ഗെയില്‍ വാതകപൈപ്പിന് ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നടക്കുന്ന ജനകീയ സമരത്തെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമെന്നും അധോലോക സംഘങ്ങളുടെ സമരമെന്നും വിശേഷിപ്പിക്കുന്ന സര്‍ക്കാറിനെയും സി.പി.എം നേതൃത്വത്തെയും വെട്ടിലാക്കുന്ന നിരവധി ചോദ്യങ്ങള്‍ പൊതുസമൂഹത്തില്‍ നിന്ന് ഉയരുന്നു. ഇത് കണ്ടില്ലെന്ന് നടിക്കാന്‍ സര്‍ക്കാറിന് ആവില്ല. കിടപ്പാടവും കൃഷിഭൂമിയും നഷ്ടപ്പെടുന്ന പാവങ്ങളുടെ രോദനം മുക്കം, എരഞ്ഞിമാവ്, അരീക്കോട് എന്നിവിടങ്ങളില്‍ നിന്ന് ഉയരുകയാണ്.
കേന്ദ്ര സര്‍ക്കാറിന്റെയും കേരള സര്‍ക്കാറിന്റെയും പൂര്‍ണ പിന്തുണ ഉറപ്പായ ഗെയിലിന് എന്തും ചെയ്യാം എന്ന അവസ്ഥയാണുള്ളത്. ഇന്നലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ എത്തിയ കമ്പനിയുടെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എം. ബിജുവിന്റെ ശരീരഭാഷയും അത്തരത്തിലായിരുന്നു. കണ്ണീരൊലിപ്പിച്ചിട്ട് കാര്യമില്ല, രേഖയുടെ അടിസ്ഥാനത്തിലാണ് കമ്പനി മുന്നോട്ട് പോവുക എന്നായിരുന്നു സമരക്കാരെ പരാമര്‍ശിച്ച് ബിജുവിന്റെ പരാമര്‍ശം. ഭൂമി ഏറ്റെടുക്കുന്നില്ലെന്നും ഉപയോഗാവകാശം മാത്രമാണ് നടത്തുന്നതെന്നുമുള്ള വാദമാണ് ഗെയില്‍ ഉന്നയിക്കുന്നത്. ഭൂമി സംബന്ധമായ രേഖകള്‍ പലതും കമ്പനി ഇരകള്‍ക്ക് നല്‍കിയിട്ടില്ല.
ഇക്കാര്യത്തിലും ഗെയില്‍ അധികാരികള്‍ മൗനത്തിലാണ്. കോടതിവഴി തങ്ങള്‍ക്ക് അനുകൂലമായതെല്ലാം നേടിയെടുക്കാം എന്ന വിധത്തിലാണ് കമ്പനി അധികൃതര്‍ സംസാരിക്കുന്നത്. ഇരകള്‍ക്കുള്ള നഷ്ടപരിഹാരം കുറച്ചതും പലരുടെയും ഭൂമി നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ ഏറ്റെടുത്തതും ചര്‍ച്ചയായതാണ്. ഇക്കാര്യത്തിലൊന്നും വ്യക്തമായ ഉത്തരം നല്‍കാന്‍ ഗെയിലിന് സാധിക്കുന്നില്ല. പദ്ധതിക്ക് ആരും എതിരല്ലെന്ന് സമരസമിതി വ്യക്തമാക്കുന്നു.
79 കിലോമീറ്റര്‍ വരുന്ന പ്രദേശങ്ങളിലാണ് അലൈന്‍മെന്റ് മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത്. ജനവാസകേന്ദ്രം, വീടുകളുടെ പരിസരം, സ്ഥിരംകെട്ടിടങ്ങള്‍ ഉള്ള സ്ഥലം എന്നിവ ഇത്തരം പദ്ധതികള്‍ക്കായി ഏറ്റെടുക്കരുതെന്ന് നിര്‍ദേശമുണ്ട്. ഇതെല്ലാം കാറ്റില്‍ പറത്തിയാണ് ഗെയില്‍ നീങ്ങുന്നത്. പദ്ധതി പ്രദേശത്ത് റീ-സര്‍വേ നടക്കാത്തതാണ് സ്ഥലം ഏറ്റെടുക്കുന്നതിന്റെ പേരില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നാണ് ഗെയില്‍ അധികൃതരുടെ വാദം. എന്നാല്‍, ദേശീയപാതക്കുവേണ്ടി റീ-സര്‍വേ നടത്താത്ത ഭൂമിയും ഏറ്റെടുത്തതായി ചൂണ്ടികാണിക്കപ്പെടുന്നു. എഴുത്തും വായനയും അറിയാത്ത പാവപ്പെട്ട ഗൃഹനാഥന്മാരെ കബളിപ്പിച്ച് പല രേഖകളിലും ഒപ്പിട്ടതായി ആക്ഷേപമുണ്ട്. 16 സെന്റ് ഏറ്റെടുത്തതായി രേഖയില്‍ ഉള്ളപ്പോള്‍ യഥാര്‍ത്ഥത്തില്‍ 26 സെന്റ് ഏറ്റെടുത്തതായി കാണുന്നു. ഒട്ടും സുതാര്യതയില്ലാതെയാണ് ഗെയിലിന്റെ പ്രവര്‍ത്തനമെന്ന് ഇതില്‍ നിന്ന് വ്യക്തമാവുന്നു.
