X

സൈബര്‍ തട്ടിപ്പുകാര്‍ക്കായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കുന്ന സംഘം സജീവമെന്ന് കണ്ടെത്തല്‍

കൊച്ചി: സംസ്ഥാനമൊട്ടാകെ സൈബര്‍ തട്ടിപ്പുകാര്‍ക്കായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സംഘടിപ്പിച്ചു നല്‍കുന്ന മലയാളികള്‍ ഉള്‍പ്പെട്ട റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തല്‍. തൃശൂര്‍ സ്വദേശിനിക്കുണ്ടായ ദുരനുഭവത്തെ തുടര്‍ന്ന് കൊച്ചിയിലെ സൈബര്‍ സെക്യൂരിറ്റി ഫൗണ്ടേഷന്‍ നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍. ഞൊടിയിടയില്‍ നിക്ഷേപം ഇരട്ടിയാകുമെന്ന വാഗ്ദാനത്തെ തുടര്‍ന്ന് തൃശൂര്‍ സ്വദേശിനി ട്രേഡിംഗ് ചെയ്യാനായി സുഹൃത്തിന് പുതിയ ബാങ്ക് അക്കൗണ്ടും രേഖകളും കൈമാറിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഗുജറാത്ത് പൊലീസ് സംഘം വീട്ടിലെത്തിയപ്പോഴാണ് ഇതിലെ ചതിക്കുഴി യുവതി തിരിച്ചറിഞ്ഞത്. യുവതിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വഴി എട്ട് കോടിയിലധികം രൂപ സൈബര്‍ തട്ടിപ്പുകാര്‍ കൈക്കലാക്കി കൈമാറ്റം ചെയ്തത്. യുവതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ്, സത്യാവസ്ഥ തിരിച്ചറിഞ്ഞ് നോട്ടീസ് മാത്രം നല്‍കി മടങ്ങുകയായിരുന്നു. കേസ് ഇപ്പോഴും തുടരുകയാണ്. യുവതിയുടെ നസഹായാവസ്ഥ തിരിച്ചറിഞ്ഞാണ് കൊച്ചിയിലെ സൈബര്‍ സെക്യൂരിറ്റി ഫൗണ്ടേഷന്‍ അന്വേഷണം തുടങ്ങിയത്.

നേരത്തെ വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളിലുള്ളവരെയാണ് തട്ടിപ്പിന് ഇരയാക്കിയിരുന്നത്. പരാതിപ്പെട്ടാലും അന്വേഷണം തങ്ങളിലേക്ക് എത്താതിരിക്കാനാണ് ലക്ഷങ്ങള്‍ നല്‍കി ഇവര്‍ ബാങ്ക് അക്കൗണ്ടുകള്‍ കൈക്കലാക്കുന്നത്. ഒരു ബാങ്ക് അക്കൗണ്ടും സിമ്മും കൈമാറിയാല്‍ തട്ടിപ്പുസംഘത്തിന് ഒരു ലക്ഷം രൂപയിലേറെ ലഭിക്കും. ട്രേഡിംഗ്, മണിചെയിന്‍, ചാരിറ്റി തുടങ്ങിയ തന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ആളുകളെ വീഴ്ത്തി അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കുന്നത്. 20,000 മുതല്‍ 25,000 രൂപ വരെ നല്‍കി നിര്‍ധനരില്‍ നിന്നും അക്കൗണ്ട് വിവരങ്ങള്‍ വാങ്ങും. ആര്‍ഷകമായ കമ്മിഷന്‍ വാഗ്ദാനം ചെയ്ത് വിദ്യാര്‍ഥികളുടെ അക്കൗണ്ടു വിവരങ്ങളും റാക്കറ്റ് ചോര്‍ത്തിയിട്ടുണ്ട്. കോഴിക്കോടാണ് തട്ടിപ്പുകള്‍ അധികവും നടന്നത്.

വിദ്യാര്‍ഥികളെ തേടി രാജസ്ഥാന്‍ പൊലീസ് എത്തിയപ്പോഴാണ് സംഭവം പുറത്തായത്. ജില്ലയിലെ സ്വകാര്യ ബാങ്കില്‍ ഇവരെക്കൊണ്ട് അക്കൗണ്ട് എടുപ്പിച്ചായിരുന്നു തട്ടിപ്പ്. ഒരോ അക്കൗണ്ടിലൂടെയും 50 മുതല്‍ 80 ലക്ഷം വരെ രൂപ കൈമാറ്റം ചെയ്തു.

webdesk11: