X

ഗ്രീന്‍ ഫീല്‍ഡ് ഹൈവേ: നഷ്ടപരിഹാരത്തുക ഒരു മാസത്തിനകം നല്‍കുമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍

പാലക്കാട്-കോഴിക്കോട്ഗ്രീന്‍ ഫീല്‍ഡ് ഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന ഭൂമിയുടെയും നിര്‍മിതികളുടെയും വിലയും പുനരധിവാസ പാക്കേജും ഒരു മാസത്തിനകം നല്‍കുമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു. ഗ്രീന്‍ ഫീല്‍ഡ് ഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയിലാണ് കലക്ടര്‍ ഇക്കാര്യമറിയിച്ചത്.

ഹൈവേ നിര്‍മാണത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ വില ജൂണ്‍ 30നകം തീരുമാനിക്കും. ഭൂമി വിട്ടുനല്‍കുന്ന ഓരോ വ്യക്തികള്‍ക്കും നല്‍കേണ്ട നഷ്ടപരിഹാരം നിര്‍ണയിച്ച് ജൂലൈ 30നകം വ്യക്തികളെ അറിയിക്കും. സ്ഥലം വിട്ടുനല്‍കിയവര്‍ സെപ്തംബര്‍ 30 നകം ഒഴിയണം. സ്ഥലം ഒഴിഞ്ഞ് പരമാവധി ഒരാഴ്ചക്കകം നഷ്ടപരിഹാരത്തുക നല്‍കും.

വാഴയൂര്‍, വാഴക്കാട്, ചീക്കോട്, അരീക്കോട്, മുതുവല്ലൂര്‍, കാവനൂര്‍, പെരകമണ്ണ, കാരക്കുന്ന്, എളങ്കൂര്‍, പോരൂര്‍, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി, തുവ്വൂര്‍, എടപ്പറ്റ, കരുവാരകുണ്ട് വില്ലേജുകളിലൂടെ കടന്നുപോകുന്ന പാതയില്‍ 1,127 കെട്ടിടങ്ങളാണ് ഏറ്റെടുക്കുക. ഇതില്‍ 713 കെട്ടിടങ്ങള്‍ പൂര്‍ണമായും 414 കെട്ടിടങ്ങള്‍ ഭാഗികമായും ഏറ്റെടുക്കും. ഇതില്‍ 1,093 എണ്ണം താമസ കെട്ടിടങ്ങളും 34 എണ്ണം വാണിജ്യ കെട്ടിടങ്ങളുമാണ്. 22 ആരാധനാലയങ്ങളും ഏറ്റെടുക്കും.

യോഗത്തില്‍ ഡോ എം.പി. അബ്ദുസ്സമദ് സമദാനി എം.പി, എം.എല്‍.എമാരായ എ.പി അനില്‍കുമാര്‍, ടി.വി ഇബ്രാഹീം, പി.കെ. ബഷീര്‍, യു.എ ലത്തീഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, ഗ്രീന്‍ഫീല്‍ഡ് ദേശീയപാത സ്ഥലമെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ഡോ. ജെ.ഒ അരുണ്‍, ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടര്‍ വിപിന്‍ മധു, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

webdesk11: