മനുഷ്യര്‍ക്കിടയില്‍ അസമത്വം വളര്‍ത്തുക എന്നതാണ് ഫാസിസത്തിന്റെ അടിസ്ഥാന രീതി. മതപരവും ജാതീയവുമായ വ്യത്യസ്തതകളെ അസമത്വത്തിനുള്ള തട്ടുകളാക്കി പരസ്പരം വെറുപ്പ് വളര്‍ത്തി വിഘടിപ്പിച്ചാണ് ഇന്ത്യന്‍ ഫാസിസവും നിലനില്‍ക്കുന്നത്. ഈ അസമത്വ നിര്‍മിതിയാണ് സാമ്പത്തികരംഗത്തും കേന്ദ്ര ഭരണകൂടം നടപ്പില്‍വരുത്തിക്കാണ്ടിരിക്കുന്നത്. ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ ജേതാവുമായ ഡോ. അമര്‍ത്യാസെന്‍ കഴിഞ്ഞ ദിവസം രാജ്യം നേരിടുന്ന തകര്‍ച്ചയെകുറിച്ച് കടുത്ത ഭാഷയില്‍ ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്തി ന്റെ സാമൂഹികഘടനയിലും സാമ്പത്തികഘടനയിലും വലിയ ആഘാതങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കുന്നുവെന്ന് അദ്ദേഹം മുന്നറിയിപ്പുനല്‍കി.
ജനാധിപത്യ രാജ്യത്തെ വര്‍ഗീയമായി ധ്രുവീകരിച്ച് അസമത്വം നയമായി പ്രഖ്യാപിച്ച് ഭരണം കൈക്കലാക്കിയവര്‍, കോര്‍പറേറ്റുകള്‍ക്ക് രാജ്യത്തെ തീറെഴുതി നല്‍കിയതിന്റെ അനന്തര ഫലങ്ങളാണ് നാം അനുഭവിക്കുന്നതെന്ന് വിലയിരുത്തുകയാണ് നിരീക്ഷകര്‍. വെറുപ്പും വിദ്വേഷവും ഉളവാക്കുന്ന നയങ്ങള്‍ കൊണ്ട് സാമൂഹിക ഘടനയില്‍ വിള്ളലുകളുണ്ടാക്കിയത് പോലെ രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലും വിനാശകരമായ നയങ്ങള്‍ നടപ്പിലാക്കുകയാണ് സര്‍ക്കാര്‍. നോട്ടുനിരോധനം പോലുള്ള തലതിരിഞ്ഞ നടപടികളുടെ ആഘാതത്തില്‍നിന്ന് സമ്പദ്ഘടന ഇനിയും മുക്തമായിട്ടില്ല. ഇന്ത്യന്‍ സമ്പദ്ഘടനയുടെ വിശ്വാസ്യതയും ഭദ്രതയും ഇല്ലാതാക്കിയ ഇത്തരം നടപടികളുടെ തുടര്‍ച്ചയാണ് മോദി ഗവണ്മെന്റിന്റെ സാമ്പത്തികനയവും. പാര്‍ശ്വവത്കൃതരായ സാധാരണ പൗരന്മാര്‍ക്കും അധ്വാനിക്കുന്നവര്‍ക്കും കര്‍ഷകര്‍ക്കും ചെറുതും ഇടത്തരവുമായ കച്ചവടങ്ങള്‍ നടത്തുന്നവര്‍ക്കും ഭരണകൂടം യാതൊരു പരിഗണയും നല്‍കുന്നില്ല. കടവും ബാങ്ക് വായ്പയും കാര്‍ഷിക നഷ്ടവും തൊഴിലില്ലായ്മയുംകൊണ്ട് വലഞ്ഞിരിക്കുന്ന മനുഷ്യര്‍ രാജ്യത്ത് പെരുകുന്നു. അസമത്വസൃഷ്ടിപ്പിനായുള്ള പരക്കംപാച്ചിലില്‍ ദരിദ്ര കോടികളുടെ നിത്യജീവിതം നരക തുല്യമാക്കുന്ന ഭരണകൂടം, കോര്‍പറേറ്റുകള്‍ക്ക്‌വേണ്ടി ശതകോടികളുടെ കിട്ടാക്കടം എഴുതിതള്ളിയും കോടികളുടെ നികുതിയിളവുകള്‍ പ്രഖ്യാപിച്ചും പരസ്യമായ കൊള്ളയടികള്‍ക്ക് കൂട്ടുനില്‍ക്കുന്നു. ലോകത്തെ ഏറ്റവും വലിയ വ്യവസായമായ ചില്ലറ വ്യാപാരം ഇന്ത്യയില്‍ കോര്‍പറേറ്റുകളുടെ കയ്യില്‍ അമര്‍ന്നുകഴിഞ്ഞിരിക്കുന്നു. രാജ്യത്തെ നാലിലൊന്ന് വരുന്ന, കോടിക്കണക്കിന് മനുഷ്യരുടെ ജീവിതോപാധിയായ റീട്ടെയില്‍ കമ്പോളം അനതിവിദൂരമല്ലാത്ത