Connect with us

Video Stories

മൈത്രിയുടെ സുവര്‍ണമുദ്ര; മലപ്പുറം ജില്ലക്ക് ഇന്ന് 50 വയസ് പൂര്‍ത്തിയാവുന്നു

Published

on

തിരുവിതാംകൂറില്‍ ജനിച്ച് മലപ്പുറത്തെ സ്വദേശമായി വരിച്ച പ്രശസ്ത കവി മണമ്പൂര്‍ രാജന്‍ ബാബു മനസ്സ് തുറക്കുന്നു.

അഭിമുഖം: അനീഷ് ചാലിയാര്‍
ഏറ്റവും ഇഷ്ടപ്പെട്ട മലപ്പുറം പ്രയോഗമേതെന്ന് ചോദിച്ചാല്‍ ”ചെങ്ങായി’ എന്നാണെന്ന് പറയും പ്രമുഖ സാഹിത്യകാരന്‍ മണമ്പൂര്‍ രാജന്‍ ബാബു. പതിറ്റാണ്ടുകളായി അദ്ദേഹത്തിന്റെ ഉറ്റ ചങ്ങാതിയാണ് മലപ്പുറം. മലപ്പുറത്തിന് തിരിച്ചും അങ്ങനെത്തന്നെ.
തന്റെ എഴുത്തു ജീവിതവും കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമെല്ലാം ഈ നാടിനോട് അത്രമേല്‍ ഇഴചേര്‍ന്നു കിടക്കുന്നതാണെന്ന് അടിവരയിടുകയാണ് പ്രിയ കവി. അടുത്തറിയാത്തവരിലിന്നും ഊഹക്കഥകളേറെയുള്ള മലപ്പുറത്തിന്റെ യഥാര്‍ത്ഥ മുഖം മറ്റൊന്നാണെന്ന് നാല് പതിറ്റാണ്ടിന്റെ ജീവിതാനുഭവങ്ങള്‍ ചേര്‍ത്തുവെച്ച് പറയുകയാണദ്ദേഹം. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തെത്തി ഈ നാടിന്റെ സാംസ്‌കാരിക സാഹിത്യരംഗത്തെ വളര്‍ച്ചയ്‌ക്കൊപ്പം സഞ്ചരിച്ച എഴുത്തുകാരനാണ് മണമ്പൂര്‍ രാജന്‍ബാബു. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ ഇന്ന് ഇന്‍ലന്‍ഡ് മാസികയുടെ പത്രാധിപരാണദ്ദേഹം. തുടക്കക്കാര്‍ മുതല്‍ എം.ടി. വരെ ഈ മാസികയില്‍ ഇന്നും എഴുതുന്നുണ്ട്. ഏറ്റവും പഴക്കം ചെന്ന ഇന്‍ലന്‍ഡ്് മാസികയാണ് ”ഇന്ന്”. എം.ടി. ചെയര്‍മാനായ തുഞ്ചന്‍സ്മാരക ട്രസ്റ്റ് അംഗവും ‘രശ്മി’ ഫിലിം സൊസൈറ്റിയുടെ അദ്ധ്യക്ഷനുമാണ്. കേരളത്തിലങ്ങോളമിങ്ങോളം സാംസ്‌കാരിക സദസ്സുകളിലെ നിറസാന്നിധ്യമാണ് മണമ്പൂര്‍ രാജന്‍ ബാബു. പതിനൊന്ന് കാവ്യ സമാഹാരങ്ങള്‍ ഉള്‍പ്പെടെ പതിനാല് ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ഭാഷകളിലേക്ക് കവിതകള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുമുണ്ട്. നിരവധി പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.
മലപ്പുറം ജില്ല രൂപവത്കരണത്തിന്റെ അമ്പതാം വാര്‍ഷിക വേളയില്‍ ഖല്‍ബില്‍ സ്‌നേഹത്തിന്റെ അരുവികളൊഴുകുന്ന ഒരു ജനതയെ, ജീവിത വഴികളില്‍ കൈപിടിച്ചുനടന്ന ഗ്രാമവിശുദ്ധിയെ പിന്തുണയും അഭയവും നല്‍കിയ കൂട്ടിലങ്ങാടി ദേശത്തെ എല്ലാം ഓര്‍ത്തെടുത്ത് പങ്കുവെക്കുകയാണിവിടെ.

”മലപ്പുറമെന്നാല്‍ ആശങ്കകളുടെ കഥകള്‍ പ്രചരിക്കപ്പെട്ടിരുന്ന കാലത്താണ്് സര്‍ക്കാര്‍ ജോലിയുടെ ഭാഗമായി മലപ്പുറത്തേക്ക് വരേണ്ടി വന്നത്്. പൊലീസ് വകുപ്പില്‍ ക്ലാര്‍ക്കായി 1976-ലാണ് മലപ്പുറത്തെത്തിയത്. ഭക്ഷണം, സംസാരം എല്ലാം വ്യത്യസ്തവും അത്ഭുതപ്പെടുത്തുന്നതുമായിരുന്നു വന്ന കാലത്ത്. പിന്നെ പിന്നെ എല്ലാറ്റിനോടും സമരസപ്പെട്ടു, പുതിയ രീതികളും ജീവിതത്തിന്റെ ഭാഗമായി.”
അവധിക്ക് നാട്ടിലെത്തുമ്പോള്‍ എങ്ങനെയവിടെ ജീവിക്കാന്‍ ഒക്കുമോ? എന്ന് ചോദിച്ച, ചോദിക്കുന്ന നാട്ടുകാരുണ്ട്. 43 വര്‍ഷമാകുന്നു മലപ്പുറത്തെത്തിയിട്ട്. ക്ലാര്‍ക്കായി വന്ന് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി സര്‍വീസില്‍ നിന്ന് വിരമിച്ചിട്ട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞു. എങ്കിലും മലപ്പുറത്തു തന്നെ സ്ഥിരതാമസമാക്കുകയാണ്. അതാണ് അന്നും ഇന്നും ഈ ചോദ്യമുന്നയിക്കുന്നവര്‍ക്കുള്ള എന്റെ മറുപടി. സ്വന്തമായി വീട് പണികഴിപ്പിച്ചിട്ടുണ്ട് ജന്മനാടായ മണമ്പൂരില്‍. സഹോദരങ്ങള്‍, മകനും കുടുംബവും എല്ലാവരും അവിടെ തന്നെ. എന്നാലും ഭാര്യ സുമയുമൊത്ത് മലപ്പുറത്ത് സ്ഥിരതാമസക്കാരനായി. അറുത്തെടുക്കാന്‍ പറ്റാത്ത വേരുകളുണ്ട് മലപ്പുറത്ത്. ജാതിമത ഭേദമില്ലാതെ, രാഷ്ട്രീയമില്ലാതെ, വലിപ്പചെറുപ്പമില്ലാതെ ഒന്നിനോടൊന്നു ചേര്‍ന്ന് നില്‍ക്കുന്ന ബന്ധങ്ങള്‍, അതാണ് എന്നെ ഈ മണ്ണില്‍ പിടിച്ചു നിര്‍ത്തുന്നത്. നാട്ടിലേക്ക് മടങ്ങണമെന്ന ചിന്തയെ അതിജീവിക്കാന്‍ പോന്ന ആത്മബന്ധം. മനുഷ്യര്‍ തമ്മിലുള്ള വേര്‍പ്പെടുത്താനാവാത്ത ഈ ബന്ധങ്ങളാണ് മലപ്പുറത്തിന്റെ ആത്മാവും സൗന്ദര്യവും. ചെറുനഗരങ്ങളായി രൂപാന്തരപ്പെട്ടപ്പോഴും ഗ്രാമവിശുദ്ധിയും നിഷ്‌കളങ്കതയും നഷ്ടപ്പെടുത്താതെ ഇന്നും കാത്തുസൂക്ഷിക്കുന്ന മണ്ണ്. ആ മണ്ണിനോട് ചേര്‍ന്ന് ഇനിയുമേറെ നടക്കണം. പക്ഷേ, ഒന്നുണ്ട്, പേരിനൊപ്പം മാത്രമല്ല ജന്മനാടായ മണമ്പൂരുള്ളത്. അത് മനസ്സിനോടൊട്ടി വേര്‍പ്പെടുത്താനാവാതെ നില്‍ക്കുന്ന ഗൃഹാതുരത്വമാണ്.
കുടുംബ വിശേഷങ്ങളിലും ഒഴിവുസമയങ്ങളിലും ബന്ധുക്കള്‍ക്കൊപ്പവും പേരമക്കളുടെ മുത്തശ്ശനായും മണമ്പൂരിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും ഒക്കെ സജീവമായും ഇന്നും പങ്കെടുക്കുന്നുണ്ട്. പ്രധാന പ്രവര്‍ത്തനമണ്ഡലം മലപ്പുറമാണെങ്കിലും എനിക്കിപ്പൊ സ്വന്തമായി രണ്ട് നാടുണ്ട്. ജനിച്ചവളര്‍ന്ന മണമ്പൂരും എന്റെ ജീവിതവഴിയിലെ ‘ചെങ്ങായി’യായി മലപ്പുറവും. എന്നെ തിരിച്ചു ജന്മനാട്ടിലെത്തിക്കാനായി അവിടെയുള്ള സുഹൃത്തുക്കള്‍ യോഗം ചേരുകവരെയുണ്ടായ അനുഭവമുണ്ട്. ഇല്ല, മലപ്പുറം വിട്ട് പൂര്‍ണമായി മടങ്ങാനാവില്ലിനി.
നന്മയുടെ ഒരു വിളക്കുനാളം തെളിയിച്ചാല്‍ അതിന് ചുറ്റും കൂടുന്ന നിഷ്‌കളങ്കരായ മനുഷ്യര്‍. ആ ചെറു തിരിനാളമേറ്റെടുത്ത് പ്രകാശപൂരിതമാക്കി തലമുറകളിലേക്ക് പകരുന്ന മണ്ണ്. തുഞ്ചത്തെഴുത്തച്ഛന്‍, പൂന്താനം, മോയിന്‍കുട്ടി വൈദ്യര്‍, മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരി, മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍, ഉറൂബ്, നന്തനാര്‍, ചെറുകാട് തുടങ്ങിയവര്‍ക്ക് ജന്മം നല്‍കിയ ഈ നാടാണ് യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമാകേണ്ടിയിരുന്നതെന്നാണ് എന്റെ അഭിപ്രായം. ജനിച്ച നാടിന്റെ സംസ്‌കാരവും അതില്‍നിന്നേറെ വ്യത്യസ്താനുഭവങ്ങള്‍ സമ്മാനിച്ച മലപ്പുറവും എന്റെ രചനകളില്‍ ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നാട്ടിലെ സുഹൃത്തുക്കളും ബന്ധുക്കളും എന്റെ സംസാര ശൈലിയില്‍ പോലും മലപ്പുറം വല്ലാതെ അലിഞ്ഞുചേര്‍ന്നിട്ടുണ്ടെന്ന് പറയാറുണ്ട്.
12,000 വരിക്കാരുള്ള ‘ഇന്ന്’ ഇന്‍ലന്‍ഡ് മാസിക തുടങ്ങിയത് 1981-ലാണ്. തപാല്‍ വഴി കടലിനക്കരെയുള്ള വായനക്കാരില്‍വരെ എത്തിക്കാനാവുന്നുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങളിലും മേല്‍വിലാസം പകര്‍ത്തി നല്‍കാനും സഹായിക്കുന്നവരുണ്ട് വര്‍ഷങ്ങളായി. മികച്ച നിലവാരമുള്ള ചിന്തയും വര്‍ത്തമാനവും സിനിമാ സംവാദങ്ങളുമായി നാല് പതിറ്റാണ്ടിലധികമായി സജീവമായി നില്‍കുന്ന ‘രശ്മി’ ഫിലിം സൊസൈറ്റി. അതിന്റെ അദ്ധ്യക്ഷനായും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാനാവുന്നുണ്ട്. നാനാതുറകളില്‍ നിന്നുള്ളവരുടെ ഒരു സാംസ്‌കാരിക കൂട്ടായ്മയാണത്. മലപ്പുറത്തിന്റെ ഈ ഒത്തൊരുമ, സഹകരണമനോഭാവം ഇതെല്ലാമാണ് ഇന്‍ലന്‍ഡ് മാസികയും ഫിലിംസൊസൈറ്റിയും ഇന്നും സജീവമായി നിലനില്‍ക്കുന്നതിന്റെ അടിസ്ഥാനം.
ഏറെ കോലാഹലങ്ങള്‍ക്കൊടുവില്‍ പ്രഖ്യാപിക്കപ്പെട്ട ജില്ലയാണ് മലപ്പുറം. പിറവിയെടുത്ത ആദ്യപതിറ്റാണ്ടില്‍ തന്നെ മലപ്പുറത്തെത്തിയതാണ്. ഒരു ഗ്രാമത്തെ പെട്ടെന്ന് ജില്ലയായി പ്രഖ്യാപിച്ചതിന്റെ ഞെട്ടലിപ്പോഴുമുണ്ടെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ, വളരെപ്പെട്ടെന്നുള്ള മലപ്പുറത്തിന്റെ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് പിന്നീട് കണ്ടത്. സാമൂഹിക,സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ മുന്നേറ്റത്തിന്റെ പടവുകള്‍ കയറുകയാണ് ഈ നാടിന്ന്. വിദ്യാഭ്യാസ, സാക്ഷരതാ രംഗങ്ങളില്‍ സ്ത്രീകളുടെ മുന്നേറ്റത്തിന് പുതിയ റവന്യൂ ജില്ലാ രൂപവത്കരണം ആക്കം കൂട്ടി.
……………………………………………………………………………………………………………………….

