Connect with us

india

ഐ.പി.എല്‍ കിരീടം ഗുജറാത്ത് ടൈറ്റന്‍സിന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ നവാഗതരായ ഗുജറാത്ത് ടൈറ്റന്‍സിനു ആദ്യ സീസണില്‍ തന്നെ കിരീടം.

Published

on

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ നവാഗതരായ ഗുജറാത്ത് ടൈറ്റന്‍സിനു ആദ്യ സീസണില്‍ തന്നെ കിരീടം. മികച്ച ഫോമിലായിരുന്ന രാജസ്ഥാന്‍ റോയല്‍സിനെ ഏഴു വിക്കറ്റിന് തകര്‍ത്താണ് ഗുജറാത്ത് കിരീടത്തില്‍ മുത്തമിട്ടത്. ഐ.പി.എല്‍ ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോറായ 130 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്ത് 18.1 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍ റൗണ്ട് മികവാണ് ഗുജറാത്തിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്.

രാജസ്ഥാനെ പോലെ ഗുജറാത്തിന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. ഒമ്പത് റണ്‍സെടുക്കുന്നതിനിടെ വൃദ്ധിമാന്‍ സാഹ പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ പുറത്തായി. പിന്നാലെ എട്ടു റണ്‍സെടുത്ത മാത്യു വേഡിനെ ട്രെന്റ് ബോള്‍ട്ട് പുറത്താക്കി. എന്നാല്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും (34), ശുഭ്മാന്‍ ഗില്ലും (45*) ചേര്‍ന്നുള്ള കൂട്ടുകെട്ട് ടീമിനെ വിജയരഥത്തിലേറ്റുകയായിരുന്നു. പാണ്ഡ്യ മൂന്നു ഫോറും ഒരു സിക്‌സറുമടക്കം 34 റണ്‍സ് നേടി പുറത്തായപ്പോള്‍ ഗില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും നേടി. ഡേവിഡ് മില്ലര്‍ 19 പന്തില്‍ മൂന്ന് ബൗണ്ടറികളും ഒരു സിക്‌സുമടക്കം 32 റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തു. ഗുജറാത്ത് ബൗളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച മത്സരത്തില്‍ രാജസ്ഥാന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. 39 റണ്‍സെടുത്ത ജോസ് ബട്‌ലര്‍ മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ടോസ് നേടി ബാറ്റിങ് ആരംഭിച്ച രാജസ്ഥാന് വേണ്ടി ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറും ചേര്‍ന്ന് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 31 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അഞ്ചാം ഓവറില്‍ ജയ്‌സ്വാളിനെ മടക്കി യാഷ് ദയാല്‍ ഗുജറാത്തിന് ആദ്യ ബ്രേക്ക് നല്‍കി. 16 പന്തുകളില്‍ നിന്ന് 22 റണ്‍സെടുത്ത ജയ്‌സ്വാള്‍ സായ് കിഷോറിന് ക്യാച്ച് നല്‍കി മടങ്ങി. ജയ്‌സ്വാളിന് പകരം നായകന്‍ സഞ്ജു സാംസണ്‍ ക്രീസിലെത്തി. 6.5 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നതോടെ സഞ്ജുവിനെ കൂട്ടുപിടിച്ച് ബട്‌ലര്‍ ടീമിനെ മുന്നോട്ട് നയിക്കുമെന്ന് തോന്നിച്ചെങ്കിലും സഞ്ജുവിന് അധികനേരം പിടിച്ചുനില്‍ക്കാനായില്ല.

