Connect with us

kerala

ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍; പോംവഴി തേടി സര്‍ക്കാര്‍

ലോകായുക്ത ബില്‍ അനന്തമായി നീണ്ടുപോകുന്നത് സര്‍ക്കാരിനും മുഖ്യമന്ത്രിക്കും കൂടുതല്‍ തലവേദന സൃഷ്ടിക്കുമെന്നുറപ്പ്.

Published

on

തിരുവനന്തപുരം: രാജ്ഭവനിലേക്ക് മാധ്യമങ്ങളെ വിളിച്ചുവരുത്തി ‘സ്വന്തം സര്‍ക്കാരി’നെയും മുഖ്യമന്ത്രിയെയും തെളിവുകള്‍ നിരത്തി തുറന്നുകാട്ടുന്ന അസാധാരണ വാര്‍ത്താസമ്മേളനത്തിലൂടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടക്കമിട്ടത് പിണറായി സര്‍ക്കാരിന്റെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന വിവാദത്തിന്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കാന്‍ മുഖ്യമന്ത്രി കത്തുകള്‍ അയക്കുകയും നേരിട്ടെത്തി ആവശ്യപ്പെടുകയും ചെയ്‌തെന്നാണ് ഗവര്‍ണറുടെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയോ മന്ത്രിമാരോ ഏതെങ്കിലുമൊരു നിയമനത്തില്‍ നേരിട്ട് ഇടപെടാനോ സമ്മര്‍ദ്ദം ചെലുത്താനോ പാടില്ലെന്നാണ് വ്യവസ്ഥ. ചാന്‍സലര്‍ ആയ ഗവര്‍ണറോട് അനധികൃത നിയമനത്തിന് ശുപാര്‍ശ ചെയ്‌തെന്നാണ് ആരിഫ് മുഹമ്മദ് ഖാന്റെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്. ഇത് സര്‍ക്കാരിനെയും സി.പി.എമ്മിനെയും കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.
മാത്രമല്ല, വിവാദബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ഉറപ്പിക്കുന്നത് സര്‍ക്കാരിന് വലിയ തിരിച്ചടിയാണ്. സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് മുമ്പെങ്ങുമില്ലാത്ത വിധം വഷളായ സന്ദര്‍ഭത്തില്‍ എന്തും പ്രതീക്ഷിക്കാമെന്നിരിക്കെ ബില്ലുകള്‍ സാധുവാക്കാന്‍ നിയമപരമായും രാഷട്രീയമായും പോംവഴി തേടാനാണ് സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും തീരുമാനം.

ലോകായുക്ത നിയമ ഭേദഗതിയും ഗവര്‍ണറുടെ അധികാരം വെട്ടിച്ചുരുക്കുന്ന സര്‍വകലാശാല നിയമ ഭേദഗതിയും ഭരണഘടനാ വിരുദ്ധമാണെന്നും അതില്‍ ഒപ്പിടുന്ന പ്രശ്‌നമില്ലെന്നും വ്യക്തമായി തന്നെ ഗവര്‍ണര്‍ പറഞ്ഞുകഴിഞ്ഞു. സാധാരണനിലയില്‍ നിയമസഭ ബില്ല് പാസാക്കിയാല്‍ അതില്‍ ഗവര്‍ണര്‍ ഒപ്പിടുന്നതാണ് പതിവ്. എന്തെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ വിശദീകരണം തേടാറുമുണ്ട്. എന്നാല്‍ ഇതുവരെയുള്ള പതിവ് അനുസരിച്ച് ഇത്തവണ കാര്യങ്ങള്‍ മുന്നോട്ട് പോകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. നിയമസഭ പാസാക്കിയ ബില്ലുകള്‍ നിയമ വകപ്പിന്റെ പരിശോധനക്ക് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് വഴി രാജ്ഭവനിലെത്തിയിട്ടുണ്ട്. നിയമപരമായും ഭരണഘടനാപരമായും സാധുവാണോ എന്ന് ഗവര്‍ണര്‍ക്ക് വിലയിരുത്താം. കൂടുതല്‍ വിശദീകരണം തേടാനും തൃപ്തികരമല്ലെങ്കില്‍ സര്‍ക്കാരിലേക്ക് തിരിച്ചയക്കാനും ഗവര്‍ണര്‍ക്ക് കഴിയും. അതുമല്ലെങ്കില്‍ രാഷ്ട്രപതിയുടെ അംഗീകാരം തേടി കേന്ദ്രത്തിന് മുന്നിലെത്തിക്കാം.
ഒപ്പിടാന്‍ സമയപരിധി ഇല്ലെന്നിരിക്കെ ഇതൊന്നും ചെയ്യാതെ ഗവര്‍ണര്‍ അനിശ്ചിതമായി തീരുമാനം നീണ്ടിക്കൊണ്ട് പോകാനുള്ള സാധ്യതയും സര്‍ക്കാര്‍ തള്ളിക്കളയുന്നില്ല.