1969 ജൂണ്‍ 16ന് മലപ്പുറം ജില്ല നിലവില്‍വന്നു.
മലപ്പുറം ജില്ലാ രൂപീകരണം എന്ന ആവശ്യം ആദ്യമായി നിയമസഭയില്‍ ഉന്നയിച്ചത് 1960ല്‍ മങ്കടയില്‍ നിന്നുള്ള മുസ്‌ലിംലീഗ് എം.എല്‍.എ
അഡ്വ.പി.അബ്ദുല്‍ മജീദ്
1967ല്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സപ്തമുന്നണി സര്‍ക്കാരില്‍ മുസ്‌ലിംലീഗ് മന്ത്രിമാരായ സി.എച്ച് മുഹമ്മദ്‌കോയയുടെയും എം.പി.എം.അഹമ്മദ് കുരിക്കളുടെയും നേതൃത്വത്തില്‍ നടത്തിയ ശക്തമായ ശ്രമങ്ങളുടെ ഫലമായിരുന്നു മലപ്പുറം ജില്ല.
പുതിയ ജില്ല വരുന്നത് സാമ്പത്തിക ബാധ്യതകള്‍ സൃഷ്ടിക്കുമെന്ന
ന്യായം പറഞ്ഞ് ജില്ലാ രൂപീകരണത്തിനെതിരെ ഭരണമുന്നണിക്കുള്ളില്‍
നിന്നുതന്നെ അപസ്വരങ്ങള്‍ ഉയര്‍ന്നപ്പോള്‍ സംസ്ഥാന പ്രസിഡണ്ട്
സയ്യിദ് അബ്ദുറഹ്്മാന്‍ ബാഫഖി തങ്ങളുടെ നേതൃത്വത്തില്‍ മുസ്്‌ലിംലീഗ് വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തു.
ജില്ലാ രൂപീകരണത്തിനെതിരെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി ജനസംഘം നേതൃത്വത്തില്‍ പ്രതിഷേധങ്ങളും അരങ്ങേറി.
വികസനംകൊതിക്കുന്ന മലപ്പുറം ജനത മത,കക്ഷിഭേദമന്യേ ജില്ലക്കെതിരായ അപവാദ പ്രചാരണങ്ങളെ ചെറുത്തുതോല്‍പ്പിച്ചു.
ഒരൊറ്റ വര്‍ഗീയ കലാപം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത മലപ്പുറം മതമൈത്രിയുടെ മാതൃകാസ്ഥാനമായി രാജ്യത്ത് കീര്‍ത്തിനേടി.

കോഴിക്കോട്, പാലക്കാട് ജില്ലകളില്‍പെട്ടതും സംസ്ഥാനത്ത് വികസനത്തിലും വിദ്യാഭ്യാസത്തിലും സാമ്പത്തിക സാമൂഹിക തലത്തിലും ഏറ്റവും പിന്നാക്കവുമായിരുന്ന ഏറനാട്, തിരൂര്‍, പെരിന്തല്‍മണ്ണ, പൊന്നാനി താലൂക്കുകള്‍ ചേര്‍ത്താണ് പുതിയ ജില്ല രൂപീകരിച്ചത്. 3,550 സ്‌ക്വയര്‍ കിലോമീറ്ററാണ് മലപ്പുറം ജില്ലയുടെ വിസ്തീര്‍ണ്ണം.
അന്നത്തെ ജനസംഖ്യ 1394000. 2011ലെ സെന്‍സസ് പ്രകാരം ഇത് 4112920. ഇപ്പോള്‍ ശരാശരി 47 ലക്ഷം ജനസംഖ്യ.
ഏഴ് താലൂക്കുകള്‍: ഏറനാട്, തിരൂര്‍, പെരിന്തല്‍മണ്ണ, പൊന്നാനി,
തിരൂരങ്ങാടി, നിലമ്പൂര്‍, കൊണ്ടോട്ടി
മൂന്ന് ലോക്‌സഭാ മണ്ഡലങ്ങള്‍: മലപ്പുറം, പൊന്നാനി, വയനാട് (3 അസം ബ്ലി മണ്ഡലങ്ങള്‍)
നിയമസഭാ മണ്ഡലങ്ങള്‍: 16
ബ്ലോക്ക് പഞ്ചായത്തുകള്‍: 15
നഗരസഭകള്‍: 12
ഗ്രാമപഞ്ചായത്തുകള്‍: 94