പൊലീസ് വേട്ട തുടര്‍ന്നാല്‍ ഗെയില്‍ സമരം ശക്തമാക്കും മുസ്ലിം ലീഗ്
സായുധ സേനയെ ഉപയോഗിച്ച് പുന:രാരംഭിച്ച ഗെയില്‍ പ്രവൃത്തി നിര്‍ത്തിവെച്ച് ജനകീയ സമരസമിതി നേതാക്കള്‍ ഉള്‍പ്പെടുന്ന സര്‍വ്വകക്ഷി യോഗം ചേര്‍ന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു പകരം പൊലീസ് വേട്ട തുടര്‍ന്നാല്‍ ഗെയില്‍ സമരം ശക്തമാകുമെന്ന് മുസ്ലിം ലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, എം.എല്‍.എമാരായ കെ.എന്‍.എ ഖാദര്‍, എം.ഉമ്മര്‍ ,ടി.വി.ഇബ്രാഹീം എന്നിവര്‍ പറഞ്ഞു. തിങ്കളാഴ്ച നടക്കുന്ന സര്‍വകക്ഷി യോഗത്തെ കുറിച്ച് ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്നും കെ.എന്‍.എ ഖാദര്‍ കൂട്ടിച്ചേര്‍ത്തു പോലീസിറേത് നിഷ്ഠൂരമായ നടപടിയാണ് . ഇതെല്ലാം ബ്രിട്ടീഷ് കാലത്ത് മാത്രമാണ് കാണാനായത്. . പദ്ധതി നടപ്പാക്കുമ്പോള്‍ ജനവാസ മേഖല ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിക്കണമെന്നും അടിച്ചമര്‍ത്തുന്ന നടപടി തുടര്‍ന്നാല്‍ സമരം ശക്തമാവുമെന്നും കെ.എന്‍.എ ഖാദര്‍ പറഞ്ഞു. പോലീസിന്റെത്കിരാതമായ നടപടിയാണന്ന് ടി.വി.ഇബ്രാഹീം എം.എല്‍.എയും പറഞ്ഞു.
അതിനിടെ പ്രവൃത്തി ഇന്നലെയും നടന്നു. വന്‍ പോലീസ് സാനിധ്യത്തിലാണ് പ്രവൃത്തി നടന്നത് . പ്രവൃത്തിക്കായി കൂടുതല്‍ പൈപ്പുകള്‍ എരഞ്ഞിമാവിലെത്തിച്ചിട്ടുണ്ട്. അതിനിടെ പ്രവൃത്തി നിര്‍ത്തിവെക്കില്ലന്ന് ആവര്‍ത്തിച്ച് ഗെയില്‍ അധികൃതര്‍ രംഗത്തെത്തി. ഗെയില്‍ ജില്ലാ ജനറല്‍ മാനേജര്‍ വിജുമാണ് നിലപാട് ആവര്‍ത്തിച്ചത്.പ്രവൃത്തി നിര്‍ത്തിവെക്കില്ലന്ന് ജോര്‍ജ് എം തോമസ് എം.എല്‍.എയും വ്യക്തമാക്കിയിരുന്നു.
മലപ്പുറത്തും കോഴിക്കോടുമെത്തുമ്പോള്‍ മാത്രം പ്രകൃതിവാതക പൈപ്പ് ലൈന്‍ ഭൂഗര്‍ഭ ബോംബായി മാറുമോയെന്ന് ഐസക്
ഗെയില്‍ വിരുദ്ധ സമരത്തിന് മതപരിവേഷം നല്‍കി മന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ലോകത്തെമ്പാടും സുരക്ഷിതമെന്ന് കരുതുന്ന പ്രകൃതിവാതക പൈപ്പ് ലൈന്‍ ശൃംഖല മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ വരുമ്പോള്‍ ഭൂഗര്‍ഭ ബോംബായി മാറുന്നതെങ്ങനെയെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. ഇവിടെയാണ് എസ്.ഡി.പി.ഐ പോലുള്ള ചില വര്‍ഗീയ പ്രസ്ഥാനങ്ങളുടെ പോപ്പുലിസ്റ്റ് മുദ്രാവാക്യങ്ങളുയര്‍ത്തി ജനപിന്തുണ നേടാനുള്ള കൊണ്ടുപിടിച്ചുള്ള ശ്രമങ്ങള്‍ വെളിപ്പെടുന്നത്. ദേശീയപാതയുടെ വീതി കൂട്ടുന്നതിനും എം.ആര്‍ വാക്‌സിനും ഇവര്‍ എതിരാണ് . മതചിഹ്നങ്ങളെ ഈ പ്രക്ഷോഭങ്ങളില്‍ ഉപയോഗപ്പെടുത്തി വര്‍ഗീയമായി ചേരി തിരിക്കാനും അവര്‍ക്ക് മടിയില്ല. ഇത് അത്യന്തം അപകടകരമായ ഒരു പ്രവണതയാണെന്നും കേരളത്തിന്റെ വികസനത്തിന് പ്രകൃതിവാതകം ആവശ്യമില്ലെന്ന വാദം ശുദ്ധ അസംബന്ധമാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഐസക് പറയുന്നു.
