അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തെ ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. 22 വര്‍ഷമായി അധികാരത്തിലിരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെ ഏതു വിധേനയും താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുലിന്റെ അങ്കം. ഇതിനായി 40 അംഗ രഹസ്യസേനയെ ഏര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. എന്‍.ഡി.ടി.വിയാണ് രാഹുലിന്റെ പുതിയ നീക്കത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
സാധാരണ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുകൊണ്ട് ജനവികാരം മനസ്സിലാക്കി മുന്നോട്ട് പോകലാണ് ലക്ഷ്യം വെക്കുന്നത്. സംഘത്തിന് രഹസ്യസ്വഭാവം വേണമെന്നാണ് നിര്‍ദ്ദേശമെന്ന് സംഘത്തിലെ ഒരാള്‍ പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട് കാര്യങ്ങള്‍ മനസ്സിലാക്കി അവ ടീം ലീഡറിന് നല്‍കും. ലീഡര്‍ പിന്നീട് രാഹുല്‍ഗാന്ധിയെ അറിയിക്കും-ഇങ്ങനെയാണ് സേനയുടെ പ്രവര്‍ത്തനം. കൂടാതെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പിലേക്ക് ജനപ്രീതിയുള്ള 182 സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കേണ്ടതും സേനയുടെ പ്രവര്‍ത്തനമാണ്. അടുത്തിടെ തെരഞ്ഞെടുപ്പ് നടന്ന ഗോവയിലും പഞ്ചാബിലും ഇത്തരത്തിലുള്ള സേനയുടെ പ്രവര്‍ത്തനഫലമായാണ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. ഇവിടെ കോണ്‍ഗ്രസ്സിന് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചിരുന്നു. രാഹുല്‍ഗാന്ധി നേതൃത്വം കൊടുത്ത് നടത്തുന്ന ഈ ഗ്രൂപ്പിനെ ക്കുറിച്ച് മുതിര്‍ന്ന നേതാക്കളായ ഭരത് സിംഗ് സോളങ്കി, അശോക് ഗെലോട്ട് തുടങ്ങിയവര്‍ക്കും അറിവുണ്ട്. എന്നാല്‍ സേനയില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് അവര്‍ക്ക് വ്യക്തമായ ധാരണില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ളവരെ സ്ഥാനാര്‍ഥികളായി കണ്ടെത്താനാണ് രാഹുലിന്റെ നിര്‍ദ്ദേശം.
14 മണ്ഡലങ്ങളില്‍ ഇതിനോടകം ഇവരുടെ പ്രവര്‍ത്തനം നടത്തിക്കഴിഞ്ഞു. ഈ മാസം 20ന് മുമ്പ് തന്നെ സ്ഥാനാര്‍ഥികളെ കണ്ടെത്തിയിരിക്കണം. ഡിസംബര്‍ 9നും 14നും രണ്ടു ഘട്ടങ്ങളിലായാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 18ന് തെരഞ്ഞെടുപ്പ്ഫലം പുറത്തുവരും.