ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കലുമായി ബന്ധപ്പെട്ട ജനകീയ സമരത്തിനുനേരെ ഭീഷണിയുടെ സ്വരവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുക്കം എരഞ്ഞിമാവിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസമുണ്ടായ പൊലീസ് ഭീകരതക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ പുതിയ ഭീഷണി. പ്രശ്‌ന പരിഹാരത്തിനായി സര്‍വ്വകക്ഷി പ്രതിനിധികളുമായും സമരക്കാരുമായും മന്ത്രി എ.സി മൊയ്തീന്‍ ഇന്ന് കോഴിക്കോട് കളക്ടറേറ്റില്‍ ചര്‍ച്ച നടത്താനിരിക്കെ, ഇത് അട്ടിമറിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശമെന്ന് വിമര്‍ശനം ഉയര്‍ന്നു.
വികസന വിരോധികളൂടെ വിരട്ടലിന് വിധേയമായി വികസന പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാനോ മരവിപ്പിക്കാനോ, ഉപേക്ഷിക്കാനോ സര്‍ക്കാര്‍ തയ്യാറല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. തൃശൂരിലെ കേരള ഫയര്‍ ആന്റ് റസ്‌ക്യൂ അക്കാദമിയില്‍ 22-ാമത് ഫയര്‍മാന്‍ ബാച്ചിന്റെ പാസ്സിങ്ങ് ഔട്ട്പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കവെയായിരുന്നു വിവാദ പരാമര്‍ശം.
ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ സേനയ്ക്കുമുതല്‍ക്കൂട്ടാണ്. വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ആഗ്രഹിക്കുന്ന ജോലി സംസ്ഥാനത്ത് തന്നെ ലഭ്യമാകുന്നതിനുള്ള അവസരമുണ്ടാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഈ സാഹചര്യത്തിലാണ് നിക്ഷിപ്ത താല്‍പര്യക്കാരായ വികസന വിരോധികള്‍ തടസ്സവുമായി ഇറങ്ങിയിരിക്കുന്നത്. അഭ്യസ്ത വിദ്യരായ യുവാക്കളുടെ കര്‍മ്മശേഷി കേരളത്തിന് പുറത്തേക്ക് പോകുന്നത് തടഞ്ഞ് അവരുടെ സേവനം സംസ്ഥാനത്തിനു തന്നെ ലഭ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന് സര്‍വ്വതല സാമൂഹ്യതരമായ വികസനം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് കളക്‌ടേറ്റില്‍ ചേരുന്ന സര്‍വ്വ കക്ഷി യോഗത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ പൊലീസ് നടപടി ചര്‍ച്ചയാകുമെന്നാണ് സൂചന. ഇക്കാര്യം ചര്‍ച്ചയില്‍ ഉന്നയിക്കുമെന്ന് സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്. വീടുകളില്‍ അതിക്രമിച്ചു കടന്നും നിരപരാധികളെപ്പോലും പിടിച്ചുകൊണ്ടുപോയും കൊടും ക്രൂരതയാണ് പൊലീസ് പുറത്തെടുത്തത്. തീവ്രവാദികളാണ് സമരത്തിനു പിന്നിലെന്ന് ആരോപിച്ചായിരുന്നു പൊലീസ് ഭീകരത.
ഇതിനിടെ സമര സമിതി നേതാക്കളെ പങ്കെടുപ്പിച്ചില്ലെങ്കില്‍ സര്‍വ്വകക്ഷി യോഗം ബഹിഷ്‌കരിക്കുമെന്ന യു.ഡി.എഫ് സമ്മര്‍ദ്ദം ഫലം കണ്ടു. ഇന്ന് നടക്കുന്ന യോഗത്തിലേക്ക് രണ്ട് സമര സമിതി പ്രതിനിധികളെ ഔദ്യോഗികമായി ക്ഷണിച്ചു. ജനപ്രതിനിധികളേയും പ്രധാന കക്ഷി ഭാരവാഹികളേയും മാത്രമാണ് ചര്‍ച്ചക്ക് ക്ഷണിച്ചതെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. സമരസമിതിയെ പങ്കെടുപ്പിച്ചില്ലെങ്കില്‍ ചര്‍ച്ചക്ക് അര്‍ത്ഥമില്ലെന്നും അങ്ങനെയെങ്കില്‍ യോഗം ബഹിഷ്‌കരിക്കുമെന്നും യു.ഡി.എഫ് നിലപാടെടുക്കുകയായിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ വിട്ടുവീഴ്ചക്ക് തയ്യാറായത്.
പൈപ്പിടല്‍ ജോലികള്‍ നിര്‍ത്തിവെക്കാതെ ചര്‍ച്ചക്കില്ലെന്ന നിലപാടില്‍ സമര സമിതിയും മാറ്റം വരുത്തിയിട്ടുണ്ട്. സര്‍ക്കാറിനു മുന്നില്‍ തങ്ങള്‍ക്ക് പറയാനുള്ളത് അവതരിപ്പിക്കാന്‍ ലഭിക്കുന്ന അവസരം നഷ്ടപ്പെടുത്തേണ്ടെന്ന സമരസമിതി യോഗത്തിലെ ഭൂരിപക്ഷ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ നാളെ മുതല്‍ എരഞ്ഞിമാവില്‍ കുടില്‍കെട്ടി സമരം ആരംഭിക്കാനാണ് സമരസമിതി തീരുമാനം.