Connect with us

News

ഗസ്സയിലെ വംശഹത്യ; ഇസ്രാഈല്‍ പ്രസിഡന്റിന് വ്യോമപാത നിഷേധിച്ച് തുര്‍ക്കി

ഇസ്രാഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന് COP29ന് പങ്കെടുക്കുന്നതിനായി വിമാനം കടന്ന് പോകാനുള്ള വ്യോമപാത നിഷേധിച്ചാണ് തുര്‍ക്കി പ്രതിഷേധം ശക്തമാക്കിയത്. 

Published

on

ഗസയില്‍ വംശഹത്യ തുടരുന്ന ഇസ്രാഈലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്രാഈല്‍ പ്രസിഡന്റിന് വ്യോമപാത നിഷേധിച്ച് തുര്‍ക്കി. ഇസ്രാഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന് COP29ന് പങ്കെടുക്കുന്നതിനായി വിമാനം കടന്ന് പോകാനുള്ള വ്യോമപാത നിഷേധിച്ചാണ് തുര്‍ക്കി പ്രതിഷേധം ശക്തമാക്കിയത്.

ഇതേത്തുടര്‍ന്ന് ഹെര്‍സോഗിന് അസര്‍ബൈജാനില്‍ നടന്ന കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സുരക്ഷാ കാരണങ്ങളാലാണ് ഉച്ചകോടിയില്‍ പങ്കെടുക്കാത്തതെന്നാണ് ഇസ്രാഈല്‍ പരിസ്ഥിതി മന്ത്രാലയം ഈ വിഷയത്തില്‍ വിശദീകരണം നല്‍കിയത്.

പ്രസിഡന്റിന്റെ വിമാനം വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കാന്‍ തുര്‍ക്കി വിസമ്മതിച്ചതിനാല്‍ ഇസ്രാഈല്‍ പ്രസിഡന്റ് യാത്ര റദ്ദാക്കിയതായി ഞായറാഴ്ച അസര്‍ബൈജാനിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വൈ നെറ്റ് പ്രതികരിച്ചു. കോണ്‍ഫറന്‍സിലെ ബാക്കിയുള്ള ഇസ്രഈല്‍ പ്രതിനിധികള്‍ നവംബര്‍ 11 ന് ജോര്‍ജിയ വഴി ബാക്കുവില്‍ എത്തിയിരുന്നു.

ഇസ്രാഈലില്‍ നിന്ന് അസര്‍ബൈജാന്‍ തലസ്ഥാനമായ ബാക്കുവിലേക്കുള്ള ഏറ്റവും സുരക്ഷിതമായതും എളുപ്പമാര്‍ന്നതുമായ മാര്‍ഗമായിരുന്നു തുര്‍ക്കി വഴിയുള്ളത്. ഗസയിലും ലെബനനിലും ഇസ്രാഈല്‍ സൈന്യം വ്യോമാക്രമണം നടത്തുമ്പോള്‍ ഇസ്രാഈല്‍ പ്രസിഡന്റും പ്രധാനമന്ത്രിയുമെല്ലാം തുര്‍ക്കി വഴിയാണ് വ്യോമമാര്‍ഗം സഞ്ചരിച്ചിരുന്നത്.

എന്നാല്‍ തുര്‍ക്കിയുടെ വ്യോമമാര്‍ഗം വഴി ഇസ്രാഈല്‍ നേതാക്കള്‍ക്ക് യാത്ര അനുവദിക്കേണ്ടതില്ലെന്ന് ഉന്നത വൃത്തങ്ങളില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി തുര്‍ക്കി വ്യോമയാന ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. എന്നാല്‍ ഈ വിലക്ക് ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് ഇസ്രഈല്‍ പ്രതീക്ഷിക്കുന്നതായി ഇസ്രാഈല്‍ സര്‍ക്കാറിന്റെ കീഴിലുള്ള കാബിര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു

ഇസ്രഈലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നുവെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാനാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഗസയില്‍ ഇസ്രാഈല്‍ വംശഹത്യ തുടരുന്ന സാഹചര്യത്തിലാണ് ഇസ്രാഈലുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തുര്‍ക്കി ഭരണകൂടം തീരുമാനിച്ചത്.