വര്‍ഗീയമെന്ന് മുദ്രകുത്താന്‍ ശ്രമിച്ചവര്‍ക്ക് സാഹോദര്യത്തിന്റെ പുതുമാതൃക തീര്‍ത്താണ് മലപ്പുറം മറുപടി നല്‍കിയിട്ടുള്ളത്. അമ്പലമുണ്ടാക്കാന്‍ സ്വന്തം സ്ഥലം വിട്ടുനല്‍കിയ മുസ്്‌ലിംകളും പള്ളിനിര്‍മ്മിക്കാന്‍ ഭൂമി ദാനം ചെയ്ത ഹിന്ദുവുമുള്ള നാടാണ് മലപ്പുറം.
ദുഷ്ചിന്തകളെ, പ്രേരണകളെ, വിഭാഗീയ ശ്രമങ്ങളെ ജാതിമത വ്യത്യാസമില്ലാതെ ഒന്നായി ചെറുക്കാനുള്ള കഴിവാണ് മലപ്പുറത്തിന്റെ യഥാര്‍ത്ഥ മുഖം. ഇന്ത്യയിലെ മതേതരത്വത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അത് ബാബരി മസ്ജിദ് തകര്‍ക്കലിന്റെ പശ്ചാത്തലത്തില്‍കൂടിയായിരിക്കണം. ആ സംഭവത്തിന് ശേഷം ഹിന്ദുക്കളിലും മുസ്‌ലിംകളിലുംപെട്ട കുറച്ചുപേരെങ്കിലും തീവ്ര ഹിന്ദുക്കളും തീവ്ര മുസ്‌ലിംകളുമായി. തുടര്‍കലാപങ്ങളുടെ കറുത്തദിനങ്ങള്‍ക്കാണത് കാരണമായത്. എന്നാല്‍ കേരളത്തിലും പ്രത്യേകിച്ച് മുസ്്‌ലിംകള്‍ ബഹൂഭൂരിപക്ഷമുള്ള മലപ്പുറവും അതിനെ അതിജീവിച്ചു. കലാപത്തിന്റെ, വിദ്വേഷത്തിന്റെ കൊടുംകാറ്റിനെ സാഹോദര്യംകൊണ്ട്, പരസ്പര ബഹുമാനംകൊണ്ട് പ്രതിരോധിക്കാന്‍ ഈ നാടിനായി. അതിന് മുന്നില്‍ നിന്നത് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന മഹദ് വ്യക്തിത്വമാണ്. സംയമനം പാലിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. കലാപങ്ങളില്ലാതെ, അസ്വാരസ്യങ്ങളില്ലാതെ ആ പ്രതിസന്ധി മറികടന്നു. ജനങ്ങള്‍ക്കായിരുന്നില്ല ബാബരി മസ്ജിദ് തകര്‍ക്കേണ്ടിയിരുന്നത്. രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളുള്ള നേതാക്കളുടെ ആവശ്യമായിരുന്നു അത്. സാഹോദര്യം തീര്‍ത്ത കണ്ണികളില്‍ ജാതിയുടെ, മതത്തിന്റെ വിടവുകളുണ്ടാകാന്‍ ഏറെ സാധ്യതയുള്ള സാഹചര്യമാണിന്നുള്ളത്. പരസ്പരബന്ധത്തില്‍ വിടവുകളില്ലാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം, കരുതലോടെ കൂടുതല്‍ സ്‌നേഹത്തോടെ ബന്ധങ്ങള്‍ മനസ്സുകളില്‍ നിന്ന് മനസ്സുകളിലേക്ക് വളരണം, വളര്‍ന്നുകൊണ്ടേയിരിക്കണം.

