Connect with us

Article

സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം- എഡിറ്റോറിയല്‍

കേരളം പോലെ ജനസാന്ദ്രതയുള്ള ഒരു സംസ്ഥാനത്ത് ബഫര്‍സോണ്‍ ദൂരപരിധി ഒരു കിലോമീറ്ററായി നിശ്ചയിക്കാന്‍ പരിമിതിയുണ്ട്. അക്കാര്യത്തില്‍ സര്‍ക്കാരിന് ഇളവ് ചോദിച്ച് വാങ്ങാവുന്നതാണ്. അതിനൊന്നും അധികൃതര്‍ തയാറായില്ല. 14619 കെട്ടിടങ്ങള്‍ ബഫര്‍സോണില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രാദേശികമായി നേരിട്ട് സ്ഥല പരിശോധന ഇല്ലാതെ ഭൂപടം തയാറാക്കുന്നത് ശരിയല്ല.

Published

on

ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. കേരളത്തെ നേരിട്ട് ബാധിക്കുന്ന ജീവല്‍പ്രധാന വിഷയത്തിലാണ് പൊതുസമൂഹത്തെ പൂര്‍ണമായും ആശയക്കുഴപ്പത്തിലേക്ക് തള്ളി അഴകൊഴമ്പന്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റുമായി ഒരു കിലോമീറ്റര്‍ വീതിയിലുള്ള കരുതല്‍ മേഖല സ്ഥാപിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. സംരക്ഷിത മേഖലയുടെ ഭാഗമായി അത്രയും സ്ഥലങ്ങളിലെ ജനവാസ കേന്ദ്രങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവ സംബന്ധിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ട് കൊടുക്കാനാണ് റിട്ട. ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ അധ്യക്ഷനായ വിദഗ്ധ സമിതിയെ നിയോഗിച്ചത്. ഡിസംബര്‍ മുപ്പതിനകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദ്ദേശം. പക്ഷെ, മേഖലയില്‍ നേരിട്ട് ചെന്ന് ഫീല്‍ഡ് പരിശോധനക്ക് മുതിരാതെ ഉപഗ്രഹ ചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ മാപ്പ് പ്രസിദ്ധീകരിച്ചത്. സാറ്റലൈറ്റ് ചിത്രങ്ങളുടെ അടിസ്ഥാനമാക്കിയുള്ള ഏത് മാപ്പ് നിര്‍മാണവും അപൂര്‍ണമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. അവ്യക്തതയും സംശയങ്ങളും നിറഞ്ഞ സര്‍വേ റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധമുയരുക സ്വാഭാവികം.

മാപ്പിന്റെ ഗുണദോഷങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചതേയില്ല. അപാകതകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷവും കര്‍ഷക സംഘടനകളും ഇളകിയപ്പോള്‍ മാത്രമാണ് സര്‍ക്കാറിന് അനക്കമുണ്ടായത്. പ്രതിഷേധങ്ങള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ട് മാസം കൂടി സമയം നീട്ടി നല്‍കി സംസ്ഥന സര്‍ക്കാര്‍ തടിയെടുത്തിരിക്കുകയാണ്. ഉപഗ്രഹ മാപ്പ് ഏതിലൂടെയാണ് കടന്നുപോകുക, ആരൊക്കെയാണ് ബാധിക്കുക തുടങ്ങിയ വിവരങ്ങളൊന്നും അതില്‍ ഇല്ല. സ്ഥലത്തിന്റെ സര്‍വ്വേ നമ്പര്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്. സത്യത്തില്‍ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കി കൂടുതല്‍ ആശങ്കയിലാഴ്ത്തുകയാണ് സമിതി ചെയ്തിരിക്കുന്നതെന്ന് തോന്നുന്നു. രണ്ട് മാസം സമയം അനുവദിച്ചിട്ടുണ്ടെങ്കില്‍ പോലും അത് വേണ്ടത്ര പ്രയോജനകരമാകില്ല. 115 വില്ലേജുകളിലാണ് സംരക്ഷിത മേഖല വരുന്നത്. എത്ര കുടുംബങ്ങളെ ബഫര്‍സോണ്‍ ബാധിക്കുമെന്ന് കണ്ടെത്തുകയാണ് പ്രധാനം.