‘റജബ് തയ്യിബ് എര്‍ദോഗാന്റ നേതൃത്വത്തിലുള്ള തുര്‍ക്കി റിപ്പബ്ലിക് ഇസ്രഈലുമായി ഒരു ബന്ധവും തുടരില്ല. ഞങ്ങളുടെ ഭരണസഖ്യം ഇസ്രാഈലുമായുള്ള ബന്ധം വിച്ഛേദിക്കുന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നു. ഭാവിയിലും ഇത് അപ്രകാരം തന്നെ തുടരും,’ എര്‍ദോഗന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇസ്രാഈല്‍ ഗസയില്‍ അധിനിവേശവും വംശഹത്യയും ആരംഭിച്ചതുമുതല്‍ ഇസ്രാഈലിനു നേരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന നാറ്റോ രാജ്യമാണ് തുര്‍ക്കി. ഇക്കഴിഞ്ഞ മെയില്‍ ഇസ്രാഈലിനുമേല്‍ തുര്‍ക്കി വ്യാപാര ഉപരോധം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും നയതന്ത്ര ബന്ധം തുടരുകയായിരുന്നു.

ഇതിന്റെ ഭാഗമായി തങ്ങളുടെ അംബാസിഡറെ ഇസ്രഈലില്‍ നിന്ന് തുര്‍ക്കി തിരിച്ച് വിളിച്ചിരുന്നു. എന്നാല്‍ അന്ന് നയതന്ത്രബന്ധം പൂര്‍ണമായി അവസാനിപ്പിച്ചിരുന്നില്ല. സമാനമായി ഇസ്രാഈലും പ്രാദേശിക സുരക്ഷാ ഭീഷണികള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം അങ്കാറയിലെ ഇസ്രാഈല്‍ എംബസി ഒഴിപ്പിച്ചിരുന്നു.

ഗസയില്‍ ഇസ്രാഈല്‍ നടത്തുന്നത് വംശഹത്യയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ അടക്കം അഭിപ്രായപ്പെട്ടപ്പോള്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെക്കൊണ്ട് വംശഹത്യയുടെ ഉത്തരവാദിത്വം ഏറ്റെടുപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് എര്‍ദോഗാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഈ വര്‍ഷമാദ്യം, ഫലസ്തീനെ പിന്തുണച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രാഈലിനെതിരായി ഫയല്‍ ചെയ്ത വംശഹത്യ കേസില്‍ തുര്‍ക്കി ഇടപെട്ടിരുന്നു. ടെല്‍ അവീവിനെതിരെ ലോക രാജ്യങ്ങള്‍ ആയുധ ഉപരോധം ഏര്‍പ്പെടുത്തണമെന്നും തുര്‍ക്കി വാദിച്ചിരുന്നു.

Football

സന്തോഷ് ട്രോഫി: കേരളം നാളെ ഇറങ്ങുന്നു, എതിരാളികള്‍ റെയില്‍വേസ്

15 പുതുമുഖ താരങ്ങളും ഏഴ് സീനിയര്‍ താരങ്ങളുമടക്കം കേരള സ്‌ക്വാഡ് ശ്കതമാണ്.

Published

on

സന്തോഷ് ട്രോഫി ടൂര്‍ണമെന്റിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്കായി കേരളം നാളെ ഇറങ്ങും. പുതുച്ചേരി, ലക്ഷ്വദ്വീപ്, റെയില്‍വേസ് എന്നീ ടീമുകള്‍ അടങ്ങുന്ന ഗ്രൂപ്പ് എച്ചിലെ മത്സരങ്ങള്‍ എല്ലാം കോഴിക്കോട് നഗരത്തിലെ ഇഎംഎസ് സ്‌റ്റേഡയത്തിലാണ്. 15 പുതുമുഖ താരങ്ങളും ഏഴ് സീനിയര്‍ താരങ്ങളുമടക്കം കേരള സ്‌ക്വാഡ് ശ്കതമാണ്. ഏത് ടീമിനും ഭീഷണിയായി മാറാന്‍ കഴിയുന്ന മികച്ച മുന്നേറ്റ നിരയുണ്ടെന്നാണ് ടീം മാനേജ്‌മെന്റിന്റെ അവകാശവാദം.

