X

ദളിത് പ്രവര്‍ത്തകന്റെ മരണം: ഗുജറാത്ത് സര്‍ക്കാറിനെതിരെ വ്യാപക പ്രതിഷേധം

അഹമ്മദാബാദ്: ദളിത് പ്രവര്‍ത്തകന്‍ ഭാനുഭായി വന്‍കറിന്റെ മരണത്തിനു പിന്നാലെ ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. മുഖ്യമന്ത്രിക്കും ബി.ജെ.പി സര്‍ക്കാറിനുമെതിരെ രൂക്ഷ വിര്‍ശനവുമായി സ്വതന്ത്ര എം.എല്‍.എ ജിഗ്നേഷ് മേവാനി, പട്ടീദാര്‍ സമര നേതാവ് ഹര്‍ദിക് പട്ടേല്‍, കോണ്‍ഗ്രസ് എം.എല്‍.എ അല്‍പേഷ് താക്കൂര്‍ എന്നിവര്‍ രംഗത്തെത്തി.

മരണപ്പെട്ട ഭാനുഭായിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ ബി.ജെ.പി എം.എല്‍.എയെ ജനക്കൂട്ടം ചെരിപ്പെറിഞ്ഞ് ഓടിച്ചു. മുഖ്യമന്ത്രി വിജയ് രൂപാണി നര്‍മദയില്‍ മുങ്ങുകയാണ് വേണ്ടതെന്നും ഗുജറാത്ത് രൂപാണിയുടെ പിതാവിന്റേതല്ലെന്നും മരണ വീട് സന്ദര്‍ശിച്ച ശേഷം ജിഗ്നേഷ് മേവാനി പറഞ്ഞു. അഹമ്മദാബാദ്-ഗാന്ധി നഗര്‍ പാത ദളിത് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഭാനുഭായിയുടെ മരണത്തില്‍ ശക്തമായ നടപടി വേണമെന്നും കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും അല്‍പേഷ് താക്കൂര്‍ ആവശ്യപ്പെട്ടു. ദളിത് കുടുംബത്തിന് അനുവദിച്ച ഭൂമി നല്‍കണമെന്നാവശ്യപ്പെട്ട് പട്ടാനിലെ കലക്ട്രേറ്റിന് മുന്നില്‍ സ്വയം തീകൊളുത്തി ഗുരുതരമായി പൊള്ളലേറ്റ ഭാനുഭായി കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഹേമാബന്‍, രമാഭായി എന്നീ ദളിത് കുടുംബവുമായി കലക്ട്രേറ്റിലെത്തിയ ഭാനുഭായ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഗാന്ധി നഗര്‍, ഉനാ, ചനാസാമ, പട്ടാന്‍ മോര്‍ബി, തുടങ്ങിയ സ്ഥലങ്ങളില്‍ ദളിത് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. തങ്ങളുടെ ഏഴോളം ആവശ്യങ്ങള്‍ അംഗീകരിക്കാതെ ആസ്പത്രിയില്‍ നിന്നും ഭാനുഭായിയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നാണ് കുടുംബം പറയുന്നത്. ആസ്പത്രിയില്‍ എത്തിയ ബി.ജെ.പി എം.എല്‍.എമാരായ കദി കര്‍സന്‍ സോളങ്കി, ഹിതു കനോദിയ എന്നിവര്‍ക്കു നേരെ ചെരിപ്പുകളെറിഞ്ഞു. ഇരുവരേയും മൃതദേഹം കാണാന്‍ അനുവദിച്ചില്ല. അതേ സമയം ഹര്‍ദിക് പട്ടേല്‍, അല്‍പേഷ് താക്കൂര്‍, മേവാനി എന്നിവരെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കുടുംബവുമായി സംസാരിക്കുന്നതിനായി ഗാന്ധി നഗര്‍ കലക്ടര്‍, ഐ.ജി, സാമൂഹ്യ വകുപ്പ് സെക്രട്ടറി എന്നിവരെ അയച്ചെങ്കിലും ചര്‍ച്ച പരാജയപ്പെട്ടു. കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ചെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും ഉറപ്പുകള്‍ എഴുതി നല്‍കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കുടുംബത്തിന് ഭൂമിയും ധനസഹായമായി എട്ടു ലക്ഷം രൂപയും നല്‍കുമെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ അറിയിച്ചു. റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി അധ്യക്ഷനായി പ്രത്യേക ടീമിനെ അന്വേഷണ കമ്മീഷനായി സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

ജിഗ്നേഷിനെ ആക്രമിച്ച് അറസ്റ്റ്; കാറിന്റെ ചില്ലുകള്‍ തകര്‍ത്തു

അഹമ്മദാബാദ്: ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്നേഷ് മേവാനിയെ പൊലീസ് ആക്രമിച്ച് അറസ്റ്റു ചെയ്തതായി പരാതി. അഹമ്മദാബാദിലെ സാരംഗ്പൂരില്‍ ദളിത് നേതാവ് ഭാനു ഭായ് വന്‍കാറിന്റെ മരണത്തില്‍ പ്രതിഷേധിച്ച് അഹമ്മദാബാദില്‍ റാലി നടത്താനായി എത്തിയതായിരുന്നു ജിഗ്നേഷ്. കാറില്‍ നിന്നും വലിച്ചിറക്കിക്കൊണ്ടു പോയാണ് എം.എല്‍.എയെ അറസ്റ്റു ചെയ്തതെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. എം.എല്‍.എയുടെ കാറിന്റെ ചില്ലു തകര്‍ത്താണ് പിടിച്ചിറക്കിയതെന്നും പരാതിയുണ്ട്. ജിഗ്നേഷിനെ പൊലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടു.

chandrika: