.സി ഘടകങ്ങളെ അനുകൂലമാക്കാന്‍ ഹര്‍ദിക് പട്ടേല്‍, ജിഗ്നേഷ് മേവാനി, അല്‍പേഷ് താക്കൂര്‍ ത്രയങ്ങളെ കൂടെ നിര്‍ത്തി പ്രചാരണ രംഗത്ത് കൈക്കൊണ്ട പുത്തന്‍ പരീക്ഷണവും കോണ്‍ഗ്രസിന് ഗുണം ചെയ്തു. 2012ല്‍ 61 മണ്ഡലങ്ങളില്‍ മാത്രം വിജയിച്ച കോണ്‍ഗ്രസ് ഇത്തവണ 11 സീറ്റ് അധികം നേടി 77ലേക്ക് നില മെച്ചപ്പെടുത്തി.
മോദിക്കും അമിത് ഷാക്കും എതിരെ അവരുടെ തട്ടകത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് നല്‍കുന്ന പ്രതീക്ഷ. പ്രചാരണ രംഗത്തെ വെല്ലുവിളി ഫലം പുറത്തുവരുമ്പോഴും പ്രകടമായിരുന്നു. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ നേരിയ മുന്‍തൂക്കം മാത്രമാണ് ബി.ജെ.പിക്കുണ്ടായിരുന്നത്. എന്നാല്‍ മൂന്നാം റൗണ്ട് കടന്നതോടെ ബി.ജെ.പി പടിപടിയായി നില മെച്ചപ്പെടുത്തി. ഒരു ഘട്ടത്തില്‍ 109 സീറ്റില്‍ വരെ മുന്നിട്ടു നിന്നെങ്കിലും പിന്നീട് തളര്‍ച്ച പ്രകടിപ്പിച്ച് നൂറിനു താഴേക്ക് പതിക്കുകയായിരുന്നു.
നഗര മണ്ഡലങ്ങള്‍ പൊതുവെ ബി.ജെ.പിയെ പിന്തുണച്ചപ്പോള്‍ ഗ്രാമങ്ങളാണ് കോണ്‍ഗ്രസിനൊപ്പം നിലയുറപ്പിച്ചത്. 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സാമ്പിള്‍ വെടിക്കെട്ട് എന്ന നിലയിലാണ് ഗുജറാത്ത് ഫലത്തെ ഏവരും ഉറ്റുനോക്കുന്നത്. ബി.ജെ.പിയെ തറപറ്റിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കോണ്‍ഗ്രസ് അണികളില്‍ ആത്മവിശ്വാസം പകരാന്‍ കഴിയുന്നു എന്നത് പാര്‍ട്ടി അധ്യക്ഷനായി സ്ഥാനക്കയറ്റം ലഭിച്ച രാഹുല്‍ ഗാന്ധിക്ക് ആശ്വാസമാണ്.
മുഖ്യമന്ത്രി വിജയ് രൂപാണി, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജിഗ്നേഷ് മേവാനി, കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച അല്‍പേഷ് താക്കൂര്‍ തുടങ്ങിയവര്‍ വിജയിച്ചപ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശക്തി സിങ് ഗോലി, ബി.ജെ.പി നേതാവ് ജയനാരായണ്‍ വ്യാസ് എന്നിവര്‍ പരാജയം ഏറ്റുവാങ്ങി.
ഹിമാചലിലും ബി.ജെ.പി
ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് വിജയം. 1985 മുതല്‍ കോണ്‍ഗ്രസ്- ബി.ജെ.പി സര്‍ക്കാറുകള്‍ മാറി മാറി വരുന്ന സംസ്ഥാനത്ത് ഈ പതിവിന് ഇത്തവണയും മാറ്റം വന്നില്ല. വീര്‍ഭദ്ര സിങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ വീഴ്ത്തിയാണ് ബി.ജെ.പി അധികാരത്തിലേക്ക് വഴി തുറന്നത്. 68 അംഗ നിയമസഭയില്‍ 44 സീറ്റ് നേടി മികച്ച ഭൂരിപക്ഷവുമായാണ് ബി. ജെ.പി അധികാരത്തില്‍ എത്തിയത്. അതേസമയം തിളക്കമാര്‍ന്ന വിജയത്തിനിടയിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച പ്രേം കുമാര്‍ ധുമല്‍ ദയനീയമായി പരാജയപ്പെട്ടത് ബി.ജെ.പിക്ക് തിരിച്ചടിയായി. നിലവിലെ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ് അനായാസ വിജയം നേടിയപ്പോഴാണ് ബി.ജെ. പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്ക് അടി പതറിയത്. ആഭ്യന്തര വഴക്കിനെതുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ ശേഷമാണ് ധുമലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ പ്രഖ്യാപിച്ചത്.
അഴിമതി ആരോപണങ്ങളും പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളുമാണ് ഹിമാചലില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായത്. അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വീര്‍ഭദ്ര സിങിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കി. ബി.ജെ.പി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചില്ലെങ്കിലും അതിന് അടുത്തെത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞു.