പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍/ എന്‍.എ.എം ജാഫര്‍
മതപരവും സാംസ്‌കാരികവും രാഷ്ട്രീയവുമായ വൈവിധ്യങ്ങള്‍ക്കിടയിലും ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഏകത്വത്തില്‍. ലോകത്തിലെ ഏറ്റവും മികച്ചതും വിശാലവുമായ ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നതും വിവിധങ്ങളായ ധാരകളുടെ ഏകീകരണമാണ്. പ്രാചീന ഇന്ത്യയിലും പിന്നീട് നാട്ടുരാജാക്കന്മാരുടെ കാലത്തും സുല്‍ത്താന്‍മുഗള്‍ ഭരണത്തിലും ശേഷം ബ്രിട്ടീഷ് ആധിപത്യകാലത്തും ഇത്തരമൊരു ഏകത്വത്തിന്റെ അന്തര്‍ധാര നിലനിന്നിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആത്മാവും ഏകതാമന്ത്രത്തിലധിഷ്ഠിതമാണ്. ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിം ലീഗ് അതിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഈ ചിന്താസരണി ഉയര്‍ത്തിപ്പിടിച്ചു. ഇപ്പോള്‍ പ്രസ്ഥാനം ഏഴര പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും അതിന്റെ അന്തസത്തയില്‍ ഒട്ടും ചോര്‍ച്ചയില്ലാതെ അത് പിന്തുടരുന്നുവെന്ന് മാത്രമല്ല അതിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പ്രയോഗവത്കരിക്കുക കൂടി ചെയ്തുവരുന്നു. വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യത്തില്‍ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ മുസ്്‌ലിംലീഗ് ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യമൂല്യങ്ങള്‍ക്കധിഷ്ഠിതമായ സൗഹാര്‍ദ്ദത്തിന്റെ സാമൂഹിക ചിന്താധാരക്ക് ഏറെ പ്രസക്തി കൈവന്നിരിക്കുന്നു. രാഷ്ട്രീയത്തിനപ്പുറം മതപരവും ജാതീയവും വിഭാഗീയവുമായ പ്രചാരണങ്ങള്‍ക്കും പ്രയോഗങ്ങള്‍ക്കുമെതിരെയുള്ള മുസ്്‌ലിംലീഗ് മുന്നോട്ടുവെക്കുന്ന നേരിന്റെ രാഷ്ട്രീയത്തിന് പൊതുസമൂഹം നല്‍കുന്ന പിന്തുണ ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ടതാണ്. മുസ്്‌ലിംലീഗിന്റെ അനിഷേധ്യനായ അമരക്കാരനും പാണക്കാടിന്റെ നന്മയുടെ വെളിച്ചവുമായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തില്‍ തുടങ്ങിവെച്ച സൗഹാര്‍ദ്ദത്തിന്റെ നിറഞ്ഞ സദസ്സുകളും സ്‌നേഹകൂട്ടായ്മകളും ലോക രാഷ്ട്രീയ ഭൂപടത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. മുസ്‌ലിംലീഗിന്റെ കേരളഘടകം തുടങ്ങിവെച്ച മതസൗഹാര്‍ദ്ദത്തിന്റെ യാത്രയും കൂട്ടായ്മകളും ഇന്ത്യ മുഴുവന്‍ വ്യാപിപ്പിക്കാന്‍ ദേശീയ നേതൃത്വം സജീവമായ ഒരുക്കത്തിലാണ്. നാളെ ചെന്നൈയില്‍ നടക്കുന്ന മുസ്്‌ലിംലീഗ് ദേശീയ നിര്‍വ്വാഹക സമിതി യോഗം ഇതുസംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കും. യോഗത്തിന് മുന്നോടിയായി ഇന്ന് ചെന്നൈയില്‍ സംഘടിപ്പിക്കുന്ന ഇന്ത്യയുടെ ഒരുമയിലേക്കള്ള യാത്ര എന്ന പരിപാടി ഉദ്ഘാടനം ചെയ്യുന്നത് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ്. തമിഴ്‌നാട്ടില്‍ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരും വിവിധ മതമേലധ്യക്ഷന്മാരും സംബന്ധിക്കും. വര്‍ത്തമാനകാല ഇന്ത്യ ആഗ്രഹിക്കുന്ന സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും ഒരുമയിലേക്ക് രാജ്യത്തെ എത്തിക്കുകയാണ് ഈ കൂട്ടായ്മയിലൂടെ മുസ്്‌ലിംലീഗ് ലക്ഷ്യമാക്കുന്നത്.
ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗിന്റെ രാഷ്ട്രീയ നയവും നിലപാടുകളും ആശയങ്ങളും രാജ്യവ്യാപകമായി പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം കൂട്ടായ്മകള്‍ സംഘടിപ്പിക്കും. കേരളത്തില്‍ ഇത് വിജയകരമായി പൂര്‍ത്തിയായതോടെ ആദ്യഘട്ടത്തില്‍ തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും. എല്ലാ സംസ്ഥാന കേന്ദ്രങ്ങളിലും നടത്താനിരിക്കുന്ന ഇത്തരം കൂട്ടായ്മകളുടെ സമാപനം രാജ്യാന്തര ശ്രദ്ധയാകര്‍ഷിക്കുന്ന വിധത്തില്‍ ഡല്‍ഹിയിലും നടത്തും. മുസ്്‌ലിംലീഗിന്റെ അടുത്ത ദേശീയ ജനറല്‍ കൗണ്‍സില്‍ സമ്മേളനം ആന്ധ്രപ്രദേശില്‍ നടത്താനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മുസ്്‌ലിംലീഗിന്റെ രാഷ്ട്രീയ അടിത്തറ ശക്തിപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചുവരുന്നു. ഇതിനായി ഓര്‍ഗനൈസിംഗ് കമ്മിറ്റികള്‍ രൂപീകരിച്ച് വ്യവസ്ഥാപിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടന്നുവരുന്ന വ്യത്യസ്ത ആശയങ്ങളും ചിന്താധാരകളുമുള്ളവരെ ഒരു മേശക്കു ചുറ്റുമിരുത്തിയുള്ള ഇന്റര്‍ ഫെയ്ത്ത് ഡയലോഗിന് ദേശീയ തലത്തില്‍ മികച്ച അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്.
ദ ജേര്‍ണി ഓഫ് ഹാര്‍മണി ഇന്ത്യ എന്ന പരിപാടിയുടെ വിജയകരമായ പ്രയാണത്തെക്കുറിച്ച് നാളെ നടക്കുന്ന ദേശീയ എക്‌സിക്യൂട്ടീവ് വിശദമായി ചര്‍ച്ച ചെയ്യും. നേരത്തെ പറഞ്ഞ രീതിയില്‍ ഈ യാത്രയുടെ സമാപനം ഡല്‍ഹിയില്‍ രാജ്യാന്തര പരിപാടിയാക്കി നടത്തും. ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ എല്ലാ മതവിഭാഗങ്ങള്‍ക്കും വിഭാവനം ചെയ്യുന്ന വിശ്വാസ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും പൂര്‍ണമായ അര്‍ത്ഥത്തില്‍ രാജ്യത്ത് നിലനിര്‍ത്തണമെന്നാണ് മുസ്്‌ലിംലീഗ് പ്രാഥമികമായി ആവശ്യപ്പെടുന്നത്. ഇന്ത്യന്‍ മുസ്്‌ലിംകള്‍ക്ക് ഇസ്്‌ലാമിക വിശ്വാസത്തിലധിഷ്ഠിതമായ വ്യക്തിസാമൂഹ്യ ജീവിതം ഉറപ്പാക്കുന്നതിനുള്ള ജനാധിപത്യപരമായ ആവശ്യമാണ് പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്നത്. എല്ലാ ചിന്താധാരകളെയും ഉള്‍കൊള്ളുന്ന വിശാലമായ ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്ത പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പ്രയോഗത്തില്‍ കൊണ്ടുവരണം. ഈ ആശയങ്ങളാണ് ഇന്ത്യന്‍ കൂട്ടായ്മയുടെ യാത്രയില്‍ മുസ്്‌ലിംലീഗ് മുന്നോട്ട് വെക്കുന്നത്.
ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗ് രൂപീകരണത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. 2023 മാര്‍ച്ച് 10ന് ചെന്നൈ രാജാജി ഹാളില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഈ പരിപാടിയില്‍ സംബന്ധിക്കും. ഇതേ രാജാജി ഹാളില്‍ വെച്ചാണ് ഏഴര പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മുസ്്‌ലിം ലീഗ് അതിന്റെ രാഷ്ട്രീയ പ്രയാണം ആരംഭിക്കുന്നത്.
ഇവിടെ വെച്ചാണ് ഈ പ്രസ്ഥാനം അതിന്റെ ദേശീയപരമായ പ്രതിജ്ഞയും സിദ്ധാന്തവും ഏറ്റെടുക്കുന്നത്. ഇതുവരെയുള്ള യാത്രയില്‍ പാര്‍ട്ടി ഉയര്‍ത്തിപ്പിടിച്ച നയവും നിലപാടുകളും ലോകം അംഗീകരിച്ചുകഴിഞ്ഞു. ആ പ്രതിജ്ഞ ആവേശത്തോടെ പുതുക്കും. ആ വേളയില്‍ രാജ്യത്തിന്റെ എല്ലാ മേഖലകളില്‍ നിന്നുമുള്ള ലക്ഷണക്കണക്കിനാളുകള്‍ പങ്കെടുക്കും. ഇന്ത്യയുടെ ശോഭനമായ ഭാവി ലക്ഷ്യമാക്കിയുള്ള മുസ്്‌ലിം ലീഗിന്റെ ഒരുമയിലേക്കുള്ള പ്രയാണം സമീപഭാവിയില്‍ തന്നെ ഇന്ത്യന്‍ ജനത പൂര്‍ണ തോതില്‍ ഉള്‍ക്കൊള്ളുമെന്ന പ്രതീക്ഷയാണുള്ളത്. മുന്‍കാല നേതാക്കള്‍ ദീര്‍ഘവീക്ഷണത്തോടെ തുടങ്ങിവെച്ച ഹരിതാഭമായ ആശയവും ആദര്‍ശവും പുതിയ തലമുറ ഏറ്റെടുത്തിരിക്കുകയാണ്. അത് വിജയത്തിലെത്തുക തന്നെ ചെയ്യും.