ഈ ഘട്ടത്തിലാണ് ഇനി എന്തു ചെയ്യുമെന്ന ചോദ്യം സര്‍ക്കാരിന് മുന്നിലെത്തുന്നത്. നിയമസഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടുന്നില്ലെന്ന് കാണിച്ച് സര്‍ക്കാരിന് രാഷ്ട്രപതിയെ സമീപിക്കാം. അതുമല്ലെങ്കില്‍ ബന്ധപ്പെട്ട കക്ഷികള്‍ വഴി സപ്രീംകോടതിയെ സമീപിക്കാനുമാകും. സര്‍ക്കാര്‍ എടുത്ത തീരുമാനം അംഗീകരിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്ന പേരറിവാളന്‍ കേസിലെ സുപ്രീംകോടതി വിധി അടക്കം ഇക്കാര്യത്തില്‍ അനുകൂലമാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ കണക്കുകൂട്ടല്‍. എന്നാല്‍ ലോകായുക്ത ബില്‍ അനന്തമായി നീണ്ടുപോകുന്നത് സര്‍ക്കാരിനും മുഖ്യമന്ത്രിക്കും കൂടുതല്‍ തലവേദന സൃഷ്ടിക്കുമെന്നുറപ്പ്.

kerala

സ്വര്‍ണവും പണവും നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ചു; 27 ജോഡികള്‍ സമൂഹവിവാഹം ബഹിഷ്‌കരിച്ചു

പണവും സ്വര്‍ണവും നല്‍കാത്തിനെ തുടര്‍ന്നുണ്ടായ വാക് തര്‍ക്കം സംഘര്‍ഷത്തിലാണ് അവസാനിച്ചത്

Published

on

ചേര്‍ത്തലയില്‍ സമൂഹവിവാഹത്തിന് സ്വര്‍ണവും പണവും നല്‍കാമെന്ന് പറഞ്ഞ് സംഘാടകര്‍ കബളിപ്പിച്ചതായി പരാതി. ഇതിനെ തുടര്‍ന്ന് 27 ജോഡികള്‍ സമൂഹവിവാഹം ബഹിഷ്‌കരിച്ചു. 2 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും നല്‍കുമെന്ന് പറഞ്ഞാണ് പറ്റിച്ചത്. വിവാഹത്തിനായി ഒരു ഒറ്റമുണ്ടും ഒരു ഗ്രാം തികയാത്ത താലിയും സാരിയും ബ്ലൗസും മാത്രമാണ് ദമ്പതികള്‍ക്ക് നല്‍കിയതെന്നാണ് ആരോപണം. ചേര്‍ത്തല വാരനാട് അഖിലാജ്ഞലി ഓഡിറ്റോറിയത്തിലാണ് നാടകീയമായ രംഗങ്ങള്‍ നടന്നത്.

വിവാഹത്തിനെത്തിയ വധു വരന്മാര്‍ സംഭവത്തെ പറ്റി അന്വേഷിച്ചപ്പോള്‍ സംഘാടകരെ കാണാനില്ലായിരുന്നു അറിയാന്‍ കഴിഞ്ഞത്. ഇത് കൂടാതെ, ചടങ്ങിനെത്തിയ വധുവരന്മാര്‍ക്ക് കുടിവെള്ളം പോലും ലഭിച്ചില്ലെന്നും പരാതിയുണ്ട്. പണവും സ്വര്‍ണവും നല്‍കാത്തിനെ തുടര്‍ന്നുണ്ടായ വാക് തര്‍ക്കം സംഘര്‍ഷത്തിലാണ് അവസാനിച്ചത്.