കേരളം പോലെ ജനസാന്ദ്രതയുള്ള ഒരു സംസ്ഥാനത്ത് ബഫര്‍സോണ്‍ ദൂരപരിധി ഒരു കിലോമീറ്ററായി നിശ്ചയിക്കാന്‍ പരിമിതിയുണ്ട്. അക്കാര്യത്തില്‍ സര്‍ക്കാരിന് ഇളവ് ചോദിച്ച് വാങ്ങാവുന്നതാണ്. അതിനൊന്നും അധികൃതര്‍ തയാറായില്ല. 14619 കെട്ടിടങ്ങള്‍ ബഫര്‍സോണില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രാദേശികമായി നേരിട്ട് സ്ഥല പരിശോധന ഇല്ലാതെ ഭൂപടം തയാറാക്കുന്നത് ശരിയല്ല. ഉപഗ്രഹ മാപ്പിന്റെ കാര്യത്തില്‍ ആളുകള്‍ക്ക് സംശയമുണ്ടെങ്കില്‍ സഹായം നല്‍കണമെന്ന് വനംവകുപ്പ് ലാന്‍ഡ് റെവന്യൂ കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളില്‍ ജനങ്ങളുടെ ശ്രദ്ധയില്‍ വരുന്ന തരത്തില്‍ അത് പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചു. അതിനപ്പുറം മറ്റൊന്നും ചെയ്യാതെ അനങ്ങാതിരിക്കുമ്പോഴാണ് മലയോര മേഖലയില്‍ അടക്കം വലിയ പ്രക്ഷോഭങ്ങള്‍ക്ക് കളമൊരുങ്ങുന്നത്. ജനരോഷം ഭയന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷവും ഇപ്പോള്‍ നടത്തുന്ന പ്രസ്താവനകള്‍ക്കും വിശദീകരണങ്ങള്‍ക്കും കണ്ണില്‍ പൊടിയിടലായി മാത്രമേ സംസ്ഥാനത്തിന് കാണാനാവൂ.

സര്‍ക്കാറിന്റെത് ഒളിച്ചുകളിയാണ്. ചുരുങ്ങിയ സമയപരിധി മാത്രമാണ് സര്‍വേക്ക് നല്‍കിയത്. പ്രതിസന്ധി രൂക്ഷമാക്കാനുള്ള കാരണവും അതാണ്. പ്രതിഷേധങ്ങളോടൊപ്പം കര്‍ഷകര്‍ സ്വന്തം നിലയ്ക്ക് സര്‍വേ നടത്താനും ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ സമര പ്രഖ്യാപനം കണ്‍വെന്‍ഷനുകള്‍ നടക്കുകയാണ്. പരിസ്ഥിതി ലോല പ്രദേശങ്ങള്‍ സംരക്ഷിക്കുകയാണ് ബഫര്‍സോണിലൂടെ ലക്ഷ്യമിടുന്നത്. അക്കാര്യത്തില്‍ അടിയന്തര നടപടികള്‍ വേണമെന്ന് എല്ലാവരും ഒറ്റക്കെട്ടായി അംഗീകരിക്കുന്നുണ്ട്. പക്ഷെ, അതുകൊണ്ട് മാത്രം എല്ലാമായില്ല. തുരങ്ക പാതയും കെ റെയില്‍ പോലുള്ള പദ്ധതികളും പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതങ്ങള്‍ കൂടി സജീവ ചര്‍ച്ചാ വിഷയമായി മുന്നോട്ടു കൊണ്ടുപോകണം.

പരിസ്ഥിതി ലോല പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം തന്നെ അതിനുള്ള നടപടികള്‍ കര്‍ഷകരുള്‍പ്പെടെയുള്ള സാധാരണക്കാരെ ഏതെല്ലാം വിധത്തില്‍ ബാധിക്കുമെന്ന് കൂടി പഠിച്ച് വിലയിരുത്തുകയും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുകയും വേണം. പല സംസ്ഥാനങ്ങളും ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ നയരേഖ തയാറാക്കുകയും കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ അതിനുള്ള പണികള്‍ ആരംഭിച്ചിട്ടേയുള്ളൂ. അതാണെങ്കില്‍ ജനങ്ങളെ വഞ്ചിക്കുന്ന രൂപത്തില്‍ അവ്യക്തത നിറഞ്ഞതുമാണ്. ഇക്കാര്യത്തില്‍ വനംവകുപ്പും റെവന്യൂ വകുപ്പും ഉത്തരം പറയണം. നിസ്സാരമായി തള്ളിക്കളയേണ്ട വിഷയമല്ല ഇതെന്നതുകൊണ്ട് ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുക തന്നെ വേണം. അതോടൊപ്പം തലമുറകളായി കൃഷിയെ ആശ്രയിച്ച് കഴിയുന്ന കര്‍ഷകസമൂഹത്തിന്റെ ജീവിതോപാധി നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ടായിക്കൂട.

