കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി കഴിഞ്ഞ മൂന്നു മാസമായി നടത്തിവരുന്ന സ്റ്റെപ് കാമ്പയിന്റെ ഭാഗമായി സ്റ്റെപ് അപ്’ ലീഡേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു. മലസ് ഡ്യൂൺസ് ഇൻറർനാഷനൽ സ്കൂളിൽ നടന്ന ക്യാമ്പിന്റെ ആദ്യ സെഷൻ സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് വി.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ‘സ്വത്വ രാഷ്ട്രീയത്തിന്റെ സമകാലിക പ്രസക്തി’ എന്ന വിഷയത്തിൽ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറും ചന്ദ്രിക മുൻ പത്രാധിപരുമായ സി.പി. സൈതലവി പ്രഭാഷണം നിർവഹിച്ചു.
പുതിയ കാലത്തെ എല്ലാ വെല്ലുവിളികളെയും അതിജയിച്ച് മുസ്ലിം സമൂഹത്തിന് മുന്നോട്ടുപോകാൻ സാധ്യമാകണമെങ്കിൽ ലീഗ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ ധാര മനസ്സിലാക്കാനും ഉൾക്കൊള്ളാനും എല്ലാവർക്കും കഴിയണമെന്നും സംഘബോധവും ഐക്യവും സഹകരണ മനോഭാവവും പക്വമായ സാമുദായിക നേതൃത്വവും ഉണ്ടായാൽ മാത്രമാണ് ഇന്ത്യൻ സാഹചര്യത്തിൽ കരുത്തോടെ മുന്നോട്ട് പോകാനാവുകയെന്നും അദ്ദേഹം പറഞ്ഞു.
ഇച്ഛാശക്തിയും നല്ല കാഴ്ചപ്പാടുമുള്ള നേതൃത്വം കേരളീയ മുസ്ലിംകൾക്കുണ്ടെന്നും ഭിന്നിപ്പ് സൃഷ്ടിക്കാൻ ശ്രമിച്ചവരെ പ്രതിരോധിക്കാനുള്ള ബോധം സമുദായം കൈവരിച്ചിട്ടുണ്ടെന്നും സി.പി. സൈതലവി കൂട്ടിച്ചേർത്തു.
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര ആദ്യ സെഷനിൽ സ്വാഗതം പറഞ്ഞു. രണ്ടാം സെഷനിൽ മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ ‘സത്യാനന്തര കാലത്തെ മുസ്ലിം ലീഗ് രാഷ്ട്രീയം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി ചെയർമാൻ യു.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഉസ്മാൻ അലി പാലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.
രണ്ടാം സെഷനിൽ സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത് സ്വാഗതവും അബ്ദുറഹ്മാൻ ഫറൂഖ് നന്ദിയും പറഞ്ഞു. പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ ഫിറോസ് ബാബു നയിച്ച ‘സർവിദേ ഖയാൽ’ മെഹ്ഫിൽ ഏറെ ഹൃദ്യമായിരുന്നു. സമാപന സെഷനിൽ അഡ്വ. അനീർ ബാബു നന്ദി പറഞ്ഞു.
സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡൻറ് സി.പി. മുസ്തഫ സി.പി. സൈതലവിക്കും ട്രഷറർ അഷ്റഫ് വെള്ളേപ്പാടം അഡ്വ. നജ്മ തബ്ഷീറക്കും ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര ഫിറോസ് ബാബുവിനും കൈമാറി.
പ്രഭാഷണങ്ങൾ ആസ്പദമാക്കി നടന്ന ക്വിസ് മത്സരത്തിന് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷാഫി തുവ്വൂർ നേതൃത്വം നൽകി. 600 പേരാണ് ക്യാമ്പിൽ സംബന്ധിച്ചത്. ഉച്ചക്ക് ഒന്നിന് ആരംഭിച്ച ക്യാമ്പ് രാത്രി ഒമ്പതിന് അവസാനിച്ചു.
കെ.കെ. കോയാമു ഹാജി, മുജീബ് ഉപ്പട, മുഹമ്മദ് വേങ്ങര, ജലീൽ തിരൂർ, അസീസ് വെങ്കിട്ട, മാമുക്കോയ തറമ്മൽ, അഷ്റഫ് കൽപകഞ്ചേരി, റഫീഖ് മഞ്ചേരി, സിറാജ് മേടപ്പിൽ, പി.സി. അലി വയനാട്, നജീബ് നല്ലാങ്കണ്ടി, ഷമീർ പറമ്പത്ത്, നാസർ മാങ്കാവ്, ഷംസു പെരുമ്പട്ട, പി.സി. മജീദ്, കബീർ വൈലത്തൂർ, മൊയ്തീൻ കുട്ടി പൊന്മള, ഷൗക്കത്ത് കടമ്പോട്ട്, സഫീർ മുഹമ്മദ് തിരൂർ, സുഹൈൽ കൊടുവള്ളി, ജാഫർ പുത്തൂർമഠം, അൻവർ വാരം.
പി.ടി.പി. മുഖ്താർ, മുസ്തഫ പൊന്നംകോട്, ഇബ്രാഹിം ബാദുഷ, ഷാഫി സെഞ്ച്വറി, അഷ്റഫ് മേപ്പീരി, ഷറഫു കുമ്പളാട്, അസീസ് നെല്ലിയാമ്പത്ത്, മുഹമ്മദ് കുട്ടി മുള്ളൂർക്കര, ഹിജാസ് തൃശൂർ, കരീം കാനാമ്പുറം, മുജീബ് മൂവാറ്റുപുഴ, അൻസർ വെള്ളക്കടവ്, റഹ്മത്ത് അഷ്റഫ്, ജസീല മൂസ, ഹസ്ബിന നാസർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.