കെ.എന്‍.എ ഖാദര്‍
അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഈ സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പി.യെയും സഖ്യ കക്ഷികളെയും പരാജയപ്പെടുത്തുവാന്‍ മതേതര കക്ഷികള്‍ ഒരുമിച്ചു നില്‍ക്കുമോ? അവര്‍ പരസ്പരം വിട്ടുവീഴ്ച്ചകള്‍ ചെയ്യുമോ..? സ്വന്തം സീറ്റുകളുടെ എണ്ണത്തേക്കാള്‍ പ്രധാനം രാജ്യവും ജനങ്ങളുമാണെന്ന് ബന്ധപ്പെട്ട നേതാക്കള്‍ മനസിലാക്കുമോ..? ഈ ചോദ്യങ്ങള്‍ രാജ്യസ്‌നേഹികളായ എല്ലാ ഇന്ത്യക്കാരുടെയും മനസിലെ മഥിക്കുന്നതാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെ സംഘപരിവാര്‍ ഭരണത്തില്‍ സഹികെട്ടവരും മനംമടുത്തവരുമായ ജനങ്ങളുടെ ആശങ്കകളാണ് ഈ ചോദ്യങ്ങളില്‍ നിഴലിക്കുന്നത്. മതേതരത്വവും ജനാധിപത്യവും ഭരണഘടനയും പൗരാവകാശങ്ങളും സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയവരില്‍ പീഡനങ്ങളേറ്റു വാങ്ങിയവരും, ജീവന്‍ ബലികൊടുക്കേണ്ടിവന്നവരും ഇന്നും വേട്ടയാടപ്പെടുന്നവരും ധാരാളമാണ്. ഇവരെല്ലാം ഏതെങ്കിലുമൊരു പ്രത്യേക രാഷ്ട്രീയകക്ഷിക്കാരോ വ്യക്തിനിഷ്ഠമായ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പോരാടിയവരോ അല്ല. അത്തരം പതിനായിരകണക്കിന് മനുഷ്യരുടെ അഭിലാഷങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ മതേതരകക്ഷികള്‍ക്ക് ബാദ്ധ്യതയുണ്ട്. മതേതരത്വം വെറും അധരവ്യായമമല്ലെന്ന് അവര്‍ തെളിയിക്കേണ്ടതുണ്ട്.
ഉത്തര്‍പ്രദേശില്‍ വീണ്ടും ബി.ജെ.പി വന്നേക്കാമെന്ന സൂചനകള്‍ നല്‍കുന്ന സര്‍വേ ഫലങ്ങള്‍ ഇതിനകം വന്നു കഴിഞ്ഞു. തൊട്ടടുത്ത് നില്‍ക്കുന്നത് അഖിലേഷ് യാദവിന്റെ പാര്‍ട്ടിയാണ്. സര്‍വേയുടെ ഫലമനുസരിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സാദ്ധ്യത നിരാശജനകമാണ്. അവയെല്ലാം തെറ്റോ ശെരിയോ ആവട്ടെ, ഇപ്പോള്‍ വൈകിയിട്ടില്ല. കോണ്‍ഗ്രസും മറ്റു മതേതര പാര്‍ട്ടികളും സമാജ്‌വാദി പാര്‍ട്ടിയെ സഹായിച്ചു കൊടുത്താല്‍ ഒരു പക്ഷേ യോഗിയുടെ ഭരണം ഇതോടെ അവസാനിക്കും. ഈ തിരഞ്ഞെടുപ്പില്‍ യു.പി അഖിലേഷിന് കൊടുത്താല്‍ 2024-ല്‍ കോണ്‍ഗ്രസ് മുന്നണി ഇന്ത്യ ഭരിച്ചേക്കാം. പഞ്ചാബില്‍ കോണ്‍ഗ്രസും ആംആദി പാര്‍ട്ടിയും പരസ്പരം മത്സരിക്കാതിരുന്നാല്‍ മാത്രം ഇതില്‍ രണ്ടിലൊരു കക്ഷിക്ക് പഞ്ചാബ് ഭരണം കിട്ടാനിടയുണ്ട്. ഉത്തരഖണ്ഡില്‍ മതേതര പാര്‍ട്ടികള്‍ എല്ലാം കോണ്‍ഗ്രസിനെ സഹായിക്കണം. അവിടെ കോണ്‍ഗ്രസ് അധികാരത്തില്‍ വരാന്‍ സാദ്ധ്യതയുണ്ട്. ഗോവയിലും കോണ്‍ഗ്രസും സഖ്യകക്ഷികളും ചേര്‍ന്നു ഭരിക്കാന്‍ ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ സാധ്യമാണ്്.
ചണ്ഡിഗഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. എട്ടു സീറ്റില്‍ ജയിച്ച കോണ്‍ഗ്രസില്‍ നിന്ന് ഒരാള്‍ താമസിയാതെ മറുകണ്ടം ചാടി. എന്നാല്‍ ആംആദ്മി പാര്‍ട്ടിക്കായിരുന്നു കൂടുതല്‍ സീറ്റ്. ബിജെപി രണ്ടാമതായിരുന്നു. ബിജെപി അവരുടെ തന്ത്രങ്ങള്‍ പയറ്റി ഒരു വോട്ടിന് മേയര്‍ സ്ഥാനം പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ ഏഴു കൗണ്‍സിലര്‍മാരും അതു ബഹിഷ്‌ക്കരിച്ചു പുറത്തിരിക്കുകയായിരുന്നു. വെറും രണ്ടുപേര്‍ അകത്തുകേറി ബിജെപിക്കെതിരെ വോട്ട് ചെയ്തിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു. നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു ഭരിക്കാമായിരുന്ന ഒരു കോര്‍പ്പറേഷന്‍ ഭരണം സുഖമായി ബിജെപിക്ക് ഏല്‍പ്പിച്ചു കൊടുത്തതിനു ഒരു ന്യായീകരണവുമില്ല. ഇത്തരം സംഭവങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാവരുത്. ബിജെപിയെ അധികാരത്തില്‍ നിന്നു മാറ്റിനിര്‍ത്തിയാല്‍ എല്ലാവര്‍ക്കും കൊള്ളാം.
ജനുവരി 9 ന് ഞായാറാഴ്ച്ച മാതൃഭൂമി പത്രത്തില്‍ നിതിന്‍ഗഡ്കരിയുടെ ഒരു പ്രസ്താവന വന്നിട്ടുണ്ട്. ഹരിദ്വാരില്‍ നടന്ന തീവ്രഹിന്ദുത്ത്വ വാദികളുടെ വിദ്വേഷ സമ്മേളനങ്ങളെ അദ്ദേഹം തള്ളിപറഞ്ഞിരിക്കുന്നു. ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കണമെന്നും മുസ്‌ലിംകള്‍ക്കെതിരെ ആയുധമെടുക്കണമെന്നും പ്രചരിപ്പിച്ചതിനെ അദ്ദേഹം അവജ്ഞയോടെ കാണുന്നു. എത്രമാത്രം ആത്മാര്‍ത്ഥത അതില്‍ അന്തര്‍ലീനമാണെന്ന് അറിയില്ല. എങ്കിലും പറഞ്ഞതത്രയും സ്വാഗതാര്‍ഹമാണ്.
സ്വാമിവിവേകാന്ദന്റെ ഷിക്കാഗോ പ്രസംഗവും മറ്റും അദ്ദേഹം എടുത്തു പറയുന്നു. ലോകത്തിലെ മുഴുവന്‍ മനുഷ്യര്‍ക്കും നല്ലതുവരണമെന്നും ലാളിത്യവും സാഹോദര്യവുമാണ് ഹിന്ദുമതം ലക്ഷ്യമാക്കുന്നതെന്നും ഗഡ്കരി ഓര്‍മ്മിക്കുന്നു. ഹൈന്ദവ സംസ്‌ക്കാരത്തിന്റെ യഥാര്‍ത്ഥ അന്തസത്തയിലേക്ക് വെളിച്ചം വീശുകയും ഹിന്ദുത്വവാദികളുടെ നിലപാടിനോട് വിയോജിക്കുകയും ചെയ്യുന്നത് ഗഡ്കാരിയായാലും നല്ലകാര്യമാണ്.
തിരഞ്ഞെടുപ്പുകളില്‍ ബിജെപി തോറ്റുതുടങ്ങുമ്പോള്‍ ഗഡ്കരിയെ പോലുള്ള അനേകര്‍ ആ പാര്‍ട്ടിയില്‍ ഉരുത്തിരിയും. ഇന്നത്തെ സാഹചര്യത്തില്‍ അത് പ്രയാസകരമാണ്. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട ഒരു വിഷയവും ഇന്ന് അവര്‍ക്ക് തിരഞ്ഞെടുപ്പു വിഷയമേ അല്ല. മതവും ജാതിയും വര്‍ഗീയതയും ഹിന്ദുത്വ അജണ്ടകളും അതിനെയെല്ലാം പകരം വെക്കുന്ന മുദ്രാവാക്യങ്ങളാണ്. ആഹാരം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷിതത്വം, തൊഴില്‍, വിലക്കയറ്റം, ആക്രമണങ്ങള്‍ ഒന്നും തിരഞ്ഞെടുപ്പില്‍ കുറച്ച് കാലങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്നില്ല. മതേതര ഭൂരിപക്ഷം അവര്‍ ഉപേക്ഷിച്ചു. മതഭൂരിപക്ഷമാക്കി ഭരണാധികാരം പിടിച്ചെടുക്കുന്നു, നിലനിര്‍ത്തുന്നു. ഹൈന്ദവ വോട്ടുകള്‍ സമാഹരിക്കുവാന്‍ കോടാനുകോടി ദരിദ്രരായ ഹൈന്ദവരെ അവര്‍ വെറും വിഢികളാക്കുന്നു. ഹൈന്ദവ സഹോദരന്മാര്‍ക്ക് മെച്ചപ്പെട്ട ഒരു ജീവിതം നല്‍കുകയെന്നത് ഇവരുടെ അജണ്ടയില്‍ വരുന്നില്ല. കൃഷിക്കാരും തൊഴിലാളികളും സാധാരണക്കാരും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ മഹാഭൂരിപക്ഷം വരുന്ന ഹൈന്ദവര്‍ സംഘപരിവാറിന്റെ മുന്നില്‍ വെറുംവോട്ടുകള്‍ മാത്രമാണ്. അവരെ തെറ്റിദ്ധരിപ്പിക്കാന്‍ എളുപ്പമാണല്ലോ. അവരെ വൈകാരികമായി മുതലെടുക്കുക മാത്രമാണവരുടെ ലക്ഷ്യം. ഭരണവര്‍ഗ്ഗത്തില്‍പ്പെട്ട ധനാഢ്യന്മാരും കോര്‍പ്പറേറ്റുകളും യഥേഷ്ടം ഹൈന്ദവജനതയുടെ പട്ടിണിയെ പരിപ്പോഷിക്കുകയാണ് ചെയ്യുന്നത്. മതവികാരം ഫാഷിസ്റ്റുകളുടെ കരങ്ങളില്‍ മുര്‍ച്ചയുള്ള ഒരായുധമാണ്. അതുകൊണ്ടുതന്നെ മതേതര ശക്തികളുടെ ജാഗരൂകത ഇന്നത്തെ അളവില്‍ പോര.