Article

ചരിത്ര ദൗത്യവുമായി മുസ്ലിംലീഗ്

EDITORIAL

Published

on

സമാനതകളില്ലാത്ത ദുരന്തത്തിന്റെ അടയാളപ്പെടുത്തലാണ് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍. ഒരു നാട് ഒന്നാകെയാണ് ഇല്ലാതായിപ്പോയത്. ഗ്രാമീണ വിശുദ്ധിയുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും മടിത്തട്ടില്‍ പ്രാരാബ്ധങ്ങളെയും പ്രതിസന്ധികളെയും വകഞ്ഞുമാറ്റി പകലന്തിയോളം പണിയെടുത്ത് ജീവിതം കെട്ടിപ്പടുത്ത ഒരുജനത പതിവുപോലെ കിടന്നുറങ്ങിയപ്പോള്‍ ജീവനും ജീവിതവും മാത്രമല്ല, ആ നാടൊന്നടങ്കം മണ്ണില്‍പുതഞ്ഞുപോവുകയായിരുന്നു. കേള്‍വിയില്‍ പോലും ഇടംനേടിയില്ലാത്ത വിധം മണ്ണും മനുഷ്യനും കുത്തിയൊലിച്ചുപോയ ഒരു ദുരന്തം സ്വന്തംകണ്‍മുന്നില്‍ കാണേണ്ടിവന്നപ്പോള്‍ വയനാടു മാത്രമല്ല, മലയാളക്കരയൊന്നടങ്കം ഒരുവേള വിറങ്ങലിച്ചുപോയി.

എവിടെ തുടങ്ങണം, എങ്ങിനെ നേരിടണമെന്നറിയാതെ പകച്ചുപോയ ഏതാനും നിമിഷങ്ങള്‍ക്കുശേഷം പിന്നെ നടന്നത് കൂട്ടായ്മയുടെ കരുത്തിലുള്ള ദുരിതാശ്വാസത്തിന്റെ മഹാ വിപ്ലവം തന്നെയായിരുന്നു. ദുരന്തത്തിന്റെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സര്‍ക്കാര്‍ സംവിധാനങ്ങളും രാഷ് ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും തുടങ്ങി മുഴുവന്‍ ജന വിഭാഗങ്ങളും രക്ഷാ പ്രവര്‍ത്തനമെന്ന ആ പോരാട്ടത്തില്‍ ഭാഗവാക്കായിത്തീര്‍ന്നു. ജീവന്റെ തുടിപ്പുതേടി ഒഴുകിയെത്തിയ മണ്ണിലേക്കും ചെളിയിലേക്കും എടുത്തു വെച്ച കാല്‍ അവര്‍ പിറകോട്ടുവലിക്കുമ്പോഴേക്കും ആഴ്ച്ച കള്‍ പിന്നിട്ടു കഴിഞ്ഞിരുന്നു. എത്തിപ്പെടാനാകുന്നിടത്തെല്ലാം അവര്‍ തിരഞ്ഞുകൊണ്ടേയിരുന്നു. ചൂരല്‍ മല മുതല്‍ ചിലായാറിന്റെ ഓരങ്ങളിലൂടെ ആ അന്വേഷണങ്ങള്‍ നീണ്ടു. മുപ്പതും നാല്‍പ്പതു കിലോമീറ്ററുകള്‍ക്കിപ്പുറത്തുനിന്നുവരെ മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തി.

ചരിത്രപരമായ നിയോഗമായിട്ടായിരുന്നു ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗും പോഷകസംഘടനകളും ഈ ദുരന്ത നിവാരണത്തെ ഏറ്റെടുത്തത്. ശരവേഗത്തില്‍ ദുരന്തഭൂമിയില്‍ പാഞ്ഞെത്തി കൈമെയ്മറന്നുള്ള പ്രയത്‌നങ്ങളിലേര്‍പ്പെടുമ്പോള്‍തന്നെ, രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണവും വെള്ളവും ഒരുക്കി സേവനത്തിന്റെ മഹത്തായ പാതയിലൂടെയായിരുന്നു ഇളംപച്ചക്കുപ്പായക്കാരായ വൈറ്റുഗാര്‍ഡുകളുടെ സഞ്ചാരം. ജീവനോടെയും അല്ലാതെയും പുറത്തെത്തുന്ന മനുഷ്യ ശരീരങ്ങളുമായി ശിഹാബ് തങ്ങളുടെ പേരിലുള്ള ആംബുലന്‍സുകള്‍ ചീറിപ്പാഞ്ഞുകൊണ്ടേയിരുന്നു. തിരിച്ചറിഞ്ഞതും അറിയപ്പെടാത്തതുമായി മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിലും മണ്ണോടുചേര്‍ത്തുവെക്കുന്നതിലും അവര്‍ മുന്‍പന്തിയില്‍ നിലയുറപ്പിച്ചു. സാധ്യതകളുടെ മുഴുവന്‍ വഴികളിലൂടെയുമുള്ള അന്വേഷണങ്ങളില്‍ കൊക്കില്‍ ജീവനുള്ള എല്ലാ ജീവികള്‍ക്കും അവര്‍ സ്‌നേഹവും സാന്ത്വനവുമായി. ഉടമയെ ഉരുള്‍കൊണ്ടുപോയ പശുവിന്റെ അകിടിലെ പാല്‍ അവര്‍ കറന്നെടുത്തു. വളര്‍ത്തുമൃഗങ്ങളെയും ദുരന്ത ഭൂമിയിലൂടെ അലഞ്ഞുതിരിഞ്ഞ തെരുവ് നായകളിലേക്കു പോലും ആ കാരുണ്യ ഹസ്തങ്ങള്‍ നീണ്ടു.