ഇത്തവണ പരിക്ക് മൂലമുള്ള ഭീഷണി ടീം കേരളക്ക് ഇല്ല. ഗ്രൂപ്പ് എച്ചിലെ ശക്തരായ എതിരാളികള്‍ റെയില്‍വേസ് മാത്രമാണെന്നാണ് ഇതുവരെയുള്ള കണക്ക് കൂട്ടല്‍. ഈ ഗ്രൂപ്പില്‍ ലക്ഷദ്വീപും പുതുച്ചേരിയും ആണ് കേരളത്തിന്റെ എതിരാളികള്‍. 20ന് ഉച്ചക്ക് 12 മണിക്കാണ് റെയില്‍വേസുമായുള്ള മത്സരം. പ്രതീക്ഷ നല്‍കുന്ന നിരവധി താരങ്ങള്‍ ഇത്തവണയും കേരള ടീമിലുണ്ട്. ഈ മാസം 22ന് ലക്ഷദ്വീപുമായും 24ന് പുതുച്ചേരിയുമായും കേരളം ഏറ്റുമുട്ടും. ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ആകുന്ന ടീമിന് അവസാന റൗണ്ടിലേക്ക് എത്താം.

അടുത്ത മാസം ഹൈദരാബാദിലാണ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍. രാജ്യത്തെ വിവിധ സോണുകളില്‍ നിന്ന് യോഗ്യത നേടിയ 12 ടീമുകള്‍ ഫൈനല്‍ റൗണ്ടില്‍ മാറ്റുരക്കും. 2022-ലാണ് കേരളം അവസാനമായി സന്തോഷ് ട്രോഫി കിരീട് ചൂടിയത്. സ്വന്തം മണ്ണിലായിരുന്നു കേരളത്തിന്റെ കിരീടനേട്ടം. ഇതുവരെ 15 തവണ കേരളം ഫൈനല്‍ കളിച്ചിട്ടുണ്ട്. ഇതില്‍ ഏഴുതവണ കിരീടം ചൂടി. പ്രാഥമിക റൗണ്ടിലെ ആദ്യമത്സരം കടുത്തതായിരിക്കുമെങ്കിലും വിജയ പ്രതീക്ഷയിലാണ് ടീം കേരള.

Continue Reading

kerala

വീണ്ടും വർഗീയ കാർഡുമായി സിപിഎം; പാലക്കാട് പത്രപ്പരസ്യത്തിലൂടെ വിഷം ചീറ്റാൻ സിപിഎം

കാന്തപുരം വിഭാഗത്തിന്റെ പത്രമായ സിറാജിലും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പത്രമായ സുപ്രഭാതത്തിലുമാണ് സിപിഎം ഇന്ന് മുന്‍പേജ് പരസ്യം നല്‍കിയത്.

Published

on

വടകര ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം ഇറക്കിയ വർഗീയ കാർഡ് രൂപം മാറ്റി പാലക്കാട്‌ ഇറക്കുകയാണ്. അന്ന് കാഫിർ സ്ക്രീൻ ഷോട്ട് എങ്കിൽ ഇന്ന് പത്ര പരസ്യം. നാളെ പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ന്യൂനപക്ഷ വിഭാഗങ്ങളുടെ പത്രങ്ങളില്‍ മാത്രം സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പരസ്യം നൽകിയിരിക്കുകയാണ്. കാന്തപുരം വിഭാഗത്തിന്റെ പത്രമായ സിറാജിലും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പത്രമായ സുപ്രഭാതത്തിലുമാണ് സിപിഎം ഇന്ന് മുന്‍പേജ് പരസ്യം നല്‍കിയത്.

