ഇന്ത്യ ആതിഥേയത്വം ജി 20 ഉച്ചകോടിക്ക് ഇന്ന് സമാപനം. ഒരു ഭാവി എന്ന പ്രമേയത്തില്‍ പ്രത്യേക ചര്‍ച്ച നടക്കും. വിവിധ രാഷ്ട്ര തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.ഒരു ഭാവി എന്ന വിഷയത്തില്‍ മാനവരാശി നേരിടാന്‍ പോകുന്ന വെല്ലുവിളികള്‍, സാങ്കേതിക വിഷയങ്ങള്‍, പരിസ്ഥിതി സംരക്ഷണം അടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും.
അതേസമയം യുക്രെയ്ന്‍ യുദ്ധത്തിന് യുഎന്‍ ചാര്‍ട്ടര്‍ പ്രകാരം പരിഹാരമുണ്ടാകണമെന്ന് ജി20 സംയുക്ത പ്രഖ്യാപനം. റഷ്യയെ ശക്തമായി അപലപിക്കാതെയാണ് സംയുക്ത പ്രഖ്യാപനം. ഒരു രാജ്യത്തിലേക്കും കടന്നുകയറ്റം പാടില്ല. ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി അംഗീകരിക്കാനാകില്ല. ഭക്ഷ്യഊര്‍ജ സുരക്ഷയെ കരുതി സൈനിക നീക്കം പാടില്ല. കോവിഡിനു ശേഷമുള്ള മനുഷ്യദുരിതം കൂട്ടാന്‍ യുക്രെയ്ന്‍ യുദ്ധം ഇടയാക്കിയെന്നും സംയുക്ത പ്രഖ്യാപനത്തില്‍ പറയുന്നു.
‘യുഎന്‍ ചാര്‍ട്ടറിന് അനുസൃതമായി, എല്ലാ രാജ്യങ്ങളും ഏതെങ്കിലും രാജ്യത്തിന്റെ പ്രാദേശിക സമഗ്രതയ്ക്കും പരമാധികാരത്തിനും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും എതിരായി പ്രദേശിക ഏറ്റെടുക്കല്‍ നടത്താനുള്ള ഭീഷണിയോ ബലപ്രയോഗമോ ഒഴിവാക്കണം. ആണവായുധങ്ങളുടെ ഉപയോഗമോ ഭീഷണിയോ അസ്വീകാര്യമാണ്’.രാജ്യാന്തര നിയമത്തിന്റെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെടുന്നു.
സംഘര്‍ഷങ്ങളില്‍ സമാധാനപരമായ പരിഹാരം, പ്രതിസന്ധികളെ അഭിസംബോധന ചെയ്യാനുള്ള ശ്രമം, നയതന്ത്രം, ചര്‍ച്ച എന്നിവ പ്രധാനമാണ്. ആഗോള സമ്പദ്‌വ്യവസ്ഥയിലെ യുദ്ധത്തിന്റെ പ്രതികൂല ആഘാതം പരിഹരിക്കാനുള്ള ശ്രമത്തില്‍ ഒന്നിക്കുകയും യുക്രെയ്‌നില്‍ സമഗ്രവും നീതിപൂര്‍വവും ശാശ്വതവുമായ സമാധാനത്തെ പിന്തുണയ്ക്കുന്ന പ്രസക്തവും ക്രിയാത്മകവുമായ നടപടികളെ സ്വാഗതവും ചെയ്യും. ഇന്നത്തെ യുഗം യുദ്ധത്തിന്റേതല്ലെന്നും സംയുക്ത പ്രഖ്യാപനത്തില്‍ പറയുന്നു. കോവിഡിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധികളില്‍നിന്ന് കരകയറാന്‍ ശ്രമിക്കുന്ന, വിശേഷിച്ച് വികസ്വര രാജ്യങ്ങളേയും കുറഞ്ഞ വികസിത രാജ്യങ്ങളേയും യുക്രെയ്ന്‍ യുദ്ധം മോശമായി ബാധിച്ചുവെന്ന് പ്രസ്താവനയിലുണ്ട്.
ആഗോള ഭക്ഷ്യ ഊര്‍ജ്ജ സുരക്ഷ, വിതരണ ശൃംഖല, മാക്രോ ഫിനാന്‍ഷ്യല്‍ സ്ഥിരത, പണപ്പെരുപ്പം, വളര്‍ച്ച എന്നിവയുമായി ബന്ധപ്പെട്ട് യുക്രെയ്‌നിലെ യുദ്ധം കഷ്ടപ്പാടുകളും പ്രത്യാഘാതങ്ങളും ഉണ്ടാക്കിയിരിക്കുന്നുവെന്നും പ്രഖ്യാപനത്തിലുണ്ട്. അതേ സമയം ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ തുടങ്ങി യൂറോപ്പിലേക്ക് നീളുന്ന സാമ്പത്തിക ഇടനാഴി വഴി രാജ്യങ്ങളെ ബന്ധിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന എന്ന് മോദി വ്യക്തമാക്കി. അമേരിക്കയുടെ പങ്കാളികളോടൊപ്പം സാമ്പത്തിക ഇടനാഴിയിലെ നിക്ഷേപത്തിന് സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ബൈഡന്‍ വ്യക്തമാക്കി. നിക്ഷേപത്തിന് പ്രതിജ്ഞാബദ്ധമെന്ന് ഫ്രാന്‍സും വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് ജര്‍മ്മനിയും അറിയിച്ചു.