മലപ്പുറത്തിന്റെ നന്മയുടെ മുഖത്തിന് നല്‍കാനുള്ള ഉചിതമായൊരു പേരുണ്ട്, ജെയ്‌സലെന്ന്. ദുരിതം പേറുന്നവര്‍ക്ക് ചവിട്ടുപടിയായി തന്റെ ശരീരം സമര്‍പ്പിച്ചവന്‍. അങ്ങനെ ഒരുപാടനുഭവങ്ങളുണ്ടാകും പരതിനോക്കിയാല്‍.
പാലിയേറ്റീവ് പ്രവര്‍ത്തനത്തിലെ ജനകീയത, കിഡ്‌നി രോഗികളെ സഹായിക്കുന്നതിനുള്ള ജില്ലാ പഞ്ചായത്ത് നേതൃത്വം നല്‍കുന്ന സൊസൈറ്റി. പാവപ്പെട്ടവന് അന്നം നല്‍കാന്‍ വഴിനീളെയുള്ള നേര്‍ച്ചകുറ്റികള്‍. കുരുന്നു മനസ്സുകളില്‍ പോലും കാണാം വേദനിക്കുന്നവനെ സഹായിക്കാനുള്ള വിശാലത. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വിധികര്‍ത്താവായി എല്ലാ ജില്ലകളിലും സന്ദര്‍ശിച്ച അനുഭവമുണ്ട്. മലപ്പുറം ആഘോഷമാക്കിയ, ആതിഥ്യം നല്‍കിയ പോലൊന്ന് മറ്റൊരു ജില്ലയിലുമുണ്ടായിട്ടില്ല. ഇതൊക്കെ മലപ്പുറത്തിന്റെ മാത്രം പ്രത്യേകതകളാണ്.
അഭയം നല്‍കാനുള്ള വിശാലമനസ്‌കത ഇവിടെയുള്ള ഏത് സാധാരണക്കാരനിലും കാണാനാകും. പൊലീസിനെ വിമര്‍ശിച്ച് എഴുതിയതിന് ജോലിയില്‍ നിന്നും താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സില്‍ നിന്നുപോലും പുറത്താക്കപ്പെട്ടപ്പോള്‍ അഭയം നല്‍കിയത് കൂട്ടിലങ്ങാടിയാണ്. തന്നേക്കാള്‍ ചെറുപ്പമാണെന്നറിഞ്ഞിട്ടും ബാബുവേട്ടാ എന്ന് ബഹുമാനത്തോടെ വിളിച്ച സൈതാലിക്കയാണ് അന്ന് താമസത്തിനും മറ്റും സൗകര്യമൊരുക്കിയത്. വാടക വീടുകളില്‍ താമസിച്ച് പിന്നീടങ്ങനെ സ്വന്തമായി ചെറുവീടൊക്കെ വെച്ചു. ഞാനുമൊരു കൂട്ടിലങ്ങാടിക്കാരാനായി.

News

ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ പരസ്പര താരിഫ് ഉടനെന്ന് ട്രംപ്‌

വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്കിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്ക് മേല്‍ അമേരിക്ക ഉടന്‍ തന്നെ പരസ്പര ഇറക്കുമതി തീരുവ ചുമത്തുമെന്ന് ഡോണള്‍ഡ് ട്രംപ്. വെള്ളിയാഴ്ച വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്കിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങള്‍ ഉടന്‍ തന്നെ പരസ്പര താരിഫുകള്‍ ഏര്‍പ്പെടുത്തും. കാരണം അതിനര്‍ത്ഥം അവര്‍ നമ്മളില്‍ നിന്ന് ഈടാക്കുന്നു, നമ്മള്‍ അവരില്‍നിന്ന് ഈടാക്കുന്നു എന്നാണ്. ഇത് വളരെ ലളിതമാണ്. ഏത് കമ്പനിയായാലും രാജ്യമായാലും, ഉദാഹരണത്തിന് ഇന്ത്യയായാലും ചൈനയായാലും അല്ലെങ്കില്‍ അവയിലേതെങ്കിലും ആയാലും അവര്‍ എന്ത് ഈടാക്കിയാലും നമ്മള്‍ നീതി പുലര്‍ത്താന്‍ ആഗ്രഹിക്കുന്നു. അവര്‍ നമ്മളില്‍നിന്ന് ഈടാക്കുന്നു, നമ്മള്‍ അവരില്‍നിന്ന് ഈടാക്കുന്നു. ഞങ്ങള്‍ അത് ചെയ്തിട്ടില്ല, ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. ഞങ്ങള്‍ അത് ചെയ്യാന്‍ തയ്യാറെടുക്കുകയാണ്’ ട്രംപ് പറഞ്ഞു.

ട്രംപ് പരസ്പര താരിഫ് ഏര്‍പ്പെടുത്താനുള്ള പദ്ധതി നടപ്പാക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നുണ്ട്. ട്രംപിന്റെ നയം പ്രാബല്യത്തില്‍ വന്നാല്‍ ഇന്ത്യയ്ക്കു മേലുള്ള യുഎസ് താരിഫ് നിലവിലെ മൂന്ന് ശതമാനത്തില്‍നിന്ന് 15 ശതമാനത്തിന് മുകളിലേക്ക് ഉയരുമെന്ന് മിത്സുബിഷി യുഎഫ്‌ജെ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് ഇന്‍കോര്‍പ്പറേറ്റഡിന്റെ വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ട്രംപ് ഭരണകൂടം പരസ്പര താരിഫ് എങ്ങനെയാണ് ഏര്‍പ്പെടുത്തുക എന്നത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വന്നിട്ടില്ല. ഇന്ത്യന്‍ കയറ്റുമതിയില്‍ യുഎസ് 20 ശതമാനം തീരുവ ചുമത്തിയാല്‍ അത് മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 50 അടിസ്ഥാന പോയിന്റുകളുടെ നഷ്ടത്തിന് കാരണമാകുമെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ സൗമ്യ കാന്തി ഘോഷ് മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം, ഇന്ത്യ അന്യായമായ തീരുവകള്‍ ചുമത്തുന്നുവെന്ന വാദത്തെ ചെറുക്കാന്‍ ഉദ്യോഗസ്ഥരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ‘ഇന്ത്യയിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട 30 ഇറക്കുമതികള്‍ക്ക് മൂന്ന് ശതമാനത്തില്‍ താഴെയാണ് താരിഫ് നിരക്കുകള്‍’ എന്നാണ് കഴിഞ്ഞദിവസം ധനകാര്യ സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ പറഞ്ഞത്. ഉയര്‍ന്ന തീരുവകള്‍ വളരെ കുറച്ച് ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമാണ്. അമേരിക്കയുമായുള്ള ചര്‍ച്ചകളിലൂടെ ആ കാര്യങ്ങള്‍ പരിഹരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

india

മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന് മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമനം

മന്ത്രിസഭയുടെ നിയമന സമിതി ഈ നിയമനം അംഗീകരിച്ചു.

Published

on

പ്രധാനമന്ത്രി മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി -2 ആയി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിനെ നിയമിച്ചു. മന്ത്രിസഭയുടെ നിയമന സമിതി ഈ നിയമനം അംഗീകരിച്ചു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി -1 പി കെ മിശ്രയാണ്.

