63 ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് മറ്റന്നാൾ (ജനുവരി 4) തിരി തെളിയും. രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാവുക. സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയായ എം. ടി. – നിളയിൽ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും.
പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് സ്വാഗതം ആശംസിക്കും. മന്ത്രിമാരായ ജി.ആർ.അനിൽ, കെ.രാജൻ, എ.കെ.ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, കെ എൻ ബാലഗോപാൽ തുടങ്ങി 29 മുഖ്യാതിഥികൾ പങ്കെടുക്കും.
തുടർന്ന് ശ്രീനിവാസൻ തൂണേരി രചിച്ച് കാവാലം ശ്രീകുമാർ ചിട്ടപ്പെടുത്തിയ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ കുട്ടികളും ചേർന്ന് അവതരിപ്പിക്കും. വയനാട് വെള്ളാർമല ജി.എച്ച്.എസ്.എസിലെ കുട്ടികൾ അവതരിപ്പിക്കുന്ന സംഘനൃത്തവും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാണ്. ഉദ്ഘാടന സമ്മേളനത്തിനുശേഷം ഒന്നാംവേദിയിൽ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം മത്സരം നടക്കും. ആദ്യ ദിവസം 24 വേദികളിലാണ് മത്സരങ്ങൾ നടക്കുക.
25 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. സെൻട്രൽ സ്റ്റേഡിയമാണ് പ്രധാന വേദി. മത്സരവേദികൾക്ക് കേരളത്തിലെ പ്രധാന നദികളുടെ പേരുകളാണ് നൽകിയിട്ടുള്ളത്. മത്സരങ്ങൾ തത്സമയം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും. മത്സര ഫലങ്ങൾ വേദികൾക്കരികിൽ പ്രദർശിപ്പിക്കാൻ ഡിജിറ്റൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരങ്ങൾ കാണുന്നതിനും മത്സരപുരോഗതി തത്സമയം അറിയുന്നതിനും കൈറ്റ് മൊബൈൽ ആപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഉത്സവം എന്ന പേരിലുള്ള മൊബൈൽ ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമാണ്. മത്സരത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികൾക്കും ഒറ്റത്തവണ സാംസ്കാരിക സ്കോളർഷിപ്പായി 1,000 രൂപ നൽകും.
പതിനയ്യായിരത്തോളം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കും. സംസ്‌കൃതോത്സവവും, അറബിക് സാഹിത്യോത്സവവും ഇതോട് അനുബന്ധിച്ച് നടക്കും. കലോത്സവ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനതയുടെ 5 നൃത്തരൂപങ്ങൾകൂടി ഈ വർഷത്തെ കലോത്സവത്തിന്റെ മത്സര ഇനങ്ങളാകും. മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ നൃത്തരൂപങ്ങൾ.
സംസ്‌കൃതോത്സവം ഗവ. മോഡൽ എച്ച്.എസ്.എസ്., ഗവ. മോഡൽ എൽ.പി.എസ്. തൈയ്ക്കാട് എന്നീ സ്‌കൂളുകളിലും അറബിക് കലോത്സവം ശിശു ക്ഷേമ സമിതി ഹാൾ തൈയ്ക്കാട്, ഗവ. മോഡൽ എച്ച്.എസ്.എസ്. തൈയ്ക്കാട് എന്നീ വേദികളിലുമാണ് നടക്കുന്നത്. സംസ്‌കൃത സെമിനാറും, പണ്ഡിത സമാദരണവും അറബിക് എക്സിബഷനും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്.
സ്വർണകപ്പ് ഘോഷയാത്ര നാളെയെത്തും
കാസർകോട് നിന്ന് ആരംഭിച്ച സ്വർണകപ്പ് ഘോഷയാത്ര നാളെ (ജനുവരി 3) രാവിലെ തിരുവനന്തപുരം ജില്ലയിൽ എത്തിച്ചേരും. വിവിധ സ്‌കൂളുകളിൽ നിന്ന് സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരം 5 മണിയോടെ പി.എം.ജി. യിൽ എത്തിച്ചേരുന്ന ഘോഷയാത്രയിൽ മന്ത്രി വി ശിവൻ കുട്ടി സ്വർണകപ്പ് ഏറ്റുവാങ്ങും. തുടർന്ന് ഘോഷയാത്ര മുഖ്യ വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിച്ചേരും.
രജിസ്ട്രേഷൻ നാളെ മുതൽ
സ്‌കൂൾ കലോത്സവത്തിന്റെ രജിസ്ട്രേഷൻ തിരുവനന്തപുരം എസ്.എം.വി. ഹയർ സെക്കൻഡറി സ്‌കൂളിൽ നാളെ രാവിലെ (ജനുവരി 3) 10 മുതൽ ആരംഭിക്കും. 7 കൗണ്ടറുകളിലായി 14 ജില്ലകൾക്കും പ്രത്യേകം രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകം ഹെൽപ്പ് ഡെസ്‌ക്കും ക്രമീകരിച്ചിട്ടുണ്ട്. നാളെ മുതൽ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ എത്തിച്ചേരുന്ന മത്സരാർത്ഥികളെ രജിസ്ട്രേഷൻ കൗണ്ടറിലേക്കും, താമസ സ്ഥലത്തേക്കും, ഭക്ഷണപന്തലിലേക്കും എത്തിക്കുന്നതിന് ഗതാഗത സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് മേളയ്ക്കെത്തുന്ന വാഹനങ്ങളിൽ പ്രത്യേക തിരിച്ചറിയൽ കോഡുകളോട് കൂടിയ സ്റ്റിക്കറുകൾ പതിക്കും.
ഭക്ഷണ പന്തൽ പുത്തരിക്കണ്ടത്ത്
പുത്തരിക്കണ്ടം മൈതാനത്തിലാണ് ഭക്ഷണ പന്തൽ തയ്യാറാകുന്നത്. പഴയിടം മോഹനൻ നമ്പൂതിരിക്കാണ് ഊട്ടുപുരയുടെ ചുമതല. ഒരേസമയം 20 വരികളിലായി നാലായിരം പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിലാണ് പന്തൽ. നാളെ രാത്രി (ജനുവരി 3) ഭക്ഷണത്തോടെയാണ് ഊട്ടുപുരയുടെ പ്രവർത്തനം ആരംഭിക്കുന്നത്. വിദ്യാർഥികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഉൽപന്ന സമാഹരണം നടത്തി കലവറ നിറയ്ക്കുന്ന പരിപാടി തുടരുകയാണ്. പുത്തരിക്കണ്ടം മൈതാനത്തെ ഭക്ഷണ കലവറ മന്ത്രി വി.ശിവൻകുട്ടി സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
അടിയന്തര ചികിത്സ ലഭിക്കുന്നതിനായി ഡോക്ടർമാരുടെ സേവനവും, ആംബുലൻസും എല്ലാ വേദികളിലും ഒരുക്കിയിട്ടുണ്ട്. എല്ലാ വേദിയിലും കുടിവെള്ള വിതരണത്തിനായി സംവിധാനം ഉറപ്പാക്കിയിട്ടുണ്ട്. വേദികളിലും, താമസ സ്ഥലങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾക്കായി ഹരിത കർമ്മസേനയുടെ സേവനം ലഭ്യമാകും.
ജനുവരി 8-ന് വൈകിട്ട് 5 ന് സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം നടക്കും. പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ടോവിനോ തോമസ് മുഖ്യാതിഥിയായി പങ്കെടുക്കും.