X

തദ്ദേശ സ്ഥാപനങ്ങളെ സര്‍ക്കാര്‍ വഞ്ചിച്ചു: എല്‍.ജി.എം.എല്‍ പ്രതിസന്ധി പരിഗണിക്കാതെ സര്‍ക്കാര്‍ മാര്‍ഗ്ഗരേഖ

തദ്ദേശ സ്ഥാപന വാർഷിക പദ്ധതി പരിഷ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കാർ മാർഗ്ഗരേഖ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിസന്ധി രൂക്ഷമാക്കുമെന്ന് ലോക്കൽ ഗവൺമെന്റ് മെമ്പേഴ്‌സ് ലീഗ് സംസ്ഥാന പ്രസിഡണ്ട് കെ ഇസ്മായിൽ മാസ്റ്റർ, ജനറൽ സെക്രട്ടറി പി.കെ ഷറഫുദ്ദീൻ എന്നിവർ കുറ്റപ്പെടുത്തി.

2023-24 വർഷം സർക്കാർ തടഞ്ഞ ബജറ്റ് വിഹിതത്തിന് സമാനമായി സ്പിൽ ഓവർ പദ്ധതികൾ ഏറ്റെടുക്കുന്നതിന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന തദ്ദേശ ഭരണകൂടങ്ങളെ പൂർണ്ണമായും തളർത്തുന്നതാണ് ജൂലൈ 7 ന് പുറത്തിറങ്ങിയ 1236/ 2024 നമ്പർ ഉത്തരവ്. ബജറ്റ് വിഹിതം ലഭിക്കാത്തതിനെത്തുടർന്ന് രൂപപ്പെട്ട പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുള്ള ഭാഗിക ശ്രമം പോലും ഉത്തരവിലില്ല. ബജറ്റ് വിഹിതത്തിന്റെ 20% അധികം കണക്കാക്കി അതിനനുസരിച്ച് സ്പിൽ ഓവർ പദ്ധതികൾ ഉൾപ്പെടെ ക്രമീകരിച്ച് വാർഷിക പദ്ധതി പരിഷ്‌ക്കരിക്കണമെന്നാണ് ഉത്തരവ് വ്യക്തമാക്കുന്നത്. സർക്കാർ ഫണ്ട് അനുവദിക്കാത്തത് മൂലം മിക്ക തദ്ദേശ സ്ഥാപനങ്ങളിലും അമ്പത് ശതമാനത്തോളം പദ്ധതികൾക്ക് തുക നൽകാൻ അവശേഷിക്കുന്നുണ്ട്. പുതിയ ഉത്തരവ് പ്രകാരം പദ്ധതി ക്രമീകരിക്കുമ്പോൾ കഴിഞ്ഞ സാമ്പത്തിക വർഷം പ്രവർത്തി പൂർത്തീകരിച്ചതും നടപ്പാക്കാനുള്ളതുമായ പദ്ധതികൾക്ക് പണം കണ്ടെത്തുന്നതിനായി ഈ വർഷത്തെ മിക്ക പദ്ധതികളും ഉപേക്ഷിക്കേണ്ടി വരും.

സർക്കാർ യാതൊരു നടപടിയിൽ പ്രതിഷേധിച്ച് ലോക്കൽ ഗവൺമെൻറ് മെമ്പേഴ്‌സ് ലീഗിന്റെ ആഭിമുഖ്യത്തിൽ നാളെ (ബുധൻ) സംസ്ഥാന വ്യാപകമായി ഒപ്പുമതിൽ സംഘടിപ്പിക്കും. തദ്ദേശ സ്ഥാപന തലങ്ങളിൽ ഒരുക്കുന്ന ജനപ്രതിനിധികളുടെ പ്രതിഷേധ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വയനാട് പടിഞ്ഞാറത്തറയിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം നിർവഹിക്കും.

2023-24 വർഷം അനുവദിക്കാതിരുന്ന മെയിൻറനൻസ് ഗ്രാൻറിലെ 1215കോടിയും ജനറൽ പർപ്പസ് ഗ്രാൻറിലെ 557 കോടിയും പ്രത്യേക വിഹിതമായി അനുവദിക്കുക ,2024 മാർച്ച് 25നകം ട്രഷറിയിൽ സമർപ്പിച്ച ശേഷം പണം അനുവദിക്കാതെ തിരിച്ചുനൽകിയ 1156.12 കോടി രൂപ പ്രത്യേക വിഹിതമായ അനുവദിക്കുക, ലൈഫ് പദ്ധതി ഗുണഭോക്താക്കൾക്കുള്ള ഫണ്ട് പോലും തടയുന്ന സമീപനം തിരുത്തുക, ആറ് മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക അനുവദിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സ്ഥാപിക്കുന്ന ബോർഡിൽ ഒപ്പു ചാർത്തി പ്രതിഷേധമറിയിക്കും.

webdesk14: