സജി ചെറിയാന്‍ 2021ലെ തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നടക്കുമ്പോള്‍ ആ നോമിനേഷന്‍ പേപ്പറിനോടൊപ്പം ഒരു പ്രതിജ്ഞ എടുക്കും. അത് ഭരണഘടനയുടെ 173-ാം അനുഛേദപ്രകാരം സ്ഥാനാര്‍ത്ഥി എന്ന നിലയിലുള്ള പ്രതിജ്ഞയാണ്. ആ സത്യവാചകത്തില്‍ അദ്ദേഹം അപ്പോള്‍ പറയുന്നത് ഞാന്‍ എന്റെ ഭരണഘടനയോട് വിശ്വസ്തതയും കൂറും കാണിക്കും എന്നാണ്. ഞാന്‍ ഇന്ത്യയുടെ പരമാധികാരവും സമഗ്രതയും ഉയര്‍ത്തിപ്പിടിക്കും എന്നും പറയുന്നു. ഭരണഘടനയുടെ മൂന്നാം ഷെഡ്യൂളിന്റെ പാരഗ്രാഫ് ഏഴ് എ പ്രകാരമാണ് ആ സത്യപ്രതിജ്ഞ. അത് കഴിഞ്ഞ് അദ്ദേഹം എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 188 പ്രകാരം അദ്ദേഹം എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു.
ഭരണഘടനയുടെ മൂന്നാം ഷെഡ്യുളിലെ പാരഗ്രാഫ് 4ബി പ്രകാരമുള്ള സത്യപ്രതിജ്ഞയാണ് ഗവര്‍ണറുടെ പ്രതിനിധിക്ക് മുമ്പാകെ ചെയ്യുന്നത്. ആ സത്യപ്രതിജ്ഞയിലും അദ്ദേഹം പറയുന്നുണ്ട് താന്‍ ഭരണഘടനയോട് വിശ്വസ്തതയും കൂറും കാണിക്കുമെന്ന്. അപ്പോള്‍ ആ സമയത്ത് അദ്ദേഹത്തിന് ഭരണഘടനയോട് വിശ്വസ്തതയും കൂറും ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ പ്രതിജ്ഞ. അതിനുശേഷമാണ് മന്ത്രിയായുള്ള അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 164(3) പ്രകാരമാണ് ഗവര്‍ണറുടെ മുമ്പിലുള്ള ആ സത്യപ്രതിജ്ഞ. ഭരണഘടനയുടെ മൂന്നാം ഷെഡ്യൂളിന്റെ പാരാഗ്രാഫ് 5 പ്രകാരമാണ് പ്രതിജ്ഞയെടുക്കുന്നത്. അവിടെ അദ്ദേഹം പറയുന്നത് താന്‍ ഭരണഘടനയോട് വിശ്വസ്തതയും കൂറും കാണിക്കും, ഇന്ത്യയുടെ പരമാധികാരവും സമഗ്രതയും ഉയര്‍ത്തിപിടിക്കും എന്നൊക്കെയാണ്. എന്നിട്ട് അദ്ദേഹം പറയും എന്റെ കടമകളെല്ലാം സത്യസന്ധമായി ചെയ്യുമെന്നും ഭരണഘടനപ്രകാരം എല്ലാ കാര്യങ്ങളും ചെയ്യുമെന്നും. മൂന്ന് പ്രതിജ്ഞകളാണ് അദ്ദേഹം എടുത്തിട്ടുള്ളത്. മൂന്നാമത്തെ പ്രതിജ്ഞയുടെ ലംഘനത്തിന് പരിഹാരമായി കഴിഞ്ഞു.
2022 ജൂലൈ നാലിന് സജി ചെറിയാന്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞ പ്രസക്തമായ ഭാഗത്തിലെ ആക്ഷേപം ഭരണഘടന എന്നത് ബ്രിട്ടീഷുകാര്‍ പറഞ്ഞ് തയ്യാറാക്കിയത് ഇന്ത്യക്കാര്‍ എഴുതിയെടുത്തുവെന്നാണ്. രണ്ടാമത്തെ ആക്ഷേപം ജനങ്ങളെ ചൂഷണം ചെയ്യാനാണ് ഈ ഭരണഘടനയിലെ വകുപ്പുകള്‍ ഉണ്ടാക്കിയിരിക്കുന്നത് എന്നാണ്. മതേതരത്വം ജനാധിപത്യം കുന്തം കുടചക്രം ഒക്കെ ചുമ്മാ എഴുതിചേര്‍ത്തിരിക്കുന്നതാണ് എന്നതാണ് മൂന്നാമത്തെ ആക്ഷേപം. നാലാമത്തെ ആക്ഷേപം 1957ലെ കേരള സര്‍ക്കാര്‍ തൊഴില്‍ നിയമങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ട് ഭരണഘടന തൊഴിലാളികളെ ചൂഷണം ചെയ്യുന്നതുകൊണ്ട് ഇന്നും ആ സംരക്ഷണം ലഭിച്ചിട്ടില്ല എന്നാണ്. അപ്പോള്‍ 1957 മുതല്‍ ഇന്നുവരെ ഭരണഘടനക്ക് അങ്ങനെ ഒരു സംരക്ഷണം ഇല്ല. ഭരണഘടനയെ അദ്ദേഹം ഇവിടെ അതിനിശിതമായി തള്ളിപ്പറയുകയാണ് ചെയ്തിരിക്കുന്നത്. ഇതുവഴി ഭരണഘടനയോട് വിശ്വസ്തതയും കൂറും അദ്ദേഹം കാണിച്ചിട്ടില്ല. അതിന്റെ പേരില്‍ അദ്ദേഹം മന്ത്രി സ്ഥാനത്തുനിന്ന് പുറത്തായി. ഒരാള്‍മന്ത്രി സ്ഥാനത്തിരിക്കുന്നത് ഗവര്‍ണറുടെ അയാളുടെ മേലുള്ള സമ്മതിയുടെ അടിസ്ഥാനത്തിലാണ്. അതില്ലാതാകുന്നതോടെ അപ്പോള്‍ മന്ത്രിയായിരിക്കുന്നു എന്ന തെറ്റ് അദ്ദേഹം തിരുത്തി. പക്ഷേ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ നടത്തിയ പ്രഖ്യാപനത്തിന്റെ ലംഘനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എം.എല്‍.എയായിരുന്നപ്പോള്‍ അദ്ദേഹം നടത്തിയ പ്രതിജ്ഞയിലെ ഭരണഘടനയോട് വിശ്വസ്തതയും കൂറും ഉണ്ടായിരിക്കുമെന്നത് ലംഘിക്കപ്പെട്ടിരിക്കുകയാണ് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടുതന്നെ എം.എല്‍.എ സ്ഥാനത്ത് തുടരാന്‍ സജി ചെറിയാന് അര്‍ഹതയില്ല.
അദ്ദേഹത്തിന്റെ മേലുള്ള പ്രീതി ഗവര്‍ണര്‍ക്ക് നഷ്ടപ്പെടുന്ന സാഹചര്യം ഒരുങ്ങിയതുകൊണ്ടാണ് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചത്. എന്നാല്‍ അദ്ദേഹം സ്ഥാനാര്‍ത്ഥിയായി എടുത്ത പ്രതിജ്ഞയുടെയും എ.എല്‍.എ സ്ഥാനത്തിന്റെ കാര്യത്തില്‍ ഭരണഘടനയുടെ 188 പ്രകാരം എടുത്ത പ്രതിജ്ഞയുടെയും ലംഘനം ഇപ്പോഴും നിലനില്‍ക്കുന്നു.
പക്ഷേ സി.പി.എം അദ്ദേഹത്തെ എംഎല്‍.എ സ്ഥാനത്ത് തുടരാന്‍ അനുവദിച്ചിരിക്കുകയാണ്. ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 29-എ (5) പ്രകാരം ഒരു രാഷ്ട്രീയപാര്‍ട്ടി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആ പാര്‍ട്ടിയുടെ നിയമാവലിയിലും ഭരണഘടനയിലും പ്രത്യേകമായി പറയുന്നത് ഞങ്ങള്‍ ഭരണഘടനയോട് വിശ്വസ്തത, കൂറ് എന്നിവ പുലര്‍ത്തുമെന്നും രാജ്യത്തിന്റെ പരമാധികാരവും മതേതരത്വവും ജനാധിപത്യവും ഉയര്‍ത്തിപിടിക്കുമെന്നുമാണ്.
ഇതെല്ലാം പാലിക്കുമെന്ന വിശ്വാസത്തിലാണ് ആ രാഷ്ട്രീയപാര്‍ട്ടി രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. ഇങ്ങനെയൊക്കെ ഭരണഘടനക്കെതിരെ പറഞ്ഞ ആള്‍ക്ക് എം.എല്‍.എയായി തുടരാമെന്നും വിപ്പ് സ്വീകരിക്കാമെന്നുമാണ് അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിയാക്കിയ സി.പി.എം നല്‍കുന്ന സന്ദേശം. പാര്‍ട്ടിയുടെ രജിസ്‌ട്രേഷനില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സി.പി.എം ലംഘിച്ചിരിക്കുകയാണിപ്പോള്‍. അതിനാല്‍ അദ്ദേഹത്തെ തുടരാന്‍ അനുവദിക്കുന്ന സി.പി.എം രജിസ്‌ട്രേഷന്‍ സമയത്ത് കൊടുത്തിരിക്കുന്ന സത്യവാംങ്മൂലത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചിരിക്കുന്നു.