Connect with us

News

അങ്കക്കലിയുടെ മണ്ണില്‍ ആത്മവിശ്വാസത്തോടെ

Published

on

പി അബ്ദുല്‍ ലത്തീഫ്

കത്തുന്ന വെയിലിനൊപ്പം വടകരയില്‍ തെരഞ്ഞെടുപ്പിനും ചൂടു പിടിക്കുകയാണ്. അങ്കക്കലിയുടെ വീരേതിഹാസങ്ങള്‍ക്ക് പുകള്‍പെറ്റ നാട്ടില്‍ ഇത്തവണയും തീ പാറുന്ന പോരാട്ടത്തിനാണ് കടത്തനാടൊരുങ്ങുന്നത്. കേരള രാഷ്ട്രീയത്തിലെ ലീഡര്‍ കെ കരുണാകരന്റെ പുത്രന്‍ കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ വടകരയിലെ തെരഞ്ഞെടുപ്പ് സവിശേഷ ശ്രദ്ധയാകര്‍ഷിക്കുകയാണ്.
തുടര്‍ച്ചയായി രണ്ട് തവണ മുല്ലപ്പള്ളി രാമചന്ദ്രന്‍ തെരഞ്ഞെടുക്കപ്പെട്ട വടകരയില്‍ ഇത്തവണ പി ജയരാജന്‍ ആണ് കെ മുരളീധരന്റെ എതിരാളി. അഡ്വ വി.കെ സജീവന്‍ ആണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണയും സജീവന്‍ തന്നെയായിരുന്നു ബി.ജെ.പിയും സ്ഥാനാര്‍ത്ഥി.
രണ്ട് കൊലപാതക കേസുകളില്‍ ഉള്‍പ്പെടെ പത്തോളം കേസുകളില്‍ പ്രതിയായ ജയരാജന്റെ ക്രിമിനല്‍ പശ്ചാത്തലം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്ന് എല്‍.ഡി.എഫിന് ഭയമുണ്ട്. ഇത് മറി കടക്കാന്‍ ഭഗീരഥ പ്രയത്‌നം നടത്തുന്നുണ്ടെങ്കിലും പിന്‍സീറ്റില്‍ തന്നെയാണ് ഇപ്പോഴും എല്‍.ഡി.എഫ്. കെ മുരളീധരന്റെ ആറ്റിക്കുറുക്കിയുള്ള കുറിക്കു കൊള്ളുന്ന പ്രസംഗങ്ങളില്‍ കൊലപാതക രാഷ്ട്രീയം തന്നെയാണ് പ്രധാനപ്പെട്ട വിഷയം. അരിയില്‍ അബ്ദുല്‍ ശുക്കൂര്‍, ടി.പി ചന്ദ്രശേഖരന്‍, കരിരൂര്‍ മനോജ്, ഫസല്‍ കൊലക്കേസുകള്‍ തെരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ വടകരയില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.
കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി, കൂത്തുപറമ്പ്, കോഴിക്കോട് ജില്ലയിലെ വടകര, നാദാപുരം, കുറ്റ്യാടി, കൊയിലാണ്ടി, എലത്തൂര്‍ എന്നീ മണ്ഡലങ്ങള്‍ ചേരുന്നതാണ് വടകര ലോക്സഭാ മണ്ഡലം. ഇതില്‍ കുറ്റ്യാടി മാത്രമാണ് ഇപ്പോള്‍ യു.ഡി.എഫിനൊപ്പമുള്ളതെങ്കിലും മറ്റു മണ്ഡലങ്ങളില്‍ യു.ഡി.എഫ് നിര്‍ണ്ണായക ശക്തിയാണ്. നിയോജക മണ്ഡലങ്ങള്‍ ഇടതിനൊപ്പം നിന്നപ്പോഴും പാര്‍ലമെന്റ് മണ്ഡലത്തില്‍ യു.ഡി.എഫ് വലിയ വിജയം നേടിയ ചരിത്രം 2009 ലും 2014 ആവര്‍ത്തിക്കുകയുണ്ടായി.
അതേസമയം സി.പി.എമ്മിന് മേല്‍ക്കയുള്ള പ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച വ്യാപകമായ അക്രമത്തിന് സാധ്യത നിലനില്‍ക്കുന്നുണ്ട്. കൂത്ത്പറമ്പ്, തലശ്ശേരി, നാദാപുരം മണ്ഡലങ്ങളിലെ സി.പി.എം പാര്‍ട്ടി ഗ്രാമങ്ങളിലെ കള്ളവോട്ട് ചെയ്യലും ബൂത്ത് പിടുത്തവും പതിവാണ്. ഇത്തവണയും കള്ളവോട്ടിനും ബൂത്ത് പിടുത്തത്തിനുമുള്ള ഒരുക്കങ്ങള്‍ സി.പി.എം നടത്തുന്നുണ്ട്. ഹൈപ്പര്‍ സെന്‍സിറ്റീവ് ആയി ബൂത്തുകള്‍ പ്രഖ്യാപിച്ചതിലെ അട്ടിമറിക്കെതിരെ യു.ഡി.എഫ് പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. നിരന്തരമായി ബൂത്ത്പിടുത്തവും അക്രമമവും നടക്കുന്ന സി.പി.എം പാര്‍ട്ടി ഗ്രാമങ്ങളിലൊന്നില്‍ പ്രശ്‌ന ബാധിത ബൂത്തുകളില്ല. നേരെ മറിച്ച് യു.ഡി.എഫിന് ആധിപത്യമുള്ള പ്രദേശങ്ങളെ ഒരു കാരണവുമില്ലാതെ പ്രശ്‌നബാധിതമായി പ്രഖ്യാപിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. ഉദ്യോഗസ്ഥ-പൊലീസ് സംവിധാനത്തെ ആസൂത്രിതമായി ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുളള ശ്രമം തുടരുന്നത്. ഇതിനെ നിയമപരമായി എതിരിടാനാണ് യു.ഡി.എഫിന്റെ തീരുമാനം. ഇരട്ടവോട്ട് ഉള്ളവര്‍ക്ക് വക്കീല്‍ നോട്ടീസ് അയക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുരോഗമിച്ചു വരികയാണ്. ഇലക്ഷന്‍ അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ നടപടി വേണെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിട്ടുണ്ട്.
അതേസമയം സി.പി.എമ്മില്‍ നിന്ന് പുറത്തു പോയ ആര്‍.എം.പി.ഐയുടെ നിലപാട് ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക ഘടകമാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച ആര്‍.എം.പി.ഐ ശക്തമായ പ്രചാരണ രംഗത്തുണ്ട്. നാല്‍പതിനായിരത്തോളം വോട്ടുകള്‍ മണ്ഡലത്തില്‍ ആര്‍.എം.പി.ഐക്ക് ഉണ്ട്. ഇതിന് പുറമെ വെല്‍ഫെയര്‍പാര്‍ട്ടിയുടെയും പിന്തുണ യു.ഡി.എഫിനാണ്. ജനതാദള്‍ എല്‍.ഡി.എഫിനൊപ്പം ചേര്‍ന്നെങ്കിലും വര്‍ഷങ്ങളായി യു.ഡി.എഫിനോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനാല്‍ വോട്ട് വിഘടിക്കാന്‍ സാധ്യതയേറെയാണ്. യു.ഡി.എഫില്‍ ഘടക കക്ഷിയായിരിക്കുമ്പോള്‍ സി.പി.എമ്മുകാരുടെ ക്രൂരമായ അക്രമത്തിന് വടകര ലോക്‌സഭാ മണ്ഡലത്തിലെ പലയിടങ്ങളിലും ജനതാദള്‍ പ്രവര്‍ത്തകര്‍ വിധേയരായിട്ടുണ്ട്. ഒരു കാരണത്തിന്റെ പിന്‍ബലമില്ലാതെയുള്ള മുന്നണി മാറ്റം ജനതാദള്‍ പ്രവര്‍ത്തകര്‍ക്ക് നേരത്തെ തന്നെ വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു.
ഇടതുപക്ഷം തുടര്‍ച്ചയായി വിജയിച്ച വടകര 1999 ലാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പിടിച്ചെടുത്തത്. 56186 വോട്ടുകള്‍ പി സതീദേവിയെയാണ് മുല്ലപ്പള്ളി തോല്‍പ്പിച്ചത്. 2014 ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ മാറ്റി. എ.എന്‍ ഷംസീര്‍ മികച്ച പ്രചാരണം നടത്തിയെങ്കിലും തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളിയുടെ മുമ്പില്‍ പരാജയപ്പെട്ടു.
സോഷ്യലിസ്റ്റുകള്‍ക്ക് സ്ധീനമുള്ള പ്രദേശങ്ങളിലൊന്നായിരുന്നു വടകര. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രഗത്ഭനായ നേതാവായിരുന്നു ഡോ കെ.ബി മേനോന്‍ ആണ് വടകരയിലെ ആദ്യ എം.പി. 1962 ല്‍ സ്വതന്ത്രനായ എ.വി രാഘവന്‍ വടകരയെ പ്രതിനിധീകരിച്ചു. പിന്നീട് 1967 ല്‍ എസ്.എസ്.പിയിലെ എ ശ്രീധരനാണ് വടകരയെ ലോക്സഭയില്‍ പ്രതിനിധീച്ചത്. ഇതിന് ശേഷം തുടര്‍ച്ചായി ആറ് തവണ കെ.പി ഉണ്ണികൃഷ്ണനാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും കോണ്‍ഗ്രസ് എസ് സ്ഥാനാര്‍ത്ഥിയായും മണ്ഡലത്തില്‍ കെ.പി ഉണ്ണികൃഷ്ണന്‍ വിജയം നേടി. ആദ്യ രണ്ടു തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും പിന്നീട് നാല് തവണ കോണ്‍ഗ്രസ് എസ് സ്ഥാനാര്‍ത്ഥിയുമായാണ് കെ.പി ഉണ്ണികൃഷ്ണന്‍ വിജയിച്ചത്. 1996 ല്‍ സി.പി.ഐ.എമ്മിലെ ഒ ഭരതന്‍ ആണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 1998 ല്‍ സി.പി.ഐ.എമ്മിലെ എ.കെ പ്രേമജം വിജയം നേടി. 2004 ല്‍ പി സതീദേവിയാണ് വിജയിച്ചത്. എന്നാല്‍ 2009 ല്‍ കോണ്‍ഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രന്‍ തകര്‍പ്പന്‍ വിജയം നേടി മണ്ഡലത്തിന്റെ മുന്‍കാല ചരിത്രം ആവര്‍ത്തിച്ചു. 56186 വോട്ടുകള്‍ക്കാണ് മുല്ലപ്പള്ളി തിളങ്ങുന്ന വിജയം കൈവരിച്ചത്. 2004 ലെ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തി മുപ്പതിനായിരം വോട്ടിന് വിജയിച്ച പി സതീദേവിയെ മുല്ലപ്പള്ളി 2009 ല്‍ കെട്ടുകെട്ടിച്ചു വിടുകയായിരുന്നു. 2014 ലും മുല്ലപ്പള്ളി മികച്ച വിജയം തന്നെയാണ് കരസ്ഥമാക്കിയത്. സി.പി.ഐ.എമ്മിലെ എ.എന്‍ ഷംസീറിനെ 3306 വോട്ടുകള്‍ക്കാണ് മുല്ലപ്പള്ളി തോല്‍പ്പിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രന് 4,16,479 വോട്ടും എ.എന്‍ ഷംസീര്‍ 4,13,173 വോട്ടും ബി.ജെ.പിയിലെ വി.കെ സജീവന്‍ 76,313 വോട്ടും നേടുകയുണ്ടായി. ആര്‍.എം.പി.ഐ സ്ഥാനാര്‍ത്ഥി അഡ്വ പി കുമാരന്‍കുട്ടി 17229 വോട്ടും നേടി.
വടകര പിടിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെ സ്ഥാനാര്‍ത്ഥിയായി വന്ന പി ജയരാജന്‍ പ്രചാരണം തുടങ്ങി അല്‍പം വൈകിയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരനെ പ്രഖ്യാപിച്ചത്. പതിയെ പതിയെ മുന്നേറിയ മുരളീധരന്‍ ഇപ്പോള്‍ പ്രചാരണത്തില്‍ ജയരാജനെക്കാള്‍ മേല്‍ക്കൈ നേടിയിട്ടുണ്ട്. വിജയം ഉറപ്പിച്ച് ശക്തമായ പ്രചാരണ പരിപാടികളുമായാണ് യ.ഡി.എഫ് മുന്നോട്ടു പോകുന്നത്.