സരിന്‍ തരംഗം എന്ന തലക്കെട്ട് നല്‍കി സരിന്റെ ചിരിക്കുന്ന ചിത്രവും ചിഹ്നമായ സ്റ്റെതസ്ക്കോപ്പും ഉള്‍പ്പെടുത്തിയാണ് പരസ്യം നല്‍കിയത്. വിമര്‍ശനം ഒഴിവാക്കാന്‍ പാലക്കാട്, മലപ്പുറം എഡിഷനുകളില്‍ മാത്രമാണ് പരസ്യം നല്‍കിയത് എന്നതും ശ്രദ്ധേയമാണ്.

നേരത്തെ മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളെ രൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. പരാമര്‍ശത്തിനെതിരെ മുസ്ലിം സമുദായത്തില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിക്ക് എതിരെ മുസ്ലിം ലീഗ് ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഈ ഘട്ടത്തില്‍ തന്നെയാണ് സിറാജിലും സുപ്രഭാതത്തിലും സിപിഎം പരസ്യം പ്രത്യക്ഷപ്പെടുന്നത്. പാലക്കാട് നല്ലൊരു വിഭാഗം മുസ്ലിം വോട്ടുകള്‍ ഉണ്ടായിരിക്കെയാണ് മുസ്ലിം പത്രങ്ങളില്‍ മാത്രം പരസ്യം നല്‍കി സമുദായത്തെ ഒപ്പം നിര്‍ത്താന്‍ സിപിഎം ശ്രമിക്കുന്നത്.

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് ആവര്‍ത്തിക്കാറുള്ള സിപിഎം തിരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ ഇതെല്ലാം മാറ്റി മതപ്രീണന രാഷ്ട്രീയമാണ് അവസരം നോക്കി പയറ്റാറുള്ളത്. തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം പറഞ്ഞ് വിജയിക്കാൻ കഴിയില്ലെന്ന് ആയപ്പോൾ വർഗീയത വിറ്റ് വിജയം സ്വന്തമാക്കാൻ ശ്രമിക്കുകയാണ് കേരളത്തിലെ സിപിഎം.

Continue Reading

kerala

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ഇന്ന് നിശബ്ദപ്രചാരണം, വിധിയെഴുത്ത് നാളെ

നിശബ്ദപ്രചാരണത്തിന്റെ ദിവസമായ ഇന്ന് പരമാവധി വീടുകളിലേക്ക് എത്തുക എന്നതാകും മൂന്ന് സ്ഥാനാര്‍ത്ഥികളുടെയും ലക്ഷ്യം.

Published

on

കൊട്ടിക്കലാശത്തിന്റെ അവസാനം വരെ ആവേശത്തിരയൊഴുകിയ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍, ജനം നാളെ വിധിയെഴുതും. ഇന്നലെ വൈകുന്നേരം ആറോടെ പരസ്യ പ്രചാരണം അവസാനിച്ചു. നിശബ്ദപ്രചാരണത്തിന്റെ ദിവസമായ ഇന്ന് പരമാവധി വീടുകളിലേക്ക് എത്തുക എന്നതാകും മൂന്ന് സ്ഥാനാര്‍ത്ഥികളുടെയും ലക്ഷ്യം.

1,94,706 വോട്ടര്‍മാരാണ് ബുധനാഴ്ച വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസ്സുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സും ആണ്. 229 ആണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാരുടെ എണ്ണം.

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിര്‍ദ്ദിഷ്ട പോളിങ് സ്റ്റേഷനുകള്‍ക്കും വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രമായ ഗവ.വിക്ടോറിയ കോളേജിനും ഇന്ന് (നവംബര്‍ 19) അവധി ആയിരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥകൂടിയായ ജില്ലാ കളക്ടര്‍ ഡോ എസ് ചിത്ര അറിയിച്ചു.

Continue Reading

Trending