ചേര്‍ത്തല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സല്‍സ്നേഹഭവന്‍ ചാരിറ്റബിള്‍ സൊസൈറ്റിക്കെതിരെയാണ് വിവാഹം ബഹിഷ്‌കരിച്ച വധുവരന്മാര്‍ പരാതി നല്‍കിയത്. സംഘാടനയുടെ രക്ഷാധികാരി ഡോ ബിജു കൈപ്പാറേഡന്‍, പ്രസിഡന്റ് എ ആര്‍ ബാബു, മറ്റ് ഭാരവാഹികളായ കെ അനിരുദ്ധന്‍, സനിതസജി, അപര്‍ണ്ണ ഷൈന്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമൂഹ വിവാഹത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നത്. സമൂഹ വിവാഹത്തിന്റെ പേരില്‍ വ്യാപകമായ പണപ്പിരിവ് നടന്നുവെന്നും ആരോപണമുയരുന്നുണ്ട്.

ആലപ്പുഴ ജില്ലയിലുള്ള സംഘാടകര്‍ മറ്റ് ജില്ലയില്‍ നിന്നാണ് ദമ്പതികളെ തിരഞ്ഞെടുത്തത്. 35 പേരുണ്ടായിരുന്ന സമൂഹവിവാഹത്തില്‍ നിന്നും സംഘാടകര്‍ കബളിപ്പിച്ചെന്ന് ആരോപിച്ച് 27 പേരാണ് പിന്മാറിയത്. ഇടുക്കി മുതുകാന്‍ മന്നന്‍ സമുദായത്തില്‍ നിന്ന് മാത്രം 22 ദമ്പതികളാണ് സമൂഹവിവാഹത്തിനായെത്തിയത്.

Continue Reading

kerala

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം വീണ്ടും അപകടത്തില്‍

വെഞ്ഞാറമൂട്ടിലാണ് അപകടം ഉണ്ടായത്

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം വീണ്ടും അപകടത്തില്‍ പെട്ടു. എം.സി. റോഡില്‍ വെച്ച് കമാന്‍ഡോ വാഹനത്തിന് പിന്നില്‍ ലോക്കല്‍ പൊലീസിന്റെ വാഹനം ഇടിക്കുകയായിരുന്നു. വെഞ്ഞാറമൂട്ടിലാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

Continue Reading

kerala

ഗഗാറിനെ വോട്ടെടുപ്പില്‍ തോല്‍പ്പിച്ച് യുവനേതാവ്: കെ റഫീക്ക് സിപിഎം വയനാട് ജില്ലാ സെക്രട്ടറി

അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് സിപിഎം റഫീഖിനെ പാര്‍ട്ടി സെക്രട്ടറി ആക്കിയത്

Published

on

വയനാട്: ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ ജില്ലാ സെക്രട്ടറിയെ മാറ്റി സിപിഎം. പി. ഗഗാറിനെ മാറ്റി കെ. റഫീഖിനെ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറിയാണ് കെ. റഫീഖ്. അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് സിപിഎം റഫീഖിനെ പാര്‍ട്ടി സെക്രട്ടറി ആക്കിയത്.

ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടായി. പതിനൊന്നിനെതിരെ പതിനാറ് വോട്ടുകള്‍ക്കാണ് പി. ഗഗാറിനെതിരെ കെ. റഫീഖിന്റെ വിജയം. 27 അംഗ ജില്ലാകമ്മിറ്റിയില്‍ കമ്മിറ്റിയില്‍ അഞ്ച് പേര്‍ പുതുമുഖങ്ങളാണ്. പി. കെ. രാമചന്ദ്രന്‍, സി. യൂസഫ്, എന്‍. പി. കുഞ്ഞുമോള്‍, പി. എം. നാസര്‍, പി. കെ. പുഷ്പന്‍ എന്നിവരാണ് കമ്മിറ്റിയിലെ പുതുമുഖങ്ങള്‍. സുല്‍ത്താന്‍ ബത്തേരി ഏരിയാ കമ്മിറ്റിയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടയാളാണ് പി.കെ. രാമചന്ദ്രന്‍.

 

Continue Reading

Trending