അദ്ദേഹം 2019 മുതല്‍ ആ പദവിയില്‍ തുടരുന്നുണ്ട്. പ്രധാനമന്ത്രിയുടെ കാലാവധി അവസാനിക്കുന്നതുവരെയോ അല്ലെങ്കില്‍ കൂടുതല്‍ ഉത്തരവുകള്‍ ഉണ്ടാകുന്നതുവരെയോ ആയിരിക്കും ദാസിന്റെ നിയമനം എന്നാണ് ഉത്തരവില്‍ സൂചിപ്പിക്കുന്നത്. മോദിയുടെ കടുത്ത അനുയായി ആയാണ് അദ്ദേഹം അറിയപ്പെടുന്നത്

1957 ഫെബ്രുവരി 26 ന് ഭുവനേശ്വറില്‍ ജനിച്ച ദാസ് ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. 1980 ബാച്ച് തമിഴ്നാട് കേഡറിലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം, തമിഴ്നാട്ടിലും കേന്ദ്ര സര്‍ക്കാരുകളിലും വിവിധ പദവികളില്‍ സേവനമനുഷ്ഠിച്ചു.2021 ല്‍, പൊതുഭരണത്തിനുള്ള സംഭാവനകള്‍ക്ക് ഉത്കല്‍ സര്‍വകലാശാല ദാസിന് ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് (ഡി.ലിറ്റ്) ബിരുദം നല്‍കി.

Continue Reading

kerala

പണിമുടക്കിയവർക്ക് പണി കിട്ടി; കെഎസ്ആര്‍ടിസിയില്‍ പ്രതികാര നടപടി

ഇതിന്റെ ഭാഗമായി ഇവരുടെ ഫെബ്രുവരി മാസത്തെ ശമ്പളം വൈകിപ്പിക്കുവാന്‍ മാനേജ്‌മെന്റ് നീക്കം ആരംഭിച്ചു.

Published

on

കെഎസ്ആര്‍ടിസിയില്‍ പണിമുടക്കിയവര്‍ക്കെതിരെ പ്രതികാര നടപടി എടുക്കാന്‍ മാനേജ്‌മെന്‍റ്. ഡയസ്‌നോണിന് പുറമേ ഇവര്‍ക്കെതിരെ ചില നടപടികള്‍ കൂടി സ്വീകരിക്കുവാനാണ് മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഇവരുടെ ഫെബ്രുവരി മാസത്തെ ശമ്പളം വൈകിപ്പിക്കുവാന്‍ മാനേജ്‌മെന്റ് നീക്കം ആരംഭിച്ചു.

ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പണിമുടക്കിയവര്‍ക്കാണ് ഇപ്പോള്‍ പണി കിട്ടിയിരിക്കുന്നത്. തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചില്ല എന്ന് മാത്രമല്ല, അവകാശങ്ങള്‍ക്കു വേണ്ടി പൊരുതിയവര്‍ക്കു നേരെ നടപടി എടുക്കുന്ന തരത്തിലേക്കാണ് സര്‍ക്കാരും മാനേജ്‌മെന്റും കടന്നിരിക്കുന്നത്.

പണിമുടക്കിയവരുടെ ശമ്പള ബില്‍ പ്രത്യേകം നല്‍കുവാന്‍ ചീഫ് അക്കൗണ്ട് ഓഫീസര്‍ നിര്‍ദേശവും നല്‍കി. സ്പാര്‍ക്ക് സെല്‍ വഴി അനുമതി ലഭിച്ച ശേഷം ബില്ലുകള്‍ നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. യൂണിറ്റ് മേധാവികള്‍ക്കാണ് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കെ.എസ്.ആര്‍.ടി.സി യില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫിന്റെ പണിമുടക്ക് ഫെബ്രുവരി മാസം നാലാം തീയതി ആയിരുന്നു. ഫെബ്രുവരി മൂന്ന് തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ 24 മണിക്കൂറാണ് പണിമുടക്ക് നടത്തിയത്. കെ.എസ്.ആര്‍.ടി.സി എം.ഡി പ്രമോജ് ശങ്കര്‍ സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ സമരവുമായി മുന്നോട്ടുപോകാന്‍ ജീവനക്കാര്‍ തീരുമാനിക്കുകയായിരുന്നു.

12 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. എല്ലാ മാസവും ഒന്നാം തീയ്യതി ശമ്പളം വിതരണം ചെയ്യണമെന്നതായിരുന്നു പ്രധാന ആവശ്യം. ഡി.എ കുടിശ്ശിക പൂര്‍ണമായും അനുവദിക്കുക, ശമ്പള പരിഷ്‌കരണ കരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക, ഡ്രൈവര്‍മാരുടെ സ്പെഷ്യല്‍ അലവന്‍സ് കൃത്യമായി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചിരുന്നു.

Continue Reading

Trending