X

ജി.എസ്.ടി: ഔദ്യോഗിക പ്രഖ്യാപനം 30ന് അര്‍ധരാത്രി

 

ന്യൂഡല്‍ഹി: ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വരുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ജൂണ്‍ 30ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നിര്‍വഹിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.
അര്‍ധരാത്രി 12 മണിക്കായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. ആ നിമിഷം മുതല്‍ തന്നെ പുതിയ നികുതിഘടന രാജ്യത്ത് പ്രാബല്യത്തില്‍ വരികയും ചെയ്യും.
രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് തുടങ്ങിയവര്‍ക്കു പുറമെ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിക്കുമെന്ന് ജെയ്റ്റ്‌ലി വ്യക്തമാക്കി. പ്രത്യേക പാര്‍ലമെന്റ് സമ്മേളനമാണോ ചേരുന്നതെന്ന ചോദ്യത്തിന്, കേവലം ചടങ്ങ് മാത്രമാണെന്നായിരുന്നു ജെയ്റ്റ്‌ലിയുടെ മറുപടി.
ജി.എസ്.ടി കേന്ദ്ര സര്‍ക്കാറിന്റെ നികുതി വരുമാനത്തെ ബാധിക്കില്ലെന്ന് ചോദ്യത്തിന് മറുപടിയായി ജെയ്റ്റ്‌ലി പറഞ്ഞു. ചെറിയ കാലത്തേക്ക് സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിടും. എന്നാല്‍ ഇത് നീണ്ടുനില്‍ക്കില്ല. നികുതിപരിധിയുടെ വ്യാപ്തി വര്‍ധിക്കുന്നതിനാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ വരുമാനത്തില്‍ വര്‍ധനവുണ്ടാകും. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചക്കും ഇത് വഴിയൊരുക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
ചില സംസ്ഥാന സര്‍ക്കാറുകള്‍ ഉന്നയിച്ച തടസ്സവാദങ്ങളെതുടര്‍ന്ന് ജി.എസ്.ടി നടപ്പാക്കുന്നത് നീണ്ടുപോയിട്ടുണ്ട്. ആ സംസ്ഥാനങ്ങളിലെ വ്യാപാരികള്‍ക്ക് തന്നെയാണ് അതിന്റെ നഷ്ടം നേരിട്ടത്. ഒരേ ഉത്പന്നത്തിന് അത്രയും കാലംകൂടി അവര്‍ ഇരട്ട നികുതി നല്‍കേണ്ടി വന്നു.
കേരളവും ജമ്മുകശ്മീരും ഒഴികെയുള്ള സംസ്ഥാനങ്ങളെല്ലാം ജി.എസ്.ടി ബില്ലുകള്‍ പാസാക്കിയിട്ടുണ്ട്. കേരളം ഈയാഴ്ച പാസാക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

chandrika: