കോഴിക്കോട്: സംസ്ഥാനത്ത് നിലവിലുള്ള ഏക ജില്ലാ സഹകരണ ബാങ്കിനെ കേരളബാങ്കിലേക്ക് നിര്‍ബന്ധിതമായി ലയിപ്പിക്കുന്നതിന് ബില്ലുകൊണ്ടുവരാന്‍ സര്‍ക്കാര്‍ നീക്കം. ബില്ല് നാളെ നിയമസഭയില്‍ അവതരിപ്പിക്കുമെന്നാണ് വിവരം. ജനറല്‍ ബോഡിയുടെ അധികാരം മറികടന്ന് എം.ഡി.സി ബാങ്കിനെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കുന്നതിനുള്ള അധികാരം സഹകരണ രജിസ്ട്രാര്‍ക്ക് നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ബില്ലായി കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം.
2020 ജനുവരിയിലും പിന്നീട് പുതുക്കിയും സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലാണ്. ഓര്‍ഡിനന്‍സിനെതിരെ ഭരണസമിതി നല്‍കിയ അപ്പീലാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഈ കേസ് 21 ന് പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാറിന്റെ പുതിയ നീക്കം. ത്രിതല സംവിധാനത്തിലുള്ള സഹകരണ മേഖലയെ ദ്വിതല സംവിധാനത്തിലേക്ക് കൊണ്ടുവരാനും ജില്ലാ ബാങ്കുകളെ ഇല്ലാതാക്കാനുമുള്ള പിണറായി സര്‍ക്കാറിന്റെ ആസൂത്രിത നീക്കങ്ങളെ പരാജയപ്പെടുത്തി സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഏക ജില്ലാ ബാങ്കാണ് എം.ഡി.സി. നിലവില്‍ മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയും എം.എല്‍.എയുമായ അഡ്വ. യു.എ ലത്തീഫ് അധ്യക്ഷനായ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയാണ് ബാങ്കിന്റെ അധികാരത്തിലുള്ളത്. 13 ജില്ലാ സഹകരണ ബാങ്കുകള്‍ക്കൊപ്പം എം.ഡി.സി ബാങ്കിനെയും ലയിപ്പിച്ചെടുക്കാന്‍ സി.പി.എമ്മും പിണറായി സര്‍ക്കാറും നടത്തിയ എല്ലാ കരുനീക്കങ്ങളെയും പരാജയപ്പെടുത്തിയാണ് യു.ഡി.എഫ് 2020 സെപ്തംബര്‍ 25 മുതല്‍ ജില്ലാ ബാങ്കില്‍ ജനാധിപത്യം പുന:സ്ഥാപിച്ചത്.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ പാര്‍ട്ടി നിയന്ത്രണത്തിലൊരു ബാങ്കെന്ന ലക്ഷ്യത്തിന് കരുക്കള്‍ നീക്കിത്തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി 2017 ഏപ്രില്‍ ഒന്നു മുതല്‍ 14 ജില്ലാ സഹകരണ ബാങ്കിലെയും ഭരണസമിതികളെ പിരിച്ചുവിട്ടിരുന്നു. ജില്ലാ സഹകരണ ജോയിന്റെ് രജിസ്ട്രാര്‍മാരെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരായി നിയമിച്ചാണ് ലയന നടപടികളുമായി മുന്നോട്ടു പോയത്. ഇതിനായി സഹകരണ നിയമത്തില്‍ ഭേദഗതിയും കൊണ്ടുവന്നിരുന്നു. ബാങ്കുകളുടെ ലയനത്തിന് ജനറല്‍ ബോഡിയുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. ഇത് കേവല ഭൂരിപക്ഷമാക്കിയും ലയന പ്രമേയം കൊണ്ടുവരാന്‍ സഹകരണ രജിസ്ട്രാര്‍ക്ക് അധികാരം നല്‍കിയുമാണ് ചട്ടം ഭേദഗതി കൊണ്ടുവന്നത്. ഇതുപ്രകാരം 2019 മാര്‍ച്ചില്‍ ജില്ലാ ബാങ്കുകളില്‍ ജനറല്‍ ബോഡി വിളിച്ചു ചേര്‍ത്ത് ലയന പ്രമേയം അവതരിപ്പിച്ചു. എം.ഡി.സി ഒഴികെ 13 ജില്ലാ ബാങ്കുകളിലും പ്രമേയം പാസ്സായി. ജൂലൈ മാസത്തില്‍ മലപ്പുറത്ത് വീണ്ടും പ്രമേയം കൊണ്ടുവന്നു. ഇതും 32 നെതിരെ 97 വോട്ടുകള്‍ക്ക് യു.ഡി.എഫ് പരാജയപ്പെടുത്തി. ഇതോടെയാണ് 2019 നവംബറില്‍ 13 ജില്ലാ ബാങ്കുകളെ മാത്രം ലയിപ്പിച്ചത്.
സ്വതന്ത്രമായി നിലനില്‍ക്കാന്‍ തീരുമാനിച്ചിട്ടും ജില്ലാ ബാങ്ക് ഭരണം ഭരണ സമിതിക്ക് കൈമാറാന്‍ സഹകരണ വകുപ്പ് തയ്യാറായില്ല. രണ്ട് വര്‍ഷത്തിലധികം സഹകരണ സ്ഥാപനത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ചട്ടവിരുദ്ധമാണെന്ന് കാണിച്ച് കടന്നമണ്ണ, പുല്‍പറ്റ, വളാഞ്ചേരി സര്‍വീസ് സഹകരണ ബാങ്കുകളടക്കം കോടതിയെ സമീപിച്ചതോടെ 2020 ജനുവരിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ഹൈക്കോടതി ഉത്തരവ് നല്‍കിയിരുന്നു. പക്ഷെ സര്‍ക്കാര്‍ 2020 ജനുവരി 15 ന് ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. എന്നാല്‍ ഓര്‍ഡിനന്‍സില്‍ താത്കാലിക സ്‌റ്റേ നല്‍കിയ കോടതി തെരഞ്ഞെടുപ്പ് നടത്താന്‍ വീണ്ടും ഉത്തരവ് നല്‍കി. സെപ്തംബര്‍ 25 ന് ഭരണസമിതി തെരഞ്ഞെടുപ്പ് നടക്കുകയും യു.ഡി.എഫിന്റെ 18 അംഗങ്ങളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഓര്‍ഡിനന്‍സില്‍ നടപടി തുടരാന്‍ സര്‍ക്കാറിന് ഹൈക്കോടതി പിന്നീട് അനുമതി നല്‍കിയെങ്കിലും എം.ഡി.സി ബാങ്ക് ഭരണസമിതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. ഈ അപ്പീലില്‍ ഭരണസമിതിയുടെ അധികാരം നിലനിര്‍ത്തി ഹൈക്കോടതി ഇടക്കാല ഉത്തരവ് നല്‍കിയിട്ടുമുണ്ട്. മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. ജോര്‍ജ്ജ് പൂന്തോട്ടമാണ് ഭരണസിമിതിക്കുവേണ്ടി കേസില്‍ ഹാജരാവുന്നത്. ഇതിനു പുറമെ സഹകരണ നിയമത്തില്‍ കൊണ്ടുവന്ന 14 എ, 74 എച്ച് ഭേദഗതികള്‍ സഹകരണ മേഖലയിലെ ജനാധിപത്യം തകര്‍ക്കുമെന്ന് ചൂണ്ടിക്കാണിച്ചുള്ള ഹര്‍ജികളും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
ലാഭത്തിലുള്ള എം.ഡി.സിയെ ലയിപ്പിക്കുന്നത്
കൂപ്പുകുത്തുന്ന കേരള ബാങ്കില്‍
കോഴിക്കോട്: കേരള ബാങ്കിന്റെ പേരു പറഞ്ഞ് പ്രത്യേക ബില്ലവതരിപ്പിച്ച് എം.ഡി.സി ബാങ്കിനെ ലയിപ്പിക്കുന്നത് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന സംസ്ഥാന സഹകരണ ബാങ്കിലേക്ക്. ജില്ലാ ബാങ്കുകളെ ലയിപ്പിച്ചുണ്ടാക്കിയ കേരള ബാങ്കിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലാഭം 16 ശതമാനമായി കൂപ്പുകുത്തിയെന്ന് സഹകരണ മന്ത്രി വി.എന്‍ വാസവന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 374.75 കോടി രൂപ ലാഭമുണ്ടായിരുന്നത് 2020-21 കാലഘട്ടത്തില്‍ 61.99 കോടിയായി കുറഞ്ഞു. പി. ഉബൈദുല്ല എം.എല്‍. എയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. ഒരു വര്‍ഷം കൊണ്ട് തന്നെ ലാഭത്തില്‍ 312 കോടിയോളം രൂപയുടെ (83 ശതമാനം) കുറവാണുണ്ടായിരിക്കുന്നത്. ഇതോടെ കേരള ബാങ്കിന്റെ സഞ്ജിത നഷ്ടം 714 കോടിയായി.
ലാഭക്കണക്ക് സര്‍ക്കാര്‍ പെരുപ്പിച്ച് കാണിക്കുന്നുണ്ടെങ്കിലും ബാങ്ക് ഇപ്പോഴും 714 കോടി നഷ്ടത്തിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നബാര്‍ഡ് നടത്തിയ ഓഡിറ്റില്‍ കേരള ബാങ്ക് നഷ്ടത്തിലാണെന്ന് വ്യക്തമാക്കുന്നുണ്ട്. 2019 -20 കാലയളവില്‍ കേരള ബാങ്കുള്‍പ്പടെ ഏഴ് സംസ്ഥാന സഹകരണ ബാങ്കുകള്‍ നഷ്ടത്തിലാണെന്നാണ് നബാര്‍ഡിന്റെ റിപ്പോര്‍ട്ടിലുള്ളത്.
കേരള ബാങ്ക് രൂപീകരണത്തിനായി ജില്ലാ ബാങ്കുകള്‍ ലാഭത്തിലാണെന്നും നിഷ്‌ക്രിയ ആസ്തി അര്‍.ബി.ഐയുടെ നിശ്ചിത പരിധിക്കുള്ളിലാണെന്ന് സഹകരണ വകുപ്പ് ഓഡിറ്റ് റിപ്പോര്‍ട്ടുണ്ടാക്കിയിരുന്നെങ്കിലും ഇത് തെറ്റാണെന്ന് നബാര്‍ഡ് കണ്ടെത്തിയിരുന്നു. 2018 മാര്‍ച്ച് 31 ന് നബാഡിന്റെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കേരള ബാങ്കിന് വേണ്ടി കണക്കുകള്‍ പെരുപ്പിച്ച് കാണിക്കുകയാണെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.