അനാവശ്യ ഷോട്ടിന് ശ്രമിച്ച സഞ്ജു ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ സായ് കിഷോറിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 11 പന്തുകളില്‍ നിന്ന് 14 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. സഞ്ജുവിന് പകരം ദേവ്ദത്ത് പടിക്കലാണ് പിന്നീട് ക്രീസിലെത്തിയത്. ഗുജറാത്ത് ബൗളര്‍മാരുടെ കണിശതക്കു മുന്നില്‍ രാജസ്ഥാന്റെ സ്‌കോറിങ് വേഗം ഒച്ചിഴയും വേഗത്തിലായി. സഞ്ജുവിന് പകരം വന്ന ദേവ്ദത്ത് റണ്‍സ് കണ്ടെത്താനാവാതെ വിയര്‍ത്തു. ഒടുവില്‍ 10 പന്തുകളില്‍ രണ്ട് റണ്‍സ് എടുത്ത ദേവ്ദത്തിനെ റാഷിദ് ഖാന്‍ മുഹമ്മദ് ഷമിയുടെ കൈയ്യിലെത്തിച്ചു. പിന്നീട് എല്ലാ പ്രതീക്ഷയും ജോസ് ബട്‌ലറിലായിരുന്നു. പക്ഷേ തൊട്ടടുത്ത ഓവറില്‍ ബട്‌ലറും പുറത്തായി. പാണ്ഡ്യയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്ക് ക്യാച്ച് നല്‍കി ബട്‌ലര്‍ മടങ്ങി. 35 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയുടെ സഹായത്തോടെ 39 റണ്‍സാണ് ബട്‌ലര്‍ നേടിയത്. ബട്‌ലര്‍ പുറത്തായ ശേഷം ഷിംറോണ്‍ ഹെറ്റ്‌മെയറും അശ്വിനും എത്തിയെങ്കിലും രണ്ട് ബൗണ്ടറി നേടിയെ ഹെറ്റ്‌മെയറെ ഹാര്‍ദിക് പുറത്താക്കി. 11 റണ്‍സ് സംഭാവന.

ഇതോടെ 94 ന് അഞ്ച് വിക്കറ്റ് എന്ന സ്‌കോറിലേക്ക് രാജസ്ഥാന്‍ കൂപ്പുകുത്തി. പിന്നാലെ വന്നത് പോലെ അശ്വിനും മടങ്ങി. ആറ് റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. 16.2 ഓവറിലാണ് ടീം സ്‌കോര്‍ 100 കടന്നത്. റിയാന്‍ പരാഗും ട്രെന്റ് ബോള്‍ട്ടുമാണ് അവസാന ഓവറുകളില്‍ രാജസ്ഥാനു വേണ്ടി രക്ഷാപ്രവര്‍ത്തനം നടത്തിയത്. പക്ഷേ ടീം സ്‌കോര്‍ 112ല്‍ നില്‍ക്കേ ട്രെന്റ് ബോള്‍ട്ട് പുറത്തായി. 11 റണ്‍സെടുത്ത ബോള്‍ട്ടിനെ സായ് കിഷോര്‍ തെവാത്തിയയുടെ കൈയ്യിലെത്തിച്ചു. ബോള്‍ട്ടിന് പകരം ഒബെഡ് മക്കോയിയാണ് ക്രീസിലെത്തിയത്. ഒരു സിക്‌സടിച്ചുകൊണ്ട് മക്കോയ് ടീം സ്‌കോര്‍ 120 കടത്തി. റിയാന്‍ പരാഗ് അവസാന ഓവറുകളില്‍ പരാജയമായി. ഗുജറാത്തിന് വേണ്ടി നായകന്‍ ഹാര്‍ദിക് പാണ്ഡ്യ നാലോവറില്‍ 17 റണ്‍സ് വിട്ടുനല്‍കി മൂന്നുവിക്കറ്റെടുത്തു.

india

രാജസ്ഥാനില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച സംഭവം; ബിജെപി നേതാവിന് മൂന്ന് വര്‍ഷം തടവ്

രജാവത്തിന് പുറമെ ഇയാളുടെ സഹായി മഹാവീര്‍ സുമനും മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.

Published

on

രാജസ്ഥാനില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച സംഭവത്തില്‍ മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ ഭവാനി സിങ് രജാവത്തിന് മൂന്ന് വര്‍ഷം തടവ് വിധിച്ച് കോടതി.

2022ല്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെ തല്ലിയ കേസില്‍ ബിജെപി നേതാവും മുന്‍ രാജസ്ഥാന്‍ എംഎല്‍എയുമായ ഭവാനി സിംഗ് രജാവത്തിനെ കോട്ടയിലെ പ്രത്യേക കോടതി വ്യാഴാഴ്ച മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു. രജാവത്തിന് പുറമെ ഇയാളുടെ സഹായി മഹാവീര്‍ സുമനും മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. എസ്സി/എസ്ടി കോടതി ഇരുവര്‍ക്കും 30,000 രൂപ പിഴയും വിധിച്ചു. ശിക്ഷ സസ്പെന്‍ഡ് ചെയ്യാന്‍ കോടതി ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

അന്നത്തെ ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ രവികുമാര്‍ മീണയുടെ തോളില്‍ കയ്യിടുക മാത്രമാണ് താന്‍ ചെയ്തതെന്നും തല്ലിയിട്ടില്ലെന്നും വിധി ന്യായത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ രജാവത്ത് അവകാശപ്പെട്ടു. വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ക്ഷേത്രത്തിന് സമീപമുള്ള റോഡിന്റെ അറ്റകുറ്റപ്പണി നിര്‍ത്തിയതിന് മുന്‍ എംഎല്‍എ മറ്റ് ബി ജെ പി പ്രവര്‍ത്തകര്‍ക്കൊപ്പം തന്റെ ഓഫീസിലേക്ക് ഇരച്ചുകയറുകയായിരുന്നുവെന്ന് ആരോപിച്ച് 2022 മാര്‍ച്ചില്‍ നയാപുര പോലീസ് സ്റ്റേഷനില്‍ മീണ രജാവത്തിനെതിരെ പരാതി നല്‍കിയത് ശ്രദ്ധേയമാണ്.

പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും രജാവത്തിനെയും സുമനെയും 2022 ഏപ്രില്‍ 1 ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. രാജസ്ഥാന്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതിന് ശേഷം 10 ദിവസത്തിന് ശേഷം ജയിലില്‍ നിന്ന് പുറത്തിറങ്ങി.

 

 

 

Continue Reading

india

ഉറങ്ങിക്കിടന്ന ശബരിമല തീര്‍ഥാടകന്റെ ദേഹത്ത് ബസ് കയറി; യുവാവിന് ദാരുണാന്ത്യം

തമിഴ്‌നാട് തിരുവള്ളൂര്‍ ജില്ലയിലെ പുന്നപ്പാക്കം സ്വദേശി വെങ്കല്‍ ഗോപിനാഥ് (25) ആണ് മരിച്ചത്.

Published

on

ഉറങ്ങിക്കിടന്ന ശബരിമല തീര്‍ഥാടകന്റെ ദേഹത്ത് ബസ് കയറി യുവാവിന് ദാരുണാന്ത്യം. തമിഴ്‌നാട് തിരുവള്ളൂര്‍ ജില്ലയിലെ പുന്നപ്പാക്കം സ്വദേശി വെങ്കല്‍ ഗോപിനാഥ് (25) ആണ് മരിച്ചത്. ഉറങ്ങുകയായിരുന്ന ഗോപിനാഥിന്റെ ദേഹത്ത് ബസ് കയറുകയായിരുന്നു. നിലയ്ക്കലിലെ പത്താം നമ്പര്‍ പാര്‍ക്കിങ് ഏരിയയില്‍ വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.

തമിഴ്‌നാട്ടില്‍ നിന്നും തീര്‍ഥാടകരുമായി എത്തിയ ബസ്സാണ് അപകടത്തിന് ഇടയാക്കിയത്. ദര്‍ശന ശേഷം മടങ്ങിയെത്തിയ ഗോപിനാഥ് പാര്‍ക്കിങ് ഏരിയയിലെ നിലത്ത് ഉറങ്ങുകയായിരുന്നു. പിന്നിലേക്ക് എടുത്ത ബസ് ഗോപിനാഥിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങി. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇയാള്‍ മരിച്ചു. മൃതദേഹം നിലയ്ക്കല്‍ ഗവ. ആശുപത്രിയിലേക്ക് മാറ്റി.

 

Continue Reading

india

മുംബൈ ബോട്ട് അപകടം; കാണാതായ ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തിയതോടെ മരണം 14 ആയി

43 വയസ്സ് പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

Published

on

 

മുംബൈയില്‍ നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. 43 വയസ്സ് പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബോട്ടിന് സമീപത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി.

അതേസമയം കാണാതായ ഏഴ് വയസുകാരനുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാണാതായവരെ കണ്ടെത്തുന്നതിനായി നാവികസേനയുടെ ഹെലികോപ്റ്ററും നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും ബോട്ടുകളും വിന്യസിച്ചിട്ടുണ്ട്.

മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റ് ദ്വീപിലേക്ക് സഞ്ചരിച്ച നീല്‍ കമല്‍ എന്ന ബോട്ടാണ് നാവിക സേനയുടെ സ്പീഡ് ബോട്ടട്ടിടിച്ച് മറിഞ്ഞത്. 10 യാത്രക്കാരുടെയും മൂന്ന് നാവിക ഉദ്യോഗസ്ഥരുടെയും മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.

80 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ടില്‍ അഞ്ചു ജീവനക്കാര്‍ ഉള്‍പ്പെടെ 110ലേറെ പേരാണ് യാത്ര ചെയ്തത്.

 

Continue Reading

Trending