Connect with us

kerala

സ്വര്‍ണവില വീണ്ടും കൂടി; 43,500ല്‍ താഴെ തന്നെ

മൂന്ന് ദിവസത്തിനിടെ 200 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 80 രൂപ വര്‍ധിച്ച് 43,480 രൂപയായി. ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 5435 രൂപയായി. മൂന്ന് ദിവസത്തിനിടെ 200 രൂപയാണ് വര്‍ധിച്ചത്.

 

 

kerala

ഹൈബ്രിഡ് കഞ്ചാവ്: താരങ്ങള്‍ക്കൊപ്പം ലഹരി ഉപയോഗിച്ചതായി മുഖ്യപ്രതി

മുഖ്യപ്രതിയുടെ മൊഴിയിലുള്ള സിനിമ താരങ്ങള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കും

Published

on

ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുഖ്യപ്രതിയുടെ മൊഴിയിലുള്ള സിനിമ താരങ്ങള്‍ക്ക് നോട്ടീസ് നല്‍കും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാവും അന്വേഷണ സംഘം നോട്ടീസ് നല്‍കുക. മുഖ്യപ്രതിയായ തസ്ലീമ സുല്‍ത്താനയും താരങ്ങളും തമ്മിലുള്ള സന്ദേശങ്ങള്‍ എക്‌സൈസിന് ലഭിച്ചിട്ടുണ്ട്. പ്രതിയും താരങ്ങളും ഒരുമിച്ചിരുന്ന് പലതവണ ലഹരി ഉപയോഗിച്ചതായും മൊഴിയിലുണ്ട്.

പ്രമുഖ താരങ്ങള്‍ക്ക് ലഹരി കൈമാറിയെന്ന് തസ്ലീന സുല്‍ത്താന എക്‌സൈസിന് മൊഴി നല്‍കിയിരുന്നു. ഇവര്‍ക്കൊപ്പം മണ്ണഞ്ചേരി സ്വദേശിയായ ഫിറോസും ഉണ്ടായിരുന്നു. പ്രതികളെ കെണി ഒരുക്കി എക്‌സൈസ് സംഘം ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴയില്‍ എത്തിക്കുകയായിരുന്നു.

പ്രതിക്ക് സിനിമ മേഖലയിലെ പലരുമായും ബന്ധമുണ്ടെന്നും വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്ത് വിതരണം ചെയ്തുവെന്നും എക്‌സൈസ് കണ്ടെത്തിയിരുന്നു.

 

Continue Reading

film

ഭാവി സുരക്ഷിതമാക്കാന്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പാക്കണം; വിവാദങ്ങള്‍ക്കിടെ ഫേസ്ബുക്ക് പോസ്റ്റുമായി ആശിര്‍വാദ് സിനിമാസ്

ഭാവി സുരക്ഷിതമാക്കാന്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന ഫേസ്ബുക്ക് പോസ്റ്റുമായി സിനിമയുടെ നിര്‍മാണ കമ്പനിയായ ആശിര്‍വാദ് സിനിമാസ്.

Published

on

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്‍ സിനിമയുടെ വിവാദങ്ങള്‍ക്കിടെ ഭാവി സുരക്ഷിതമാക്കാന്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന ഫേസ്ബുക്ക് പോസ്റ്റുമായി സിനിമയുടെ നിര്‍മാണ കമ്പനിയായ ആശിര്‍വാദ് സിനിമാസ്.

”സുരക്ഷിതമായ ഭാവിക്കായി നാല് പ്രധാനപ്പെട്ട മാനുഷിക സ്വാതന്ത്ര്യത്തില്‍ സ്ഥാപിതമായ ലോകത്തിനായി ഞങ്ങള്‍ കാത്തിരിക്കുന്നു. ലോകത്ത് എല്ലായിടത്തും സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉറപ്പാക്കണം. ഓരോ വ്യക്തിക്കും സ്വന്തം രീതിയില്‍ ദൈവത്തെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം. ഇല്ലായ്മകളില്‍ നിന്നും ഭയത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കണം. ഇത് ഏതെങ്കിലും വിദൂര സഹസ്രാബ്ദത്തില്‍ സാധ്യമാകേണ്ട ഒന്നല്ല, അത് നമ്മുടെ സമയത്തും തലമുറയിലും പ്രാപ്യമാവേണ്ട ഒരു ലോകത്തിന്റെ അടിത്തറയാണ്” – ആശിര്‍വാദ് സിനിമാസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

2002 ലെ ഗുജറാത്ത് കലാപം ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള ഭാഗങ്ങള്‍ എമ്പുരാന്‍ സിനിമയില്‍ ഉണ്ടായിരുന്നു. സിനിമ റിലീസായതോടെ വന്‍ സ്വീകാര്യം കിട്ടിയ സിനിമയ്‌ക്കെതിരെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഘപരിവാര്‍ ആക്രമണത്തിനു പിന്നാലെ സിനിമ റീ എഡിറ്റ് ചെയ്ത് ചില ഭാഗങ്ങള്‍ ഒഴിവാക്കിയാണ് പ്രദര്‍ശനത്തിന് എത്തിച്ചത്. സിനിമയുടെ സംവിധായകനായ പൃഥ്വിരാജിനും കുടുംബത്തിനുമെതിരെ സംഘ്പരിവാര്‍ വ്യക്തിപരമായ അധിക്ഷേപങ്ങളും ഭീഷണിയും മുഴക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആവിഷ്‌കാര സ്വാതന്ത്ര്യം ഓര്‍മ്മപ്പെടുത്തിയുള്ള ആശിര്‍വാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് തെളിഞ്ഞത്.

 

Continue Reading

kerala

വഖഫ് ഭേദഗതി ബില്‍; കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യവും മതസ്വാതന്ത്ര്യവും കശാപ്പ് ചെയ്യുന്നു; ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

മുസ്‌ലിം ലീഗ് ശക്തമായ പ്രതിരോധം തീര്‍ക്കും

Published

on

മന്ത്രി കിരണ്‍ റിജ്ജു അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബില്‍ രാജ്യത്ത് നിലനില്‍ക്കുന്ന ജനാധിപത്യ സംവിധാനത്തെയും മത സ്വാതന്ത്ര്യത്തെയും നഗ്‌നമായി ലംഘിക്കുന്നതാണെന്നും ഇതിനെതിരെ ശക്തമായ പ്രതിരോധവുമായി ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് നിലകൊള്ളുമെന്നും മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പാര്‍ലമെന്റില്‍ പറഞ്ഞു. വഖഫ് ഭേദഗതി ബില്‍ അവതരിപ്പിച്ചത് മുതല്‍ ഈ ബില്ലിലെ ജനാധിപത്യവിരുദ്ധവും മതസ്വാതന്ത്ര്യ വിരുദ്ധവുമായ നിരവധി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ മുസ്ലിം ലീഗ് പാര്‍ലമെന്റിലും പുറത്തും ശക്തമായ വിയോജിപ്പ് പ്രകടമാക്കിയിരുന്നു. പ്രതിപക്ഷ കക്ഷികളുടെ ശക്തമായ ആവശ്യത്തിനും ഇടപെടലിനും വഴങ്ങി ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിയെ നിയോഗിച്ചിരുന്നുവെങ്കിലും ജെ.പി.സി ഇക്കാര്യത്തില്‍ ബന്ധപ്പെട്ട സമൂഹത്തിന് ആശ്വാസകരമല്ലാത്ത നിലപാടാണ് കൈക്കൊണ്ടത്. കേന്ദ്രസര്‍ക്കാറിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി റിപ്പോര്‍ട്ട് നല്‍കാനുള്ള ഉപാധി മാത്രമായി ജെ പി സി നിലകൊണ്ടു. കേന്ദ്രസര്‍ക്കാറിനു വേണ്ടി ഏതാനും അനുകൂല നിര്‍ദ്ദേശങ്ങള്‍ മാത്രം സ്വീകരിക്കുകയും ഇത് സംബന്ധിച്ച വിവിധ കക്ഷികളുടെ നിര്‍ദ്ദേശങ്ങള്‍ എല്ലാം അവഗണിച്ചുമാണ് ജെ.പി.സി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ ഒരൊറ്റ കാര്യം കൊണ്ടു തന്നെ സര്‍ക്കാര്‍ എന്താണ് ഈ ബില്ല് കൊണ്ടും ജെപിസി കൊണ്ടും ലക്ഷ്യമാക്കിയത് എന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഒരു പരിധിവരെ പാര്‍ലമെന്റിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്ന തരത്തിലാണ് ജെപിസിയെ കൊണ്ട് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിപ്പിച്ചത്. തുടര്‍ന്ന് അവതരിപ്പിക്കപ്പെട്ട ബില്ലില്‍ രാജ്യത്ത് വഖഫ് ചെയ്യപ്പെട്ട ഭൂമികളുടെ കാര്യത്തില്‍ അവയുടെ ഉദ്ദേശത്തിന് വിരുദ്ധമായും അതുപ്രകാരം അവരോട് നന്ദികേട് കാണിക്കുന്ന വിധത്തിലും ആണ് സര്‍ക്കാര്‍ പെരുമാറുന്നത്. ദൈവികമായ ആഗ്രഹത്തോടെ ഉദ്ദേശ്യ ലക്ഷ്യത്തോടെ സമര്‍പ്പിക്കപ്പെട്ട ഭൂമികളുടെ അധികാരത്തില്‍ മറ്റു മതവിഭാഗങ്ങള്‍ക്കും ക്രയവിക്രയ അധികാരം നല്‍കുന്നത് നീതീകരിക്കാന്‍ ആകുന്ന കാര്യമല്ല. രാജ്യത്ത് ആയിരക്കണക്കിന് ട്രസ്റ്റുകള്‍, സീഡുകള്‍, എന്‍ഡോമെന്റുകള്‍ എന്നിവ ഉണ്ടെന്നിരിക്കെ അവയില്‍ ഒന്നും ബന്ധപ്പെട്ടവര്‍ അല്ലാത്തവര്‍ക്ക് അധികാരം നല്‍കുന്നില്ല. എന്നാല്‍ പുതിയ വഖ്ഫ് നിയമത്തില്‍ മാത്രം മുസ്ലിംകള്‍ അല്ലാത്തവര്‍ക്ക് അധികാരം നല്‍കുന്നത് തികഞ്ഞ ദ്രോഹനടപടിയാണ്. വഖഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ താല്‍പ്പര്യം അനുസരിച്ച് ക്രയവിക്രയം ചെയ്യാനുള്ള വളരെ തെറ്റായ നിയമനിര്‍മാണത്തിനാണ് സര്‍ക്കാര്‍ ഈ ബില്ലിലൂടെ ലക്ഷ്യം വെക്കുന്നത് എന്ന കാര്യം വ്യക്തമാണ്.

പുതിയ നിയമ ഭേദഗതി ഇന്ത്യന്‍ ഭരണഘടനയുടെ 13, 15 , 25, 26, 30 എന്നീ ആര്‍ട്ടിക്കിളുകളുടെ നഗ്‌നമായ ലംഘനമാണ്. കേന്ദ്ര വഖഫ് ബോര്‍ഡ്, സംസ്ഥാന വഖഫ് ബോര്‍ഡുകള്‍ എന്നിവയുടെ എല്ലാ അധികാരങ്ങളും കവര്‍ന്നെടുത്ത് അവയെ എല്ലാം നോക്കുകുത്തികള്‍ ആക്കി മാറ്റാനാണ് നിയമം ലക്ഷ്യം വെക്കുന്നത്. വഖഫ് ബോര്‍ഡുകള്‍ക്ക് തങ്ങളില്‍ നിക്ഷിപ്തമായ സ്വത്തുവകകള്‍ വഖഫ് ആണോ അല്ലയോ എന്ന് പരിശോധിക്കാനുള്ള പ്രാഥമികമായ അവകാശം പോലും ഇല്ലാതാകും. ജില്ലാ കലക്ടര്‍ക്കും അതിനുമുകളിലുള്ള ഉദ്യോഗസ്ഥന്മാര്‍ക്കും അനര്‍ഹമായതും അമിതവുമായ അധികാര അവകാശങ്ങളാണ് പുതിയ നിയമം വിഭാവനം ചെയ്യുന്നത്. സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥരോ മറ്റ് പ്രതിനിധികളോ മുസ്‌ലിംകള്‍ അല്ലാത്തവര്‍ ആകാം എന്ന പുതിയ നിയമത്തിലെ നിര്‍ദ്ദേശം വഖഫിന്റെ അന്തസത്ത തന്നെയും തകര്‍ക്കാനുള്ള ഗൂഢ ലക്ഷ്യങ്ങളുടെ ഭാഗമാണെന്ന് തിരിച്ചറിയുവാന്‍ എല്ലാവര്‍ക്കും കഴിയും.
അതുകൊണ്ടുതന്നെ പുതിയ നിയമ നിര്‍മ്മാണം ദുരുദ്ദേശപരവും രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്താന്‍ കാരണം ഉണ്ടാക്കും എന്നതിലും തര്‍ക്കമില്ല. ഓരോ ജനവിഭാഗത്തിനും അവര്‍ക്കനുസൃതമായ നിലയില്‍ ദൈവിക പ്രീതിയോടെ ഭൂമിയും മറ്റ് വസ്തു വകകളും സമര്‍പ്പിക്കാം എന്നിരിക്കെ രാജ്യത്ത് അനേകം വ്യക്തികള്‍ സ്ഥാപനങ്ങള്‍ എന്നിവര്‍ വഖഫായി നല്‍കിയ ഭൂമികള്‍ക്കും സ്വത്തുക്കള്‍ക്കും നേരെ വളരെ നീചവും നിന്ദ്യവുമായ രീതിയില്‍ നിയമനിര്‍മാണം നടത്തി ഈ സ്വത്തുക്കളുടെ അധികാര അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ മാത്രമാണ് പുതിയ നിയമ നിര്‍മ്മാണം ലക്ഷ്യം വെക്കുന്നത് എന്ന് കാണാന്‍ സാധിക്കും.

വഖഫുമായി ബന്ധപ്പെട്ട എല്ലാ അധികാരങ്ങളും സംവിധാനവും തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഉദ്യോഗസ്ഥരെ നിയമിച്ച് നടപ്പിലാക്കാം എന്ന ആഗ്രഹത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഈ പുതിയ നിയമം നടപ്പാക്കാന്‍ ഒരുങ്ങുന്നത്. യഥാര്‍ത്ഥത്തില്‍ ഈ കരി നിയമം ജനാധിപത്യ ധ്വംസനവും മത സ്വാതന്ത്ര്യത്തിന് എതിരെയുള്ള കടന്നുകയറ്റവുമാണ് ലക്ഷ്യം വെക്കുന്നത് എന്ന് ഈ രാജ്യത്തെ ഓരോ പൗരനും മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. ദൈവപ്രീതിക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ട ഭൂമിയും വസ്തുവകകളും പിന്നീട് ഒരിക്കലും മുസ്‌ലിം സമുദായത്തിലെ അംഗങ്ങള്‍ക്ക് ഇടപെടാന്‍ കഴിയാത്ത വിധം വിലക്ക് ഏര്‍പ്പെടുത്തുവാന്‍ ഈ പുതിയ നിയമം നിര്‍മ്മാണം ലക്ഷ്യം വയ്ക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ബന്ധപ്പെട്ട ജനവിഭാഗം ഒറ്റക്കും കൂട്ടായും നടത്തിയിട്ടുള്ള പ്രതിഷേധങ്ങളെയും സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നില്‍ വെച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളെയും സര്‍ക്കാര്‍ പുല്ലുവില കല്‍പ്പിക്കാതെ നിയമനിര്‍മാണവുമായി മുന്നോട്ടു പോകുന്നത് ഈ രാജ്യത്തിന്റെ മഹിതമായ പാരമ്പര്യത്തിനും ജനാധിപത്യ സംവിധാനത്തിനും രാജ്യത്തെ നിയമവ്യവസ്ഥയ്ക്കും യോജിച്ചതല്ല. ഒരു വിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചുകൊണ്ട് അവരുടെ സ്വത്തുക്കള്‍ക്കെതിരെയുള്ള കടന്നുകയറ്റവും അങ്ങേയറ്റം ഹീനവും ആയ പ്രവൃത്തികളിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഈ നിയമനിര്‍മ്മാണത്തിനെതിരെ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് മുന്‍കൈയെടുത്ത് അതിശക്തമായ പ്രക്ഷോഭങ്ങളും നിയമ നടപടികളും കൈക്കൊള്ളാന്‍ പ്രതിജ്ഞാബദ്ധമാണ്. സര്‍ക്കാര്‍ ഇതുമായി മുന്നോട്ടുപോകുന്ന പക്ഷം മുസ്‌ലിം ലീഗ് ഇക്കാര്യത്തില്‍ അടിയന്തരമായ നിയമ പോരാട്ടങ്ങളിലേക്ക് കടക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായ വീണ്ടുവിചാരം കാണിക്കണമെന്നും ഈ നിയമ ഭേദഗതിയില്‍ നിന്ന് പിന്തിരിയണമെന്നും ഇ.ടി ആവശ്യപ്പെട്ടു.
ഇത്രയേറെ പൊതുസമൂഹവും ജനാധിപത്യ മതേതര വിശ്വാസികളും ഈ കാടന്‍ നിയമത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തിയിട്ടും സര്‍ക്കാര്‍ ഇത് പ്രകാരം മുന്നോട്ടു പോകാന്‍ ആണ് ശ്രമിക്കുന്നതെങ്കില്‍ രാജ്യത്തെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തിന് എതിരായിരിക്കും എന്നും ഇടി മുഹമ്മദ് ബഷീര്‍ എംപി പാര്‍ലമെന്റില്‍ വഖഫ് നിയമ ഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് പ്രതികരിച്ചു.

 

Continue Reading

Trending