പ്രകൃതിവാതക പൈപ്പ് ലൈന്‍ കേരളത്തിന്റെ വികസനത്തിന് ഒഴിച്ചുകൂടാനാവില്ല. നമ്മുടെ പ്രധാന വ്യവസായങ്ങള്‍ പലതും താപോര്‍ജത്തിനെയും മറ്റും ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ പ്രകൃതിവാതകം കേരളത്തിന് വലിയ അനുഗ്രഹമായിത്തീരും. ഇതിലുപരി നഗരങ്ങളിലെ വീടുകളിലേക്ക് പൈപ്പു വഴി പാചകവാതകത്തിനു പകരം പ്രകൃതിവാതകം ലഭ്യമാക്കുന്നത് ജീവിത ചെലവ് കുറക്കും. ഇന്ത്യയിലെ പ്രകൃതിവാതക ഗ്രിഡിനോട് കേരളത്തിലെ എല്‍.എന്‍.ജി ടെര്‍മിനലിനെ ബന്ധിപ്പിച്ചാല്‍ മാത്രമേ രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ സംസ്ഥാനവിഹിതം നമുക്ക് ലഭിക്കൂ. രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന് ഇറക്കുമതി ചെയ്യുന്ന പ്രകൃതിവാതകത്തേക്കാള്‍ താഴ്ന്നവിലയാണ്. ഇതിന്റെ ഉപയോഗമാണ് ഗുജറാത്ത്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ വ്യവസായക്കുതിപ്പിന് പിന്നിലെ ഒരു ഘടകം. ഇതെല്ലാം മറച്ചുവച്ചുകൊണ്ടാണ് ചിലര്‍ കൊച്ചിയില്‍ നിന്ന് മംഗലാപുരത്തേക്കുള്ള പ്രകൃതിവാതക പൈപ്പ് ലൈന്‍ മറ്റു സംസ്ഥാനങ്ങളിലെ വ്യവസായ കുത്തകകള്‍ക്ക് ഇന്ധനം എത്തിക്കാനുള്ള ഗൂഡാലോചനയാണ് എന്നും മറ്റും പ്രചരണം നടത്തുന്നതെന്നും മന്ത്രി പറയുന്നു.
സര്‍ക്കാര്‍ ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
ഗെയില്‍ പൈപ്പ്‌ലൈനുമായി ബന്ധപ്പെട്ട് സ്ഥലം നഷ്ടപ്പെട്ട ഭൂവുടമകള്‍ക്ക് ഗെയില്‍ അധികൃതര്‍ നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്ന് പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
1962 ലെ പെട്രോളിയം ആന്റ് മിനറല്‍ പൈപ്പ് ലൈന്‍ അക്വിസിഷന്‍ നിയമം അനുസരിച്ചാണ് ഗയില്‍ പൈപ്പ് ലയിന്‍ സ്ഥാപിക്കുന്നതെങ്കിലും സ്ഥലം ഏറ്റെടുക്കാന്‍ തദ്ദേശ വാസികള്‍ക്ക് നോട്ടീസ് നല്‍കിയില്ലെന്ന് വ്യക്തമാണെന്ന് കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹദനാസ് ഉത്തരവില്‍ പറഞ്ഞു.
പ്രമുഖ കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ നല്‍കിയ പരാതിയിലാണ് നടപടി. സ്ഥലം ഏറ്റെടുക്കുമ്പോള്‍ കൃത്യമായും നോട്ടിഫിക്കേഷന്‍ നല്‍കിയിരിക്കണമെന്ന് നിയമം അനുശാസിക്കുന്നതായി കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹദനാസ് പറഞ്ഞു. പാവപ്പെട്ട പ്രദേശവാസികളെ സഹായിക്കുവാനുള്ള ബാധ്യത ഉത്തരവാദപ്പെട്ടവര്‍ക്കുണ്ട്.
ചീഫ് സെക്രട്ടറിയും ഡി ജി പിയും കോഴിക്കോട് ജില്ലാ കളക്ടും ജില്ലാപോലീസ് മേധാവിയും ഗയില്‍ അധികൃതരും സംഭവത്തെ കുറിച്ച് അനേ്വഷിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. കേസ് കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.
യാതൊരു നോട്ടീസും നല്‍കാതെ ജെ സി ബിയുമായെത്തുന്ന ഗയില്‍ അധികൃതര്‍ പാവപ്പെട്ടവരുടെ വീടുകള്‍ തകര്‍ക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. പോലീസ് ഗയില്‍ അധികൃതര്‍ക്ക് പിന്തുണ നല്‍കുകയാണെന്നും പരാതിയില്‍ കുറ്റപ്പെടുത്തുന്നു.