എല്ലാം നഷ്ടപ്പെട്ട്, ബാക്കിയായ ജീവന്‍ ഒരു ഭാരമായിമാറിയവരിലൂടെയായിരുന്നു പിന്നീട് ആ കാരുണ്യയാത്ര. ഒരു സംവിധാനത്തെയും കാത്തുനില്‍ക്കാതെ, ഒരു നിമിഷംപോലും പാഴാക്കാതെ സ്വന്തമായി പണം കണ്ടെത്തി നഷ്ടപ്പെട്ടത് ഒന്നൊന്നായി തിരികെ നല്‍കി അവരെ ജീവിതത്തി ലേക്ക് കൊണ്ടുവരാനുള്ള ഭഗീരത പ്രയത്‌നമായിരുന്നു പിന്നീട് കണ്ടത്. ഒറ്റപ്പെട്ടുപോയി എന്ന തോന്നല്‍ ഇല്ലാതാക്കാന്‍, ഞങ്ങളുണ്ട് കൂടെ എന്നുറപ്പുവരുത്താന്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തുനല്‍കി. ദുരന്തബാധിതരായ 691 കുടുംബങ്ങള്‍ക്ക് ആശ്വാസ ധനമായി 15000 രൂപ വീതം നല്‍കി. വ്യാപാര സ്ഥാപനങ്ങള്‍ നഷ്ടപ്പെട്ട 56 കച്ചവടക്കാര്‍ക്ക് 50000 രൂപയും. ടാക്സി ജീപ്പ് നഷ്ടപ്പെട്ട നാലു പേര്‍ക്ക് ജിപ്പും ഓട്ടോറിക്ഷ നഷ്ടപ്പെട്ട മൂന്നുപേര്‍ക്ക് ഓട്ടോയും സ്‌കൂട്ടറുകളും നല്‍കി അവരെ ചേര്‍ത്തുപിടിച്ചു. പുനരധിവാസ മെന്ന മഹാദൗത്യത്തിലേക്കായിരുന്നു പിന്നീടുള്ള നീക്കം. വീടുനിര്‍മിച്ചു നല്‍കാന്‍ സ്ഥലത്തിനായി സര്‍ക്കാറിനെ അല്‍പംകാത്തുനിന്നു. ചിറ്റമ്മ നയം ബോധ്യമായപ്പോള്‍ സ്ഥലവും സ്വന്തമായി കണ്ടെത്തി. ദുരന്തബാധിതരുടെ ആവശ്യം മുഖവിലക്കെടുത്ത് അവരുടെ സ്വന്തം പഞ്ചായത്തില്‍തന്നെ കണ്ണായ സ്ഥലം കണ്ടെത്തി. വിലക്കെടുത്ത 11 ഏക്കര്‍ ഭൂമിയില്‍ 105 പേര്‍ക്ക് സ്വപ്നഭവനങ്ങള്‍ ഉയരും. 1000 സ്‌ക്വയര്‍ഫീറ്റ് വീടുകളാണ് നിര്‍മിച്ചുനല്‍കുന്നത്. കുടിവെള്ളവും വൈദ്യുതിയും വഴിയുമെല്ലാം ഉറപ്പാക്കിയിട്ടുണ്ട്. കേരളത്തിലെ മികച്ച ആര്‍കിടെക്റ്റിനെ തന്നെ നിര്‍മാണ ചുമതല ഏല്‍പ്പിച്ചുകഴിഞ്ഞു. എട്ട് മാസങ്ങള്‍കൊണ്ട് പദ്ധതി പൂര്‍ത്തീകരിച്ച് കൈമാറാനാണ് ആഗ്രഹം. സയ്യിദ് സാദിഖലി തങ്ങളുടെ അനുഗ്രഹിത കരങ്ങളാല്‍ ആ മഹാ ദൗത്യത്തിന് ശിലയിടുമ്പോള്‍ ദുരിതബാധിതര്‍ക്ക് ഉയരുന്നത് സ്വപ്‌ന ഭവനങ്ങളാണെങ്കില്‍ മുസ്ലിം ലീഗ് നിര്‍വഹിക്കുന്നത് ചരിത്ര ദൗത്യമാണ്.