kerala

വയനാട് തുരങ്കപാതക്ക് കേന്ദ്രത്തിന്റെ അനുമതി

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്.

Published

on

വയനാട് തുരങ്കപാതക്ക് കേന്ദ്രം അനുമതി നല്‍കി. വിശദമായ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. നേരത്തെ പല തവണ പാരിസ്ഥിതിക പ്രശ്നം ഉന്നയിച്ച് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഇനി ടെണ്ടര്‍ നടപടിയുമായി മുന്നോട്ട് പോകാം.

കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നും കര്‍ണാടകയിലേക്കുള്ള ദൂരം കുറയക്കുന്ന പദ്ധതിയാണ് തുരങ്കപാത. പാതക്കായി കോഴിക്കോട്, വയനാട് ജില്ലകളില്‍ ആവശ്യമുള്ള മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയിരുന്നു. എന്നാല്‍ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ചില പരിസ്ഥിതി സംഘടനകള്‍ തുങ്കപ്പാത ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

1,341 കോടി രൂപക്ക് ദിലീപ് ബില്‍ഡ് കോണ്‍ കമ്പനിയാണ് നിര്‍മാണ കരാര്‍ ഏറ്റെടുത്തത്. ഇരുവഴിഞ്ഞിപ്പുഴക്ക് കുറികെ പണിയുന്ന പാലത്തിന്റെ കരാര്‍ കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇന്‍ഫ്ര കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് ലഭിച്ചത്. 80.4 കോടി രൂപക്കാണ് കരാര്‍.

കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലില്‍ നിന്ന് ആരംഭിച്ച് വയനാട് മേപ്പാടിയിലെ കള്ളാടിയിലാണ് തുരങ്കപ്പാത അവസാനിക്കുന്നത്. പാത വരുന്നതോടെ ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുകയും ആനക്കാംപൊയില്‍-മേപ്പാടി ദൂരം 42 കിലോമീറ്ററില്‍ നിന്ന് 20 കിലോമീറ്റര്‍ ആയി കുറയുകയും ചെയ്യും.

Continue Reading

kerala

സംസ്ഥാനത്ത് രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം

ടിക്കറ്റ് വരുമാനം കുറഞ്ഞതോടെ സ്റ്റേഷന്‍ നിര്‍ത്തലാക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു

Published

on

കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലെ റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം. കോഴിക്കോട് ജില്ലയിലെ വെള്ളാര്‍ക്കാട് റെയില്‍വെ സ്റ്റേഷനും കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ റെയില്‍വെ സ്റ്റേഷനുമാണ് പൂട്ടാന്‍ തീരുമാനമായത്.

നിരവധി കാലങ്ങളായി ജീവനക്കാരും യാത്രക്കാരും വിദ്യാര്‍ത്ഥികളും ആശ്രയിച്ചിരുന്ന രണ്ട് റെയില്‍വെ സ്റ്റേഷനുകളാണ് വെള്ളാര്‍ക്കാടും ചിറക്കലും. കൊവിഡ് സമയത്ത് തിരക്ക് കുറഞ്ഞപ്പോള്‍ നിരവധി ട്രെയിനുകള്‍ക്ക് ഇവിടെ സ്റ്റോപ്പ് റദാക്കിയിരുന്നു. പിന്നാലെ ടിക്കറ്റ് വരുമാനം കുറഞ്ഞതോടെ സ്റ്റേഷന്‍ നിര്‍ത്തലാക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

Continue Reading

india

കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്; കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കന്നഡ അനുകൂല സംഘടനകള്‍ രംഗത്ത്

‘തഗ് ലൈഫ്’ സിനിമയുടെ റിലീസിന് വിലക്ക് ആലോചിക്കുന്നതായും ഫിലിം അസോസിയേഷന്‍ അറിയിച്ചു.

Published

on

‘കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്’ എന്ന കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കര്‍ണാടകയില്‍ കന്നഡ അനുകൂല സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കര്‍ണാടക രക്ഷണ വേദികെ എന്ന കന്നട സംഘടന ബെംഗളൂരു പൊലീസില്‍ പരാതി നല്‍കി, അതേസമയം, കമല്‍ ഹാസനോട് കര്‍ണാടക ബിജെപി മാപ്പ് ആവശ്യപ്പെട്ടു.’കന്നഡയ്ക്ക് ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രമുണ്ട്. കമലിന് അത് അറിയില്ല.’ ബിജെപി ആരോപിച്ചു. ‘തഗ് ലൈഫ്’ സിനിമയുടെ റിലീസിന് വിലക്ക് ആലോചിക്കുന്നതായും ഫിലിം അസോസിയേഷന്‍ അറിയിച്ചു.

വിഷയത്തില്‍ വിശദീകരണവുമായി കമല്‍ ഹാസന്‍ രംഗത്തെത്തിയിരുന്നു. ‘എന്റെ വാക്കുകള്‍ സ്‌നേഹത്തോടെയാണ് പറഞ്ഞത്. ഭാഷാ വിഷയങ്ങള്‍ രാഷ്ട്രീയക്കാര്‍ ചര്‍ച്ച ചെയ്യേണ്ട; അത് ഭാഷാശാസ്ത്രജ്ഞര്‍ക്കും ചരിത്രകാരന്മാര്‍ക്കും വിടണം,’ അദ്ദേഹം പറഞ്ഞു. ‘നോര്‍ത്ത് ഇന്ത്യന്‍ വീക്ഷണത്തില്‍ അവര്‍ ശരി, കന്യാകുമാരിയില്‍ നിന്ന് നോക്കിയാല്‍ ഞാന്‍ ശരി. ഭാഷാശാസ്ത്രജ്ഞര്‍ ഇരുവരും ശരിയാണെന്ന് പറയും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച ബെംഗളൂരുവില്‍ ‘തഗ് ലൈഫ്’ എന്ന സിനിമയുടെ പ്രചാരണത്തിനിടെ, നടന്‍ ശിവരാജ്കുമാറിനോട് ‘നിന്റെ ഭാഷ തമിഴില്‍ നിന്നാണ് ഉത്ഭവിച്ചത്’ എന്ന് കമല്‍ പറഞ്ഞതാണ് വിവാദത്തിന് തിരികൊളുത്തിയത്.

Continue Reading

Trending