ഭാവിയില്‍ പൂര്‍ണമായും രണ്ടോ മൂന്നോ കോര്‍പറേറ്റുകളുടെ കയ്യിലാവും. മുറുക്കാന്‍ കടയും തെരുവുകച്ചവടവും തട്ടുകടയുമായി സ്വയംതൊഴില്‍ കണ്ടെത്തിയിരുന്ന മനുഷ്യരെ പട്ടിണിയിലേക്ക് തള്ളിവിടുന്ന ഈയവസ്ഥക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കാനിടയില്ല. വിലക്കയറ്റത്തിലും പണപ്പെരുപ്പത്തിലും ആടിയുലഞ്ഞിരിക്കുന്ന സമ്പദ് വ്യവസ്ഥകൂടിയായപ്പോള്‍ കോടിക്കണക്കിന് ജനജീവിതം പ്രതീക്ഷയറ്റ നിലയിലായിരിക്കുന്നു.
ഒരു രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിതിയുടെ അളവുകോലാണ് ആ രാജ്യത്തിന്റെ കറന്‍സിയുടെ വിനിമയ മൂല്യനിരക്ക്. നമ്മുടെ രൂപ മറ്റു കറന്‍സികള്‍ക്കുമുന്നില്‍ തലകുനിച്ച് നില്‍ക്കുന്നു. പതിനേഴ് വര്‍ഷത്തെ ഏറ്റവും വലിയ പണപ്പെരുപ്പത്തില്‍ മൂക്കുകുത്തി നില്‍ക്കുകയാണ് ഇന്ത്യന്‍ രൂപ. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഇറക്കുമതി ചെലവ് വന്‍തോതില്‍ വര്‍ധിച്ചു. കയറ്റുമതിയില്‍ ഇടിവുമുണ്ടായി. മോദി അധികാരമേല്‍ക്കുമ്പോള്‍ രൂപയുടെ മൂല്യം 45.32 ആയിരുന്നു. ഇപ്പോഴത് 79.37 ആയി ഇടിഞ്ഞു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയിലുണ്ടായ മൂല്യ ഇടിവ് 34 രൂപയോളമാണ്. ഇതുമൂലം ചരിത്രത്തിലില്ലാത്ത പണപ്പെരുപ്പമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. സ്വാഭാവികമായും വിലക്കയറ്റവും അതിന്റെ പരകോടിയിലേക്ക് കുതിക്കുന്നു. രൂപയുടെ വില ഇടിഞ്ഞതോടെ ഓഹരി, കടപ്പത്ര വിപണിയില്‍നിന്ന് വിദേശ നിക്ഷേപം വന്‍തോതിലാണ് പിന്‍വലിക്കപെട്ടത്. രൂപയുടെ തളര്‍ച്ച ഇറക്കുമതിച്ചെലവ് വര്‍ധിപ്പിക്കും. മൂല്യം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്കിന് ചെയ്യാനാവുക കൈയ്യിലുള്ള കരുതല്‍ ശേഖരത്തില്‍നിന്ന് ഡോളര്‍ വില്‍ക്കുകയാണ്. ഇത്തരത്തില്‍ കരുതല്‍ ശേഖരത്തില്‍നിന്ന് ഇതുവരെ 6500 കോടി ഡോളര്‍ റിസര്‍വ് ബാങ്ക് വില്‍പ്പന നടത്തി. കൂടാതെ അടിസ്ഥാന പലിശനിരക്ക് വര്‍ധിപ്പിച്ചു. രണ്ടു വര്‍ഷത്തിലേറെയായി നാലു ശതമാനത്തില്‍ നിന്നിരുന്ന റിപ്പോ നിരക്ക് അഞ്ച് ആഴ്ചക്കിടെ നാലില്‍നിന്ന് 4.9 ശതമാനമാക്കി. സെപ്തംബറില്‍ 64,200 കോടി ഡോളറായിരുന്ന വിദേശ നാണ്യശേഖരം ഈ മാസം 57,700 കോടിയായി കുറഞ്ഞു. എന്നിട്ടും രൂപയുടെ മൂല്യം തിരിച്ചു പിടിക്കാന്‍ സാധിച്ചിട്ടില്ല. രാജ്യത്തിന്റെ ഉത്പാദന മേഖല ഇതോടെ മന്ദീഭവിച്ച് സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. വിലക്കയറ്റം ഉള്‍പ്പെടെയുള്ള ഇതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത് രാജ്യത്തെ ജനകോടികളാണ്.