Continue Reading

Article

ലഹരി വിപത്തിനൊപ്പം എയ്ഡ്സ് കൂടി

EDITORIAL

Published

on

മദ്യ, മയക്കുമരുന്ന്, ലഹരി വ്യാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ ആവോളം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ സംസ്ഥാനം. ഓരോ ദിനവും പുറത്തുവരുന്ന വാര്‍ത്തകള്‍ ഭയപ്പെടുത്തുന്നതാണ്. ഈ ഭയപ്പാടുകള്‍ക്കിടയില്‍തന്നെ മറ്റൊരു ദുരന്തവും കൂടി സംസ്ഥാനത്ത് പതുക്കെ തലപൊക്കുന്നുണ്ട് എന്ന വിവരമാണ് പുറത്തുവരുന്നത്. സംസ്ഥാനത്ത് ലഹരി ഉപയോഗത്തിലൂടെ എയ്ഡ്സ് വ്യാപിക്കുന്നുവെന്ന അത്യന്തം ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇന്നലെ അധികൃതര്‍ പങ്കുവെച്ചത്.

മലപ്പുറം വളാഞ്ചേരിയില്‍ ലഹരി സംഘത്തിലെ പത്ത് പേര്‍ക്കാണ് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് മാസം മുമ്പ് കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി ഒരു സര്‍വേ നടത്തിയിരുന്നു. ലൈംഗിക തൊഴിലാളികള്‍, മയക്കുമരുന്ന് ഉപയോഗിക്കുന്ന സംഘങ്ങള്‍ എന്നിവര്‍ക്കിടയിലായിരുന്നു സര്‍വേ നടത്തിയത്. സര്‍വേയുടെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. സര്‍വേയില്‍ ആദ്യം വളാഞ്ചേരിയില്‍ നിന്നുള്ള ഒരു വ്യക്തിക്ക് എച്ച്.ഐ.വി സ്ഥിരീകരിക്കുകയും പിന്നീട് അയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഈ വ്യക്തിയടക്കം ഉള്‍പ്പെട്ടിരിക്കുന്ന വലിയൊരു ലഹരി സംഘത്തിലേക്ക് എത്തുകയുമായിരുന്നു.

തുടര്‍ന്ന് ബാക്കിയുള്ളവര്‍ക്കും രോഗബാധയുള്ളതായി കണ്ടെത്തി. എച്ച്.ഐ.വി സ്ഥിരീകരിച്ച സംഘത്തിലെ മൂന്ന് പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. ബാക്കിയുള്ളവര്‍ മലയാളികളാണ്. ഒരേ സിറിഞ്ച് ഉപയോഗിച്ച് ഇവര്‍ ലഹരി കുത്തി വെച്ചതാണ് രോഗ ബാധക്ക് കാരണമെന്ന് ഡി.എം.ഒ അറിയിച്ചു. കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാം എന്നാണ് സംശയിക്കുന്നത്.

രോഗം സ്ഥിരീകരിച്ച ഒന്‍പത് പേരും സുഹൃത്തുക്കളാണ്. ഇവരില്‍ പലരും വിവാഹിതരുമാണ്. കുത്തിവെക്കുന്ന ലഹരി ഉപയോഗത്തിലൂടെ സംസ്ഥാനത്ത് ഓരോ മാസവും ശരാശരി പത്തിലധികം പേര്‍ക്ക് എച്ച്.ഐ.വി സ്ഥിരീകരിക്കുന്നുണ്ട് എന്ന വാര്‍ത്ത വളരെ ഗൗരവതരമാണ്. വളാഞ്ചേരിയില്‍ മാത്രമല്ല, ജില്ലയിലേയും സംസ്ഥാനത്തേയും മറ്റിടങ്ങളിലും സമാനമായ രോഗ വ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇതിനായി വ്യാപക പരിശോധന ആവശ്യമാണെന്നും ആരോഗ്യവകുപ്പ് പറയുന്നു.

കേരളത്തില്‍ 2021ന് ശേഷം യുവാക്കള്‍ക്കിടയില്‍ എച്ച്.ഐ.വി കൂടുന്നതായാണ് എയ്ഡ്സ് കണ്‍ട്രോള്‍ സെസൈറ്റിയുടെ കണക്ക്. വര്‍ഷം ശരാശരി 1200 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുമ്പോല്‍ 15 ശതമാനം പേരും 19-25 പ്രായക്കാരാണ്. ലഹരി കുത്തിവെപ്പാണ് ഇതിനു കാരണമായി വിലയിരുത്തുന്നത്. നേരത്തേ 43 വയസ്സുവരെയുള്ളവര്‍ക്കായിരുന്നു രോഗബാധ കൂടുതല്‍ കണ്ടിരുന്നത്. എച്ച്.ഐ.വി അണുബാധ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം.

