കോഴിക്കോട്: നിരന്തരം പരാതി ഉന്നയിച്ചിട്ടും പരിഹാരം കാണാതായതോടെ മെഡിക്കല്‍ കോളേജിലെ എച്ച്.ഡി.എസ് നഴ്‌സുമാര്‍ സ്വകാര്യ ആശുപത്രികളിലേക്ക്. കഴിഞ്ഞ ദിവസം നടന്ന ആശുപത്രി വികസന സമിതി യോഗത്തില്‍ അജണ്ടയായി ചര്‍ച്ച നടന്നെങ്കിലും വിഷയത്തില്‍ അന്തിമ തിരുമാനമായില്ല.
വിഷയത്തെക്കുറിച്ച് പഠിക്കാന്‍ സബ് കമ്മിറ്റി രൂപീകരിക്കുകയാണ് ചെയ്തത്. അടുത്ത മാസം ചേരുന്ന യോഗത്തില്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ചര്‍ച്ച നടത്തി അന്തിമ തീരുമാനമുണ്ടാകും. എന്നാല്‍ വിഷയത്തില്‍ ആശുപത്രി വികസന സമിതി നടപടി വൈകിക്കുകയാണെന്ന് ആരോപിച്ച് ആശുപത്രിയിലെ ജോലി നിറുത്തി മറ്റ് സ്വകാര്യ ആശുപത്രികളിലേക്ക് പോവുകയാണ് പല നഴ്‌സുമാരും സ്വകാര്യ ആശുപത്രികളില്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയതോടെ തുടക്കം മുതല്‍ ശമ്പളം മുപ്പതിനായിരമാക്കി ഉയര്‍ത്തിയിട്ടുണ്ട്.
ഇതോടെ പല നഴ്‌സുമാരും സ്വകാര്യ ആശുപത്രികളിലേക്കും വിദേശ രാജ്യങ്ങളിലേക്കും ജോലി തേടി പോകുന്ന അവസ്ഥയാണ്. ഇത് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്ന് കേരള ഗവ. നഴ്‌സസ് യൂണിയന്‍ ഭാരവാഹികള്‍ പറയുന്നു. യോഗത്തില്‍ നടപടിയാവാത്തതിനാല്‍ നഴ്‌സുമാര്‍ സമരത്തിനൊരുങ്ങുകയാണ്.