2014ല്‍ നരേന്ദ്രമോദി ഭരണമേറ്റശേഷം രാജ്യത്തിന്റെ ജനാധിപത്യ, മതനിരപേക്ഷ, ഫെഡറല്‍ ഘടനക്ക് ഗുരുതരമായ ആഘാതങ്ങളാണ് ഭരണകൂടം ഏല്‍പിച്ചു കൊണ്ടിരിക്കുന്നത്. സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചുകൊണ്ട് രൂപയുടെ മൂല്യം കുത്തനെ ഇടിയുകയും വിലക്കയറ്റം രൂക്ഷമാവുകയും ചെയ്യുന്നതിനിടയിലാണ്, ഒമ്പത് മാസത്തെ ഇടവേളക്ക് ശേഷം, ചരക്ക് സേവന നികുതി (ജി.എസ്.ടി) കൗണ്‍സില്‍ ചണ്ഡീഗഢില്‍ യോഗം ചേര്‍ന്നത്. കാര്യങ്ങളെ കൂടുതല്‍ വഷളാക്കുന്ന നിലയിലാണ് ജി.എസ്.ടി കൗണ്‍സിലിലും തീരുമാനങ്ങളുണ്ടായിട്ടുള്ളത്. ജി.എസ.്ടി കൗണ്‍സിലില്‍ അഭിപ്രായ സമന്വയത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുന്നതിനുപകരം തങ്ങളുടെ നിലപാടുകള്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് സംസ്ഥാനങ്ങള്‍ പരാതി പറയുന്നു. സംസ്ഥാനങ്ങള്‍ക്കുള്ള ജി.എസ്.ടി നഷ്ടപരിഹാരം സംബന്ധിച്ച് പതിനേഴ് സംസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടും കൗണ്‍സില്‍ തീരുമാനമെടുത്തില്ല. ചരക്കുസേവന നികുതി നിയമനിര്‍മാണത്തില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും തുല്യ അധികാരമുണ്ടെന്ന സുപ്രീംകോടതി വിധിയുടെ അന്തഃസത്ത പോലും ഉള്‍ക്കൊള്ളാന്‍ കേന്ദ്രം തയ്യാറായില്ല. ജനാധിപത്യ, ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായാണ് കേന്ദ്രം മുന്നോട്ട്‌പോകുന്നതെന്ന് ചുരുക്കം.
ഭക്ഷ്യവസ്തുക്കളും കത്തിയും സ്പൂണും അടക്കമുള്ള അടുക്കള ഉപകരണങ്ങളുടെപോലും ജി.എസ്.ടി കുത്തനെ ഉയര്‍ത്തിയത് വിലക്കയറ്റം അതിരൂക്ഷമാക്കിയിരിക്കുന്നു. പായ്ക്ക് ചെയ്ത ഇറച്ചി, മീന്‍, തൈര്, മോര്, ലസ്സി, പനീര്‍, പയറിനങ്ങള്‍, ഗോതമ്പ് അടക്കമുള്ള ധാന്യങ്ങള്‍, ഗോതമ്പുപൊടി, ശര്‍ക്കര തുടങ്ങിയഭക്ഷ്യവസ്തുക്കള്‍ക്കും പായ്ക്ക് ചെയ്ത ജൈവവളം, ചകിരിച്ചോറ് കമ്പോസ്റ്റ് എന്നീ ഉത്പന്നങ്ങള്‍ക്കും അഞ്ചു ശതമാനം ജി.എസ്.ടി പുതിയതായി ഈടാക്കാനാണ് തീരുമാനം. ഇതോടെ സാധാരണക്കാരായ മനുഷ്യരെ കടുത്ത പ്രതിസന്ധിയിലേക്കാണ് സര്‍ക്കാര്‍ തള്ളിവിട്ടിരിക്കുന്നത്. കോര്‍പറേറ്റുകളെ സഹായിക്കാന്‍ പെട്രോളിയം ഉത്പന്നങ്ങളുടെ ആഗോള വിപണിയെ പരിഗണിക്കാതെ സര്‍ക്കാര്‍ വില ഉയര്‍ത്തിക്കൊണ്ടേയിരുന്നു. അതോടെ ഭക്ഷ്യോത്പന്നങ്ങള്‍ക്കെല്ലാം ദിനംപ്രതി വില ഉയരുന്ന സ്ഥിതിയായി. അതിനിടെ കോവിഡ് മഹാമാരിയും വന്നെത്തി. കോവിഡാനന്തരം തീര്‍ത്തും ദുസ്സഹമായ ജീവിതം നയിക്കുന്ന സാധാരണക്കാരിലേക്കാണ് ഈ ബാധ്യതകള്‍ പെയ്തിറങ്ങുന്നത്. പ്രതിവിധികള്‍ തേടുന്ന മനുഷ്യരെ ദ്രോഹിക്കുന്ന ഭരണകൂട നടപടികള്‍ക്കെതിരെ ദുര്‍ബലമായ പ്രതിഷേധങ്ങള്‍ പോലും സംഭവിക്കുന്നില്ല. ജയ് ജവാന്‍, ജയ് കിസാന്‍ എന്നായിരുന്നു ലാല്‍ബഹാദൂര്‍ ശാസ്ത്രി മുന്നോട്ട്‌വെച്ച മദ്രാവാക്യം. മോദിയുടെ ഇന്ത്യയില്‍ കര്‍ഷകര്‍ രാജ്യത്തിന്റെ തെരുവില്‍ നഗ്‌നപാദരായി ചുട്ടുപൊള്ളി സമരം ചെയ്തു. ഇന്നിതാ ജവാന്‍മാരാകാന്‍ കാത്തിരുന്ന യുവാക്കളും ‘അഗ്‌നിപഥി’ന്റെ പേരില്‍ തെരുവിലാണ്. അഭ്യസ്തവിദ്യരും തൊഴില്‍രഹിതരും കര്‍ഷകരും കച്ചവടക്കാരും ദരിദ്രരും മതന്യൂനപക്ഷങ്ങളും രാജ്യഭരണത്തില്‍ പൊറുതിമുട്ടിയിരിക്കുന്നു. ചരിത്രത്തില്‍ സാമ്രാജ്യങ്ങള്‍ തകരാനുള്ളതൊക്കെ ഇവിടെ ആസന്നമായിട്ടുണ്ട്. ജനാധിപത്യ സമര മുറകളിലൂടെ അത് സംഭവിക്കേണ്ടതുണ്ട്. രണ്ടു ദിവസംമുമ്പ് കല്‍ക്കത്തയില്‍ ഡോ. അമര്‍ത്യാസെന്നിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു: ‘എനിക്ക് ഭയമുണ്ടോ എന്ന് ആരെങ്കിലും എന്നോട് ചോദിച്ചാല്‍, ഞാന്‍ ‘അതെ’ എന്ന് പറയും. ഭയപ്പെടാന്‍ എനിക്ക് കാരണങ്ങളുണ്ട്. രാജ്യത്തെ നിലവിലെ സ്ഥിതിഗതികള്‍ ഭീതിജനകമായിരിക്കുകയാണ്’.