പ്രായപൂര്‍ത്തിയായവരിലെ എച്ച്.ഐ.വി സാന്ദ്രത ഇന്ത്യയില്‍ 0.22 ആണെങ്കില്‍ കേരളത്തില്‍ 0.06 ആയിരുന്നു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം അനുസരിച്ച് 2030 ഓടുകൂടി പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമ ത്തിലാണ് ലോക രാജ്യങ്ങള്‍. 2025 ആവുന്നതോടെ എച്ച്.ഐ.വി വിമുക്ത കേരളം സൃഷ്ടിക്കുന്നതിനുള്ള ഊര്‍ജിത പ്രവര്‍ത്തനങ്ങളായിരുന്നു നടന്നുവന്നിരുന്നത്. എന്നാലിപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ആ പ്രതീക്ഷകളെല്ലാം തകര്‍ക്കുന്നതാണ്.

മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്നും ഒരാളെ തിരികെ കൊണ്ടുവരാന്‍ ചികിത്സയുണ്ട്. എന്നാല്‍ എച്ച്.ഐ.വി ബാധിച്ചാല്‍ മരണത്തിലേക്കാണ് നടന്നടുക്കുന്നത്. മാത്രമല്ല, നിരപരാധികള്‍ക്കും അവര്‍ രോഗം പരത്തുന്നു എന്നതിനാല്‍ വലിയ സാമൂഹ്യ പ്രശ്നമാണ് ഇത് സൃഷ്ടിക്കുക. ഇത്തരത്തില്‍ രോഗ ബാധിതരായവര്‍ അറിയാതെ തന്നെ അവരുടെ ലൈംഗിക പങ്കാളികള്‍ക്കും സന്തതികള്‍ക്കും അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നു. മയക്കുമരുന്നിന്റെ തിക്ത ഫലങ്ങള്‍ നുഭവിക്കേണ്ടിവരുന്നത് പലപ്പോഴും വീട്ടിലെ സ്ത്രീകളും കുട്ടികളുമാണ്.

ഇവിടെയും അവര്‍ തന്നെയാണ് ഒന്നുമറിയാതെ ഇരകളാകുന്നത്. മയക്കുമരുന്നു തന്നെ വലിയ സാമൂഹ്യ വിപത്താണ്. അക്കൂട്ടത്തില്‍ എയ്ഡ്സ് വ്യാപനത്തിനുകൂടി മയക്കുമരുന്ന് ഉപയോഗം കാരണമായി തീരുന്നുവെന്നറിയുമ്പോള്‍ വല്ലാത്ത നിരാശയാണ്. ലഹരി വില്‍പ്പനക്കാര്‍ സിറിഞ്ചില്‍ നിറച്ചാണ് ലഹരി നല്‍കുന്നത്. ലഹരി ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഇവര്‍ ഒരേ സിറിഞ്ച് തന്നെയാണ് നല്‍കുന്നത്. പല ആളുകള്‍ ഉപയോഗിച്ച ഇത്തരം സിറിഞ്ചുകളാണ് എയ്ഡ്‌സ് പരത്തുന്നത്.

സമൂഹത്തെ ബാധിച്ച ലഹരി വിപത്തിനെതിരെ പോരാടിക്കൊണ്ടിരിക്കുന്നതിനിടയില്‍ വന്ന വാര്‍ത്ത നിരാശാജനകമാണ്. ലഹരി ഉപയോഗിക്കുന്ന ഇത്രയധികം പേര്‍ക്ക് രണ്ട് മാസത്തിനിടെ എച്ച്.ഐ.വി സ്ഥിരീകരിച്ചത് ആശങ്ക ഉണ്ടാക്കുന്ന സംഭവമാണ്. എം.ഡി.എം.എക്ക് പണം നല്‍കാത്തതിനാല്‍ മാതാപിതാക്കളെ യുവാവ് ആക്രമിച്ച വാര്‍ത്തയും മലപ്പുറത്തു നിന്ന് ഇതേ ദിവസം റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ജോലിക്ക് പോവുകയും വീട് നോക്കുകയും ചെയ്തിരുന്ന യുവാവാണ് ലഹരി മരുന്ന് ഉപയോഗിച്ചു തുടങ്ങുകയും അതിന് അടിമയാവുകയും ചെയ്തതോടെ ജോലിക്ക് പോകാതാവുകയും മയക്കുമരുന്ന് വാങ്ങാനായി വീട്ടില്‍ നിന്നും പണം ആവശ്യപ്പെടാനും തുടങ്ങുകയായിരുന്നു. നിരവധി തവണ മാതാവിനെ മര്‍ദിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ബഹളം വെക്കുകയും വലിയ രീതിയില്‍ ആക്രമണം നടത്തുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ പിടികൂടിയത്.

ആരോഗ്യമുള്ള സമൂഹമാണ് രാജ്യത്തിന്റെ സമ്പത്ത്. ലഹരിയിലൂടെയും എയ്ഡ്സിലൂടെയും അത് നശിക്കാന്‍ പാടില്ല. നാടിനെ പിടിമുറുക്കിയ വിപത്തിനെതിരെ ശക്തമായ നടപടി ഉണ്ടായോ പറ്റൂ.

Continue Reading

Article

ഈ അവഗണന മലബാറിന് താങ്ങാനാവില്ല

EDITORIAL

Published

on

2025 – 26 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് മുന്‍കൂട്ടി അധിക ബാച്ച് അനുവദിക്കേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരിക്കുകയാണ്. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യഘട്ട അലോട്‌മെന്റ്‌റ് കഴിഞ്ഞ ശേഷം കുട്ടികള്‍ കുറവുള്ളതും ഒഴിഞ്ഞു കിടക്കുന്നതുമായ ബാച്ചുകള്‍ പുനഃക്രമീകരിച്ചാല്‍ മതി എന്നും അതിനു ശേഷം സീറ്റ് ക്ഷാമമുണ്ടായാല്‍ മാത്രം അധിക ബാച്ചുകള്‍ അനുവദിക്കുന്നത് പരിശോധിക്കാമെന്നുമാണ് ഉത്തരവില്‍ പറയുന്നത്.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അധ്യക്ഷനായ സംസ്ഥാനതല കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 54,996 പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടന്നതായി കണ്ടത്തിയതിനെ തുടര്‍ന്നാണത്രെ സര്‍ക്കാറിന്റെ തലതിരിഞ്ഞ ഈ തീരുമാനമുണ്ടായിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതലുള്ള മലപ്പുറത്ത് മാത്രം കഴിഞ്ഞ തവണ 7922 സീറ്റുകള്‍ ഒഴിഞ്ഞു കിടന്നുവെന്നും ഉത്തരവിലുണ്ട്.

എന്നാല്‍ കഴിഞ്ഞ വര്‍ഷവും അതിനു മുമ്പത്തെ വര്‍ഷം അധികമായി അനുവദിച്ച 178 താല്‍ക്കാലിക ബാച്ചുകളും മാര്‍ജിനല്‍ സീറ്റുകളും അടക്കം 73,724 സീറ്റുകള്‍ മുന്‍കൂറായി നിലനിര്‍ത്തി പ്രവേശനം നടത്തിയിട്ടും മലബാര്‍ മേഖലയില്‍ സീറ്റ് ക്ഷാമമുണ്ടായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. വന്‍ പ്രതിഷേധങ്ങളെ തുടര്‍ന്നു മലപ്പുറത്ത് 120 ബാച്ചുകളും കാസര്‍കോട്ട് 18 ബാച്ചുകളും കൂടി സപ്ലിമെന്ററി ഘട്ടത്തില്‍ അധികമായി അനുവദിച്ചാണ് പ്രശ്‌നം നേരിയ തോതിലെങ്കിലും പരിഹരിച്ചത്. ഈ സാഹചര്യം നിലനില്‍ക്കെയാണ് വരുന്ന അധ്യയന വര്‍ഷം ഒരു ബാച്ച് പോലും മുന്‍കൂറായി അധികം അനുവദിക്കേണ്ടെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.

പ്ലസ് വണ്‍ സീറ്റ് അനുവദിക്കുന്നതില്‍ മലബാറിനോടുള്ള അവഗണന ഇത്തവണയും തുടരുമെന്നുള്ള സര്‍ക്കാറിന്റെ കാലേക്കൂട്ടിയുള്ള പ്രഖ്യാപനമാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവിലൂടെ നടത്തിയിരിക്കുന്നത്. മലപ്പുറത്തും കോഴിക്കോട്ടുമൊക്കെ ആഗ്രഹിച്ച കോഴ്സ് പഠിക്കാന്‍ ക ഴിയാതെ പുറത്തിരിക്കേണ്ട വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഈ പ്രാവശ്യവും വലിയ വ്യത്യാസമുണ്ടാകില്ലെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

മലബാര്‍ ജില്ലകളില്‍ മൊത്തത്തിലുള്ള സീറ്റുകളുടെ എണ്ണവും ഐ.ടി.ഐ പോലെയുള്ള അനുബന്ധ കോഴ്സുകളെയും ചൂണ്ടിക്കാട്ടിയാണ് യാഥാര്‍ത്ഥ്യങ്ങളുമായി ഒരുവിധത്തിലും പൊരുത്തപ്പെടാത്ത കണക്കുകൂട്ടലുമായി വിദ്യാഭ്യാസ വകുപ്പിന്റെ രംഗ പ്രവേശം. ഇഷ്ടപ്പെട്ട കോഴസ് തിരഞ്ഞെടുക്കാന്‍ കഴിയാതിരിക്കുകയെന്നതും ഉന്നത പഠനത്തിനുള്ള അവസരം നിഷേധിക്കപ്പെടുന്നതിനു തുല്യമാണ്. തെക്കന്‍ കേരളത്തില്‍ ഉന്നത പഠനത്തിനു യോഗ്യത നേടിയ മുഴുവന്‍ കുട്ടികള്‍ക്കും അവര്‍ ആഗ്രഹിക്കുന്ന കോഴ്സ് തന്നെ ലഭിക്കുമ്പോഴാണ് മലബാറില്‍ മുഴുവന്‍ വിഷയങ്ങളിലും എ.പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കു പോലും ആഗ്രഹിച്ച കോഴ്സുകളോ ഇഷട്‌പ്പെട്ട സ്‌കൂളുകളോ ലഭിക്കുന്നില്ലെന്നുള്ള അവസ്ഥയുള്ളത്. മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും എം.എസ്.എഫ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളും മാസങ്ങളോളം സമരമുഖത്തായിരുന്നു. വിദ്യാര്‍ത്ഥി രോഷത്തിനുമുന്നില്‍ പ്രതിരോധിച്ച് നില്‍ക്കാനാവാതെ സര്‍ക്കാര്‍ അനുകൂല വിദ്യാര്‍ത്ഥി പ്രസ്താനങ്ങള്‍ക്കും ബഹുജന സംഘടനകള്‍ക്കുമെല്ലാം തെരുവിലിറങ്ങേണ്ടിവരികയുണ്ടായി.

അധിക സീറ്റുകള്‍ എന്നതിനപ്പുറം പ്രത്യേക ബാച്ച് അനുവദിക്കുന്ന പ്രശ്‌നമേയില്ലെന്ന് നിലപാടെടുത്ത സര്‍ക്കാറിന് ഒടുവില്‍ മുട്ടുമടക്കേണ്ടി വന്നെങ്കിലും അവിടെയും ഇരട്ടത്താപ്പ് തന്നെയായിരുന്നു സ്വീകരിച്ചത്. കൂടുതല്‍ കുട്ടികളും ആഗ്രഹിച്ചിരുന്ന സയന്‍സ് ഗ്രൂപ്പിന് ഒരു ബാച്ച് പോ ലും അനുവദിക്കാതെ താരതമ്യേന ആവശ്യം കുറഞ്ഞ ഹുമാനിറ്റീസ്, കൊമേഴ്സ് കോഴ്സുകള്‍ക്കാണ് സീറ്റ് അനുവദിച്ചത്. അതാകട്ടേ മലപ്പുറം, കാസര്‍കോട് ജില്ലകള്‍ക്ക് മാത്രവും. അപ്പോഴും സീറ്റ് അപര്യാപ്തതകൊണ്ട് പ്രയാസപ്പെടുന്ന കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, വയനാട് ജില്ലകളെ തിരിഞ്ഞുനോക്കാന്‍ പോലും ഭരണകൂടം തയാറായില്ല. ചുരുക്കത്തില്‍ ഖജനാവിനുണ്ടാകുന്ന നഷ്ടക്കണക്കുകള്‍ അക്കമിട്ട് നിരത്തി ഔദാര്യംപോലെ അനുവദിച്ച ഈ ബാച്ചുകള്‍ക്കൊണ്ട് കാര്യമായ ഗുണം പോലുമുണ്ടായില്ലെന്നതാണ് വസ്തുത.

പുതിയ അധ്യായന വര്‍ഷത്തിലും മല ബാറിലെ വിദ്യാര്‍ത്ഥി സമൂഹത്തെ പൊരിവെയിലില്‍ നിര്‍ത്താനും സമരമുഖത്തേക്ക് ഇറക്കിവിടാനും മാത്രമേ ഈ തീരുമാനം ഉപകരിക്കുകയുള്ളൂ എന്നതുറപ്പാണ്. വിദ്യാഭ്യാസ രംഗത്ത് ഇടതു സര്‍ക്കാര്‍ മലബാറിനോട് എക്കാലത്തും ചിറ്റമ്മ നയമാണ് സ്വീകരിച്ചിട്ടുള്ളത് എന്നതിന് ചരിത്രം സാക്ഷിയാണ്. വിവിധ കാലത്തെ യു.ഡി.എഫ് സര്‍ക്കാറുകളുടെ ശക്തമായ ഇടപെടലുകളാണ് ഈ വിവേചനത്തിന് ഒരു പരിധിവരെയെങ്കിലും ശമനമുണ്ടാക്കിയത്. പിണറായി സര്‍ക്കാറിന് ഭരണത്തുടര്‍ച്ചയുണ്ടായതോടെ ഈ അന്തരം ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്. അന്തമായ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ഒരു തലമുറയുടെ അവകാശങ്ങളുടെ കടക്കല്‍ കത്തിവെക്കുന്ന ഈ മഹാ അപരാധത്തില്‍നിന്ന് ഇടതു സര്‍ക്കാര്‍ ഇനിയെങ്കിലും വിട്ടു നില്‍ക്കാന്‍ സന്മനസ്സ് കാണിക്കണം.

Continue Reading

Trending